സുഹൃത്തേ, ദൈവം നിനക്ക് നൂറുവർഷം ആയുസ്സു നൽകുന്നുവെങ്കിൽ ഞാൻ അവിടത്തോട് പ്രാർത്ഥിക്കുന്നു, എനിക്കതിനേക്കാൾ കുറച്ചൊരു ദിനം മതി. കാരണം, നീയില്ലാത്ത ഭൂമിയിൽ എനിക്കൊരു നിമിഷാർദ്ധം പോലും ജീവിക്കേണ്ട. ഈ ഭൂമി ഇത്രമേൽ മനോഹരിയായിരിക്കുന്നത് നീയതിനു മീതെ വസിക്കുന്നതുകൊണ്ടുമാത്രം.
അതിഗാഢമായൊരു ആത്മസൗഹൃദത്തിന്റെ തിരുശേഷിപ്പുകളുള്ള ഈ പട്ടണത്തിൽ വീണ്ടും എത്തുമ്പോൾ പുറത്തെല്ലാം പഴയതുപോലെ തന്നെ. കാലം തെറ്റി മഴ പോലും പെയ്യുന്നുണ്ടെന്നുള്ളത് ഒരു അതിയാദൃച്ഛികത ആവാൻ വഴിയില്ല. സൗഹൃദത്തിന്റെ ഒരു മഴപെയ്ത്തുകാലം കഴിഞ്ഞാലും ഓർമ്മകളുടെ ചില്ല പിന്നെയും പിന്നെയും പെയ്തുകൊണ്ടിരിക്കുന്നു; എത്ര അകന്നാലും, അലഞ്ഞാലും. സ്‌നേഹം നിനക്കെന്തു നൽകി? ചെറുപൂവോളം പുഞ്ചിരി, ഒരു കടലോളം കണ്ണീരും. പുറത്ത് പെയ്യുന്ന മഴയുടെ വെള്ളിനൂലുകളിലേക്ക് കൈകൾ നീട്ടി ഞാൻ നിനക്കായ് പ്രാർത്ഥിക്കുന്നു.
യഥാർത്ഥ സുഹൃത്ത് നല്ല ആരോഗ്യം പോലെന്നൊരു പഴമൊഴി. ശരിയാണ്, അതു നഷ്ടമാകുമ്പോൾ മാത്രമാണ് നിങ്ങൾ അതിനെ വിലമതിക്കുന്നത്… നമുക്ക് നഷ്ടമായ പറുദീസകൾ. എല്ലാവരും പുറത്തേക്ക് പോകുമ്പോൾ ഉള്ളിലേക്ക് പ്രവേശിക്കുന്നത് നീയാണ്- നീ മാത്രം. ബാക്കിയുള്ളവരൊക്കെ ഒരുമിച്ച് നൃത്തം ചവിട്ടിയവർ. ബാൻഡുമേളങ്ങൾ നിലച്ചപ്പോൾ, മായാവിളക്കുകൾ കണ്ണടച്ചപ്പോൾ, അവസാനത്തെ അതിഥിയും കടന്നുപോകുമ്പോൾ, ഞാനീ മുറിക്കൂട്ടിൽ കുരുങ്ങുമ്പോൾ നീ നിശ്ശബ്ദയായി പ്രവേശിക്കുന്നു.
