വല്യവായിൽ നിലവിളിച്ച് പള്ളിയിലേക്കു കയറിപ്പോയ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കു വരണമെങ്കിൽ ഒരേയൊരു സാധ്യതയേയുള്ളു- അവൾ മദ്യപിച്ചിരിക്കണം! അവളുടെ ഞൊടിയിടയിലെ ഭാവപ്പകർച്ചകളെ ദൂരത്തു നിന്നു കണ്ടുകൊണ്ടിരുന്ന പുരോഹിതൻ അവതവളോടു പറയുകയും ചെയ്തു. അല്ല, ഞാനെന്റെ സങ്കടങ്ങളെ കർത്താവിന്റെ സന്നിധിയിൽ ചൊരിഞ്ഞിട്ട് വരികയാണെന്നായിരുന്നു അവളുടെ മറുപടി. സാമുവലിന്റെ അമ്മയാണത്.

ദൈവം നമുക്കു സങ്കല്പിക്കാവുന്നതിനെക്കാൾ വായ്‌വട്ടമുള്ള വലിയൊരു പാത്രമാണ്. കൈക്കുമ്പിളിലെ സങ്കടങ്ങളെ അതിലേക്കു ചൊരിഞ്ഞിട്ട് ഓരോരുത്തരും കുറെക്കൂടി സ്വാസ്ഥ്യവും പ്രസാദവും അനുഭവിക്കണം. പ്രസാദമുള്ള ജീവിതത്തിന് പ്രേരണയായില്ലെങ്കിൽ പിന്നെയെന്തിനാണ് ഇത്രയും ദേവാലയങ്ങൾ? നമ്മുടെ കളഞ്ഞുപോയ പുഞ്ചിരിയെ തിരികെപ്പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണീ ഗുരുക്കന്മാർ?

വിഷാദം ജീവിതത്തിന്റെ സ്ഥായിയായ ഭാവമാണെന്ന് നാമെങ്ങനെയോ ധരിച്ചുവച്ചിരിക്കുന്നു. ആത്മാവിൽ ഇരുട്ടുമഴ പെയ്യുകയും മനസ്സിന്റെ വാതായനങ്ങൾ ഒന്നൊന്നായി അടയുകയും ചെയ്യുമെന്ന് നമ്മൾ മുൻവിധി ചെയ്യുന്നു. തന്റെ കൂട്ടുകാരികളെല്ലാം വിഷാദികളായതുകൊണ്ട് ആ പേരിൽ ഒരു പുസ്തകത്തിന്റെ ശീർഷകമിട്ട ഗബ്രിയേൽ ഗാർസിയ മാർകേസ് – Memories of My Melancholy Whores. എല്ലാ നഗരങ്ങളിലും സ്ഥായിയായ ഒരു വിഷാദമുണ്ടെന്നും ആ വിഷാദം തന്റെ നഗരമായ ഇസ്റ്റാൻബുളിൽ കൂടുതലായിരുന്നെന്നും ഓർഹൻ പാമുക് നിരീക്ഷിക്കുന്നുണ്ട്. എല്ലാ സന്ധ്യകളും വിഷാദഭരിതങ്ങളെന്ന് രവിയിലൂടെ ഒ വി വിജയനും പറഞ്ഞുവയ്ക്കുന്നു. പിരിയൻ ഗോവണി പോലുള്ള ജീവിതത്തിൽ അടുത്ത വളവിലും നല്ലതൊന്നുമുണ്ടാവില്ലെന്ന കൊടിയ പെസിമിസത്തിൽ നിന്നാണ് ഇത്തരം ഭയങ്ങൾ. എല്ലാ മനുഷ്യരും അവരിൽ നിന്നു മാഞ്ഞുപോയ പുഞ്ചിരിയെ വീണ്ടെടുക്കേണ്ടതുണ്ട്. ആ വീണ്ടെടുപ്പ് ചിലപ്പോൾ അപരന്റെ ജീവിതത്തെയും അഴകുള്ളതാക്കിയെന്നിരിക്കും.

ചിരിയെ ഭയക്കാനുള്ളതാണെന്നു കരുതിയ പുണ്യവാന്മാർ നമ്മുടെ ജീവിതത്തെ എത്ര സമ്മർദത്തിലാക്കി! സുവർണനാവുള്ള ക്രിസോസ്റ്റം പുണ്യവാൻ പോലും ഇങ്ങനെയാണു പറഞ്ഞത്: ‘ചിരി പാപമല്ലായിരിക്കാം; എന്നാൽ, അതു പാപത്തിലേക്കുള്ള വഴിയാണ്.’ നാനൂറ്റിയേഴിൽ മരിച്ച അദ്ദേഹത്തിന് പിൻഗാമികൾ ഏറെയുണ്ടായി. ബൈബിളിനും ശേഷം ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ക്രിസ്താനുകരണം – The Imitation of Christ – കുറച്ചധികം അനാരോഗ്യകരമായ നിലപാട് പുലർത്തുന്നതായി തോന്നുന്നില്ലേ? ജീവിതത്തെ ഒരു വലിയ വിലാപമായി ചിത്രീകരിക്കുകയാണ് പതിനഞ്ചാം നൂറ്റാണ്ടിലെ ആ ക്ലാസിക് ഗ്രന്ഥം. ലൂയി ദെ ലിയോൺ എന്ന സന്യാസിയായ സ്പാനിഷ് കവി, ജനിക്കാതിരിക്കുന്നതായിരുന്നു ഏറ്റവും വലിയ ഭാഗ്യമെന്നു കരുതി. അതിനു കഴിഞ്ഞില്ലെങ്കിൽ കുറഞ്ഞ പക്ഷം ജനിച്ച നേരത്ത് മരിച്ചിരുന്നെങ്കിൽ എന്നും എഴുതിവയ്ക്കുമ്പോൾ ചിരിയും പ്രസാദവുമൊക്കെ എത്ര അപകടം പിടിച്ച കാര്യമാകുന്നു.

