ഹജൂർ പ്രണയം
സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് അവർക്ക് പല തുറകളിലും പ്രവേശനം നൽകുന്നതായ ഗവർമ്മെന്റുത്തരവു പ്രസിദ്ധപ്പെടുത്തിയതനുസരിച്ച് ഹജൂരിലുള്ള എന്റെ സെക്ഷനിൽ ഒരു വനിതാമണിയെ നിയമിച്ചു.
ഞാൻ അവിടെ ഒരു ക്ലാർക്കാണെന്നുള്ളത് നിങ്ങൾക്കറിയാമല്ലോ. ചീഫ് സെക്രട്ടറി മുതൽ താഴോട്ടുള്ള സെക്രട്ടറി വർഗ്ഗത്തിന്റെയും ഇടനിലക്കാരായ സൂപ്രണ്ടന്മാരുടെയും ശാസനകളും ഭയപ്പെടുത്തലുകളും കൊണ്ട് പൗരുഷവും തന്റേടവും നശിച്ചും, പ്രമോഷൻ കിട്ടാത്തതുകൊണ്ട് ഉത്സാഹവും ആശയും അണഞ്ഞും, ഏതാണ്ടൊരു പ്രേതലോകജീവി എന്ന നിലയിൽ ഫയലുകളുമായി കാരാഗാരവാസം അനുഭവിച്ചുവന്ന എനിക്ക്, ഈ സുകുമാരരൂപിണിയുടെ വരവ്, മറഞ്ഞുപോയ യുവരസികത്തത്തെ പുനർദാനം ചെയ്തു. പെൺകുട്ടികളെക്കൂടി പഠിപ്പിക്കുന്ന പള്ളിക്കൂടങ്ങളിൽ കൂടെയിരുന്നു പഠിക്കുന്നതിനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ഒരു മലമൂടൻ ആണു ഞാൻ. സങ്കോചക്കൂടുതലോ എന്റെ സൗന്ദര്യക്കുറവിനെപ്പറ്റിയുള്ള ബോധത്തിന്റെ ദാർഢ്യമോ കൊണ്ടായിരിക്കാം സ്ത്രീകളോട് അടുത്തു പെരുമാറുന്നതിന് എനിക്ക് മനസ്സും ഉണ്ടായിരുന്നില്ല.
ബി. എ. ജയിച്ചിട്ട് ഹജൂരിൽ കയറി ഒന്നര മാസത്തിനകം മജിസ്‌ട്രേറ്റായി വെളിയിൽ പോകുമ്പോൾ ഒരു കമനീമണിയെ പാണിഗ്രഹണം ചെയ്ത് അതുവരെ ആസ്വദിക്കാതിരുന്ന ജീവിതസ്വാരസ്യങ്ങളിൽ മുഴുകാമെന്നായിരുന്നു ആശ. എന്നാൽ ഈ പന്ത്രണ്ടു വർഷത്തെ ഉദ്യോഗം കൊണ്ട് സമ്പാദിച്ചിട്ടുള്ളത്, സീതാരാമൻ പോറ്റിയുടെ ഹോട്ടലിൽ കുറേ കടവും, രണ്ടുമൂന്നു പഞ്ചായത്തുകോടതിക്കടങ്ങളും മാത്രമാണ്. ശമ്പളം ഹിമഗിരി പോലെ ഒരേ നിലയിൽ നിൽക്കുന്നതേയുള്ളു താനും.
അതുകൊണ്ട് ആശയുടെ സാഫല്യം അടുത്ത ജന്മത്തിലേക്കു മാറ്റി വച്ചിട്ട്, അക്കാലങ്ങളിൽ ഒരു ദിവസം കച്ചേരിയിൽചെന്ന് ഫയലുകൾ അഴിച്ച് നോട്ടിടുവാൻ തുടങ്ങുമ്പോളാണ് ഒരു ലേഡി ക്ലാർക്ക് എന്റെ സെക്ഷനിൽ പ്രവേശിച്ചത്. ഈശ്വരന്റെ വിനോദം രസാവഹമാണ്. എന്തു കൊണ്ടെന്നാൽ അവരുടെ ഇരിപ്പിടം എന്റെ കസേരയ്ക്കടുത്തുമായിരുന്നു.
