ജെറി മാസ്റ്റർ ഓർക്കാനിടയില്ല. കളിയെഴുത്ത് നിർത്തി പാട്ടിനെക്കുറിച്ച് എഴുതിത്തുടങ്ങിക്കൂടേ എന്ന് ജീവിതത്തിലാദ്യമായി എന്നോടു ചോദിച്ചത് അദ്ദേഹമാണ്; കോഴിക്കോട് മുല്ലശ്ശേരിയിലെ സുഹൃദ് സംഗീതസദസ്സിൽ വെച്ച്.
കളിയും കാര്യവും ഇടകലർത്തിയുള്ള ആ ചോദ്യം അന്നത്തെ യുവപത്രപ്രവർത്തകൻ അത്ര ഗൗരവത്തോടെ എടുത്തോ എന്ന് സംശയം. ഉരുളുന്ന പന്തിനൊപ്പം ചീറിപ്പായുകയായിരുന്നല്ലോ അയാളുടെ മനസ്സ്. എന്നാൽ മൂന്നരപ്പതിറ്റാണ്ടിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ ജെറി മാസ്റ്ററുടെ നിഷ്കളങ്കമായ ചോദ്യത്തിൽ ഈശ്വരന്റെ ഇടപെടൽ കൂടി കാണുന്നു ഞാൻ.
വിധിനിയോഗമെന്നോണം കാലക്രമേണ പന്ത് അതിന്റെ പാട്ടിന് പോയി; ഞാൻ പാട്ടിന്റെ വഴിക്കും.
ഇക്കഥ കഴിഞ്ഞ ദിവസം ഓർത്തെടുത്തു പങ്കുവച്ചപ്പോൾ അത്ഭുതത്തോടെ കേട്ടുനിന്നു ജെറി അമൽദേവ്. “സന്തോഷമുള്ള കാര്യം. നമ്മുടെ ആദ്യത്തെ കൂടിക്കാഴ്ച്ച മുല്ലശ്ശേരിയിൽ വെച്ചായിരുന്നു എന്നത് എനിക്കൊരു പുതിയ അറിവാണ്. വർഷങ്ങൾ ഏറെയായില്ലേ?”
ശരിയാണ്. മുപ്പത്തഞ്ചു വർഷങ്ങൾ അത്ര ചെറിയ കാലയളവല്ല. മലയാള സിനിമയിലെ പുതുതലമുറ സംഗീത സംവിധായകരിൽ ഒരാളാണ് അന്നു ജെറി മാസ്റ്റർ. പാട്ടുകളുടെ കെട്ടിലും മട്ടിലും കേൾവിയിലും വിപ്ലവാത്മകമാറ്റങ്ങൾ കൊണ്ടുവന്ന പ്രതിഭാശാലി. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ പുറത്തിറങ്ങിയിട്ട് വർഷം രണ്ടു കഴിഞ്ഞിരുന്നെങ്കിലും ‘ആയിരം കണ്ണുമായ്’ അപ്പോഴുമുണ്ട് അന്തരീക്ഷത്തിൽ. ഞാനാകട്ടെ പത്രപ്രവർത്തനത്തിൽ താരതമ്യേന തുടക്കക്കാരൻ മാത്രം. ഒപ്പം ചെറുകിട പാട്ടുപ്രാന്തനും.
സുഹൃത്തും ഗായകനുമായ ഡോ. സേതുമാധവനൊപ്പമാണ് ജെറി മാസ്റ്റർ മുല്ലശ്ശേരിയുടെ പടികടന്നു വന്നത്. ചുളിവീഴാത്ത രൂപം. കാഴ്ചയിൽ സുന്ദരൻ. പെരുമാറ്റത്തിൽ ജെന്റിൽമാൻ. ഉള്ളിൽ നിന്ന് ഊർന്നിറങ്ങിവരുന്ന ചിരിയും അമേരിക്കൻ ചുവയുള്ള മലയാളവുമാണ് ആദ്യം മനസ്സിൽ തടഞ്ഞത്. സ്വന്തം പാട്ടുകളെക്കുറിച്ചല്ല, നൗഷാദിനെയും റഫിയേയും കുറിച്ചാണ് മാസ്റ്റർ അന്നേറെയും സംസാരിച്ചത്. കേൾവിക്കാരായി സേതുവും രാജുമ്മാമയും ബേബിമ്മായിയും നാരായണിയും ഞാനും, പിന്നെ മുല്ലശ്ശേരിയിലെ ആസ്ഥാന സംഗീതവിദ്വാൻ ടി സി കോയയുടെ ഹാർമോണിയവും.