ഗൗരവം ഒരാളുടെ സ്വഭാവപ്രകൃതിയായി മാത്രം കരുതിയാൽ മതി, അല്ലാതെ അതിൽ നല്ലതോ ചീത്തയോ ഇല്ല. ദുരൂഹവും ഗഹനവും ഗൗരവപൂർണവുമെന്നു നാം ധരിച്ചുവച്ച ആത്മീയതയുടെ നിരോധിതമേഖലകളിലേക്ക്, സംഗീതത്തിന്റെയും നൃത്തത്തിന്റെയും വരകളുടെയും വർണങ്ങളുടെയും വെളിച്ചത്തിന്റെയും ഭാഷയുമായി വരുന്നവർക്ക് ഇടമുണ്ടെന്നു തിരിച്ചറിയുന്ന പുതിയ സെൻസിബിലിറ്റികൾ രൂപപ്പെടേണ്ടിയിരിക്കുന്നു. പ്രാമാണികവും നൈയാമികവുമായ മതഭീതികൾ അപ്പോൾ ഒരാളിൽ നിന്ന് ഒഴിഞ്ഞുപോയെന്നിരിക്കും. ഭാവനയുടെയും ചിന്തയുടെയും ക്രമീകരണം കൊണ്ട് ജീവിതത്തിന്റെ സ്വാസ്ഥ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആത്മീയത എത്ര മൃതമായ ഒരു പദമാണ്!

ജീവിതോന്മുഖമായ ഒരു സംസ്‌കാരത്തിൽ നിന്നാണ് പ്രസാദം എന്ന പദമുണ്ടായതെന്നു തോന്നുന്നു. പുഞ്ചിരിയെന്നും തൃപ്തിയെന്നും ആർദ്രതയെന്നും അതിനു നാനാർത്ഥങ്ങളുണ്ട്. ആനന്ദത്തിന്റെ മറ്റൊരു ഭാവം തന്നെയാണത്. എല്ലാത്തിനുമൊടുവിൽ ഒരു മന്ദസ്മിതം ബാക്കിയുണ്ട്. ചിലപ്പോൾ കുറച്ചു നനവുള്ള ഒരു പുഞ്ചിരി. നിറകൺചിരി എന്നൊരു വാക്ക് സി രാധാകൃഷ്ണൻ ഭാഷയ്ക്കു നൽകിയിട്ടുണ്ട്. കൊടിയ ദാരിദ്ര്യത്തിന്റെയും മിഥ്യാഭിമാനത്തിന്റെയും ചോര പൊടിഞ്ഞ കഥകളെഴുതുമ്പോഴും മന്ദസ്മിത പ്രസ്ഥാനമെന്ന് കാരൂരിന്റെ എഴുത്തുശൈലി എങ്ങനെയാണ് അറിയപ്പെട്ടത്? ഇരുളും മറകളും വെളിച്ചവും പിണഞ്ഞ ജീവിതത്തിൽത്തന്നെ മറുപിറവിയുടെ ആനന്ദം കാരൂർ അനുഭവിച്ചു. ജീവിതം അതിന്റെ എല്ലാത്തരം കയ്പുകളോടുകൂടിത്തന്നെ മധുരമായ ഒരു അനുഭവമായി തിരിച്ചറിയേണ്ടതുണ്ടെന്ന് ഗുരുക്കന്മാർ ഭൂമിയോട് നിരന്തരം മന്ത്രിച്ചു. നിങ്ങൾ കാണുന്നവ കാണാൻ കഴിഞ്ഞ കണ്ണു കൾ, നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ കഴിഞ്ഞ കാതുകൾ ഒക്കെ അനുഗൃഹീതമെന്ന് ആ മരപ്പണിക്കാരൻ പടവുകളിലിരുന്ന് മുക്കുവരോടു പറയുന്നത് ധ്യാനിക്കുക.

