ഒയ്യാരത്തു ചന്തുമേനോൻ 1065-ൽ ലക്ഷണസമ്പന്നമായ ഒരു സാമുദായികാഖ്യായിക പ്രസിദ്ധീകരിച്ചു; അതാണ് ഇന്ദുലേഖ.

ഒട്ടു വളരെ ഇംഗ്ലീഷ് നോവലുകൾ ചന്തുമേനോൻ വായിച്ചിരുന്നു. തന്റെ പത്നിയെ അവയിൽ ചിലതിലെ കഥ ഗ്രഹിപ്പിച്ചുതുടങ്ങിയപ്പോൾ ആ സുചരിത മലയാളത്തിൽ അങ്ങനെ ഒരു പുസ്തകം ഉണ്ടാക്കിക്കൊടുക്കണമെന്നു നിർബന്ധിച്ചു. എല്ലാ കാര്യങ്ങളും ആലോചിച്ച് ഒരു ഇംഗ്ലീഷ് നോവൽ തർജ്ജമ ചെയ്യുന്നതിനെക്കാൾ നല്ലത് അതിന്റെ രീതി പിടിച്ചു മലയാളത്തിൽ ഒന്നു സ്വതന്ത്രമായി നിർമിക്കുന്നതാണ് എന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അതിന്റെ ഫലമായി പരപ്പനങ്ങാടിയിൽ മുൻസിഫായിരുന്ന കാലത്ത് ഇംഗ്ലീഷ് വർഷം 1889 ജൂൺ 11-ാം൹ ഇന്ദുലേഖ എഴുതിത്തുടങ്ങുകയും ആ പണി ആഗസ്റ്റ് 17-ാം൹ അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ സുമാർ രണ്ടു മാസം കൊണ്ടു മുഴുമിച്ചതാണു പ്രസ്തുത പുസ്തകം. ചന്തുമേനോന്റെ കൃതഹസ്തതയ്ക്ക് ഇതിലധികം ഒരു തെളിവ് ആവശ്യമില്ലല്ലോ. ഇന്ദുലേഖ ഒരു സാമുദായിക കഥയാണ്. അതു നടന്നതായി കവി സങ്കല്പിക്കുന്നതു കേരളത്തിലല്ലാതെ മറ്റെങ്ങുമല്ല. സുക്ഷ്മനിരീക്ഷണത്തിന്റെ ഫലമായി അനേകം സമുദായങ്ങളിൽപ്പെട്ടവരെ അദ്ദേഹം കഥാപാത്രങ്ങളാക്കീട്ടുണ്ട്. അവരിൽ വിടനും വിഡ്ഢിയുമായ സൂരി നമ്പൂരിപ്പാട് ഒരു വിശേഷസൃഷ്ടിയാണ്. അതിനെക്കാൾ വിശേഷസൃഷ്ടിയാണു ശാരദയിലെ വൈത്തിപ്പട്ടർ.

