“What is man but this restless being that would rise from the earth, and who is man but a longing that desires the stars?”
എത്രയോ വർഷങ്ങൾക്കു മുൻപ് ഖലീൽ ജിബ്രാന്റെ ‘Jesus, the Son of Man’ വായിച്ചുകൊണ്ടിരുന്നപ്പോൾ ഉള്ളിലേക്ക് ഊർന്നിറങ്ങിയ വാചകമാണിത്. മനുഷ്യൻ എന്ന ജീവിയെ ഇതിലും നന്നായി നിർവചിച്ചിരിക്കുന്നത് ഞാൻ വേറെയെങ്ങും കണ്ടിട്ടുണ്ടായിരുന്നില്ല. ഇനിയിളക്കാനാവാത്ത മട്ടിൽ ആ വാചകം ഉള്ളിലുറച്ചുപോയതുകൊണ്ട് അതിലും നല്ലൊരു നിർവചനം പിന്നീടുണ്ടായിട്ടുണ്ടോ എന്നുമറിയില്ല – മണ്ണിൽ നിന്ന് ഉയരുന്ന ഈ അസ്വസ്ഥമായ ഉണ്മയല്ലാതെ മറ്റെന്താണ് മനുഷ്യൻ? വിണ്ണിലെ നക്ഷത്രങ്ങളെ മോഹിക്കുന്ന ഒരു അഭിനിവേശമല്ലാതെ മറ്റാരാണ് മനുഷ്യൻ?
ആരാധകരേറെയുള്ള ജിബ്രാൻകൃതിയായി ‘The Prophet’ തുടരുമ്പോഴും, ‘Jesus, the Son of Man’ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന പുസ്തകമായി ഗണിക്കേണ്ടിയിരിക്കുന്നു. യേശു എന്ന ചരിത്രപുരുഷനെ, പിൽക്കാലത്ത് അദ്ദേഹത്തിനു മേൽ വന്നുചേർന്ന പുറംകുപ്പായങ്ങളിൽ നിന്നു മുക്തനാക്കി പൂർണനായ മനുഷ്യനായി അവതരിപ്പിക്കുന്നു ജിബ്രാൻ. ഓഷോ പറഞ്ഞതുപോലെ, ‘യഥാർത്ഥ മനുഷ്യനായ യേശുവിനെ അവതരിപ്പിക്കുന്നതിൽ ഖലീൽ ജിബ്രാൻ വളരെ അടുത്ത് എത്തുന്നുണ്ട് – സുവിശേഷങ്ങൾ എഴുതിയതായി പറയപ്പെടുന്ന നാലു ശിഷ്യന്മാരെക്കാൾ അടുത്ത്.’ ക്രിസ്ത്യാനികളുടെ യേശുവിനെയല്ല, യഥാർത്ഥ യേശുവിനെ കാണിച്ചുതരുന്ന ജിബ്രാന്റെ കഥകൾ മനോഹരങ്ങളാണെന്നും അവയോരോന്നും ധ്യാനിക്കേണ്ടതാണെന്നും കൂടി ഓഷോ പറയുന്നുണ്ട്.
ഓഷോയുടെ പ്രിയപുസ്തകമായിരുന്നു ഇത്; നമ്മുടെ സക്കറിയയുടെയും. അദ്ദേഹം രണ്ട് അഭിമുഖങ്ങളിൽ ഈ പുസ്തകത്തെക്കുറിച്ചു പറഞ്ഞതു വായിച്ചിട്ടുണ്ട്. “യേശുവിനെക്കുറിച്ച് ഇങ്ങനെയെഴുതാം, ഈ തരത്തിൽ യേശുവിനെ ഫിക്ഷനിൽ കൈകാര്യം ചെയ്യാമെന്ന് ഞാൻ വലിയൊരു അത്ഭുതത്തോടെ മനസ്സിലാക്കുന്നത് ഖലീൽ ജിബ്രാന്റെ ‘ജീസസ്, ദ് സൺ ഓഫ് മാൻ’ എന്ന പുസ്തകത്തിലൂടെയാണ്. ഇത്രയും കാലം നമ്മൾ കണ്ടിട്ടില്ലാതിരുന്ന കാഴ്ചപ്പാടിൽ നിന്ന് മനുഷ്യനായ യേശുവിനെ അവതരിപ്പിക്കുകയാണ് ജിബ്രാൻ. അതിൽ നസറത്തിലെ പലയാളുകൾ യേശുവിനെപ്പറ്റി സംസാരിക്കുന്നു. യേശു പ്രമേയമായുള്ള, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതിയാണിത്. ഈ കൃതിയാണ്, എന്റെ യേശുസമീപനത്തിന് പുതിയ ഒരു ദിശ കാണിച്ചുതന്നതും യേശുവിനെ മനുഷ്യനായിക്കാണാൻ എന്നെ പഠിപ്പിച്ചതും. കണ്ണു തുറപ്പിച്ച പുസ്തകം എന്നൊക്കെ പറയാം.”