നിനക്കറിയാം, എന്റെ വിധി ഇങ്ങനെയൊക്കെത്തന്നെ. ഉത്സവങ്ങളൊഴിവാക്കാൻ എനിക്കാവുന്നില്ല. എന്നാൽ ഉത്സവങ്ങളാവട്ടെ എന്നെ വളരെവേഗം ഒഴിവാക്കുന്നു. മുളങ്കാടുകൾ പൂക്കുന്നതു പോലെ- വല്ലപ്പോഴുമൊരിക്കൽ. പിന്നെ കാത്തിരിക്കുന്ന ആത്മീയവറുതിയുടെ ദുരിതനാഴികകൾ. കൂട്ടി, കുറച്ച്, ഹരിച്ച് ഒടുവിലെത്തുമ്പോൾ എനിക്ക് നീ മാത്രമേയുള്ളു. ഒത്തിരി അലച്ചിലുകൾക്കു ശേഷം അനാഥനായൊരു കുട്ടിക്ക് മടങ്ങിയെത്താനൊരു വാത്സല്യത്തിന്റെ മടിത്തട്ട്. പാപം കഴുകിക്കളയാൻ നിന്റെ കണ്ണീര്, എന്റെ തീർത്ഥം. ഘോരാപരാധങ്ങളെന്ന് ഞാൻ നിനച്ചിരുന്നവയെ നടക്കാൻ പഠിക്കുന്ന കുഞ്ഞിന്റെ വീഴ്ചകൾ മാത്രമെന്ന് പറഞ്ഞ് നീയെന്നെ സാന്ത്വനപ്പെടുത്തുന്നു. ആത്മനിന്ദയിൽ കുനിയുന്ന ശിരസ്സിനെ തൊട്ടുണർത്തുന്നു. ”എന്നെ കുടിയനെന്നു വിളിക്കരുത്. ഞാൻ കുടിച്ച കണ്ണീരുമായി നോക്കുമ്പോൾ ഞാൻ കുടിക്കുന്നതെത്രയോ തുച്ഛ”മെന്ന് പാടിയ പേർഷ്യൻ കവിയെ വായിച്ച് കേൾപ്പിക്കുന്നു. ഒരു കുമ്പസാരക്കൂടുപോലെ എല്ലാമറിയുന്നു. എല്ലാം പൊറുക്കുന്നു.
അപവാദങ്ങളിൽ നഷ്ടധൈര്യനാകരുതേ എന്ന് ആവശ്യപ്പെടുന്നു. വേദഗ്രന്ഥം തുറന്ന് നടപടി പുസ്തകം ഇരുപത്തിയെട്ടാം അധ്യായം വച്ചു നീട്ടുന്നു: മാൾട്ട എന്ന ദ്വീപിൽ ഞങ്ങളെത്തി. അപരിചിതരെങ്കിലും സ്ഥലവാസികൾ ഞങ്ങളോട് അസാധാരണ കനിവ് കാട്ടി. മഴക്കാലം വന്നുചേർന്നിരുന്നതുകൊണ്ടും തണുപ്പായിരുന്നതുകൊണ്ടും അവർ തീ കൂട്ടി ഞങ്ങളെ സ്വാഗതം ചെയ്തു. പൗലോസ് കുറേ ചുള്ളിക്കമ്പുകൾ പെറുക്കിയെടുത്ത് തീയിലിട്ടു. അപ്പോൾ ഒരു അണലിപ്പാമ്പ് ചൂടേറ്റു പുറത്ത് ചാടി. അവന്റെ കൈയിൽ ചുറ്റി. പാമ്പ് അവന്റെ കൈയിൽ തൂങ്ങിക്കിടക്കുന്നതു കണ്ട് നാട്ടുകാർ പരസ്പരം പറഞ്ഞു: ”ഈ മനുഷ്യൻ കൊലപാതകിയാണെന്നതിന് സംശയമില്ല. അവർ കടലിൽ നിന്ന് രക്ഷപെട്ടെങ്കിലും ജീവിക്കാൻ നീതിയവനെ അനുവദിക്കുന്നില്ല.” അവൻ പാമ്പിനെ തീയിലേക്ക് കുടഞ്ഞിട്ടു. അവന് അപകടമൊന്നും സംഭവിച്ചുമില്ല. അവൻ നീരു വന്ന് വീർക്കുകയോ, പെട്ടെന്ന് വീണ് മരിക്കുകയോ ചെയ്യുമെന്ന് അവർ വിചാരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും അവന് അത്യാഹിതമൊന്നും സംഭവിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവർ അഭിപ്രായം മാറ്റുകയും അവൻ ഒരു ദേവനെന്ന് ഘോഷിക്കുകയും ചെയ്യുന്നു. ഇത്രേയുള്ളു മനുഷ്യരുടെ സാക്ഷ്യങ്ങളെന്ന് നെടുവീർപ്പെട്ട് നാം വേദപുസ്തകം മടക്കുന്നു.
