1982 ഏപ്രിൽ മൂന്നിനു വൈകുന്നേരമാണ് ചെന്നൈയിൽ നിന്നും ആലപ്പുഴയിലേക്കു യാത്ര തിരിച്ചത്, ‘നോക്കെത്താദൂരത്ത് കണ്ണുംനട്ടി’ന്റെ ആദ്യ ഡിസ്കഷനുവേണ്ടി. രാവിലെ എറണാകുളത്ത് ട്രെയിനിറങ്ങിയ എന്നെ സ്വീകരിക്കാൻ ഫാസിൽ കാറുമായി എത്തിയിരുന്നു. പിന്നെ, നേരെ ആലപ്പുഴയിലെ ബ്രദേഴ്സ് റ്റൂറിസ്റ്റ് ഹോമിലേക്ക്. സിഗരറ്റിന്റെയും മദ്യത്തിന്റെയും അസുഖകരമായ ഗന്ധമുള്ള ഒരു മുറിയിലെത്തി. അവിടെ ബിച്ചുവുമുണ്ട്. സ്നേഹസംഭാഷണങ്ങൾ കഴിഞ്ഞ് പെട്ടെന്നുതന്നെ ഞങ്ങൾ വിഷയത്തിലേക്കു തിരിഞ്ഞു.
ഫാസിൽ കഥ പറഞ്ഞു: ”വീടു വിട്ട് കാമുകനുമായി ഒളിച്ചോടിയ മകളുടെ കുട്ടിയെ കാത്തിരിക്കുന്ന ഒരമ്മൂമ്മ. ആ പേരക്കിടാവിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത അമ്മൂമ്മ. പരസ്പരം കാണാത്തവർ തമ്മിലുണ്ടാകുന്ന അകൽച്ചയും സ്നേഹവും വിരഹവുമൊക്കെയായിരുന്നു പ്രമേയം. സംഗീതത്തിൽ കാത്തിരിപ്പിന്റെ മൂഡ് ഉണ്ടാകണം; ഒപ്പം നൊസ്റ്റാൾജിക്കും ആയിരിക്കണം.”
കഥയും പാട്ടുമായി ബന്ധമുണ്ടാകണമെന്നു നിഷ്കർഷയുള്ള സംവിധായകനാണ് ഫാസിൽ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലും ‘ധന്യ’യിലും ‘മാമാട്ടിക്കുട്ടിയമ്മ’യിലുമൊക്കെ അതു പുലർത്തിയിരുന്നു. ഫാസിൽ പോയി; ഞാനും ബിച്ചുവും ‘വിഴുങ്ങസ്യ’ എന്ന മട്ടിൽ പരസ്പരം നോക്കിയിരുന്നു.
ഒടുവിൽ ബിച്ചു ചോദിച്ചു, ”ഈ നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന ഏതെങ്കിലും രാഗം ഉണ്ടോ ജെറീ?”
”അങ്ങനെയൊന്ന് അറിവില്ല. നൊസ്റ്റാൾജിയ എന്നതിന്റെ മലയാളനിർവചനം തന്നെ എനിക്കു വലിയ പിടിയില്ല.” ഞാൻ നിസഹായത വ്യക്തമാക്കി.
ഇനി എന്തു ചെയ്യും എന്നറിയാതെ ഞങ്ങൾ ഇരിപ്പു തുടർന്നു. അപ്പോഴാണ് മേശപ്പുറത്തുണ്ടായിരുന്ന ഒരു പുസ്തകത്തിൽ ബിച്ചുവിന്റെ കൈ മുട്ടിയത്. ‘ചങ്ങമ്പുഴയുടെ കൃതികൾ’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. കവിത മാത്രമല്ല, പാട്ടുകളും ഉണ്ടായിരുന്നു അതിൽ! ചങ്ങമ്പുഴ പാട്ടുകളും എഴുതിയിരുന്നുവെന്ന് ഞാനന്നാണ് മനസ്സിലാക്കുന്നത്.
