ഈ ശകാരമൊന്നും സാരമില്ല
മെയിൽവണ്ടി രാത്രി രണ്ടുമണിക്കാണ് കോവലൻപേട്ട ആപ്പീസിലെത്തുക. ശങ്കരക്കുറുപ്പിന് അവിടെയായിരുന്നു ഇറങ്ങേണ്ടത്. കോവലൻപേട്ടയിൽ മെയിൽ രണ്ടു മിനിറ്റിലധികം നിൽക്കുകയില്ല. കുറുപ്പ് അഭിനവകുംഭകർണനാണു താനും. അതുകൊണ്ട് അദ്ദേഹം, അബദ്ധമൊന്നും പറ്റേണ്ടെന്നു കരുതി, നേർത്തെതന്നെ ഗാർഡിനെ വിളിച്ച് ഒരുറുപ്പിക കൈയിൽ വെച്ചുകൊടുത്ത് കോവലൻപേട്ടയിലെത്തിയാൽ തന്നെ ഉണർത്തണമെന്ന് ഏല്പിച്ചു.
‘ഞാൻ ഉറക്കുഭ്രാന്തിൽ പലതും പറയും. ഒരുസമയം അടിപിടിക്കു തന്നെ വട്ടം കൂട്ടും. അതൊന്നും നിങ്ങൾ സാരമാക്കേണ്ട. എങ്ങനെയെങ്കിലും എന്നെപ്പിടിച്ച് സാമാനസമേതം തള്ളി പ്ലാറ്റുഫോറത്തിലാക്കി വണ്ടി വിട്ടേക്കണം’ എന്നും അദ്ദേഹം പറഞ്ഞു.
ഗാർഡ് സമ്മതിച്ചു.
പക്ഷേ, പിറ്റേദിവസം പുലർന്നപ്പോൾ കുറുപ്പ് വണ്ടിയിൽത്തന്നെയുണ്ട്! അടുത്ത സ്‌റ്റേഷനിൽ വണ്ടിനിന്ന ഉടനെ ഗാർഡിന്റെ നേരെ സംഹാരരുദ്രനെപ്പോലെ കുറുപ്പു കയർത്തുചാടി.
ഗാർഡ് ശകാരമെല്ലാം ക്ഷമാപൂർവം കേട്ടു. ഒടുക്കം ഒരു ദീർഘനിശ്വാസത്തോടു കൂടി ഇങ്ങനെ പറഞ്ഞു: ‘ഈ ശകാരമൊന്നും സാരമില്ല. സർ, നിങ്ങളാണെന്നു തെറ്റിദ്ധരിച്ചു ഞാൻ കോവലൻപേട്ട ആപ്പീസിലെ പ്ലാറ്റുഫോറത്തിലേക്ക് ഉറക്കമുണർത്തി സാമാനങ്ങളോടുകൂടി പിടിച്ചുതള്ളി ഇറക്കിവിട്ട മനുഷ്യൻ എന്നെപ്പറഞ്ഞതൊക്കെ നിങ്ങൾ കേൾക്കേണ്ടിയിരുന്നു!’
O
പരിഭ്രമം
രണ്ടു സ്‌നേഹിതന്മാർ വലിയ ബേജാറോടുകൂടി കൃഷ്ണൻ നായരുടെ വീട്ടിൽ കയറിച്ചെന്നു.
കൃഷ്ണൻ നായർ: എന്താണിത്ര പരിഭ്രമം?
സ്‌നേഹിതൻ: ഈശ്വരാ അതൊന്നും പറയേണ്ട. ഞങ്ങൾ വരുന്ന വഴിക്ക് തീവണ്ടിയുടെ അടിയിൽപ്പെട്ട ഒരാളുടെ ശവം കണ്ടു. തലയില്ല; കാഴ്ചയിൽ നിങ്ങളെപ്പോലെതന്നെ.
കൃഷ്ണൻ നായർ: എന്നെപ്പോലെ തടിച്ചിട്ടാണോ?
സ്‌നേഹിതൻ: അതെ!
കൃഷ്ണൻ നായർ: ഉയരം?
സ്‌നേഹിതൻ: തുല്യം.
കൃഷ്ണൻ നായർ: നിറം?