ഒരു പാത്രത്തെ നല്ലതാക്കിയാൽ അതിരില്ലാതെ വാഴ്ത്തുകയും ചീത്തയാക്കിയാൽ അളവില്ലാതെ താഴ്ത്തുകയും ചെയ്യുന്നതിനു ഗ്രന്ഥകാരനു പ്രത്യേകം ഒരു പ്രവണതയുണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള നീചപാത്രവർണനയിൽ അദ്ദേഹത്തിനു ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. “മലയാളത്തിൽ അത്യുൽക്കൃഷ്ടസ്ഥിതിയിൽപ്പെട്ടിട്ടുള്ളവരായ നമ്പൂരിപ്പാടന്മാരെയും നമ്പൂരിമാരെയും പരിഹസിക്കണമെന്നുള്ള ഒരു ദുഷ്ടവിചാരം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് എന്റെ ബുദ്ധിമാന്മാരും നിഷ്പക്ഷവാദികളുമായ വായനക്കാർക്കു ധാരാളമായി മനസ്സിലാകുമെന്നു ഞാൻ വിശ്വസിക്കുന്നു” എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. നമ്പൂരിമാരും നായന്മാരും ഒന്നുപോലെ നന്നായിക്കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിസന്ധി. കാലോചിതമായ വിദ്യാഭ്യാസവും തജ്ജന്യമായ പരിഷ്കാരവും ആ രണ്ടു സമുദായങ്ങളിലെ അംഗങ്ങൾക്കും ഉണ്ടാകണമെന്ന് അദ്ദേഹം അത്യധികമായി ആശിച്ചിരുന്നു. സർവോപരി പുരുഷന്മാരെപ്പോലെ സ്ത്രീകളും വിദ്യ അഭ്യസിക്കുണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ഇന്ദുലേഖയിൽ പ്രയോഗിച്ചിരിക്കുന്ന ഭാഷയെപ്പറ്റിയും അദ്ദേഹത്തിനു ചിലതെല്ലാം പറയുവാനുണ്ട്. സംസ്കൃതത്തെ കഴിവുള്ളിടത്തോളം അകറ്റിനിറുത്തി സാധാരണജനങ്ങൾ ഗൃഹത്തിൽ സംസാരിക്കുന്ന രീതിയിലാണ് അദ്ദേഹം തന്റെ കൃതികൾ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിനു സംസ്കൃതത്തിൽ ലോകവ്യുൽപ്പത്തിഉണ്ടായിരുന്നു എന്നു ചാത്തുക്കുട്ടി മന്നാടിയാരുടെ ഉത്തരരാമചരിതത്തിന് അദ്ദേഹം എഴുതീട്ടുളള നിരൂപണത്തിൽനിന്നു വ്യക്തമാകുന്നുണ്ട്. “വ്യുൽപത്തി എന്നു ശരിയായി സംസ്കൃതത്തിൽ ഉച്ചരിക്കേണ്ട പദത്തെ വില്പത്തി എന്നാണു നോം സാധാരണ പറയാറ്. അത് ആ സാധാരണ മാതിരിയിൽത്തന്നെയാണ് ഈ പുസ്തകത്തിൽ എഴുതിയിരിയ്ക്കുന്നത്. ഇതുപോലെ പലേ വാക്കുകളേയും കാണാം; ‘പടു’. ‘ധൃതഗതി’, ‘ധൃതഗതിക്കാരൻ’, ‘യോഗ്യമായ സഭാ’ ഈവക പലേ പദങ്ങളും സമാസങ്ങളും സംസ്കൃതസിദ്ധമായ രീതിയിൽ അല്ല, മലയാളത്തോടു ചേർത്തു പറയുമ്പോൾ ഉച്ചരിക്കുന്നതും അർത്ഥം ഗ്രഹിക്കുന്നതും. അതുകൊണ്ടു സാധാരണ മലയാളഭാഷ സംസാരിക്കുമ്പോൾ ഈ വാക്കുകൾ ഉച്ചരിക്കുന്ന പ്രകാരം തന്നെയാകുന്നു ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നതു്” എന്നും മറ്റും അദ്ദേഹം തനിക്ക് ആ വിഷയത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. എങ്കിലും, ചില വർണനാത്മകങ്ങളായ ഘട്ടങ്ങളിൽ ഭാഷാവിഷയകമായി അദ്ദേഹം ഒന്നുകൂടി മനസ്സിരുത്തേണ്ടതായിരുന്നു എന്നു തോന്നാറുണ്ട്.

ഇന്ദുലേഖയുടെ കഥാഗുംഫനത്തിൽ ഗ്രന്ഥകാരൻ വിജയം പ്രാപിച്ചിട്ടുണ്ടെന്നു പറയുവാൻ നിർവാഹമില്ല. 18-ാമധ്യായത്തിലെ ദീർഘമായ നിരീശ്വരതത്ത്വവാദവും, ഇന്ത്യൻ നാഷണൽ കാൺഗ്രസ്സിനെക്കുറിച്ചുള്ള വിമർശവും മറ്റും കഥയുടെ പുരോഗതിയെ യാതൊരു വിധത്തിലും സഹായിക്കുന്നില്ല. ഇങ്ങനെ വേറെയും ചില വൈകല്യങ്ങൾ ഇത്രതന്നെ അനുചിതങ്ങളല്ലെങ്കിലും ചൂണ്ടിക്കാണിക്കുവാൻ കഴിയും. എന്നാൽ പ്രകൃതിവർണനം, പാത്രസൃഷ്ടി, സ്വഭാവവിശകലനം, ഭാവനാകുശലത, ഫലിതമാർമികത, ഉപാലംഭനപാടവം എന്നിങ്ങനെയുള്ള അംശങ്ങളിൽ ആ കൃതി സർവോൽക്കൃഷ്ടമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചു് എന്റെ ആശയം സ്പഷ്ടമാക്കാം.

