സെപ്റ്റംബർ 4
കൂടുതൽ സ്‌നേഹിച്ച് പൊറുതി തേടുക

അറിയാമായിരുന്നിട്ടും എഴുതാനാകാതെ പോയ ഉത്തരങ്ങൾ, കണ്ടില്ലെന്നു നടിച്ച ബന്ധങ്ങൾ‍, വഴിപ്പെട്ടു പോകുന്ന പ്രലോഭനങ്ങൾ‍… അതിന്റെ വിചാരണകളിൽ നിന്ന് ആരും മുക്തരല്ല. പ്രാണന്റെ കരച്ചിലുകൾ ആന്തരികമായ വിശുദ്ധിയിലേക്കുള്ള വഴികളാണ്. പക്ഷേ, ഒരു പ്രായോഗികമായ പ്രതിസന്ധിയുണ്ട്. ആർക്കു മീതെയാണോ നമ്മുടെ അവധാനതയില്ലായ്മ മൂലം ഇപ്പോൾ സങ്കടങ്ങൾ ഇരമ്പുന്നത്, അവരെ ഇനിയൊരിക്കലും അഭിമുഖീകരിച്ചില്ലെങ്കിലെന്തു ചെയ്യും?

ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പദമായി എണ്ണിയെടുത്തിരിക്കുന്നത് I regret എന്ന ക്ഷമാപണമാണ്. ഓരോ നിമിഷവും ഖേദിക്കാൻ ഒരായിരം കാരണങ്ങൾ. വയോധികനായ ഒരു വൈദികൻ തന്റെ മരണക്കിടക്കയിൽ കൂട്ടിരുന്ന ചെറുപ്പക്കാരന്റെ കൈ മുറുകെപ്പിടിച്ച് ഇങ്ങനെ മന്ത്രിച്ചു: “A bit of self-restraint could have made a better priest.” എന്നിട്ട് പതുക്കെ കണ്ണു പൂട്ടി. കുറേക്കൂടി ആത്മസംയമനം, കുറേക്കൂടി ഭേദപ്പെട്ട ഒരാളെ സൃഷ്ടിച്ചേനെ. ഖേദിക്കാൻ ഒന്നുമില്ലാത്ത ഒരു ഭൂതകാലത്തേക്കാൾ മറ്റെന്താണ് അനുഗ്രഹമായിട്ടുള്ളത്. പരീക്ഷാഹാളിൽ ആലോചിച്ച് ഇരിക്കുമ്പോൾ പെട്ടെന്നു മണി മുഴങ്ങുന്നതുപോലെ, പലതിനും ഉത്തരം കൊടുക്കാതെയും പരിഹരിക്കാതെയും പൂർണവിരാമത്തിൽ എത്തുന്ന ജീവിതം. ശിഷ്ടകാലം അനുതാപത്തിന്റേതാക്കാമെന്നാണു കരുതുന്നത്. അവിടെയാണ് പ്രശ്നം. ആവർത്തനങ്ങളില്ലാത്ത ജീവിതത്തിൽ നമ്മളുടെ കൈക്കുറ്റപ്പാടിന് വലിയ വ്യഥയുടെ വില കൊടുത്ത ചിലരെ ഒന്നു മാപ്പു പറയാൻ പോലും നമ്മളിനി കണ്ടുമുട്ടില്ല. പിന്നെയുള്ളത് സ്വയം തപിച്ചും പുകഞ്ഞും ജീവിക്കുക. അതിനിടയിൽ, യേശു സൂചിപ്പിച്ച കൂടുതൽ സ്നേഹിച്ച് കൂടുതലായ പാപങ്ങൾക്ക് പൊറുതി തേടുക എന്ന സരളവും ഋജുവുമായ ഒരു പോംവഴി കാണാതെ പോയി.