പറയാൻ പോലും ബലം തോന്നാത്ത കുഞ്ഞുകുഞ്ഞു നേട്ടങ്ങളെയാവട്ടെ പടയോട്ടങ്ങൾ ജയിച്ച പൊന്നുതമ്പുരാൻമാർക്കും മേലെയെന്ന് ഗണിച്ചാശംസിക്കുന്നു. പുറത്ത് മഞ്ഞു പെയ്യുന്നുണ്ടാവാം. നമ്മൾ നേരിപ്പോടിന് ചാരെ. നമുക്കിടയിൽ സ്‌നേഹത്തിന്റെ ഒരു കനലെരിയുന്നു. ചില നേരങ്ങളിൽ പുരുഷാർത്ഥങ്ങളിലെ കാമത്തിലേക്കും അർത്ഥത്തിലേക്കും കുതറുന്ന മനസ്സിനെ നിർമ്മലസ്‌നേഹത്തിന്റെ മോക്ഷം കാട്ടി നീ കീഴ്‌പ്പെടുത്തുന്നു.
പലരുമിപ്പോൾ ഞാൻ പറയുന്നത് കേൾക്കുന്നുണ്ട്. എന്നാൽ നീ ഞാൻ പറയാത്തതും കേട്ടല്ലോ. എന്റെ ഈ പ്രസാദാത്മകതകൾ വെറും മുഖംമൂടികളാണെന്ന് നിനക്ക് മാത്രമറിയാം. ഇല കൊഴിയുന്ന ശിശിരത്തിൽ മാത്രമാണ് വൃക്ഷം നഗ്നനായി സൂര്യനെ അഭിമുഖീകരിക്കുന്നത്. അതുപോലെ ഈ ആത്മീയശിശിരത്തിൽ ഞാൻ നിനക്കു മുമ്പിൽ. അശരണനും അനാഥനുമായൊരു മുതിർന്ന കുഞ്ഞ്! മഴമേഘങ്ങൾ പോലെ വിങ്ങിക്കറുക്കുന്ന മനസ്സ്. ഒരിക്കലും അത് പെയ്തൊഴിയുന്നുമില്ല. നീ അത്ഭുതങ്ങളേക്കുറിച്ച് എന്നോട് പറയുന്നില്ല. പകരം മറ്റൊരു ദൃഷ്ടാന്തകഥ. പൗലോസിന്റെ മുള്ള്, അയാളുടെ ശരീരത്തെ നിരന്തരം അലട്ടിയിരുന്നയൊന്ന്. അയാൾ കൊണ്ടുനടന്ന മുള്ള് എന്തായിരിക്കാം? ഒരുപക്ഷേ, ജഡത്തിന്റെ ഗൂഢതൃഷ്ണകൾ, അധികാരത്തോടുള്ള ഇഷ്ടം, അപസ്മാരം കണക്കെന്തോ രോഗം എന്നൊക്കെ ഒരു നൂറ് അനുമാനങ്ങൾ. ദൈവത്തോടയാൾ കരഞ്ഞു പ്രാർത്ഥിക്കുന്നു: ദൈവമേ, എടുത്തു മാറ്റുമോ എന്റെയീ മുള്ള്? എന്നാൽ ദൈവം അവനോട് മന്ത്രിച്ചു: ”ആ മുള്ളവിടെ ഇരുന്നുകൊള്ളട്ടെ. നിനക്കെന്റെ കൃപ മതി.” ചില മുള്ളുകൾ അങ്ങനെയായിരിക്കാം. ജീവിതാന്ത്യംവരെ കൊണ്ടുനടക്കേണ്ടി വരിക. മറ്റുവഴികളില്ല നമുക്ക് മുന്നിൽ; ശിരസ്സിൽ വച്ചത്.
ഞാനൊരിക്കലും പാടാൻ ധൈര്യപ്പെടാത്ത പാട്ടു നീ മാത്രം കേൾക്കുന്നു. പിന്നെ ഞാൻ തന്നെയാ പാട്ടു മറന്നുപോകുമ്പോൾ നീയതിന്റെ വരികൾ എനിക്കുവേണ്ടി ചൊല്ലിത്തരുന്നു. ഇതു പാട്ടുകളുടെ പാട്ട്, song of songs എന്നർത്ഥത്തിൽ.
ഒരു പാലത്തിന്റെ കൈവിരികൾ പിടിച്ച് പുഴയെ നോക്കി നിൽക്കുമ്പോൾ ഞാൻ വെറുതെ പറയുന്നു: ”ദാ, ഞാൻ താഴേക്കു ചാടുന്നു.”
”ഞാനുണ്ടാവില്ല നിന്നോടൊപ്പം.” ഉള്ളിലെ ചെറുനടുക്കം മുഖത്ത് കാട്ടാതിരിക്കാൻ ആത്മാവില്ലാത്ത ഒരു പുഞ്ചിരി കൊണ്ട് ശ്രമിക്കുമ്പോൾ നീ ഗൗരവത്തിൽ പറയുന്നു: ”ഞാൻ താഴെയായിരിക്കും. പുഴയുടെ മദ്ധ്യേ.. പുഴ നനയാതെ നിന്നെ താങ്ങാൻ.” രണ്ടു കൈയും കൊണ്ടുവേണം നീയൊരു ചങ്ങാതിയെ പിടിക്കാൻ. കാരണം, അയാൾ അത്രയ്ക്കും വിലപ്പെട്ടതാണ്.
ചിലപ്പോൾ എനിക്കു തോന്നുന്നു, ആത്മസുഹൃത്തുക്കൾ സയാമീസ് ഇരട്ടകൾ പോലെ. ഒരേ ഹൃദയം, ഉടലുകൾ മാത്രം വേറിട്ട്. സ്നേഹിക്കുന്നവർക്കിടയിൽ ഒരു അദൃശ്യചരട് ഉണ്ട്. നിങ്ങൾക്കെല്ലാം ശുഭമാകുമ്പോൾ ആ ചരട് താനെ അയയുന്നു. അപ്പോൾ അപരനും ശാന്തനാകുന്നു. നിങ്ങൾ ജീവിതത്തിന്റെ പിരിമുറുക്കങ്ങളിലേക്ക് വഴുതി നീങ്ങുമ്പോൾ ഈ അദൃശ്യ ചരടും മുറുകുന്നു. അതുകൊണ്ടാണ് ഒരേ നേരങ്ങളിൽ നിങ്ങൾ ഇരുവരും ഒരേ വ്യഥകളിലൂടെ ഉഴറി നീങ്ങുന്നത്. അതുകൊണ്ടാണ് അയാളുടെ ശബ്ദം നിങ്ങളെത്തേടിയെത്തുന്നത്, എന്തുപറ്റി? ‘ഒളിച്ചേ കണ്ടേ’ കളിക്കുന്ന കുട്ടികളെ പിന്നിൽ നിന്നാരോ തൊടുന്നതുപോലെ…
തീരത്ത് ഒരാൾ നിൽക്കുന്നു എന്ന അറിവിലാണ് ജീവിതത്തിലെ അപ്രതീക്ഷിതചുഴികളെ നിങ്ങൾ അതിജീവിക്കുന്നത്. ഒരു കുസൃതിപ്പറ്റവുമായി ആറ്റുവക്കിലെ വല്ല്യപ്പച്ചനെ കാണാൻ പോയ ഒരാൾ. പുഴയുടെ കുറുമ്പുകൾ ക്രൂരമായത് പെട്ടെന്നാണ്. അതിൽ കുരുങ്ങിപ്പോയൊരു കുട്ടി. രക്ഷിക്കാനെത്തിയയാളെ അവൻ മരണഭീതിയിൽ അടക്കം പൂട്ടി പിടിച്ചു. പുഴ രണ്ടു പേരെയും ആവശ്യപ്പെടുന്നുണ്ടോ? ഓർത്തത് ഇതു മാത്രം: നിനക്ക് ഇതെങ്ങനെ താങ്ങാനാവും? ആ നിമിഷത്തിൽ നിന്റെ സൗമ്യവും ദീപ്തവുമായ സാന്നിദ്ധ്യം. തീരത്ത്, അമരത്വത്തിലേക്കുള്ള പ്രാർത്ഥനാവിളികൾ. ദൈവമേ, ദുർബലമായ ഈ കരങ്ങൾക്ക് ഏത് ശ്രീഭണ്ഡാരത്തിൽ നിന്നാണ് ബലത്തിന്റെയും വിപദിധൈര്യത്തിന്റെയും പൊൻനാണയങ്ങൾ കിട്ടുക. സൂക്ഷിക്കണം, പുഴയിൽ മാത്രമല്ല കരയിലുമുണ്ടാകും ചുഴികൾ.
