മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ചു പുസ്തകങ്ങളെടുത്താൽ അതിലൊന്ന് കെ കെ നീലകണ്ഠൻ എന്ന ‘ഇന്ദുചൂഡ’ന്റെ ‘കേരളത്തിലെ പക്ഷികൾ’ ആയിരിക്കും. എന്റെ കൈയിലുള്ളത്, പഴക്കം കൊണ്ട് പുറംചട്ട പോയതിനാൽ വീണ്ടും ബൈൻഡ് ചെയ്ത, 1958-ൽ പ്രസിദ്ധീകരിച്ച ഒന്നാം പതിപ്പാണ്. 1958-നു മുൻപുള്ള 5-6 വർഷം നീളെ ഞാൻ കേരളത്തിലെ പക്ഷികളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരിചയപ്പെട്ടുകഴിഞ്ഞിരുന്നു. അതായത്, എനിക്ക് ഏതാണ്ട് 6-7 വയസ്സുള്ളപ്പോൾ മുതൽ അഥവാ, ഞാൻ മലയാളം കൂട്ടി വായിച്ചു തുടങ്ങുമ്പോൾ മുതൽ. അന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എൻ വി കൃഷ്ണവാരിയരുടെ പ്രേരണയാലാണ് വാരികയിൽ നൂറോളം ലേഖനങ്ങളുടെ പരമ്പര എഴുതിയതെന്നും അദ്ദേഹത്തിന്റെ തന്നെ നിർദേശപ്രകാരമാണ് അവയെ ഒരു പുസ്തകമാക്കിയതെന്നും ഇന്ദുചൂഡൻ പുസ്തകത്തിന്റെ മുഖവുരയിൽ എഴുതുന്നുണ്ട്. ആഴ്ചപ്പതിപ്പിലെ പരമ്പരയ്ക്ക് ചിത്രങ്ങൾ വരച്ചതാരാണെന്ന് കുട്ടിയായിരുന്ന ഞാൻ ശ്രദ്ധിച്ചിട്ടില്ല. പക്ഷേ, അവ രസകരങ്ങളായിരുന്നുവെന്ന് ഓർമയുണ്ട്. എനിക്ക് സുപരിചിതരായ പക്ഷികളെ ആഴ്ചപ്പതിപ്പിന്റെ താളുകളിൽ തിരിച്ചറിയുമ്പോഴുള്ള സന്തോഷത്തിനാണെങ്കിൽ അതിരില്ലായിരുന്നു.