സ്‌നേഹിതൻ: നിങ്ങളുടെ നിറം തന്നെ.
കൃഷ്ണൻ നായർ: കുപ്പായമിട്ടിട്ടുണ്ടോ?
സ്‌നേഹിതൻ: ഉണ്ട്- ഒരു ഷർട്ട്.
കൃഷ്ണൻ നായർ: വെറും വെള്ളയോ, വരയുള്ളതോ?
സ്‌നേഹിതൻ: വരയുള്ളത്.
കൃഷ്ണൻ നായർ: ആവൂ, എന്നാൽ ഞാനല്ല. എനിക്ക് വരയുള്ള ഷർട്ടില്ല!
O
ഉദ്യോഗം പോയ വഴി
സഞ്ജയൻ ഗവർമ്മെണ്ടുദ്യോഗത്തിലായിരുന്നുവെന്നും പിന്നീടത് പോയെന്നും കഴിഞ്ഞ ലക്കത്തിൽ പറഞ്ഞതല്ലാതെ അത് പോയ വഴി വിവരിച്ചിട്ടുണ്ടായിരുന്നില്ല. മഹാജനങ്ങൾക്ക് രസിക്കുമെങ്കിൽ അതിവിടെ ചെയ്തുകളയാം; രസിച്ചില്ലെങ്കിലും മറ്റൊന്നും ചെയ്യുവാൻ വിചാരിക്കുന്നുമില്ല. ഇക്കഥ മുമ്പൊരിക്കൽ എവിടെയോ പറഞ്ഞിട്ടുള്ളതുപോലെ എനിക്കൊരോർമ്മ തോന്നുന്നുണ്ട്; പക്ഷേ, അന്നത്തെ ഓഡിയൻ ഇന്നത്തെ ഓഡിയൻ അല്ലായ്കയാൽ അത് ആവർത്തിക്കുന്നതിൽ അബദ്ധമില്ലെന്നു തോന്നുന്നു.
ഞാൻ ഒരു സംസ്ഥാനത്തിലെ ഒരു മന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറിയായിരുന്നു. മന്ത്രിയെ തൽക്കാലം നമുക്ക് ബ്ലങ്കിറെഡ്ഡി എന്നു വിളിക്കാം. (അദ്ദേഹത്തിന്റെ സാക്ഷാൽ പേര് വേറെയാണ്; പക്ഷേ, അത് പറയാൻ പാടില്ലല്ലോ.) മന്ത്രി ഐമ്പതു വയസ്സ് കഴിഞ്ഞ ഒരു മഹാദീർഘകായനായിരുന്നു. തടിച്ച ദേഹം, കറുത്ത നിറം, ചുകപ്പ് ഛായയുള്ള കണ്ണുകൾ, പന്നിരോമത്തോടുകൂടിയ ചെവികൾ, ഇടുങ്ങിയ നെറ്റി, മേപ്പിലെ ആഫ്രിക്ക പോലെയുള്ള മൂക്ക്, നാടകക്കാരോടു കടം വാങ്ങി വെച്ചുകെട്ടിയതാണെന്ന് തോന്നിക്കുന്ന ഭയങ്കര മീശ, കാപ്പിരിയുടെ ചുണ്ടുകൾ… ആകപ്പാടെ ‘അക്കോലം കണ്ടുപോയാലതു മതി ചുടലപ്പൊട്ടനും ഞെട്ടിവീഴും.’ ഞാനാകട്ടെ ബി. എ. പരീക്ഷ പാസ്സായ ഒരു സ്വതന്ത്രചിന്തകനുമായിരുന്നു.
