“പ്രിയപ്പെട്ട എൻ.വി.,
‘ഭൂമിക’ കിട്ടി. ഇത്രയും ശ്രദ്ധിച്ച്, ശ്രദ്ധേയമായ ഒരവതാരിക എഴുതാൻ പ്രേരിപ്പിച്ച സൗഹൃദത്തെയും സൗമനസ്യത്തെയും ഞാൻ ആ രണ്ടിന്റെയും പൂർണമായ രൂപത്തിൽ കാണുന്നു; ആഹ്ലാദിക്കുന്നു. ‘കഥാകാവ്യം’ ഉപക്രമവിഷയമാക്കിയിരുന്നെങ്കിൽ, ഇത്രയും ഉജ്ജ്വലമാകുമായിരുന്നോ എന്നു സംശയമാണ് ‘ഭൂമിക’.

അവതാരികയെക്കുറിച്ചു സന്തോഷിക്കയും ശ്ലാഘിക്കുകയും ചെയ്യുന്നതുകൊണ്ട്, അതിൽ എനിക്കു തന്നിട്ടുള്ള മേന്മ അങ്ങനെതന്നെ ഞാൻ വിശ്വസിക്കുന്നു എന്നോ, സ്വീകരിക്കുന്നു എന്നോ തെറ്റിദ്ധരിക്കരുത്. അതിൽ ഒരു കാര്യം എടുത്തു പറഞ്ഞതു നന്നായി. ഒറ്റയ്ക്കും കൂട്ടായും നിന്ന് എല്ലാ പയറ്റുമുറകളും ശീലിച്ചവർ നടത്തുന്ന ആക്രമണത്തിൽ നിന്ന്, എന്റെ പേനയെയല്ല, എന്റെ ഹൃദയത്തെ ഞാൻ വീഴാതെ കാക്കുവാൻ ഇന്നോളം ശക്തനായി. ഈ വാക്യമെഴുതുമ്പോൾ എന്റെ ഹൃദയത്തിനുണ്ടാവുന്ന അസ്വസ്ഥത മറ്റാരും അറിയാതെ എനിക്കു സൂക്ഷിക്കാൻ കരുത്തുണ്ടാവട്ടെ.

നിരൂപണം എത്ര നിശിതമായാലും നിരൂപണമാണ്; അഭിലഷണീയമാണ്. അനുഭവാപഗ്രഥനവും അതിനു ശേഷമുള്ള ഉദ്ഗ്രഥനവും സത്യസന്ധമായിരുന്നാൽ മതി. സത്യത്തിനു പക്ഷപാതം ഇല്ല, പക്ഷപാതം വയ്യ. മറ്റു കാര്യങ്ങളെ ഉള്ളിൽ വച്ചുകൊണ്ടുള്ള അപഹാസങ്ങളും ഗർജ്ജനങ്ങളും നിരൂപണത്തിനുള്ള അവകാശവും മാന്യതയും പിടിച്ചടക്കുകയും വാഴുകയും ചെയ്യുമ്പോഴാണ് വിഷമം. എഡിൻബറോ റിവ്യുവിൽ നിന്ന് എൻസൈക്ലോപീഡിയ (ഇംഗ്ലീഷ് ലിറ്ററേച്ചർ)യിൽ വേർഡ്സ്‍വർത്തിനെക്കുറിച്ചുള്ള അതിനിശിതനിരൂപണഭാഗങ്ങൾ ഉദ്ധരിച്ചിരിക്കുന്നത് ഈയിടെ ഒരിക്കൽക്കൂടി ഞാൻ വായിച്ചു. ആ നിരൂപണഭാഗങ്ങൾ വേഡ്സ്‍വർത്തിന്റെ കവിതയുടെ പിറകിൽ ഒതുങ്ങി നിൽക്കുന്നതു കാണാൻ രസമുണ്ട്. (ഞാൻ ഒഴിവുസമയങ്ങളിൽ വലിയ കവികളുടെ പിന്നാലെ വിനയത്തോടു കൂടി നടക്കാറുണ്ട്, ഈയിടെ ചിലപ്പോൾ.)

ശ്രീ സി. എച്ച്. കുഞ്ഞപ്പയ്ക്ക് നാലഞ്ചു കവിത അയച്ചിട്ടുണ്ട്. തിരുനാമം ‘പാഥേയ’ ത്തിൽ 264-ആം പേജിലാണെന്നു തോന്നുന്നു. പുസ്തകം മുകളിൽ അച്യുതന്റെ കൈയിലായിരുന്നു. ഒന്നു ചൂണ്ടിക്കാണിക്കണേ! പകർത്താനുള്ള മടി. ‘നേടുക വീര്യം’ കഴിഞ്ഞ ലക്കം ‘തിലക‘ത്തിലും. ഈ കവിതകളിൽ നിന്ന്, ആരോഗ്യവും നൈസർഗികമായ ഉന്മേഷവും ഉള്ളവരെ വേർതിരിച്ചു നിർത്തി ഒരു സെലക്ഷൻ നടത്തി, മറ്റുള്ളവരെ, പിന്നെയൊരിക്കൽ വരൂ, എന്നു മടക്കിയാൽ മതി. അയച്ച കവിത എല്ലാം ചേർത്തേ കഴിയൂ എന്നില്ല. മുഖം നോക്കാതെ, നിർദ്ദയമായ തെരഞ്ഞെടുക്കലാവണം. സി.എച്ചിനു ഞാനെഴുതിയിട്ടുണ്ട്. ഭംഗിവാക്കല്ല എന്ന് ഒന്നു പറയണം. നമുക്ക് നല്ലൊരു കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്താൻ ഇപ്പോൾ കൈമുതലില്ലേ എന്നു സി.എച്ച്. തീർച്ചയാക്കട്ടെ.