പുസ്തകമിറങ്ങിയയുടൻ എന്റെ അപ്പൻ കോട്ടയത്തു പോയി എൻ ബി എസ്സിൽ നിന്നായിരിക്കണം, അത് വാങ്ങിക്കൊണ്ടുവന്നു. അതോടെ അത് എന്റെ വീട്ടിലെ ഒരംഗമായി മാറി. എന്റെ അപ്പൻ ഒരു സമ്പൂർണ പുസ്തകപ്പുഴുവായിരുന്നു. ഒരു കർഷകൻ എത്രത്തോളമാകാമോ, അത്രത്തോളം. അന്ന് ഒരു ശരാശരി ക്രൈസ്തവകർഷകനും ചെയ്യാത്ത രണ്ടു കാര്യമാണ് അദ്ദേഹം ചെയ്തത്. പുസ്തകങ്ങൾ വാങ്ങി വായിക്കുക, പുസ്തകങ്ങൾ വായനശാലയിൽ നിന്നെടുത്തു വായിക്കുക. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പമുള്ള കൂട്ടായ്മകൾക്കു ശേഷം ചിരട്ടയ്ക്കുള്ളി കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി തോട്ടങ്ങളിലെ നീണ്ട ഇരുട്ടിലൂടെ നടന്നുവന്ന്, കുളിച്ച്, ഭക്ഷണം കഴിച്ച്, വരാന്തയിൽ ഒരു പായ് വിരിച്ച്, തലയണയിൽ കൈ കുത്തിക്കിടന്ന്, മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ വായിച്ചു വായിച്ചാണ് അപ്പൻ ഉറങ്ങിയത്. അപ്പൻ ആവർത്തിച്ചു വായിച്ചിരുന്ന പുസ്തകങ്ങളിലൊന്നായിരുന്നു ‘കേരളത്തിലെ പക്ഷികൾ’. ബഷീർ, പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ, ഉറൂബ്, അങ്ങനെ പോയി അവയുടെ പട്ടിക. അന്നു കഥയിലും നോവലിലും മാത്രം ആകൃഷ്ടനായിരുന്ന എനിക്ക് കേരളത്തിലെ പക്ഷികളിൽ എന്റെ അപ്പൻ കണ്ടെത്തിയ ആകർഷണം മനസ്സിലായില്ല. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ അദ്ദേഹത്തിലെ പ്രകൃതിതല്പരനും നല്ല എഴുത്തിന്റെ പ്രേമിയുമാണ് അദ്ദേഹത്തെ കേരളത്തിലെ പക്ഷികളുടെ ആരാധകനാക്കിത്തീർത്തത് എന്ന് എനിക്കു കാണാൻ കഴിയും. എന്നെ സംബന്ധിച്ചിടത്തോളമാവട്ടെ, എന്റെ മനസ്സിന്റെ അബോധതലങ്ങളിൽ എഴുത്തിന്റെ അടിസ്ഥാനമിട്ടു തന്ന സ്വാധീനങ്ങളിലൊന്നാണ് കുട്ടിയായ ഞാൻ ഒന്നുമാലോചിക്കാതെ വായിച്ച ഇന്ദുചൂഡന്റെ നൃത്തം വയ്ക്കുന്ന മലയാളം.

1976-ലെ എന്റെ അപ്പന്റെ മരണശേഷമാണ് ഞാൻ കേരളത്തിലെ പക്ഷികളുടെ, കാലപ്പഴക്കം കൊണ്ട് കുത്തിക്കെട്ട് അയഞ്ഞുപോയ ആ കോപ്പി കരസ്ഥമാക്കി ഇന്ദുചൂഡൻ എന്ന മഹാനായ ഗദ്യകാരനെയും പ്രകൃതിസ്നേഹിയെയും കണ്ടെത്തുന്നത്. എന്താണ് എന്റെ അപ്പനെ കേരളത്തിലെ പക്ഷികളുടെ അകമഴിഞ്ഞ ആരാധകനാക്കിത്തീർത്തത് എന്ന ജിജ്ഞാസയും എനിക്കുണ്ടായിരുന്നു. അപ്പോഴേക്കും എഴുത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരുവനായിത്തീർന്നുകഴിഞ്ഞിരുന്ന എന്റെ മുൻപിൽ കേരളത്തിലെ പക്ഷികളുടെ താളുകളിൽ പ്രത്യക്ഷപ്പെട്ടത് മലയാളത്തെ സ്നേഹിക്കുന്ന ആരെയും മോഹിപ്പിക്കുന്ന ഒരു മൗലികമായ എഴുത്തിന്റെ പ്രപഞ്ചമായിരുന്നു. ലഘുവും ലളിതവും സൗമ്യവും പുഞ്ചിരി പുരണ്ടതുമായ വാക്കുകൾക്കു മാത്രം പരത്താൻ കഴിയുന്ന ഒരു മാന്ത്രികവെളിച്ചം നിറഞ്ഞതായിരുന്നു ഇന്ദുചൂഡൻ തന്റെ പ്രിയപ്പെട്ട പക്ഷികൾക്കു വേണ്ടി നിർമിച്ച വാക്കുകൾ കൊണ്ടുള്ള കൊട്ടാരം. പക്ഷികളേപ്പോലെ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ പറന്നു, തുള്ളിച്ചാടി, പാടി നൃത്തം വച്ചു. മലയാളഗദ്യസൗന്ദര്യത്തിന്റെയും പ്രകൃതിവിജ്ഞാനത്തിന്റെയും അത്യപൂർവമായ ഒരു സംഗമമാണ് ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികൾ.