പെട്ടി കണ്ടപ്പോൾ കൗതുകപൂർവം അതിന്റെ കട്ടകളിലൂടെ വിരലോടിച്ചു മാസ്റ്റർ. “സേതു ഒന്ന് പാടിക്കൊടുക്കൂ” എന്ന് രാജുമ്മാമ. സന്തോഷത്തോടെ റഫിയുടെ ‘തുംഹാരി സുൽഫ് കേ സായേ മേ ശാം കർ ലൂംഗാ’ പാടിത്തുടങ്ങുന്നു സേതു; അരികിലിരുന്ന് വിരലുകളാൽ പെട്ടിയെ താലോലിക്കുന്നു മാസ്റ്റർ. മനോഹരമായ ഒരു മെഹ്ഫിലിന്റെ തുടക്കം. രണ്ടു മൂന്ന് പാട്ടുകൾ സേതു പാടിക്കഴിഞ്ഞപ്പോൾ പതുക്കെ ജെറി മാസ്റ്ററിലെ ഗായകൻ ഉണരുകയായി. ‘ആപ്കി ഫർമയേശ്’ ആയിരുന്നു പിന്നെ. ഇഷ്ടഗാനങ്ങൾ ആവശ്യപ്പെടുന്നത് ഞാൻ. പെട്ടിവായിച്ചു പാടുന്നത് മാസ്റ്റർ. മന്നാഡേയുടെ ‘കോൻ ആയാ മേരെ മൻ കെ ദ്വാരേ’യിൽ നിന്നായിരുന്നു തുടക്കം. പിന്നെ റഫി – നൗഷാദ് സഖ്യത്തിന്റെ കോയീ സാഗർ ദിൽ കോ ബെഹലാത്താ നഹി, കൽ രാത് സിന്ദഗി സേ മുലാകാത് ഹോ ഗയീ, മുകേഷിന്റെ ജൂംതീ ചലീ ഹവാ… അധികമാരും വേദികളിൽ പാടിക്കേട്ടിട്ടില്ലാത്ത പാട്ടുകൾ. എങ്കിലും അന്നുമിന്നും എന്റെ പ്രിയഗാനങ്ങൾ.
ഓരോ പാട്ടും ആവശ്യപ്പെടുമ്പോൾ അത്ഭുതത്തോടെ തലചെരിച്ചു നോക്കും ജെറി മാസ്റ്റർ. ‘സിന്ദഗി ദേനെവാലേ സുൻ’ എന്ന തലത്ത് മഹമൂദ് ഗാനമെത്തിയപ്പോൾ കണ്ണിറുക്കി ചിരിച്ചുകൊണ്ട് മാസ്റ്ററുടെ ചോദ്യം: “സ്പോർട്സ് റിപ്പോർട്ടർ ആണെന്നല്ല പറഞ്ഞത്?”
അതേലോ എന്ന് ഞാൻ.
“എന്നാൽ ഇനി അത് നിർത്തി മ്യൂസിക്കിനെ കുറിച്ച് എഴുതിത്തുടങ്ങാം. അയാം റിയലി സർപ്രൈസ്ഡ് ബൈ യുവർ ചോയ്സ് ഓഫ് സോങ്‌സ്. അങ്ങനെ അധികമാരും ചോദിക്കാത്ത പാട്ടുകളാണ്.”
ഉപദേശം തമാശയായെടുത്ത് ആസ്വദിച്ചു ചിരിക്കുക മാത്രം ചെയ്തു ഞാൻ. ‘പാട്ടെഴുത്ത്’ എന്നൊരു ഏർപ്പാട് സങ്കൽപ്പങ്ങളിൽ പോലുമില്ലല്ലോ അന്ന്.