ആ മീശ വച്ച പൂഞ്ചോലക്കര എടത്തിൽ അച്ചന്റെ(1) പ്രൈവറ്റ് സിക്രട്ടറിയായി കയറ്റം കിട്ടി പതിനഞ്ച് ദിവസം കഴിയുന്നതിന്നുമുമ്പാണ് ഞാൻ ഇറങ്ങിപ്പോകേണ്ടിവന്നത്. ഗവർമ്മെണ്ടുദ്യോഗവും ഞാനും തമ്മിലുള്ള അകാലികമായ ഈ വേർപാടിനു ഹേതുവായിത്തീർന്ന സംഗതിയിൽ കുറ്റക്കാരൻ ഞാനോ മന്ത്രിയോ എന്ന് തീർച്ചപ്പെടുത്തേണ്ടത് വായനക്കാരാണ്. ഞാൻ പുതിയ ജോലിയിൽ പ്രവേശിച്ച ദിവസം മന്ത്രിക്കു കിട്ടിയ മൂന്നു നിവേദനപത്രങ്ങൾക്ക് മറുപടി അയക്കേണ്ടുന്ന ഭാരം ആ മ്ലേച്ഛൻ എന്നെ ഏൽപിച്ചു. വളരെ കൃത്യനിഷ്ഠയോടും ഈശ്വരവിചാരത്തോടും കൂടി, മന്ത്രി തന്ന ആജ്ഞകളെ അണു പോലും തെറ്റിക്കാതെ ഞാൻ അവയ്ക്ക് ആവുംപോലെ മറുപടികളും അയച്ചു. ഈ മറുപടികൾ കിട്ടിയവർ പത്ത് ദിവസത്തിനകത്ത് അവയൊക്കെ മന്ത്രിക്കുതന്നെ മടക്കിയയക്കുകയാണുണ്ടായത്. റെഡ്ഡിഗാരു അതൊക്കെ വായിച്ചു; എന്നെ വിളിക്കാൻ ശിപായിയെ അയച്ചു; ഞാൻ ചെന്നു. മന്ത്രി കോപം കൊണ്ട് വിറയ്ക്കുന്നു. കണ്ണുകൾ ചുവന്ന ബ്ലോട്ടിങ് പേപ്പർ പോലെ ആയിരിക്കുന്നു. എന്റെ ഈശ്വരാ! ഇത്ര ദേഷ്യം ഞാൻ ഒരു മന്ത്രിക്കും അമന്ത്രിക്കും വന്നു കണ്ടിട്ടില്ല; ഈ വയസ്സിനകത്തു കണ്ടിട്ടില്ല.
റെഡ്ഡി എന്നെ ശകാരിച്ചു; ഞാൻ റെഡ്ഡിയെയും ശകാരിച്ചു. (ആദ്യം ശകാരിക്കുന്ന ആളല്ലേ സാർ ആലോചിക്കേണ്ടത്?) അദ്ദേഹം മേശപ്പുറത്ത് പത്തു പ്രാവശ്യം ഇടിച്ചു. ഞാൻ പെട്ടെന്നുള്ള ആവേശത്തിൽ ഒരിടി ഇടിച്ചത് മേശയുടെ കൂർത്ത കോണിലായിപ്പോയി. അതു കണ്ടിട്ടുകൂടി ആ മഹാപാപിക്കു ചിരി വന്നില്ല. പിന്നെയും ഞങ്ങൾ വളരെ നേരം ഹനുമാനും ഭീമസേനനും ചെയ്തതുപോലെ പരസ്പരം ശകാരിച്ചു. ഒടുക്കം മന്ത്രി എന്റെ മറുപടികളെല്ലാം ചുരുട്ടി എന്റെ മുഖത്തേയ്ക്കെറിഞ്ഞ് എന്നെ ഡിസ്മിസ് ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. ആ കടലാസ്സുചുരുൾ കുനിഞ്ഞെടുത്തു പത്തു കുതിരശക്തിയോടും (Horse Power) കൂടി അങ്ങോട്ടും എറിഞ്ഞതിനു ശേഷം ഞാൻ പുറത്തേയ്ക്കു ചാടി ആദ്യം കണ്ട ട്രാം വണ്ടിയിൽ കയറിപ്പോവുകയും ചെയ്തു.