അസൂയാവഹമായ ഒരു നൈർമല്യമാണ് ഇന്ദുചൂഡന്റെ മലയാളിത്തം പൂത്തുലഞ്ഞുനിൽക്കുന്ന, സാഹിത്യത്തിന്റെ യാതൊരു ഔപചാരിക ചമയങ്ങളുമില്ലാത്ത ഗദ്യത്തിൽ നിറഞ്ഞുനിൽക്കുന്നത്. പുസ്തകത്തിന്റെ ഏതു താൾ തുറന്നാലും താഴെക്കൊടുക്കുന്നതുപോലെയുള്ള ജീവൻ തുടിക്കുന്ന എഴുത്ത് പ്രത്യക്ഷപ്പെടും. ഒരുദാഹരണം കാണുക. കാക്കകളുടെ സാമൂഹികജീവിതമാണ് വിഷയം.

“കാക്കക്കൾ ചേക്കിരിക്കുവാൻ പോകുന്നത് രസകരമായൊരു കാഴ്ചയാണ്. ചന്തയ്ക്കു പോകുന്ന മനുഷ്യരെപ്പോലെ യാതൊരടക്കവും ഒതുക്കവുമില്ലാത്ത ചെറുകൂട്ടങ്ങളായാണ് കാക്കകൾ പറന്നുപോകുന്നത്. വഴിക്ക് എന്തെങ്കിലുമൊരു മരമോ വലിയ കെട്ടിടമോ അവയുടെ ശ്രദ്ധയെ ആകർഷിച്ചാൽ, ഉടനെ അതിന്മേൽ പറന്നിരുന്ന് ഒരു പൊതുയോഗം നടത്തും. എന്നാൽ, എല്ലാ അംഗങ്ങളും ഒരേ സമയത്തുതന്നെ സംസാരിക്കണമെന്നതാണ് കാക്കകളുടെ നിയമം. അതുകൊണ്ട്, സായാഹ്നസമയത്ത് കാക്കകൾ എവിടെയെങ്കിലും യോഗം കൂടിയാൽ കുറച്ചു നേരത്തേക്ക് അവിടെ ഭയങ്കര കോലാഹലമായിരിക്കും. കുറെ ലഹള കൂട്ടിയശേഷം പെട്ടെന്ന് എല്ലാവരും കൂടി ഐകകണ്ഠ്യേന തീർച്ചയാക്കിയതുപോലെ കാക്കക്കൂട്ടം ഒരു ഞൊടിക്കുള്ളിൽ പറന്നുയർന്ന് ചേക്കിരിക്കുന്ന താവളത്തിനു നേർക്ക് പറന്നുപോകും. അവിടെയെത്തിയാലും കുറെ നേരത്തേക്ക് കശപിശയും കോലാഹലവും ചുറ്റിപ്പറക്കലും പതിവാണ്. ഒരുപക്ഷേ, അന്നു നടന്ന ഓരോ കാര്യങ്ങളെ വിമർശിച്ചും ഓരോ സ്ഥലത്തെ സദ്യവട്ടങ്ങളെ സ്തുതിച്ചുമാണോ ഇവർ ഇത്ര ശബ്ദമുണ്ടാക്കുന്നതെന്നു നമുക്കു തോന്നാം. ചന്ദ്രികയുള്ള രാത്രി കാക്കകൾ സ്വൈരമായി ഉറങ്ങുകയില്ല. കൂടക്കൂടെ എഴുന്നേറ്റ് ചുറ്റും പറന്നും കരഞ്ഞുംകൊണ്ട് രാത്രി കഴിച്ചുകൂട്ടും.”

