അരുന്ധതി റോയി ഇതുവരെ രണ്ടു നോവലുകളെ എഴുതിയിട്ടുള്ളു; 1997-ൽ ‘The God of SmaII Things’ എന്ന ആദ്യ നോവലും 2017-ൽ പ്രസിദ്ധീകരിച്ച ‘The Ministry of Utmost Happiness ‘ എന്ന രണ്ടാമത്തെ നോവലും. ഇവ കൂടാതെ അവരെഴുതിയതെല്ലാം രാഷ്ട്രീയ ലേഖനങ്ങളാണ്. ഇത്തരം ലേഖനങ്ങൾ അരുന്ധതിയെ ലോകശ്രദ്ധയിലെത്തിച്ചു. അവരുടെ പുതിയൊരു ലേഖനം ഇപ്പോൾ ചിന്ത പബ്ലിഷേഴ്സ് ‘കനിവോടെ കൊല്ലുക’ എന്ന പേരിൽ പുസ്തമാക്കി പുറത്തിറക്കിയിട്ടുണ്ട്.

വർത്തമാനകാല ഇന്ത്യയുടെ ദുരവസ്ഥയെ സൂക്ഷ്മമായി വിലയിരുത്തുന്ന ഒന്നാണിത്. ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മുടെ ധാർമിക ദിശാബോധം നഷ്ടപ്പെട്ടുവെന്ന് അവർ ഇതിൽ വിശദീകരിക്കുന്നു. വളരെ അടുക്കും ചിട്ടയോടും കൂടി നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ പൊളിച്ചടുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവിശ്വസനീയമാംവണ്ണമുള്ള വൈവിധ്യത്തെ വ്യാജവും സങ്കുചിതവും ഏകമുഖാത്മകവുമായ ദേശീയതയുടെ പേരിൽ മൂലയ്ക്കൊതുക്കുവാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഇതിനൊക്കെ സാധ്യതയൊരുക്കുന്ന ഒരു ലോകാവസ്ഥയേയും അവർ കാണുന്നുണ്ട്.

അതിങ്ങനെയാണ്:” ഇന്ന് ലോകത്തെമ്പാടുമായി, അധികാരത്തിൽ നിന്ന് സ്വയം നിഷ്കാസിതരാകാനായി ജനങ്ങൾ തങ്ങൾക്കെതിരെ തന്നെ വോട്ടു ചെയ്യുന്ന കാഴ്ച അമ്പരപ്പിക്കുന്ന ഒരു സമസ്യയായി നമുക്കു മുന്നിൽ നിലനിൽക്കുന്നു. അവരിങ്ങനെ ചെയ്യുന്നത് അവർക്കു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്താണ് അവർക്കു ലഭിക്കുന്ന വിവരങ്ങൾ? ആരാണ് അതു നിയന്ത്രിക്കുന്നത്? അത് ആധുനിക കാലത്തിന്റെ വിഷലിപ്തമായ പാനപാത്രമാണ്. ആരാണോ സാങ്കേതിക വിദ്യയെ നിയന്ത്രിക്കുന്നത്, അവർ ലോകത്തെ നിയന്ത്രിക്കും.” ലോകത്തിന്റെ വർത്തമാനകാല കുരുക്കിനെയാണ് അരുന്ധതി ഇതിലൂടെ തുറന്നു കാട്ടുന്നത്.

അവർ ഓർമിപ്പിക്കുന്ന മറ്റൊരു കാര്യം സർക്കാരും പൗരനുമിടയിൽ വന്ന അറിവിന്റെ അന്തരത്തെപ്പറ്റിയാണ്. “നമ്മെക്കുറിച്ച് നമുക്കറിയാവുന്നതിൽ കൂടുതൽ സർക്കാർ മനസ്സിലാക്കുകയും, എന്നാൽ സർക്കാരിനെക്കുറിച്ചുള്ള അറിവിൽ നാം കൂടുതൽ കൂടുതൽ അജ്ഞരായിത്തീരുകയും ചെയ്തു എന്നാണ് പുതിയ യാഥാർഥ്യം.”

ഈ ലേഖനം കൂടാതെ, ബോസ്റ്റൺ റിവ്യുവിന് വേണ്ടി അവ്നി സേജ്‍പാൽ അരുന്ധതിയുമായി നടത്തിയ ഒരു ദീർഘ അഭിമുഖവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർത്തമാനകാല ലോകത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരഭിമുഖമാണിത്.

ഈ പുസ്തകത്തിന്റെ വിചിത്രമായ സവിശേഷത ഇത് ബൈലിങ്ഗ്വൽ എഡിഷനാണ് എന്നതാണ്. (Finish the Job, But do It Kindly എന്നൊരു പേരു കൂടി അതുകൊണ്ട് ഈ പുസ്തകത്തിനുണ്ട്.) അരുന്ധതിയുടെ ലേഖനവും അഭിമുഖവും ഇംഗ്ലിഷിലും മലയാളത്തിലും ഇതിൽ അച്ചടിച്ചിരിക്കുന്നു. പ്രസാധകരംഗത്ത് പതിവില്ലാത്ത ഒന്നാണ് ലേഖനങ്ങൾ ബൈലിങ്ഗ്വൽ എഡിഷനുകളായി പുറത്തിറക്കുന്നത്; കവിതകളും കഥകളുമൊക്കെ അങ്ങനെ വരാറുണ്ടെങ്കിലും. മലയാളി വായനക്കാർക്ക് ഇങ്ങനെയൊരു ദ്വിഭാഷാ പതിപ്പിന്റെ ആവശ്യമുണ്ടോ എന്ന ചിന്തയോടെയാണ് ഈ നല്ല പുസ്തകം ഞാൻ മടക്കി വെച്ചത്.

(എഴുത്ത് മാസിക, 2024 ഏപ്രിൽ)

Order Nowകനിവോടെ കൊല്ലുക
അരുന്ധതി റോയ്
ചിന്ത പബ്ലിഷേഴ്‍സ്
2024