“മോദിജി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ളത് രമ്യാജി ആയിരിക്കും”, രാജസ്ഥാനിലെ ടൂറിസ്റ്റ് ഗൈഡ് ദില്‍ബറിന്റെ തമാശ കലര്‍ന്ന ഈ വാചകത്തില്‍ വായിച്ചെടുക്കാം രമ്യ എസ്. ആനന്ദ് നടത്തിയിട്ടുള്ള യാത്രകളുടെ ആഴവും പരപ്പും. ആ യാത്രകളിലേക്ക് പലപ്പോഴും നയിച്ചതാകട്ടെ പുസ്തകങ്ങളും. മാധവിക്കുട്ടിയെ വായിച്ച് കൊല്‍ക്കത്ത, എംടിയുടെ മഞ്ഞ് വായിച്ച് കുമയൂണ്‍ കുന്നുകള്‍, എം മുകുന്ദന്റെ രമേശനെ തേടി ഹരിദ്വാര്‍, ആര്‍തര്‍ കോനല്‍ ഡോയലിന്റെ ദ ഫൈനല്‍ പ്രോബ്ലം വായിച്ച് സ്വിറ്റ്സര്‍ലന്‍ഡ്, വിജയനെ വായിച്ച് തസ്റാക്ക്, ആര്‍ കെ. നാരായണെ വായിച്ച് അഗുംബെ.
ഈ യാത്രകളില്‍ കണ്ടുമുട്ടിയ ചില മനുഷ്യര്‍ യാത്ര അവസാനിച്ച് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളില്‍ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥകളാണ് ‘വഴികളില്‍ തെളിയുന്ന മുഖങ്ങള്‍’ എന്ന പുസ്തകം. 19 വൃത്യസ്ത സംസ്‌കാരങ്ങള്‍, ഭക്ഷണരീതികള്‍, ചെടികള്‍, മൃഗങ്ങള്‍, പ്രകൃതി, മനുഷ്യര്‍ തുടങ്ങിയവ കൂടിയാണ് ഈ ജീവിതങ്ങളിലൂടെ രമ്യ നമുക്കായി അടയാളപ്പെടുത്തുന്നത്. എല്ലാ ഭാഷകള്‍ക്കും മേലേ നില്‍ക്കുന്ന സ്‌നേഹത്തിന്റെ ഭാഷയിലാണ് രമ്യയുടെ എഴുത്ത്. അതിനാല്‍ നേരെ നമ്മുടെ ഹൃദയത്തിലേക്കാണു പ്രവേശനം.
അഹമ്മദാബാദിലെ മേരി ലോബോ ആന്റിയും വിയന്നയില്‍ മൊസാര്‍ട്ട് പ്രതിമയായി അഭിനയിക്കുന്ന ചാള്‍സും തിരുവല്ല റയില്‍വേ സ്റ്റേഷനിലെ അജ്ഞാത ഗായികയും നാഗാലാന്‍ഡിലെ അഛക് അപ്പൂപ്പനും മട്ടാഞ്ചേരിയിലെ സാറാ മുത്തശിയും മ്യൂണിക്കിലെ മൈക്കിള്‍ സെര്‍ണിയും ഹിമാചലിലെ ഭരതും സ്വീഡനിലെ ജിസല്‍ അമേയ്ഡും ചെമ്പിലെ മുഹമ്മദ് കുട്ടിയുടെ ഉമ്മച്ചിയും രമ്യയുടെ വാക്കുകളിലൂടെ ചറപറാന്ന് ജീവിതം പറയുകയാണ് പുസ്തകത്തില്‍. വായന കഴിയുമ്പോള്‍ അവരും നമുക്കൊപ്പം പോരുകയാണ്.
വാക്കാഴം
“ദൈവങ്ങളെ സൃഷ്ടിക്കുന്ന ഈ മനുഷ്യരെ ദാരിദ്ര്യം ഒരു തീരാരോഗം പോലെ പിന്തുടരുന്നത് എന്തുകൊണ്ടാണ്? ദൈവങ്ങളെ സൃഷ്ടിക്കുന്ന ഈ മനുഷ്യരെ ദൈവങ്ങള്‍ക്ക് പരിചയമില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്?”
വായനോന്മാദം
“ആഗ്രഹിച്ചതിലും അപ്പുറമാണ് യാത്രാജീവിതം സമ്മാനിച്ചത്. അനാദിയായ ചക്രവാളത്തോടും അതിലേക്കെന്നപോലെ നീളുന്ന വഴികളോടും ആ വഴികളിലൂടെ കൂടെ ചരിക്കുന്ന മനുഷ്യരോടുമുള്ള പ്രണയം എല്ലായ്പ്പോഴും ജീവിതത്തിനു മേലേക്ക് ഇരമ്പിക്കയറി. മറ്റെല്ലാ നഷ്ടബോധങ്ങളും ആ വേലിയേറ്റത്തില്‍ അപ്രസക്തമായി.”
(മലയാള മനോരമ, 2024 മെയ് 6)
വഴികളിൽ തെളിയുന്ന മുഖങ്ങൾ
രമ്യ എസ് ആനന്ദ്
ഇന്ദുലേഖ പുസ്തകം
2024