മീൻ കൂമനെപ്പറ്റിയുള്ള ഈ സരസമായ വിവരണം കാണുക:

“പരുന്തോളം വലിപ്പമുള്ളതും പൂച്ചയുടേതുപോലെ തോന്നുന്ന മുഖമുള്ളതുമാണ് ഈ കൂമൻ. തലയിൽ പൂച്ചയുടെ ചെവികൾ പോലെ തോന്നുന്ന തൂവൽക്കൂട്ടങ്ങളുണ്ട്. കണ്ണുകൾ നല്ല മഞ്ഞ. കാലുകൾ നഗ്നമാണ്. പുറം തവിട്ടുനിറമാണെങ്കിൽ അനവധി വീതിയുള്ള കറുപ്പുവരകൾ എങ്ങുമുള്ളതിനാൽ ആകപ്പാടെ കറുപ്പും തവിട്ടുനിറവും കലർന്ന പോലെ തോന്നും. ശബ്ദം ഗും-ഗൂ-ഗൂ എന്നാണ്…
മഴ തുടങ്ങിയിട്ട് രണ്ടുമൂന്നാഴ്ചകളേ ആയിട്ടുള്ളു. ഞാൻ ഒരു തേക്കിൻ‍കാട്ടിൽക്കൂടീ ധൃതിയിൽ പോകുകയാണ്, ചില അപൂർവ സന്ദർശകന്മാരെ കാണുവാൻ. ഓലേഞ്ഞാലികളുടെ ശബ്ദം കേട്ട് വെറുതേ ആ വഴിക്കൊന്നു കണ്ണോടിച്ചു. അടുത്ത നിമിഷത്തിൽ മറ്റെല്ലാം മറന്ന് അവിടെത്തന്നെ നങ്കൂരമുറപ്പിക്കുകയാണുണ്ടായത്. കൂമനെ പകൽസമയത്തു കാണുകയെന്നതു തന്നെ അപൂർവമായിരിക്കെ, മൂന്നു വലിയ കൂമന്മാർ അടുത്തടുത്തിരുന്ന് എന്തോ തറവാട്ടുകാര്യങ്ങൾ ചർച്ച ചെയ്യുന്നതു കാണുവാനിട വന്നാൽ പിന്നെ പക്ഷിഭ്രാന്തൻ മറ്റെല്ലാം മറക്കാതിരിക്കുമോ?
ഒരു പുളിയിൽ രണ്ടും അടുത്തൊരു പനയിൽ മറ്റൊന്നും- അങ്ങനെയാണവർ ഇരുന്നിരുന്നത്. ഒരു കാക്കയും രണ്ട് ഓലേഞ്ഞാലികളും കൂമന്മാർക്ക് ഇരിക്കപ്പൊറുതി കൊടുക്കാതെ വീണ്ടും വീണ്ടും അവയുടെ മുതുകത്ത് മേടുന്നുണ്ടായിരുന്നു. ഇടയ്ക്ക് രണ്ടു മഞ്ഞക്കിളികളും ഈ നിശാചരന്മാരുടെ അകാലസാന്നിധ്യത്തിൽ പ്രതിഷേധിച്ചിരുന്നു.”

