ഇട്ട ഉടുപ്പോടെ ഒരു ചെറിയ സഞ്ചിയിലൊതുങ്ങുന്ന പരിമിതമായ ലഗേജുമായി കിട്ടുന്ന ട്രെയിനിൽ ചാടിക്കയറി നിന്നും ഇരുന്നുമൊക്കെ അജ്ഞാതദേശങ്ങളിലേക്കു പോകാനാഗ്രഹിച്ചിരുന്ന ഒരു യാത്രക്കാരി കൗമാരകാലത്തേ ഉള്ളിലുണ്ടായിരുന്നു. പക്ഷേ തിരക്ക്, അലച്ചിൽ, മൈഗ്രേയ്ൻ, വൃത്തിയില്ലാത്ത ഹോട്ടൽ റൂമുകൾ, ടോയ്‍ലറ്റുകൾ, നാവിനു പിടിക്കാത്ത രുചികൾ… എല്ലാറ്റിനോടും നോ പറഞ്ഞതുകൊണ്ട് അവളൊരിക്കലും പുറത്തിറങ്ങിയില്ല. എന്നിട്ടും, ചെയ്യാത്ത യാത്രകളെക്കുറിച്ചുള്ള പരിതാപവും, എനിക്കു കാണാനുള്ള ഇടങ്ങൾ എക്കാലവും കാണപ്പെടാതെയിരിക്കുമല്ലോയെന്ന നിരാശയും അളവില്ലാത്തതായിരുന്നു. അതുകൊണ്ടു യാത്രാനുഭവപുസ്തകങ്ങൾ എപ്പോഴും വായിക്കാൻ ഇഷ്ടപ്പെട്ടു.

രമ്യ എസ്. ആനന്ദ്; 25 രാജ്യങ്ങൾ സന്ദർശിച്ച, ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങിയ ഒരു സ്ത്രീ! അവരൊരു ഗവൺ‍മെന്റ് ഉദ്യോഗസ്ഥയുമാണ്. അവർക്ക് യാത്ര ചെയ്യാനല്ലാതെ പുസ്തകമെഴുതാനെങ്ങനെ സമയം കിട്ടിയിരിക്കും! അതിശയത്തോടെ പുസ്തകത്തിനുള്ളിലേക്കു കടന്നു. ആദരവോടെ പുറത്തിറങ്ങുന്നു.

ഈ പുസ്തകം യഥാർത്ഥത്തിൽ ഒരു യാത്രാവിവരണമല്ല, കണ്ട സ്ഥലങ്ങൾക്കൊപ്പം മനസ്സിൽ പതിഞ്ഞ വ്യക്തികളെയാണിതു പരിചയപ്പെടുത്തുന്നത്. അങ്ങനെ, 19 കുറിപ്പുകളിലായി അതിലധികം മനുഷ്യർ, വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ നിന്നുള്ളവർ. ഓരോരുത്തരും വായനക്കാരുടെ മനസ്സിൽ നിന്ന് ഇനിയൊരിക്കലും മാഞ്ഞുപോവാത്ത വിധമുള്ള അവതരണം. രമ്യയുടെ ഭാഷ ലളിതമാണ്, സുതാര്യവും സുന്ദരവുമാണ്. ആസ്വദിച്ചു വായിക്കാൻ മാത്രമല്ല, ‘ഇനീം കുറച്ചുകൂടി പറയൂ, കേട്ടു മതിയായില്ല’ എന്നു പറയാൻ തോന്നിപ്പിക്കുന്ന ശൈലിയും. ചിരി, കണ്ണീര്, വിസ്മയം, നിസ്സഹായത, സ്നേഹം… എന്തെന്തു ഭാവങ്ങളിലൂടെയാണ്, എത്ര വിചിത്രമായ അവസ്ഥകളിലൂടെയാണ് ഈ പുസ്തകം നമ്മെ കൊണ്ടുപോവുക!

ഇതിലെ എല്ലാ മനുഷ്യരെയും ഇഷ്ടപ്പെട്ടു. പകർത്തിവച്ച എണ്ണമറ്റ പ്രകൃതി ദൃശ്യങ്ങൾ വിസ്മയിപ്പിച്ചു. എങ്കിലും, ഉപ്പുകൊട്ടകളുമായി വെണ്മയാർന്ന ഉപ്പുപരലുകളിൽ വിണ്ടുകീറിയ പാദങ്ങളമർത്തി, മടക്കിക്കുത്തിയ അടിപ്പാവാടയുടെ കീറിയ അരികുകളിൽ നിന്നു തൂങ്ങിക്കിടക്കുന്ന നൂലുകൾ ഉപ്പൂറ്റിയിലെ വിള്ളലുകളിൽ ഉടക്കി വലിയുമ്പോൾ പ്രാണവേദനയനുഭവിച്ച് യന്ത്രങ്ങളെപ്പോലെ നടന്നു നീങ്ങുന്ന സ്ത്രീകളുടെ ആ ദൃശ്യം മനസ്സിൽ നിന്നു മായുന്നേയില്ല… ഉപ്പ് മുറിവിൽ പൊത്തിയാലെന്ന പോലെ നീറുന്നു.

Order Nowവഴികളിൽ തെളിയുന്ന മുഖങ്ങൾ
രമ്യ എസ് ആനന്ദ്
ഇന്ദുലേഖ പുസ്തകം
2024