ദിവസങ്ങൾ കഴിഞ്ഞുതുടങ്ങി. പുതിയ ക്ലാർക്കന്മാർ വരുമ്പോൾ അവർക്കു ജോലിയിലുള്ള പരിചയക്കുറവ് പരിഹരിക്കുന്നത് അടുത്തിരിക്കുന്ന പഴമപരിചയക്കാരാണ്. എന്നാൽ ഈ ക്ലാർക്കിന്റെ പരിശീലനം ഞങ്ങളുടെ സൂപ്രണ്ട് തന്നെ കൈയേറ്റു. അദ്ദേഹം അവിവാഹിതനായ ഒരു ചെറുപ്പക്കാരനാണെന്നു നിങ്ങൾക്കറിയാമല്ലോ.
കുനിഞ്ഞിരുന്ന് എഴുതി നടുവ് നിവർക്കുന്നതിനായി ഒന്നുരണ്ടു തവണ ഞാൻ കസേരയിൽ നിവർന്നിരുന്നിട്ടു തീരെ മനഃപൂർവമായല്ലാതെ എന്റെ അയൽപക്കത്തോട്ടു നോക്കിപ്പോയി. അത്രയും ഒരപരാധം കാണിച്ചതിന് സൂപ്രണ്ട് എന്നെ വിളിച്ച് ധാരാളം ശകാരിച്ചു. ഞാൻ പ്രകൃത്യാ ഒരു വാതരോഗി കൂടെ ആയിരുന്നതുകൊണ്ട് എപ്പോഴും കുനിഞ്ഞിരുന്നാൽ പുറത്തു നീര് കൊണ്ടേക്കാമെന്ന് ഞാൻ സമാധാനം പറഞ്ഞു. അങ്ങനെയാണെങ്കിൽ ഉദ്യോഗം വേണ്ടെന്നുവച്ചേക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അത്രയും കാലം ഉദ്യോഗം ഭരിച്ചതിനുള്ള കടം വീട്ടുന്നതിനു പോലും വീട്ടിൽ നിവൃത്തിയില്ലാതിരുന്നതുകൊണ്ട് നിതാന്തകുനിഞ്ഞിരിപ്പുകാരൻ ആയിക്കൊള്ളാമെന്നു നിശ്ചയിച്ചു ഞാൻ അദ്ദേഹത്തിന്റെ ആജ്ഞ ശിരസ്സാവഹിച്ചു. അങ്ങനെ സ്ത്രീകളുടെ തൊഴിലില്ലായ്മ തിരുവിതാംകൂർ ഗവർമ്മെന്റ് പരിഹരിച്ചതിന് കായികമായ ദണ്ഡം അനുഭവിക്കേണ്ടിവന്നത് ഞാനാണ്.
സുപ്രണ്ടും ഈ ക്ലാർക്കുമായി ഇത്ര വലിയ മമതയ്ക്ക് കാരണമെന്തെന്ന് പതുക്കെ ഒരന്വേഷണം നടത്തി. ക്ലാർക്കന്മാർ എഴുതുന്ന നോട്ടുകൾ എല്ലാം സൂപ്രണ്ടിന്റെ മേശമേൽ ആണല്ലോ കൊണ്ടുവയ്ക്കുക. ഈ പുതിയ ക്ലാർക്കിന്റെ കാര്യത്തിലും ആ പതിവിന് ഭേദം വന്നിരുന്നില്ല. എന്നാലവൾ പ്യൂൺവശം കൊടുത്തയക്കുന്ന ഫയലുകളിൽ ഭൂരിഭാഗവും സൂപ്രണ്ടു നോക്കി തിരുത്തിയെഴുതിയിട്ടു വീണ്ടും പകർത്തുവാനായി തിരിച്ചയക്കുകയായിരുന്നു പതിവ്. ജോലി പരിചയമില്ലാത്ത പെൺകുട്ടി ആയതുകൊണ്ട് സൂപ്രണ്ടിന് ഒട്ടധികം തിരുത്താൻ കാണുമെന്നു ഞാൻ ആദ്യം സമാധാനപ്പെട്ടു. പക്ഷേ, തിരിച്ചയക്കുന്ന ഫയലുകളുടെ എണ്ണം കാലം കഴിയുംതോറും കൂടിവരുന്നതായി കണ്ടപ്പോൾ എത്രയായാലും ശരിയായിട്ടെഴുതുവാൻ പഠിക്കാത്ത ഒരു ബുദ്ധിശൂന്യയാണോ നമ്മുടെ സഹോദ്യോഗസ്ഥയെന്നു ഞാൻ അത്ഭുതപ്പെട്ടു.