പക്ഷിനിരീക്ഷണം ഒരു അർധശാസ്ത്രമാകയാൽ, അതിനെപറ്റിയുള്ള എഴുത്ത് ദുർഘടങ്ങളായ ശാസ്ത്രപദകാനനങ്ങളിലേക്ക് വഴിതെറ്റിപ്പോകാൻ വളരെ എളുപ്പമാണ്. ശാസ്ത്രമെഴുത്തിന്റെ മറ്റൊരു പ്രശ്നം അനാവശ്യമായ ഗൗരവവും വായനക്കാരനോടുള്ള സൗഹൃദരാഹിത്യവുമാണ്. ഇന്ദുചൂഡൻ ആ പാരമ്പര്യത്തെ അയത്നലളിതമായി പൊളിച്ചെഴുതുന്നു. തെളിഞ്ഞുനിൽക്കുന്ന നർമബോധവും മനുഷ്യപ്പറ്റും ഊർജസ്വലമായ സംവേദനതത്പരതയുമാണ് അതിന്റെ മുഖമുദ്ര. പക്ഷിശാസ്ത്രത്തെപ്പറ്റി ഒന്നുമറിയാത്ത വായനക്കാരെപ്പോലും പിടിച്ചിരുത്തുന്ന ഒരു ഹൃദയഭാഷണമാണ് ഇന്ദുചൂഡന്റെ എഴുത്ത്. അദ്ദേഹത്തിന്റെ മാതൃഭാഷ തമിഴാണെന്നതും ഇവിടെ കൂട്ടിച്ചേർക്കണം. ഒരുപക്ഷേ, തമിഴിന്റെ, സംസ്കൃതം കലരാത്ത ദ്രാവിഡപദപുഷ്ടി കേരളീയനായ അദ്ദേഹത്തിന്റെ മലയാളത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കാം. സംസ്കൃതത്തിലേക്കുള്ള വഴുതലാണല്ലോ മലയാളത്തിന്റെ ഏറ്റവും എളുപ്പവിദ്യ.

അടിസ്ഥാനപരമായി ഇന്ദുചൂഡന്റേത് ഇംഗ്ലിഷ് സാഹിത്യത്തിന്റെ ഏറ്റവും മനോഹരങ്ങളായ മൂല്യങ്ങളിലടിയുറച്ച ഒരു ഭാവുകതയായിരുന്നു എന്നു കരുതണം. അദ്ദേഹത്തിന്റെ മുഖ്യവായനാമേഖല ഇംഗ്ലിഷായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മഹാരഥന്മാരായ ഇംഗ്ലിഷ് ഗദ്യമെഴുത്തുകാരുടെ ഭാഷാനൈർമല്യവും മാനുഷികതയുമാണ് ഞാൻ ഇന്ദുചൂഡന്റെ മലയാളത്തിൽ കാണുന്നത്. അനർഗളം, അനായാസം, അനാഡംബരം, വസ്തുനിഷ്ഠം, ആനന്ദകരം. സംസ്കാരസമ്പന്നമായ ഏതൊരു ഭാഷയിലും മഹനീയമെന്ന് ആഘോഷിക്കപ്പെടുമായിരുന്ന ഈ കൃതിയെ ‘സാഹിത്യ ഔദ്യോഗിക’ത്തിന്റെ എളുപ്പം തിരിച്ചറിയപ്പെടുന്ന ലേബലുകൾ അണിഞ്ഞിട്ടില്ലാത്തതുകൊണ്ട് ബുദ്ധിജീവികളും ഭാഷാസ്നേഹികളും പണ്ഡിതരും ഒരുപോലെ സാഹിത്യപരിഗണനകൾക്കു പുറത്താക്കിയെന്നത് നമ്മുടെ പരിതാപകരമായ സങ്കുചിതത്വത്തിന് ഒരുദാഹാരണവും സാഹിത്യത്തിന്റെ നിർഭാഗ്യവുമാണ്. പക്ഷേ, മനുഷ്യത്തിളക്കവും മണ്ണിന്റെ സൗന്ദര്യവും വാമൊഴിയുടെ ഇഴയടുപ്പവുമുള്ള മികച്ച ഗദ്യത്തെ തിരിച്ചറിയുന്ന കുറച്ചു വായനക്കാരുടെയെങ്കിലും കൈകളിൽ, അവർ പക്ഷിസ്നേഹികളല്ലെങ്കിൽപ്പോലും ഇന്ദുചൂഡന്റെ പക്ഷിചരിതം സുരക്ഷിതമാണ്.

Order Nowകേരളത്തിലെ പക്ഷികൾ
ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ)
പക്ഷിനിരീക്ഷണം
കേരള സാഹിത്യ അക്കാദമി