മാതൃഭൂമിയുടെ പ്രസാധനം കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കു മാറ്റിയപ്പോളാണ് അവിടം വിടുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങിയത്. ആയിടയ്ക്ക് ഞാൻ അരവിന്ദൻ വഴി കലാകൗമുദി പത്രാധിപർ ജയചന്ദ്രൻ നായരുമായി പരിചയപ്പെട്ടിരുന്നു. ഞാൻ മാതൃഭൂമിയിൽ ള്ളളപ്പോൾത്തന്നെ അദ്ദേഹത്തിനുവേണ്ടി ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മിക്കു വരച്ചിരുന്നു. അത് കലാകൗമുദി വായനക്കാർ നല്ല രീതിയിൽ സ്വീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ഞാനും ജയചന്ദ്രൻ നായരും സുഹൃത്തുക്കളായത്. മാതൃഭൂമി വിട്ടപ്പോൾ എന്നെ അദ്ദേഹം കലാകൗമുദിയിലേക്ക് ക്ഷണിച്ചു. പൂർണസ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തു. അതൊരു പുതിയ തുടക്കമായി. എനിക്ക് വീട്ടിൽ നിന്നു തന്നെ വരയ്ക്കാം. മാറ്റർ അവരുടെ കോഴിക്കോട്ടെ ഓഫീസുവഴി എനിക്കെത്തിക്കും. ഞാൻ വരച്ച ചിത്രങ്ങൾ തിരിച്ചു കൊടുത്തയക്കും.

1982 മുതൽ അങ്ങനെ കലാകൗമുദിയുമായുള്ള ബന്ധം തുടങ്ങി. അത് 1994ൽ ജയചന്ദ്രൻ നായർ കലാകൗമുദി വിടും വരെ തുടർന്നു. പിന്നീട് ജയചന്ദ്രൻ നായർ തുടങ്ങിയ സമകാലിക മലയാളം വാരികയിലേക്ക് മാറി. ജയചന്ദ്രൻ നായരോടൊപ്പം എന്ന ഒരു നിലപാടിൽ ഞാനും ഉറച്ചു നിന്നു. 2011ൽ അദ്ദേഹം മലയാളം വാരികയിൽ നിന്നും രാജി വച്ചപ്പോൾ ഞാനും അവിടം വിട്ടു.

സ്വാതന്ത്ര്യസമരം പശ്ചാത്തലമാക്കി ഒരു സീരീസ് വരച്ചിരുന്നു, മലയാളം വാരികയിൽ. അത് ജയചന്ദ്രൻ നായർ പറഞ്ഞതനുസരിച്ച് ചെയ്തതാണ്. വാരികയിൽ രണ്ടു പേജ് എനിക്കായി മാറ്റിവയ്ക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം ഒരു ദിവസം വിളിച്ചത്. എന്തു ചെയ്യണം എന്നു തീരുമാനിച്ചത് പിന്നീടാണ്. ‘സ്വാതന്ത്ര്യസമരമായാലോ’ എന്ന് ഞാനൊരിക്കൽ ചോദിച്ചു. ‘നന്നാവും’ എന്നദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെ തുടങ്ങിയതാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ആളുകൾ, കാലഘട്ടം, സംഭവങ്ങൾ ഒക്കെ ഉദ്ദേശിച്ചു വരച്ചു തുടങ്ങി. ഗാന്ധിജിയെ പ്രധാന പുരുഷനാക്കിയുള്ള ഒരു പരമ്പര. അതൊരു പുസ്തകമായി കാണണം എന്നുണ്ട്. ഇതു വരെ നടന്നില്ല.

മലയാളത്തിലെ ഏറ്റവും നല്ല എഡിറ്റർ എന്ന സ്ഥാനം അദ്ദേഹത്തിനുള്ളതാണ്. മലയാള സാഹിത്യത്തിൽ ഇത്രയേറെ മാറ്റം വരുത്തിയ മറ്റൊരാളില്ല. അദ്ദേഹത്തിന്റെ ഇടപെടൽ എന്റെ കലാജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. മാതൃഭൂമിക്കാലത്ത് പെയിന്റിങ്ങുകൾ അധികം ചെയ്തിട്ടില്ല. പരീക്ഷണങ്ങളും കുറവാണ്. അക്കാലത്ത് കൂടുതലും രേഖാചിത്രങ്ങളാണ് വരച്ചത്. അവിടെ പല ദിവസങ്ങളിലും രണ്ടു മൂന്നു മണിക്കൂറിന്റെ ജോലിയേ ഉണ്ടാകൂ. ബാക്കി സമയം ഓഫീസിൽ വെറുതേ ഇരിക്കണം. കലാകൗമുദിക്ക് വേണ്ടി വരച്ചു തുടങ്ങിയതോടെ ആ പ്രശ്‌നം അവസാനിച്ചു. ജയചന്ദ്രൻ നായർ എന്നെ വീട്ടിലിരുന്ന് വരയ്ക്കാൻ അനുവദിച്ചത് ഒരു സ്വാതന്ത്ര്യമായിരുന്നു. കുറച്ചധികം സമയവും കിട്ടി. അങ്ങനെ ധാരാളം പെയിന്റിങ്ങുകളും ശിൽപ്പങ്ങളും ചെയ്തു.

ഇവിടെയുള്ളപ്പോഴൊക്കെ ഞങ്ങൾ തമ്മിൽ കാണുമായിരുന്നു. അദ്ദേഹം താമസം ബാംഗ്ലൂരിലേക്ക് മാറ്റിയതോടെ ഞങ്ങളുടെ ബന്ധം ഫോൺ വിളികളിലൂടെയായി. അതിപ്പോഴും തുടരുന്നു.
(നമ്പൂതിരി എൻ ഇ സുധീറുമൊത്ത് എഴുതിയ ‘ഇന്നലെ’ എന്ന പുസ്തകത്തിൽ നിന്നും)

Order Nowഇന്നലെ
നമ്പൂതിരി, എൻ ഇ സുധീർ
ആത്മരേഖ
ഇന്ദുലേഖ പുസ്തകം