ഇതാണ് കഥ. എനി റിക്കാർഡുകൾ കൂടി ഒന്നു പരിശോധിച്ചു നിങ്ങൾ വിധി പറഞ്ഞുകൊള്ളുവിൻ. എന്റെ മറുപടികൾ അവയുടെ ചരിത്രങ്ങളോടു കൂടി ഞാൻ കോടതി മുമ്പാകെ സമർപ്പിക്കുന്നു. കാട്ടുകുളം താലൂക്കിന്റെ ഏറ്റവും കാടുപിടിച്ച മൂലയിൽ പേക്രമാൻചെള്ള എന്നൊരു കുഗ്രാമമുണ്ട്. പക്ഷേ, അവിടെയുള്ള നിവാസികൾ മുഴുവൻ മന്ത്രിയുടെ കക്ഷിക്കാരാണത്രേ. (ഇതൊക്കെ ആരറിഞ്ഞു?) പേക്രമാൻചെള്ളയിൽ ഒരു തപാലാപ്പീസ് സ്ഥാപിച്ചുകിട്ടണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള അവിടുത്തെ പൗരന്മാരുടെ ഹരജിയായിരുന്നു ആദ്യത്തേത്. ഈ ഹരജിക്ക് ആ പ്രദേശത്ത് ഒരു തപാലാപ്പീസിന്റെ ആവശ്യം വളരെയില്ലെന്നും, വിദ്യാഭ്യാസപ്രചരണം, സമാധാനപരിപാലനം മുതലായവയിലാണ് അവിടത്തെ നിവാസികൾ അധികം മനസ്സിരുത്തേണ്ടതെന്നും, അക്കാര്യത്തിൽ ഗവർമ്മെണ്ട് അവരെ സഹായിക്കുന്നതാണെന്നും മറ്റും യുക്തിയുക്തമായും ദൃഷ്ടാന്തത്തോടുകൂടിയും വിവരിച്ച് ഒരു മറുപടി അയയ്‌ക്കേണമെന്നു മന്ത്രി എന്നോടു കല്പിച്ചിരുന്നു.
ഈ കല്പന പ്രകാരം വളരെ വളരെ ആലോചിച്ചു ഞാൻ തയ്യാറാക്കി അയച്ച മറുപടി ഇതായിരുന്നു.
‘പേക്രമാൻചെള്ളക്കാരുടെ തപാലാപ്പീസ് ഹരജിക്കുള്ള മറുപടി:
നിങ്ങളുടെ ഹരജി കിട്ടി. ഇത്ര ബുദ്ധിശൂന്യതയും ധിക്കാരവും നിറഞ്ഞ ഒരു ഹരജി ഈ ആപ്പീസിൽ ഇതുവരെ വന്നിട്ടില്ല. ബുദ്ധി നിങ്ങൾക്കില്ല; ലജ്ജയും ഇല്ലാതെ പോയല്ലോ! എന്നാണ് എന്റെ വ്യസനം.
നിങ്ങൾക്ക് ഇവിടെ ഒരു തപാലാപ്പീസ് വേണം ഇല്ലേ? എന്തിനാണു പോലും അവിടെ ഒരു തപാലാപ്പീസ്? ഏതു മുഴുഭ്രാന്തനാണ് പേക്രമാൻചെള്ളയ്ക്കു കത്തയയ്ക്കാൻ പോകുന്നത്? അയച്ചാൽത്തന്നെ ആ കത്തു വായിപ്പാൻ മാത്രം അക്ഷരജ്ഞാനം അവിടെ എത്ര പേർക്കുണ്ട്? ആ പ്രദേശത്തുകൂടി കടന്നുപോകേണ്ടിവരുന്ന ഇൻഷുറൻസ് കവറുകൾക്ക് ആരാണ് ഉത്തരവാദിത്വമേറ്റെടുക്കുക?
തപാലാപ്പീസ്! നിങ്ങൾക്കു വേറെയൊന്നും വേണ്ടേ? ഒരു തുറമുഖവും നിയമനിർമ്മാണസഭയും ഹൈക്കോടതിയും കൂടിയായാലോ? നിങ്ങൾക്കവിടെ വേണ്ടുന്നത് ഒരൊന്നാന്തരം ജെയിലും മജിസ്ട്രേട്ടുകോടതിയും പോലീസ് സ്‌റ്റേഷനും ഒരു എലിമണ്ടറി സ്കൂളുമാണ്. തപാലാപ്പീസിന്റെ പേർ ഇനി മേലിൽ മിണ്ടരുത്.