ബോംബേതുറമുഖത്തിന്റെ വർണ്ണനയിലെ ഒരു ഭാഗം:
“പാൽനുരപോലെ അതിധവളങ്ങളായും നീരുണ്ട മേഘം പോലെ ശ്യാമളങ്ങളായും കുങ്കമവർണങ്ങളായും അരുണവർണങ്ങളായും മിശ്രവർണങ്ങളായുമുള്ള പലമാതിരി അത്യുന്നതങ്ങളായ ആറും നാലും രണ്ടും കുതിരകളാൽ വലിക്കപ്പെടുന്നതും, മഞ്ഞവെയിലിൽ അതിമനോഹരമായി മിന്നിത്തിളങ്ങിക്കൊണ്ടു കണ്ണുകളെ മയക്കുന്നതും ആയ ഗാഡികൾ അസംഖ്യം അന്യോന്യം തിക്കിത്തിരക്കില്ലാതെ ഓടുന്നതുകളുടെയും, ചിത്രത്തിൽ നില്ക്കുന്നതുപോലെ ബഹുസജ്ജമായിട്ടു സമുദ്രതീരത്തിൽ ചിലേടങ്ങളിൽ നിർത്തീട്ടുള്ളതുകളുടെയും കാഴ്ച, പിന്നെ ആ ഗാഡികളിൽത്തന്നെയിരുന്നു കടൽക്കാറ്റു കൊള്ളുന്നവരുടേയും പുറത്തിറങ്ങി നടന്നിട്ടും കടൽവക്കത്തു കെട്ടിയുണ്ടാക്കീട്ടുള്ള അതിമനോഹരമായ ഇരിപ്പിടങ്ങളിൽ ഇരുന്നിട്ടും കാണാവുന്ന മഹാന്മാരായ പുരുഷന്മാരുടെയും ചന്ദ്രമുഖികളായ സ്ത്രീകളുടെയും വികസിച്ചുനില്ക്കുന്ന ചെന്താമരപ്പൂക്കളെപ്പോലെ ശോഭിക്കുന്ന മുഖങ്ങളോടുകൂടിയ ചെറിയ കിടാങ്ങളുടേയും സംഘം സമുദ്രത്തിൽനിന്നു വരുന്ന മന്ദസമീരണനെ ഏറ്റു രസിച്ചു സല്ലപിച്ചിരിക്കുന്നതിനെ കാണുന്ന ആനന്ദകരമായ കാഴ്ച… പിന്നെ ഈ സകല കാഴ്ചകൾക്കും വിനോദങ്ങൾക്കും ജീവനും അതിശോഭയും കൊടുക്കുന്നതും വാചാമഗോചരമായി, നിസ്തുല്യമായിരിയ്ക്കുന്ന സുര്യാസ്തമനശോഭ.”