ഇങ്ങനെയൊക്കെയായാലും എനിക്കു മനസ്സിനു വ്യഥയുണ്ട്. ഞാനെങ്ങനെ ഇത്ര വളരെ ശത്രുക്കളെ, ഈ ചെറിയ പേന മാത്രം വച്ചു കൊണ്ടു സമ്പാദിച്ചു! സാഹിത്യ പരിഷത്തിന്റെ ഒഴുക്കിൽ ഞാൻ ചെന്നുപെട്ടിരുന്നില്ലെങ്കിൽ, ഞാൻ ഇന്നും ആദരപൂർവ്വം സ്മരിക്കുന്ന മഹാകവി ഉള്ളൂരിനും മറ്റും എന്റെ നേരേ അസുഖത്തിനു വിത്തു പാവാൻ മറ്റുള്ളവർക്കു കഴിയുമായിരുന്നില്ല. മാത്രമല്ല, ഈ ക്ഷീണിച്ച കാലത്തു കവിതയ്ക്കുള്ള ഈ ഉന്മേഷം അന്നു പിണങ്ങിയോ പരിഭവിച്ചോ ഇടയ്ക്കു നിന്നിരുന്നില്ലേ എന്നുപോലും ശങ്കയുണ്ട്. ഞാൻ എന്നെ കുറച്ചൊക്കെ അങ്ങനെ നശിപ്പിക്കയായിരുന്നു, അറിയാതെ പറ്റിയ ആ കുടുക്കിൽ.

സ്നേഹപൂർവ്വം,
ജി. ശങ്കരക്കുറുപ്പ്”

1963 ഒക്ടോബർ മാസത്തിൽ മഹാകവി ജി. ശങ്കരക്കുറുപ്പ് എൻ. വി. കൃഷ്ണവാരിയർക്ക് അയച്ച ഒരു കത്താണിത്. 1954 മുതൽ 1978 വരെ ശങ്കരക്കുറുപ്പിൽ നിന്നും തനിക്കു ലഭിച്ച കത്തുകളിൽ നിന്ന് ചിലതൊക്കെ തെരഞ്ഞെടുത്ത് എൻ.വി. തന്നെ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയ ‘ഹൃദയത്തിന്റെ വാതായനങ്ങൾ’ എന്ന പുസ്തകത്തിലാണിതു വായിച്ചത്. ഇതിവിടെ പകർത്താൻ കാരണം മുൻ തലമുറയിലെ എഴുത്തുകാർ തമ്മിലുണ്ടായിരുന്ന ക്രിയാത്മക ബന്ധത്തേയും അവർ കാര്യങ്ങളെ നോക്കിക്കണ്ട രീതികളെയും ഓർമിപ്പിക്കാനാണ്. ഒരവതാരിക വായിച്ച് അതിനെ അപ്പാടെ സ്വീകരിച്ച് ആഹ്ലാദിക്കുവാൻ ജി. ശങ്കരക്കുറുപ്പ് തയാറാവുന്നില്ല. അവതാരികാകാരൻ പറഞ്ഞ മേന്മകൾ അപ്പാടെ വിശ്വസിക്കുകയോ സ്വീകരിക്കുകയോ ചെയ്തു എന്ന് കരുതുരുത് എന്നാണ് കവി കത്തിൽ പറഞ്ഞിരിക്കുന്നത്. അതുപോലെ, നിരൂപണത്തോടുള്ള ജി.യുടെ സമീപനവും കത്തിൽ വിശദമാക്കുന്നുണ്ട്. നിശിതമായ നിരൂപണം അഭിലഷണീയമാണ്. അത് സത്യസന്ധമായിരിക്കണം എന്നു മാത്രം. ഒടുക്കം അദ്ദേഹം സ്വയം വിമർശനം നടത്തുന്നതും കാണാം. ‘ഈ ചെറിയ പേന മാത്രം വച്ചു കൊണ്ട് ഞാനെത്ര മാത്രം ശത്രുക്കളെ സമ്പാദിച്ചു’ എന്നാണ് അദ്ദേഹം ആകുലപ്പെടുന്നത്!