ഇതാണ് ഞാനയച്ച മറുപടി. ഇതിൽ എന്താണ് ഹേ ഒരു തെറ്റ്? ഈ മറുപടി ഹേതുവായി അടുത്ത തെരഞ്ഞെടുപ്പുകാലത്ത് റെഡ്ഡിഗാരുവെ പേക്രമാൻചെള്ളയുടെ പന്ത്രണ്ടു മയിത്സിനുള്ളിലെവിടെയെങ്കിലും കണ്ടുപോയെങ്കിൽ വെടിവെച്ചുകളയുമെന്ന് പേക്രമാൻചെള്ളയിൽ നിന്ന് ചില വാറോലകൾ കൂടി കിട്ടിയത്രേ. ചെള്ളക്കാരുടെ തോന്ന്യവാസത്തിന്നു ഞാനാണോ ഉത്തരവാദി? അവിടെ ഒരു തപാലാപ്പീസിന്റെ ആവശ്യകതയില്ലെന്ന് ഇതിലും യുക്തിയുക്തമായും ദൃഷ്ടാന്തത്തോടു കൂടിയും ഇപ്പോഴത്തെ പ്രൈവറ്റു സിക്രട്ടറി എഴുതട്ടെ! അങ്ങനെയല്ലേ മിടുക്കു നോക്കേണ്ടത്?
അതങ്ങനെ. രണ്ടാമത്തെ ഹരജി ഒരു ജലവിതരണപദ്ധതി നടപ്പിൽ വരുത്തുവാൻ കുറെ പണം കടം ചോദിച്ചുകൊണ്ടുള്ള ഉഴലൂർ മുനിസിപ്പാലിറ്റിയുടെ പരിദേവിതമായിരുന്നു. ഉഴലൂർ മുനിസിപ്പാലിറ്റിയിൽ നിന്ന് ഇരുനൂറു വോട്ടുകൾ റെഡിയായി റെഡ്ഡിഗാരുവിന്നു കിട്ടാറുണ്ടത്രേ. പക്ഷേ, ജലവിതരണപദ്ധതി ഇപ്പോൾ നടപ്പിൽ വരുത്തുവാൻ തരമില്ലെന്നും അത് അവരോടു പച്ചയായി തുറന്നുപറഞ്ഞ് അവരെ മുഷിപ്പിക്കരുതെന്നും ഒരു വിധം വായിച്ചാൽ അർത്ഥം മനസ്സിലാകാത്ത സമ്പ്രദായത്തിൽ അങ്ങുമിങ്ങും തൊടാത്ത രീതിയിൽ ഒരു മറുപടിയാണ് കൊടുക്കേണ്ടതെന്നുമായിരുന്നു മന്ത്രിയുടെ കല്പന.
എത്രയോ നേരത്തെ ഗാഢാലോചനയും അഞ്ചു സിഗരറ്റും (അന്നു സിഗരറ്റുവലിയായിരുന്നു പ്രധാന ജോലി) ചെലവാക്കിയതിന്നുശേഷം ഞാൻ ഇങ്ങനെ എഴുതി അയച്ചു.
‘ഉഴലൂർ മുനിസിപ്പൽ ചേർമാന്ന്:
മാന്യരേ,
നിങ്ങളുടെ ഹരജിയിൽ പ്രസ്താവിക്കപ്പെട്ട ജലവിതരണപദ്ധതിയെ സംബന്ധിച്ചേടത്തോളം അവഗാഢമായ ആലോചന, ഏതദ്വിഷയകമായി ഗവർമ്മേണ്ടു നടത്തിയതിന്റെ ഫലം പ്രതീക്ഷിച്ചിരിക്കപ്പെട്ടിരിക്കുന്നതായേക്കാവുന്നപോലെയുള്ള ധനസൗകര്യം ഇക്കൊല്ലത്തെ ബഡ്ജറ്റു മുഖേന കിട്ടിയില്ലെന്നുള്ളത് അനിഷേധ്യമായിരിക്കേ, ഈ സഹായം തൽക്കാലം വലിയ തോതിൽ ചെയ്യപ്പെടുവാൻ അസാദ്ധ്യമായ്ത്തീർന്നേക്കുമെന്നുള്ളതാണെന്ന് അനുമാനിക്കുന്നതിൽ വലിയ തെറ്റുണ്ടെന്നു പറയുവാൻ ഞാൻ ഒരിക്കലും ഒരുക്കമില്ലെങ്കിലും, പ്രത്യേക സംഗതികളിൽ സാമാന്യനിയമത്തിന്നു പകരം പ്രത്യേക പ്രമാണങ്ങളെ ചിലപ്പോൾ പ്രവൃത്തിക്കാസ്പദമായി സ്വീകരിക്കേണ്ടതാണെന്നുള്ള തത്ത്വത്തെ പുരസ്‌കരിച്ചു ചില മുനിസിപ്പാലിറ്റികളുടെ കാര്യം സാമാന്യവിധിയിൽനിന്ന് ഒഴിവാക്കി നിർത്തുന്നത് ന്യായമായിരിക്കുമോ എന്നുള്ള സംഗതി ഗവർമ്മെണ്ടിന്റെ ശ്രദ്ധയ്ക്ക് വിഷയീഭവിച്ചിരിക്കുന്നതിനാൽ അങ്ങനെ ഒഴിവാക്കി നിർത്തുന്നതിനെ, നിങ്ങളുടെ മുനിസിപ്പാലിറ്റിയെ സംബന്ധിച്ചിടത്തോളം സാധൂകരിക്കുന്ന വസ്തുതകളെയും യുക്തികളെയും ഗവർമ്മെണ്ടിന്റെ ഒരു മെമ്മോറിയൽ മൂലം അറിയിക്കുന്നത് നിഷ്ഫലമായിത്തീരുവാനാണ് ഇടയുള്ളതെന്നാലോചിക്കേണ്ടതില്ലെന്നു ഞാൻ നിങ്ങൾക്ക് ഉറപ്പുതരുന്നു. പക്ഷേ, ഇക്കാര്യത്തിൽ മുൻപറഞ്ഞ റിപ്പോർട്ട് ഈ എഴുത്തു കിട്ടിയശേഷം നാല്പത്തെട്ടു മണിക്കൂറിനുള്ളിൽ അയയ്ക്കേണ്ടതാണെന്നുകൂടി ഞാൻ ഉപദേശിക്കുന്നു. എന്റെ സഹായം എത്ര വേണമോ അത്ര ഇതിലുണ്ടായിരിക്കുമെന്നു ഞാൻ പറയേണ്ടതില്ലല്ലോ.’
ഇതായിരുന്നു സഞ്ജയൻ തയ്യാറാക്കിയ മറുപടി. ഇതിൽ ആദ്യത്തെ വാചകം ഞാൻ ഒരു വീർപ്പിൽ എഴുതിയതാണെങ്കിലും അങ്ങുമിങ്ങുംതൊടായ്മ എന്ന ഗുണം അതിൽ മുഴച്ചുനില്ക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. എന്നിട്ടെന്താണ്? എന്തു കാരണം കൊണ്ടോ, മന്ത്രിക്ക് അതു പിടിച്ചില്ല. ഈ ചേട്ടകളെയൊക്കെ മന്ത്രിമാരായി നിശ്ചയിക്കുന്നുവല്ലോ! ഇങ്ങനെയൊരു വകതിരിവില്ലാത്ത വർഗ്ഗം! നിങ്ങൾ മൂന്നാമത്തെ മറുപടിയുടെ കഥ കൂടി കേൾക്കണം. (വളരെ നീണ്ടുപോയോ എന്നറിഞ്ഞില്ല.)