സാധാരണയുള്ളതിൽ നിന്നു വേറൊരു വ്യത്യാസവും കാണുവാനിടയായി. നോട്ടിലും ഡ്രാഫ്റ്റിലും തെറ്റുകൾ വരുത്തുക സൂപ്രണ്ടന്മാർക്ക് തീരെ ക്ഷമ കെടുത്തുന്ന ഒരു അപരാധമാണ്. ഞങ്ങൾ വല്ലവരും ഒരു തെറ്റു വല്ലപ്പോഴെങ്കിലും വരുത്തുന്നതായാൽ അന്നു ഞങ്ങളുടെ സൂപ്രണ്ടു ചീറിക്കൂടി മുടിക്കും. എന്നാൽ അവളുടെ ഫയലുകൾ വായിക്കുവാനും തിരുത്തുവാനും കൈയിൽ എടുക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം അതിപ്രസന്നമായിട്ടാണ് കാണുക. അതു തിരിച്ചുവന്നു തിരുത്തലുകൾ വായിക്കുമ്പോൾ അവരുടെ മുഖശോഭ വളരെ വർദ്ധിച്ചും കണ്ടിരുന്നു.
രാജകീയാതിഥികളുമായുള്ള കത്തിടപാടുകൾ ഞങ്ങളുടെ സെക്ഷനിൽ ആയിരുന്നു. ഉത്തര ഇന്ത്യയിലെ ഒരു സുപ്രസിദ്ധ വിദുഷിയായ ശ്രീമതി ചന്ദ്രമതീദേവിയെ ഇവിടത്തേക്കു ക്ഷണിക്കുന്നതു സംബന്ധിച്ചു ചില കത്തുകൾ പൊയ്‌ക്കൊണ്ടിരുന്ന കാലമാണ്. ഒരു ദിവസം സൂപ്രണ്ടിനവധിയായിരുന്നു. ചന്ദ്രമതീദേവിക്ക് അന്നുതന്നെ മറുപടി അയക്കണമെന്ന് ദിവാൻജി ഉത്തരവായി. ഫയൽ സൂപ്രണ്ടിന്റെ മേശയിലായിരുന്നു. ”ഫയലെവിടെ? ഫയലെവിടെ?” എന്നുള്ള വിളിയെ സെക്ഷനിൽ കേൾപ്പാനുണ്ടായിരുന്നുള്ളു.
ആ കടലാസുകൾ എഴുതിവന്നത് ലേഡി ക്ലാർക്കായിരുന്നു. അവർ വരുന്നതിനു മുമ്പു തന്നെ ആരോ സൂപ്രണ്ടിന്റെ മേശ കുത്തിത്തുറന്ന് ഫയൽ എടുത്തുനോക്കി. ഈശ്വരാധീനം കൊണ്ട് ചന്ദ്രമതീദേവിക്ക് എഴുതേണ്ടിയിരുന്ന കത്തിന്റെ നക്കൽ ആ ഫയലിന്റെ മുൻവശത്തു തന്നെ തെളിഞ്ഞുകാണുന്നു. കണ്ടപാതി കാണാത്തപാതി എന്ന മട്ടിൽ ടൈപ്പിസ്റ്റിന്റെ മുമ്പിൽ നക്കൽ കൊണ്ടുവച്ചു. അര മണിക്കൂറിനകം ആ കത്ത് തപാലിൽ വീണുകഴിഞ്ഞു.
സൂപ്രണ്ടിന്റെ അവധി ദേഹാസ്വാസ്ഥ്യത്താൽ കുറെ നീണ്ടുനിന്നു. അപ്പോഴൊക്കെ വാതരോഗിയായ എനിക്ക് അല്പം നിവർന്നിരിക്കുവാൻ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞെന്നാണു തോന്നുന്നത്, മുകളിൽ നിന്നുള്ള ഗോവണിയിൽക്കൂടെ ഒരു ചടപട ശബ്ദം- അല്ല, കുറെ ശബ്ദങ്ങൾ- താഴോട്ടു വരുന്നു. നോക്കിയപ്പോൾ ചീഫ് സെക്രട്ടറിയും അനുചരന്മാരും പെട്ടെന്ന് സെക്ഷനിൽ വരുന്നു. ”ടൈപ്പിസ്‌റ്റെവിടെ, ക്ലാർക്കെവിടെ, സൂപ്രണ്ടെവിടെ?” എന്നായി വിളികൾ.
ഞാൻ നല്ലതുപോലെ നിവർന്നിരുന്നു, അല്ല ഭയപ്പെട്ടെഴുന്നേറ്റു. നിശ്ശബ്ദം. ചീഫ് സെക്രട്ടറിയുടെ മുഖം ചെമ്പരത്തിപ്പൂ പോലെ കോപം കൊണ്ടു ചുവന്നിരിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി കിടുകിടാ വിറയ്ക്കുന്നു.