എനിക്കു മുന്നേ നീ നടക്കരുത്. ഈ ഇത്തിരി അഹന്തകൾ കൂടി ഇല്ലെങ്കിൽ പിന്നെ ഞാനെന്ത്? സത്യമായിട്ടും ഞാൻ നിന്നെ അനുഗമിക്കില്ല. എന്റെ പിന്നാലെയും നീ വരണ്ട. എനിക്കറിയാം നന്നായി, ഞാനാരാണെന്ന്. എന്നോടൊപ്പം മാത്രം നടക്കുക, എന്റെ ചാരെ. നമ്മിലൊരാൾ സുൽത്താനും അപരൻ യാചകനുമല്ല. അന്നദാനമല്ല സൗഹൃദം. ഒന്നുകിൽ നമ്മൾ രണ്ടു സുൽത്താൻമാർ; ഒരേ മേശയിൽ വിരുന്നുണ്ണുന്നവർ. കുറഞ്ഞപക്ഷം, ഒരേ പാഥേയം വൃക്ഷച്ചുവട്ടിലിരുന്ന് പങ്കിട്ടു ഭക്ഷിക്കുന്ന ദരിദ്രരായ കൂട്ടുയാത്രക്കാരെങ്കിലും നമ്മൾ.
‘പാന്ഥർ വഴിയമ്പലം തന്നിൽ..’ കർക്കിടകത്തിന്റെ ഈ രാമസന്ധ്യയിൽ ആരോ ഉറക്കെ പാടുന്നു. ഈ രാത്രി സത്രത്തിലെ സ്നേഹോത്സവങ്ങൾക്കുശേഷം പുലരിയിൽ കൈവഴികൾ പിരിഞ്ഞേ തീരൂ. എന്നാലും എനിക്കറിയാം ഈ ഒറ്റയടിപ്പാതയിൽ നമ്മളാരും ഇനി ഒറ്റയല്ല. പൊള്ളുന്ന വെയിലിനെ കുട പിടിച്ചകറ്റുന്ന ഓരോ തണൽവൃക്ഷവും നീ തന്നെ. പോകുന്നിടത്തെല്ലാം പരസ്പരം നമ്മൾ നമ്മളെ കൊണ്ടുപോകുന്നു. എത്ര വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയാലും എനിക്കറിയാം നമ്മൾ പരിചിതരായിരിക്കും; ഒരു കാപ്പിയുടെ ഇടവേളയ്ക്കു പിരിഞ്ഞവരേപ്പോലെ. സച്ചിദാനന്ദന്റെ വരികൾ പോലെ: ‘ഏറെ പുതുക്കിപ്പണിതിട്ടും താൻ പണ്ടു പാർത്തിരുന്ന ഗ്രാമത്തിലെ വീടിനെ തിരിച്ചറിയുന്നതുപോലെ, കെട്ടിടങ്ങളും ആരവങ്ങളും നിറഞ്ഞു കഴിഞ്ഞിട്ടും ഒരിക്കൽ പൂക്കളാൽ മൂടിയിരുന്ന കുന്നിൻപുറത്തിന്റെ വിജനത തിരിച്ചറിയും പോലെ, വാലൻപുഴു തിന്നുതീർത്ത സ്‌കൂൾ ഗ്രൂപ്പ് ഫോട്ടോയിൽ താൻ നിന്നിരുന്ന സ്ഥാനം ഓർത്തെടുക്കുന്നതുപോലെ..’
ആത്മസുഹൃത്തേ, നീ ദൈവത്തിന്റെ വിരലുകൾ. ചില നേരങ്ങളിൽ വിരലുകൾ, കത്തുന്ന മെഴുകുതിരികൾ പോലെ പൊള്ളിക്കുന്നു. മറ്റു ചിലപ്പോൾ ചന്ദനലേപനം പോലെ പൊള്ളുന്ന നെറ്റിത്തടത്തെ തണുപ്പിക്കുന്നു. നിനക്കല്ല, ദൈവത്തിന് നന്ദി.
കൂട്ട്
ബോബി ജോസ് കട്ടികാട്
ഇന്ദുലേഖ പുസ്തകം
2015