നിത്യചൈതന്യയതിയുടെ ഒരു പരിഭാഷ മലയാളത്തിൽ വന്നിരുന്നത് മുൻപ് വായിച്ചിട്ടുണ്ട്. ജിബ്രാന്റെ 79 കഥകളിൽ 17 എണ്ണം മാത്രമാണ് യതിയുടെ പുസ്തകത്തിലുണ്ടായിരുന്നത്. ജിബ്രാൻ മാത്രമല്ല കുറച്ചു യതിയും ഉൾച്ചേർന്ന, കുറച്ചധികം സ്വാതന്ത്ര്യമെടുത്ത് അദ്ദേഹം നടത്തിയ ഒരു പുനരാവിഷ്കരണമായിരുന്നു അത്. പല വിധത്തിൽ പ്രസിദ്ധനായ ഒരു എഴുത്തുകാരൻ നടത്തിയ ഒരു മലയാളവിവർത്തനം ഈയിടെ കൈയിൽ വന്നുപെട്ടു, എറണാകുളം പബ്ലിക് ലൈബ്രറിയിൽ നിന്നാണ്. ഒരു കൗതുകത്തിനാണതു വായിക്കാനെടുത്തത്. പലയിടത്തും, അദ്ദേഹത്തിനു ജിബ്രാനെ പിടികിട്ടിയിട്ടില്ല എന്ന് കുറച്ചു പുറങ്ങൾ കടന്നപ്പോൾത്തന്നെ മനസ്സിലായി.
ജിബ്രാന്റെ ഒറിജിനലുമായി ഇദ്ദേഹത്തിന്റെയും യതിയുടെയും പുസ്തകങ്ങൾ ഒത്തുനോക്കിയതിന്റെ ബാക്കിയായാണ് സെബദിയുടെ മകനായ ജെയിംസ് യേശുവിനെപ്പറ്റി പറയുന്ന ആദ്യ അധ്യായം മലയാളത്തിലാക്കിയത്. വെറുതെ ചെയ്തുനോക്കിയതാണ്. മിലൻ കുന്ദേരയുടെ Unbearable Lightness of Being മലയാളത്തിലാക്കാൻ ശ്രമിച്ച് (തന്റേതല്ലാത്ത കാരണത്താൽ) പാതിയിൽ നിന്നു പോയതും ജെറോം മാൻഡെലിന്റെ ‘Third Time, Icecream’ എന്ന കഥ ഭാഷാപോഷിണിക്കു വേണ്ടി മലയാളത്തിലാക്കിയതുമാണ് ഇതിനു മുൻപ് ഈ വഴിക്ക് ആകെ നടത്തിയിട്ടുള്ള പരിശ്രമങ്ങൾ. പിന്നെ പല പത്രമോഫീസുകളിലിരുന്ന് ദിവസവും വരുന്ന പിടിഐ, യുഎൻഐ വാർത്തകൾ മലയാളത്തിലാക്കിയിരുന്നതും. പരിചയക്കുറവുണ്ടെന്നു ചുരുക്കം.
രണ്ടായിരത്തോളം വർഷം മുൻപു നടന്ന സംഭവങ്ങളെ ചുറ്റിപ്പറ്റി, ഏകദേശം നൂറു വർഷം മുൻപുള്ള ഇംഗ്ലിഷ് ഭാഷയിൽ അതിവിശിഷ്ടമായ ഭാവനയുടെ ഉടമയായ ഒരു മനുഷ്യൻ എഴുതിവച്ചതിലാണല്ലോ കൈ വച്ചത്. ഒട്ടും എളുപ്പമുള്ള പണിയായിരുന്നില്ല. എങ്കിലും പൂർത്തിയാക്കി. കുറച്ചധികം സന്തോഷവും തോന്നി. അതാണ് ഈ പുസ്തകം – ഇന്ദുലേഖ പ്രസിദ്ധീകരിച്ച ‘മനുഷ്യപുത്രനായ യേശു’. മികച്ച ചിത്രകാരനും കൂടിയായിരുന്ന ഖലീൽ ജിബ്രാൻ ആദ്യപതിപ്പിൽ വരച്ചുചേർത്തിരുന്ന ചിത്രങ്ങളും ഈ മലയാളം പതിപ്പിൽ ഉൾപ്പെടുത്തി. കവറിൽ പോൾ ഗോഗിന്റെ പ്രശസ്തമായ യെലോ ക്രൈസ്റ്റ് ആണ്, ജിബ്രാൻ യേശുവിനെ വാക്കുകളിൽ വരയ്ക്കുന്നതിന് നാല്പതോളം വർഷം മുൻപു വരച്ച മഞ്ഞ ക്രിസ്തു.
മനുഷ്യപുത്രനായ യേശു
ഖലീൽ ജിബ്രാൻ
മൊഴിമാറ്റം: ടോം ജെ മങ്ങാട്ട്
ഇന്ദുലേഖ പുസ്തകം