കാര്യം എന്തെന്നറിയാമോ? സംസ്ഥാനാതിഥിയായ ശ്രീമതി ചന്ദ്രമതീദേവിക്ക് ഹജൂരിൽ നിന്നു പോയ കത്ത് ഒരു മറുകത്തോടു കൂടി ദിവാൻജിക്ക് തിരിച്ചയച്ചിരിക്കുന്നു. മറുകത്ത് ഇപ്രകാരമാണ്.
തിരുവിതാംകൂർ ദിവാൻജിക്ക്,
സർ, നിങ്ങളുടെ സെക്രട്ടറിമാരിൽ ആർക്കോ ഭ്രാന്തു പിടിച്ചിരിക്കുന്നു. അഥവാ ആ വിശിഷ്ടപുരുഷന്റെ പരമാഭിലാഷമാണ് ഇതോടൊന്നിച്ചയക്കുന്ന കത്തിൽ തുറന്നുപറഞ്ഞിരിക്കുന്നതെങ്കിൽ, ഞാൻ പ്രണയദശ വളരെ പിന്നിലാക്കിക്കഴിഞ്ഞിരിക്കുന്ന ഒരു അറുപത്താറാംവയസ്സുകാരി ആണെന്ന് ഒന്നു പറഞ്ഞേക്കണമെന്നപേക്ഷ. ഇന്ത്യയിലെ വേറെ യാതൊരു ഗവർമ്മെന്റും എന്നോട് ഇത്ര പ്രണയം കാണിച്ചിട്ടില്ല.
ചന്ദ്രമതീദേവി
ഇതോടൊന്നിച്ചു തിരിച്ചയച്ചതും ആ മാന്യവൃദ്ധയ്ക്ക് അയച്ചു കൊടുത്തതുമായ കത്ത് ഇപ്രകാരമായിരുന്നു.
ആർ. ഒ. നി. നമ്പർ 9251/193
ഹജൂർ കച്ചേരി
തിരുവനന്തപുരം
തീയതി
ശ്രീമതി ചന്ദ്രമതീദേവിക്ക്,
ഗ്വാളിയാർ.
ശ്രീമതി,
നിന്നോട് എനിക്ക് തോന്നുന്ന അനുരാഗം സീമാതീതമായിരിക്കുന്നു. നിന്നെ കാണാതെ ഒരു നിമിഷം പോലും ഇരിക്കുന്നതിന് എനിക്കു നിവൃത്തിയില്ല. പ്രിയതമേ! നിന്നെ എന്റേതെന്ന് പരിപൂർണ്ണമായും പരസ്യമായും അവകാശപ്പെടുന്നതിന് എനിക്ക് എന്നാണ് ഭാഗ്യം ലഭിക്കുക? ഓമനേ! അസുന്ദരനും സ്വാരസ്യവിഹീനനുമായ എന്നെ നീ ഒരിക്കലും മറക്കരുതേ.
എന്ന് നിന്റെ വിശ്വസ്തദാസൻ
ചീഫ് സെക്രട്ടറിക്കു വേണ്ടി
(ഒപ്പ്)
ഈ കത്തിന്റെ തലയും വാലും ഔദ്യോഗികലേഖനരീതിയിൽ ശരിയായിരിക്കുന്നുണ്ട്, എന്നാലല്ലാതെ ഒറ്റനോട്ടക്കാരെ കബളിപ്പിക്കുവാൻ കഴിയുന്നതല്ലല്ലോ. ലേഖനസാരം മാത്രം സൂപ്രണ്ടദ്ദേഹം ലേഡി ക്ലാർക്കിനെഴുതുന്ന പ്രണയകാവ്യവുമാണ്. ധൃതിയിൽ ടൈപ്പിസ്‌റ്റോ അസിസ്റ്റന്റ് സെക്രട്ടറിയോ ഇതൊന്നും നോക്കിയതേയില്ല. അന്നു മുതൽ എനിക്ക് നല്ലതുപോലെ നിവർന്നിരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ലഭിച്ചു.
(ടോം ജെ മങ്ങാട്ട് എഡിറ്റ് ചെയ്ത ഇ വി കൃഷ്ണപിള്ള വക എന്ന ഇ വിയുടെ ഏറ്റവും മികച്ച നർമകഥകളുടെ സമാഹാരത്തിൽ നിന്ന്)
ഇ വി കൃഷ്ണപിള്ള വക
ഇ വി കൃഷ്ണപിള്ള
ഇന്ദുലേഖ പുസ്തകം
2020