പുസ്തകത്തിന്റെ താളുകൾ മറിച്ചുനോക്കുമ്പോൾ ‘ശ്യാമളേ ശ്യാമളേ’ എന്നു തുടങ്ങുന്ന ഒരു വരി കണ്ടു അതിൽ. ബിച്ചു ആ വരികളൊന്നു ചൊല്ലി. ഞാനതേറ്റു മൂളി ഒരു ഈണമുണ്ടാക്കി.
ബിച്ചു പറഞ്ഞു, ”കൊള്ളാം, നല്ല തുടക്കം. ഇതു തന്നെയാവട്ടെ നമ്മുടെ പാട്ടിന്റെ ഈണം.”
ചങ്ങമ്പുഴയുടെ ‘ശ്യാമള’യെ മാറ്റി നിർത്തി ബിച്ചു ഒട്ടും പ്രയാസമില്ലാതെ പുതിയ വരികൾ രചിച്ചു. അങ്ങനെയാണ് നോക്കെത്താദൂരത്ത് കണ്ണും നട്ടിരിക്കുന്ന അമ്മൂമ്മയുടെ കാത്തിരിപ്പിന്റെ നൊമ്പരത്തിൽ ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഗാനമുണ്ടായത്.
ഈ ഗാനത്തിൽ ഞങ്ങളറിയാതെ രൂപകതാളം കയറിവന്നു. അതോടെ പാട്ടിന് നല്ല സുഖം തോന്നി. ഫാസിലിനും നന്നേ സുഖിച്ചു. വെൺമണി രചിച്ച ‘ഓമനക്കുട്ടൻ ഗോവിന്ദൻ ബലരാമനെ കൂടെ കൂടാതെ’ എന്ന ക്ലാസിക് കവിതയുടെ വൃത്തത്തിന്റെ ഒഴുക്കാണ് ഈ ഗാനത്തിനുള്ളത്. നമ്മുടെ ഓർമകളുടെ അടിത്തട്ടിൽ കിടക്കുന്ന ആ ഈണവുമായുള്ള സാമ്യമായിരിക്കാം ‘ആയിരം കണ്ണുമായി’യെ മലയാളികൾക്ക് ഇത്ര പ്രിയപ്പെട്ടതാക്കിയത്.
ആർക്കും പാടാവുന്ന വിധത്തിൽ, ക്ലാസിക്കൽ പരിവേഷമൊന്നും ഇല്ലാതെയായിരുന്നു ആ പാട്ട് കംപോസ് ചെയ്തിരുന്നത്. എന്നാൽ, റെക്കോഡിങ്ങിന് തിരുവനന്തപുരം തരംഗിണി സ്റ്റൂഡിയോയിൽ എത്തിയപ്പോൾ പ്രശ്നങ്ങൾ തുടങ്ങി. റിഹേഴ്സൽ ചെയ്യുന്നതോടൊപ്പം പാട്ടിന്റെ വേഗവും കൂടിക്കൂടി വന്നു. നൊസ്റ്റാൾജിയ ഫീൽ ഒക്കെ പോകാൻ തുടങ്ങി. ഇന്നത്തെപ്പോലെ താളത്തിന്റെ ഗതി നിയന്ത്രിക്കുന്ന ക്ലിക് സംവിധാനം അന്നില്ലായിരുന്നു.
ഗത്യന്തരമില്ലാതെ വന്നപ്പോൾ അന്നു കീബോർഡ് വായിച്ചവരിലൊരാളായ ആലപ്പുഴക്കാരൻ ഫ്രാൻസിസ് തിയഡോർ, ഒരടി നീളമുള്ള ഒരു കാഷിയോ കീ ബോർഡുമായി വന്ന് എന്നോടു പറഞ്ഞു: ”ഇതിലൊരു കൊച്ചു ഡ്രം ഉണ്ട്. അതിന്റെ സ്പീഡ് നിശ്ചയിച്ച് ഉപകരണക്കാരുടെ ചെവിയിലെത്തിച്ചാൽ നമുക്കൊരു സ്റ്റെഡി ബീറ്റ് കിട്ടും.”