ആ കുസൃതിച്ചോദ്യത്തിൽ നിന്നാണ് ജെറി മാസ്റ്ററുമായുള്ള സൗഹൃദത്തിന്റെ തുടക്കം. പിന്നെയും പലതവണ കണ്ടുമുട്ടി ഞങ്ങൾ; പാട്ടും ജീവിതവും സാഹിത്യവുമൊക്കെ ചർച്ചാവിഷയങ്ങളായ കൂടിക്കാഴ്ച്ചകൾ. ചെന്നൈയിലെ വീട്ടിൽ ചെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പംക്തിക്കു വേണ്ടി സുദീർഘമായി ഇന്റർവ്യൂ ചെയ്തത് ഒരിക്കലും മറക്കാനാവാത്ത അനുഭവം. സിനിമയുടെ തിരക്കിലും ബഹളത്തിലും നിന്ന് ഏറക്കുറെ അകന്നുകഴിഞ്ഞിരുന്നു അപ്പോഴേക്കും മാസ്റ്റർ. അന്നത്തെ അഭിമുഖത്തിലെ ഒരു മറുപടി ഇന്നുമുണ്ട് ഓർമ്മയിൽ: “ആറു വർഷമായി സിനിമ ചെയ്തിട്ട്. അത്ഭുതം തോന്നുന്നില്ല. സിനിമയുടെ നടപ്പുരീതികളുമായി പൊരുത്തപ്പെടുന്നതല്ല എന്റെ ജീവിതശൈലി. കാപട്യവും മുഖസ്തുതിയും ഉണ്ടെങ്കിലേ പിടിച്ചുനിൽക്കാനാകൂ എന്ന് വന്നപ്പോൾ പന്തയത്തിൽ നിന്ന് പതുക്കെ പിന്മാറുകയായിരുന്നു.”
വർഷങ്ങൾക്കു ശേഷം, 2012 ഒക്ടോബറിൽ, എന്റെ ‘സ്വർണചാമരം’ എന്ന പുസ്തകം പ്രകാശനം ചെയ്യാൻ തിരുവനന്തപുരത്തെത്തി മാസ്റ്റർ. എഴുതി വായിച്ച സുദീർഘമായ ആ പ്രസംഗത്തിന്റെ കയ്യെഴുത്തുപ്രതി ഇന്നുമുണ്ട് എന്റെ ശേഖരത്തിൽ. മലയാളസിനിമാ സംഗീതത്തിന്റെ വളർച്ചയും തളർച്ചയും ഇലക്ട്രോണിക്സിനോടുള്ള അമിതമായ ഭ്രമവുമെല്ലാം വിശദമായി പ്രതിപാദിച്ച പ്രസംഗം. മാസ്റ്റർ അന്ന് സംസാരിച്ചു തുടങ്ങിയത് ഇങ്ങനെ:
“മിസ്റ്റർ രവിമേനോൻ എഴുതിയ സ്വർണചാമരം എന്ന പുസ്തകം റിലീസ് ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇതൊരു അസാധാരണ പുസ്തകമാണ്. നമ്മുടെ ഭാഷയിൽ മ്യൂസിക്കോളജി എന്നൊരു വിഭാഗം ഇല്ല. ആ വിഭാഗം സാധാരണയായി കൈകാര്യം ചെയ്യുന്നത് ശാസ്ത്രീയ സംഗീതജ്ഞരാണ് – ഇവിടെ അത്തരക്കാർ അധികമുള്ളതായി എനിക്കറിവില്ല. എന്നാൽ ഇവിടത്തെ സിനിമാപ്പാട്ടുകളെ പറ്റി ആധികാരികമായി എഴുതി ആ ശാഖയിൽ മ്യൂസിക്കോളജി സൃഷ്ടിച്ചിരിക്കുകയാണ് മിസ്റ്റർ രവിമേനോൻ. അദ്ദേഹത്തെയും ഇന്നത്തെ സംഘാടകരേയും ഞാൻ അനുമോദിക്കുന്നു. ഇനിയും ഇത്തരം ഈടുറ്റ സംഭാവനകൾ മിസ്റ്റർ മേനോനിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