ജീവിതം കടന്നുപോയ നെടിയ പാതകൾ, മനസ്സിന്റെ വന്യതകൾ, ബന്ധങ്ങളുടെ ഇടനാഴികൾ, ഓർമകളിലെ ഉത്സവങ്ങൾ, നടുക്കങ്ങൾ, മരണഭീതി, ഏകാന്തതകൾ… എല്ലാത്തിലും പ്രസാദം നിറഞ്ഞ ആത്മീയത വർത്തിക്കുന്നുണ്ട്; ജീവനെ ഘോഷിക്കുന്നവർക്കു മാത്രം വെളിപ്പെട്ടുകിട്ടുന്ന, അവർക്കു മാത്രം അവകാശപ്പെട്ട ഒന്ന്.

ശൈഖദർശനത്തിൽ പരാമർശിക്കപ്പെടുന്ന ഗുരു നാനാക്കിന്റെ ക്രിയേറ്റിവ് മിസ്റ്റിസിസം എന്ന ആശയം ഇതുമായി ബന്ധപ്പെട്ടതാണ്. ബോധത്തിലേക്ക് വെളിച്ചത്തിന്റെ പൊട്ടുകൾ പതിച്ച നിമിഷത്തിൽ അയാൾ അസാധാരണ തൃപ്തിയുള്ള അവധൂതനായി മാറുന്നു. ഇനി വ്യക്തിപരമായ സംഘർഷങ്ങളോ വേദനകളോ സഹനങ്ങളോ ഇല്ല. പ്രസാദം നെറ്റിയിൽ മുത്തമിട്ടവരാണ് ശരിയായ അവധൂതർ.

രാമകൃഷ്ണ പരമഹംസനെന്ന പേര് വിവേകാനന്ദൻ ആദ്യം കേട്ടത് ക്ലാസ് മുറിയിൽ നിന്നായിരുന്നു. പ്രസിഡൻസി കോളജ് പ്രിൻസിപ്പൽ വില്യം ഹെസ്റ്റി, വേഡ്‌സ്‌വർത്തിന്റെ കവിതയിൽ പരാമർശിക്കുന്ന പരമാനന്ദം – എക്സ്റ്റസി – എന്ന പദം വിശദീകരിക്കുമ്പോൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയതായിരുന്നു ആ ഗുരുവിനെ. രാമകൃഷ്ണപരമഹംസൻ ഒരു പ്രത്യേക ഘട്ടത്തിൽ കൊടിയ അവഗണന കൊണ്ട് നരേന്ദ്രന്റെ ജീവിതത്തെ നുറുക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും നരേന്ദ്രൻ തന്റെ സന്ദർശനം മുടക്കിയില്ല. നിനക്കിതെങ്ങനെ കഴിഞ്ഞു എന്നു പിന്നീട് ഗുരു ആരാഞ്ഞപ്പോൾ മറുപടി ലളിതമായിരുന്നു: ”അങ്ങ് എന്നോടു സംസാരിക്കുക എന്നുള്ളത് വളരെ ചെറിയ കാര്യമാണ്. അങ്ങയുടെ ഉള്ളു നിറയെ സ്‌നേഹമുണ്ട്, എനിക്കറിയാം. ആ സാന്നിധ്യത്തിൽ വെറുതെയിരിക്കുക എന്നുള്ളതുതന്നെ എന്റെ പുണ്യം.”

കുറച്ച് കഠിനമായി പെരുമാറിയിരുന്ന ഭർതൃമാതാവ്, കുഞ്ഞിനു ജന്മം കൊടുത്ത രാത്രിയിൽ കുറച്ചേറെ വേദനിച്ചും കരഞ്ഞും തളർന്നു മയങ്ങുമ്പോൾ പതുക്കെ അടുത്തുവന്ന് തന്റെ അടിവയറ് തടവിത്തന്നതിനെക്കുറിച്ച് ഒരു സ്‌നേഹിത പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞു. ആ അനുഭവത്തെ കുറച്ചുകൂടി നിലനിർത്താനായി അവർ പിന്നെയും ഉറക്കം നടിച്ചു കിടന്നുവത്രേ. അപ്രതീക്ഷിതമായ ചില ജലരാശികളുടെ കണ്ടെത്തൽ ജീവിതത്തെ എത്രയാണ് വിമലീകരിക്കുന്നത്! വയലിലെ നിധി കണ്ടെത്തിയവന്റെ ആഹ്‌ളാദത്തിന്റെ പിന്തുടർച്ചക്കാരാണവർ.

അങ്ങനെ അവനവന്റെ ആനന്ദത്തിലേക്ക് എത്രയെത്ര വഴികൾ! അതിലേക്കു വെളിച്ചം കിട്ടാത്തതുകൊണ്ടാണ് ഉറുമ്പുവലിപ്പമുള്ള കാര്യങ്ങളിൽ അഭിരമിച്ചും വേദനിച്ചും നമ്മൾ ഓരോ ദിവസവും കുറിയവരായി തീരുന്നത്. താരകാചർച്ചിതമായ വാനം ഇപ്പോഴും മനുഷ്യരെ ക്ഷണിക്കുന്നുണ്ട്.

Order Nowആനന്ദം
ബോബി ജോസ് കട്ടികാട്
ഇന്ദുലേഖ പുസ്തകം