അര നൂറ്റാണ്ടിനിപ്പുറവും ആ പഴയ കത്തിലെ ആശയങ്ങൾ പുതുതായി നിൽക്കുന്നു. ആ കാലത്തെ എഴുത്തുകാരുടെ സാഹിത്യ സംസ്കാരം ഇതിൽ നിന്നും വായിച്ചെടുക്കാം. നമ്മുടെ പുതിയകാല എഴുത്തുകാരൊക്കെ മുമ്പേ നടന്നവർ എങ്ങനെയാണ് കാര്യങ്ങളെ വിലയിരുത്തിയത് എന്നു മനസ്സിലാക്കുന്നത് നല്ലതാണ്.

ഇത്തരം ധാരാളം കത്തുകൾ ഈ പുസ്തകത്തിലുണ്ട്. അത് കവിയുടെ ഉജ്ജ്വലമായ വ്യക്തിത്വത്തിലേക്ക് വെളിച്ചം പകരുന്നു. സാഹിത്യേതരമായ ധാരാളം സാമൂഹിക വിമർശനങ്ങളും ജി.യുടെ കത്തുകളിൽ കാണാം. കത്തെഴുത്ത് അവരുടെയൊക്കെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരുന്നു. ഒരു കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “പ്രിയപ്പെട്ട എൻ.വി., കത്തു കണ്ടിട്ടു നാളേറെയായി; എന്താണൊരു മന്ദത?” മറ്റൊരു കത്തിൽ, “എൻ.വി.യുടെ കൈയക്ഷരം കണ്ടിട്ടു കുറച്ചു നാളായി. ആ ഷാർപ് എഡ്ജുള്ള അക്ഷരവടിവ് എൻ.വി.യുടെ സവിശേഷ വ്യക്തിത്വത്തെയും പ്രതിഭയേയും ഓർമ്മിപ്പിക്കാറുണ്ട്.” മറ്റൊരിടത്ത്, “നാമെത്ര അടുത്ത സ്നേഹിതന്മാരാണ്? എന്നിട്ടും എന്നാണാദ്യം കണ്ടത്, ഏതു സന്ദർഭത്തിൽ – എനിക്കറിഞ്ഞുകൂടാ. എൻ.വി. വല്ലപ്പോഴും ഒരു നീണ്ട കത്ത് നമ്മുടെ ബന്ധം വളർന്ന വഴിയിലെ മുഖ്യസ്ഥാനങ്ങൾ കാട്ടിക്കൊണ്ട് എഴുതിയാൽ എനിക്കു വലിയ സഹായമാവും.”

പുസ്തകത്തിന്റെ ആമുഖത്തിൽ എൻ.വി. കൃഷ്ണവാരിയർ ഇങ്ങനെ കുറിച്ചിരിക്കുന്നു. “അത്യന്തം ഭാവനാശാലിയായ ഈ കവിയുടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ നമുക്കു നേരിട്ടു കാട്ടിത്തരുന്ന വാതായനങ്ങളാണ് അദ്ദേഹത്തിന്റെ കത്തുകൾ. അതേ സമയം, അതാതു കാലത്തെ കേരളത്തിലെ സാഹിത്യ-സാംസ്കാരിക ജീവിതത്തിന്റെ സ്പന്ദനങ്ങൾ അവ ഉൾക്കൊള്ളുകയും ചെയ്യുന്നു. അവ വായിക്കുമ്പോൾ നാം ജി.യുടെ ജീവിതത്തിൽ പങ്കാളികളാകുന്നു. കത്തെഴുതൽ സാഹിത്യകലയുടെ ഒരു സവിശേഷ രൂപമാണെങ്കിൽ, മലയാളത്തിൽ ആ കലയുടെ ഉത്തമ മാതൃകകളാണ് ജി.യുടെ കത്തുകൾ തന്റെ കാവ്യസാധന പരമോൽകർഷത്തിലെത്തി നിന്നിരുന്ന വർഷങ്ങളിൽ മഹാകവി ജി.യുടെ ഹൃദയവ്യാപാരങ്ങളെ, പീഢാനുഭവങ്ങളെ, ധാർമ്മിക രോഷങ്ങളെ, ആഹ്ലാദസ്പന്ദനങ്ങളെ അവ വ്യക്തമാക്കിത്തരുന്നു.”

കത്തുകൾ എന്ന എഴുത്തുശാഖയ്ക്ക് വംശനാശം വന്ന ഒരു കാലത്തിരുന്ന് ഇതൊക്കെ വായിക്കുമ്പോൾ എന്റെ മനസ്സ് ഗൃഹാതുരത്വം കൊണ്ടു നിറയുന്നു. കാലത്തെയും സംസ്കാരത്തെയും അടയാളപ്പെടുത്താൻ കത്തുകൾക്ക് കഴിഞ്ഞതുപോലെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല.

ഹൃദയത്തിന്റെ വാതായനങ്ങൾ
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 131 കത്തുകൾ
സമ്പാദനം: എൻ.വി. കൃഷ്ണവാരിയർ
നാഷണൽ ബുക്ക് സ്റ്റാൾ
1986