എന്തോ ചില കാരണങ്ങൾ ഹേതുവായി കഞ്ചാവൂർ ഡിസ്ട്രിക്ട് ബോർഡിനു തങ്ങളുടെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുവാനുള്ള അധികാരം ഗവർമ്മെണ്ട് റദ്ദ് ചെയ്തു. തങ്ങൾക്കു തെരഞ്ഞെടുപ്പധികാരം വീണ്ടും കിട്ടണമെന്നു ഡിസ്ട്രിക്ട് ബോർഡ് ഒരു ഹരജിയും അയച്ചു. കഞ്ചാവൂർ ഡിസ്ട്രിക്ട് ബോർഡ് മറ്റു ഡിസ്ട്രിക്ട് ബോർഡുകളെപ്പോലെയല്ല. അതിലെ മെമ്പർമാർ മുഴുവൻ റെഡ്ഡിഗാരു അവതാരപുരുഷനാണെന്നു വിശ്വസിച്ച് ആ അസത്തിനെ ആരാധിക്കുന്ന വങ്കശിരോമണികളാണ്. കഞ്ചാവൂർ ഡിസ്ട്രിക്ടിലെ വോട്ടുകൾ കൊണ്ടാണ് ആ കഴുവേറി എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിക്കുന്നത്. പക്ഷേ, ഡിസ്ട്രിക്ട് ബോർഡിന്റെ ഈ അപേക്ഷ സ്വീകരിക്കുവാൻ മന്ത്രിക്കു ധൈര്യമുണ്ടായില്ല. അതുകൊണ്ടു ഹരജിക്കാര്യത്തെപ്പറ്റി ഏറ്റവും ലഘുവായി മാത്രം സ്പർശിച്ചുകൊണ്ടും തീർച്ചപ്പെടുത്തി യാതൊന്നും പറയാതെയും പക്ഷേ, അവരെ ഏറ്റവും രസിപ്പിക്കുകയും അനുനയിപ്പിക്കുകയും ചെയ്യുന്ന രീതിയിലും ഒരു മറുപടി തയ്യാറാക്കുവാൻ മന്ത്രി എന്നോടാജ്ഞാപിച്ചു.
ഞാൻ എഴുതി; ഞാൻ എഴുതിയതിനെപ്പറ്റി ഞാൻ തന്നെ അങ്ങനെ പറയാൻ പാടില്ലെങ്കിലും വാസ്തവത്തിൽ സാറേ, എത്ര ദേഷ്യമുള്ളവനായാൽ കൂടി ആ എഴുത്തെഴുതിയ ആളുടെ നേരെ മുഷിയുവാൻ ആർക്കും തോന്നുകയില്ല. ഇങ്ങനെ സ്‌നേഹം തുള്ളിത്തുളുമ്പുന്ന ഒരെഴുത്ത് ഞാൻ അതുവരെയോ അതിൽ പിന്നീടോ എഴുതീട്ടില്ല. കഞ്ചാവൂർ ഡിസ്ട്രിക്ട് ബോർഡിലെ എല്ലാ മെമ്പർമാരും ഐമ്പതു വയസ്സിന്നപ്പുറത്തുള്ള വൃദ്ധന്മാരാണ്. അവരെ ഞാൻ പ്രസാദിപ്പിക്കുവാൻ ശ്രമിച്ചതിലും അധികം ആരും പ്രസാദിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ടായിരിക്കില്ല. അല്ലെങ്കിൽ ഞാനെന്തിനാണ് ഈ മുഖവുരയൊക്കെ എഴുതുന്നത്? എഴുത്തു തന്നെ ഇവിടെയുണ്ടല്ലോ. നിങ്ങൾ വായിച്ചുനോക്കി അഭിപ്രായം പറയുവിൻ.
കഞ്ചാവൂർ ഡിസ്ട്രിക്ട് ബോർഡ് മെമ്പർമാർക്ക്:
പ്രിയപ്പെട്ട കാരണവന്മാരേ,
നിങ്ങളുടെ ഹരജി കിട്ടി. എന്റെ ഉറ്റബന്ധുക്കളും സ്‌നേഹിതന്മാരുമായ നിങ്ങൾ എന്താണ് യാതൊരു ഹരജിയും അയയ്ക്കാത്തത്, നിങ്ങൾ എന്റെ നേരെ ഒടുക്കം മുഷിഞ്ഞുവോ എന്നും മറ്റും വിഷാദിച്ച്, നെടുവീർപ്പിട്ട്, കൗൺസിലിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിന്നിടയിൽക്കൂടി ഇടയ്ക്കിടെ കണ്ണുനീർ വാർത്തു ഞാൻ കാലം കഴിക്കുകയായിരുന്നു. അപ്പോഴാണ് സൗഹാർദ്ദമസൃണവും സ്നേഹസുഭഗവും മൈത്രീസുരഭിലവുമായ നിങ്ങളുടെ ഹരജി കിട്ടിയത്; ഹാ എന്തൊരവാച്യമായ ആനന്ദം! ആ എഴുത്തു കിട്ടിയ ദിവസം എനിക്കൊരു സുദിനമായിരുന്നു.