നിർഭാഗ്യവശാൽ ആത്മപീഢയാണ് നമ്മൾ അനുതാപമായി തെറ്റിദ്ധരിച്ചിരിക്കുന്നത്. ശയനപ്രദക്ഷിണം നടത്തിയും തീർത്ഥയാത്രകളിൽ ഏർപ്പെട്ടും പട്ടിണി കിടന്നും നെഞ്ചുരുകിയുമൊക്കെ. എന്നാൽ അതിൽ നിന്ന് ഭാവാത്മകമായി ഒന്നും സംഭവിക്കുന്നില്ല. ഞങ്ങളുടെ ആശ്രമങ്ങളുടെ ഭിത്തിയിൽ ഇപ്പോഴും വല്യച്ചന്മാർ ഉപയോഗിച്ചിരുന്ന മുള്ളരഞ്ഞാണവും ലോഹച്ചമ്മട്ടികളുമുണ്ട്. അത് ഒരു കാലത്തിന്റെ അനുതാപബോധത്തിൽ നിന്നായിരുന്നു.

കുറ്റബോധത്തേയും അനുതാപത്തേയും കേന്ദ്രപ്രമേയമായി ചർച്ച ചെയ്യുന്ന ഏറ്റവും ഭേദപ്പെട്ട മലയാളചിത്രം അതാണെന്നു തോന്നുന്നു- ജി. അരവിന്ദന്റെ ‘ചിദംബരം’. വലിയ വില കൊടുക്കേണ്ടിവന്നൊരു തപ്പ്. മനഃശാന്തിയില്ലാതെ ശങ്കരൻ അലയുകയാണ്. അറിയാവുന്ന എല്ലാ ഉപായങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. ഒടുവിലാണ് ചിദംബരത്തേക്കുറിച്ച് കേൾക്കുന്നത്. വലിയ മോക്ഷപ്രാപ്തിയുടെ കേളി പറയുന്ന ക്ഷേത്രസമുച്ചയമാണത്. വലം ചുറ്റി വരുമ്പോൾ കുറച്ച് ലാഘവത്വം തോന്നുന്നുണ്ട്. പുറത്തുവന്ന് ചെരുപ്പ് കാവലേൽപ്പിച്ച വയോധികയുടെ മുൻപിൽ നിൽക്കുമ്പോൾ പെട്ടെന്ന് വൃദ്ധ ശിവകാമിയാകുന്നു. അതായിരുന്നു അയാളുടെ തപ്പിന്റെ കൂട്ടുകാരി. അവളെ കൊന്നിട്ടാണ് മുനിയാണ്ടി എന്ന തോട്ടം തൊഴിലാളി ആത്മഹത്യ ചെയ്തത്. ചിത്രം തീരുമ്പോൾ ക്യാമറ റ്റിൽറ്റ് ചെയ്ത് ഗോപുരവും കവിഞ്ഞ് നീലാകാശത്തിലെത്തുകയാണ്. ജ്ഞാനത്തിന്റെ അംബരമെന്നൊക്കെ അക്കാലത്തെ നിരൂപണങ്ങളിൽ കണ്ടിരുന്നു.

എന്തായിരിക്കും അയാളെത്തിയ പ്രകാശം? ഒരു തീർത്ഥാടനവും ഒന്നിനും പരിഹാരമല്ല. കുറ്റബോധം ആരെയും സഹായിക്കുന്നുമില്ല. ആത്മശുദ്ധീകരണത്തിനുള്ള നേരമാണ് എങ്ങുമെത്താത്ത അലച്ചിലുകൾ അപഹരിച്ചെടുക്കുന്നത്. ആ മഹാകാരുണ്യത്തിൽ വിശ്വസിക്കുക. അവർക്കും നമുക്കും മോക്ഷമുണ്ടാകട്ടെ.

തഥാസ്തു / ആമേൻ!

Order Nowപുലർവെട്ടം (മൂന്നാം ഭാഗം)
ബോബി ജോസ് കട്ടികാട്
ഇന്ദുലേഖ പുസ്തകം
2021