ഞാൻ സമ്മതിച്ചു. ഈ ചെറിയ നിർദേശം ഒരു വലിയ പരിഹാരമായിരുന്നു. അങ്ങനെ യേശുദാസും കോറസ് പാടിയ പെൺകുട്ടികളും ഉപകരണവാദകരും സ്റ്റൂഡിയോയിലെ സൗൺഡ് ടെക്നീഷ്യൻസുമെല്ലാം ചേർന്ന് ‘ആയിരം കണ്ണുമായ്…’ പൂർത്തിയാക്കിയത് രാത്രി എട്ടു മണിയോടെയാണ്. ഫാസിലിന് പാട്ട് ഇഷ്ടമായില്ല. ഉദ്ദേശിച്ചതുപോലെ ഭംഗിയായില്ലല്ലോ എന്നെനിക്കും തോന്നി. കാലത്തു മുതൽ ഈ പാട്ടു വായിച്ചുവായിച്ച് എല്ലാവരും മടുത്തിരുന്നു. ഒരു സംതൃപ്തിയില്ലാതെയാണ് ഞങ്ങൾ പിരിഞ്ഞത്.
മാസങ്ങൾ കടന്നുപോയി. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ടി’ന്റെ ഇരുനൂറാം ദിവസത്തിന്റെ ആഘോഷം ആലപ്പുഴയിൽ നടക്കുന്നു. അപ്പോൾ ഫാസിൽ എന്നെ അടുത്തുവിളിച്ചു പറഞ്ഞു: ”യു നോ ജെറീ… ഇന്ന് കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന ഗാനം ‘ആയിരം കണ്ണുമായി’ ആണ്. ഏറ്റവും അറിയപ്പെടുന്ന സംഗീതസംവിധായകൻ ജെറിയും!”
റെക്കോഡിങ് സമയത്ത് ആർക്കും തൃപ്തി തോന്നാതിരുന്ന പാട്ട് എങ്ങനെയിത്ര വലിയ ഹിറ്റായെന്ന് എനിക്ക് അത്ഭുതമായിരുന്നു. കൃത്യതയോടെ റ്റ്യൂണിനൊപ്പിച്ച് ബിച്ചു എഴുതിയ വരികളാണ് പാട്ടിന്റെ ശക്തി. കൊച്ചുകുട്ടികൾക്കു പോലും പാടാവുന്ന പാട്ട്.
‘ആരാധന…’ എന്ന പാട്ടിന് ഒരു ക്രിസ്മസ് ഗാനത്തിന്റെ ചുവ വേണമെന്നായിരുന്നു ഫാസിലിന്റെ നിർദ്ദേശം. കേരളത്തിൽ നല്ല ക്രിസ്മസ് കാരൾ ഇല്ല. അങ്ങനെയാണ് ലോകപ്രശസ്തമായ ഒരു ഫ്രഞ്ച് കാരളിന്റെ ചുവടുപിടിച്ച് ‘ആരാധനാ നിശാസംഗീതമേള…’ എന്ന പാട്ടുണ്ടാക്കിയത്. പാട്ടിന്റെ രണ്ടാംഭാഗത്താണ് ‘ലാത്തിരി പൂത്തിരി മുന്തിരിച്ചെപ്പോ…’ എന്നു വരുന്നത്. ‘അലൈയാ ബിലാവൽ’ എന്ന രാഗത്തിലാണ് ഇതു ചെയ്തിരിക്കുന്നത്.
‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിന് നല്ല സ്വീകരണമാണ് ലഭിച്ചത്. ഒരു പൊട്ടിത്തെറിക്കാരിയായ യുവതിയെ നാദിയാ മൊയ്തു എന്ന പുതിയ താരം നന്നായി അവതരിപ്പിച്ചു. പത്മിനിയായിരുന്നു അമ്മൂമ്മ വേഷം ചെയ്തത്; ചട്ടയും മുണ്ടും ധരിച്ച് പള്ളിയിൽ പോകുന്ന അമ്മൂമ്മ. ഫാസിലിന്റെ നിരീക്ഷണമികവായിരുന്നു കഥാപാത്രങ്ങളുടെ ശക്തി.
എനിക്കെല്ലാം സംഗീതമാണ്
ജെറി അമൽദേവ്
ഇന്ദുലേഖ പുസ്തകം
2021