സൂരിനമ്പൂരിപ്പാടും അദ്ദേഹത്തിന്റെ വ്യവഹാരകാര്യസ്ഥൻ താശ്ശൻമേനോനും:
“നമ്പൂരി: എനിയ്ക്ക് ഇന്നു കാര്യം നോക്കാൻ ഒന്നും ഇടയില്ല. താച്ചൂ, നീ പൊയ്ക്കോ.
താശ്ശൻ: ഇത് അസാരം ഒന്നു നോക്കാതെ കഴികയില്ല.
നമ്പൂരി: ഇന്നു നീ എന്തു പറഞ്ഞാലും എനിയ്ക്ക് ഇടയില്ല.
താശ്ശൻ: മറ്റന്നാൾ നമ്പർ വിചാരണയാണ്. അടിയന് ഒരു വിവരം ഉണർത്തിക്കാനുണ്ടായിരുന്നു. അത് ഇപ്പോൾ ഉണർത്തിക്കാതെ കഴികയില്ല.
നമ്പൂരി: എന്തു വിചാരണയായാലും വേണ്ടതില്ല. ഇന്ന് എനിക്കു ഒരു കാര്യവും കേൾക്കാൻ ഇടയില്ല.
താശ്ശൻ: ഒരാധാരം ഫയലാക്കേണ്ടതുണ്ട്. അതിന് ഒരു ഹരജി കൊടുക്കണം. ഹരജി എഴുതിക്കൊണ്ടുവന്നിട്ടുണ്ട്. അതിൽ ഒന്നു തൃക്കൈവിളയാടിത്തന്നാൽ മതി.
നമ്പൂരി: ഇന്നു ശനിയാഴ്ചയാണ്. ശനിയാഴ്ച ഞാൻ ഒരു കടലാസ്സിലും ഒപ്പിടാറില്ലെന്നു താച്ചുവിന്നു നിശ്ചയമില്ലേ? പിന്നെ എന്തിന് എന്നെ ഉപദ്രവിക്കുന്നു?
താശ്ശൻ: ആധാരം ഫയലാക്കാൻ തിങ്കളാഴ്ച ഹാജരാക്കീട്ടില്ലെങ്കിൽ നമ്പർ ദോഷമായ്ത്തീരും.
നമ്പൂരി: എങ്ങനെയെങ്കിലും തീരട്ടെ, അപ്പീൽക്കോടതി ഇല്ലേ?
താശ്ശൻ: ആധാരം ഫയലാക്കാഞ്ഞാൽ അപ്പീൽക്കോടതിയിലും തോല്ക്കും.
നമ്പൂരി: ഇതു വലിയ അനർത്ഥം തന്നെ. താച്ചുവിനെ ഒരു കാര്യം ഏല്പിച്ചാൽ പിന്നെ എന്നെ വന്ന് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്?
താശ്ശൻ: ഹരജിയിൽ അടിയന്ന് ഒപ്പിട്ടു കൊടുക്കാൻ പാടുണ്ടോ?
നമ്പൂരി: ഇന്നു ശനിയാഴ്ച ഞാൻ ഒരു ഹരജിയിലും ഒപ്പിടുകയില്ല. പണ്ട് ഒരന്യായത്തിൽ ശനിയാഴ്ച ഒപ്പിട്ട് ഒരു നമ്പ്ര് തോറ്റുപോയതു താച്ചുവിന് ഓർമ്മയില്ലേ?
താശ്ശൻ: ഇത് അന്യായമല്ലാ ഹരജിയല്ലേ?”
ഇങ്ങനെ പോകുന്ന ആ സംഭാഷണം എത്ര തന്മയത്വത്തോടുകൂടിയാണു ചന്തുമേനോൻ നമ്മെ വരച്ചുകാണിച്ചിരിയ്ക്കുന്നത്!

ഇന്ദുലേഖയ്ക്ക് ഒരു വലിയ മെച്ചം കിട്ടിയത്, ആ പുസ്തകം മലബാർ കലക്ടരായിരുന്ന ഡബ്ലിയു. ഡ്യൂമെർഗ്ഗ് 1066-ൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു എന്നുള്ളതാണ്. ഡ്യൂമെർഗ്ഗിന്റെ തർജ്ജമ വളരെ നന്നായിട്ടുണ്ട്.

ഇന്ദുലേഖ കേരളത്തിലെ ഒന്നാമത്തെ ലക്ഷണപൂർണമായ നോവലാണെന്നു പറഞ്ഞുവല്ലോ. വലിയ കോയിത്തമ്പുരാന്റെ അൿബർ 1055-ൽ ആരംഭിച്ചു. എങ്കിലും അതിലെ പത്ത് അധ്യായങ്ങൾ മാത്രമേ 1057 വരെയുള്ള കാലത്തിനിടയ്ക്കു പൂർത്തിയായുള്ളു. 1069-ലാണ് അതച്ചടിച്ചത്. സി. വി. രാമൻപിള്ളയുടെ മാർത്താണ്ഡവമ്മ 1058-നും 1060-നും ഇടയ്ക്കു രചിച്ചതാണെങ്കിലും 1065-ലേ പ്രകാശിതമായുള്ളു.

(മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ രചിച്ച ‘കേരളസാഹിത്യചരിത്ര’ത്തിൽ നിന്നും)

Order Nowഇന്ദുലേഖ
നോവൽ
ഒ ചന്തുമേനോൻ
ഇന്ദുലേഖ പുസ്തകം