പിന്നെ ഒരു കാര്യം. അവിടെ മഴ പെയ്യുന്നുണ്ടോ? ഹാവൂ! ഇവിടുത്തെ മഴയുടെ കാര്യം പറഞ്ഞാലറ്റമില്ല. രാപ്പകൽ, അനധ്യായമില്ലാതെ പെയ്യുന്നു. അവിടെയും അങ്ങനെത്തന്നെ മഴയാണെങ്കിൽ നിങ്ങൾ അധികം പുറത്തിറങ്ങി നടക്കരുതേ! നിങ്ങൾക്കാർക്കും കുട്ടിപ്രായമല്ല; അതാലോചിക്കണം. ബോർഡിന്റെ കാര്യമൊക്കെ അവിടെ നില്ക്കട്ടെ. ‘ശരീരമാദ്യം ഖലുധർമ്മ സാധനം'(2) ചുമരുണ്ടെങ്കിലേ ചിത്രമുള്ളു. താൻ ചത്തു മീൻ പിടിച്ചിട്ടെന്തു കാര്യം?
നിങ്ങൾ മേൽ തേക്കുവാൻ എന്തു കുഴമ്പാണ് ഉപയോഗിക്കുന്നത്? ധാന്വന്തരതൈലമാണ് നല്ലത്. എന്റെ പ്രൈവറ്റ് സിക്രട്ടറിയുടെ രാജ്യമായ മലബാറിൽ ഒന്നാന്തരം ധാന്വന്തരം കിട്ടും. കഞ്ചാവൂർ കഴിഞ്ഞാൽ പിന്നെ എനിക്ക് മലബാറോടാണ് അധിക ഇഷ്ടം. ഞാൻ അവിടെ ഒരിക്കൽ പോയിട്ടുണ്ട്. നല്ല രാജ്യം, ആളുകൾ മാത്രം ഒരു വഹക്കാരാണ്.
ബോർഡുകാര്യങ്ങൾ നോക്കിക്കഴിഞ്ഞാൽ ദിനംപ്രതി നിങ്ങൾ ഭക്തിവിഷയമായ വല്ല പുസ്തകവും വായിക്കണം. ഏതെങ്കിലും ഒരു ശാസ്ത്രിയെ വരുത്തി ഭാഗവതം വായിച്ച് അർത്ഥം പറയിച്ചാൽ വളരെ ഗുണമുണ്ടായിരിക്കും.
എനിക്ക് എനിയും എഴുതണമെന്നുണ്ട്. പക്ഷേ, പ്രിയവയോധികരേ, ജോലിത്തിരക്ക് പ്രതിബന്ധമായി നില്ക്കുന്നുവല്ലോ. എങ്കിലും ഞാൻ നിങ്ങളുടെ അക്രീതദാസനാണെന്നുള്ള കാര്യം നിങ്ങൾ വിസ്മരിക്കരുതേ! നിങ്ങൾക്കു വേണ്ടി എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും. ഇടക്കിടെ സുഖവിവരം എഴുതുവിൻ- ഇങ്ങിനെ മടിയന്മാരായാലോ?
ഞാൻ അയച്ച മറുപടി ഇതാണ്. ഇതു കണ്ടിട്ടാണ് മന്ത്രി അധികം ക്ഷോഭിച്ചത്. ഇതിൽ എന്താണ് ക്ഷോഭിക്കുവാനുള്ളത്? ഏതു കഠിനഹൃദയത്തോടു കൂടിയ ബോർഡാണ് ഇതു വായിച്ചലിയാതിരിക്കുക? പക്ഷേ, അതൊക്കെ പറഞ്ഞിട്ടെന്താണ്? എന്റെ ഉദ്യോഗം ഗമയാഞ്ചകാര. അത്രയല്ലേ പറയേണ്ടൂ?
(1) ചന്തു മേനോന്റെ ‘ശാരദ’യിലെ ഒരു കഥാപാത്രം.
(2) ശരീരമാണല്ലോ ആദ്യത്തെ ധർമ്മോപകരണം (കാളിദാസൻ, കുമാര സംഭവം)
സഞ്ജയൻ കഥകൾ: ചിരിയുടെ പുസ്തകം
സഞ്ജയൻ
ഇന്ദുലേഖ പുസ്തകം
2016