ആമുഖം അവിടെ അവസാനിച്ചു. സിനിമാസംഗീതത്തിന്റെ സമകാലികാവസ്ഥയെ കുറിച്ചുള്ള സുചിന്തിതമായ വിലയിരുത്തലായിരുന്നു പിന്നെ. അക്കൂട്ടത്തിലെ ചില പരാമർശങ്ങൾ എക്കാലവും പ്രസക്തം: “നമ്മുടെ ചെവി ഒരു biological organ ആണ്. ആദിമുതൽ ഇന്നലെ വരെ അതു കേട്ടിരിക്കുന്നത് natural sounds ആയിരുന്നു. സംഗീതത്തിൽ പ്രത്യേകിച്ച് മനുഷ്യസ്വരവും ജൈവവസ്തുക്കളാൽ നിർമിതമായ സംഗീതോപകരണങ്ങളുടെ ശബ്ദവും ആയിരുന്നു: മൃദംഗത്തിലെ തുകലിന്റെ ശബ്ദം, ഫ്ലൂട്ടിലെ മുളയുടെ ശബ്ദം, സാരംഗിയിലെ ആട്ടിൻകുടൽ ചരട് പുറപ്പെടുവിക്കുന്ന ശബ്ദം, വയലിന്റെ ബോ (bow) യിലെ കുതിരവാൽ പുറപ്പെടുവിക്കുന്ന ശബ്ദം, വീണയിലെ പ്ലാവിൻകുടം പുറപ്പെടുവിക്കുന്ന ശബ്ദം, തംബുരുവിലെ മത്തങ്ങാക്കുടത്തിന്റെ ശബ്ദം – ഇവയൊക്കെ ജൈവ വസ്തുക്കളിൽ നിന്നുള്ള ശബ്ദങ്ങളാണ്. ഇത്തരം ശബ്ദം നമ്മുടെ ചെവിയെ ഒരിക്കലും നശിപ്പിക്കില്ല. പക്ഷേ, electronic ശബ്ദം അധികം കേട്ടാൽ നമുക്കാദ്യം audio fatigue – ഒരു തരം തളർച്ച – അനുഭവപ്പെടും. ചെവിയിലെ സൂക്ഷ്മമായ കോശങ്ങളെ അത് നശിപ്പിക്കും. നമ്മുടെ ആരോഗ്യം ക്ഷയിക്കും. ഇതൊന്നും കണക്കിലെടുക്കാതെ ചെലവ് കുറയ്ക്കാൻ സംഗീതത്തിൽ electronics മാത്രം ഉപയോഗിക്കുന്നത് അറിവുകേടാണ്.” മനുഷ്യന്റെ ചെവിയും അതിന്റെ ധർമവും ഇന്നും പഴയപടി തന്നെ. സ്വാഭാവികമായും ഈ നിരീക്ഷണം ഒരിക്കലും കാലഹരണപ്പെടുന്നില്ല.
ജെറി മാസ്റ്ററുമായുള്ള സൗഹൃദത്തിന്റെ ഓർമകളിലേക്ക് വീണ്ടും തിരിച്ചുനടത്തിയത് ‘എനിക്കെല്ലാം സംഗീതമാണ്’ എന്ന മനോഹരമായ പുസ്തകമാണ്; ഇന്ദുലേഖ ബുക്സ് പ്രസിദ്ധീകരിച്ച മാസ്റ്ററുടെ ആത്മകഥ. ഇത്രയും വായനാസുഖമുള്ള ഒരു ഗ്രന്ഥം അടുത്തെങ്ങും വായിച്ചിട്ടില്ല. ഇഷ്ടവിഷയവും ഇഷ്ടവ്യക്തിയും ആയതുകൊണ്ടാണോ? അറിയില്ല. തൊട്ടടുത്തിരുന്ന് സൗമ്യമായ ഒരു ചിരിയോടെ ജെറി മാസ്റ്റർ കഥ പറഞ്ഞുതരുന്നതു പോലെ തോന്നും ഓരോ താളിലൂടെയും കടന്നുപോകുമ്പോൾ. ഒരു വ്യക്തിയുടെ ജീവിതകഥയെന്നതിലുപരി, മലയാള സിനിമാ സംഗീതത്തിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാകുന്നു ‘എനിക്കെല്ലാം സംഗീതമാണ്’. ജെറി അമൽദേവ് എന്ന വ്യത്യസ്തനായ മനുഷ്യൻ എല്ലാ ശക്തിദൗർബല്യങ്ങളോടെയും സ്നേഹവാത്സല്യങ്ങളോടെയും നിറഞ്ഞുനിൽക്കുന്നു ഈ പുസ്തകത്തിൽ. അഭിനന്ദനങ്ങൾ, പ്രിയ മാസ്റ്റർ.
എനിക്കെല്ലാം സംഗീതമാണ്
ആത്മകഥ
ജെറി അമൽദേവ്
ഇന്ദുലേഖ പുസ്തകം