“വീട്ടിൽ ബാക്കി വരുന്ന ചപ്പാത്തി ഫ്‌ളാറ്റിന്റെ മതിലിനു മുകളിൽ നിരത്തി വയ്ക്കും. അതവരുടെ ഗോമാതാവിനുള്ളതാണ്. നഗരത്തിലെ നിരത്തുകളിൽ അലഞ്ഞു തിരിയുന്ന പശുക്കൾ അവ അകത്താക്കും. പശുക്കൾക്ക് കൃത്യമായി അറിയാം ചപ്പാത്തി കിട്ടുന്ന മതിലോരങ്ങൾ. വൈകുന്നേരം പശുക്കളുടെ ഉടമകൾ വന്ന് എല്ലാത്തിനേയും കൂട്ടി തെളിച്ചുകൊണ്ട് പോകുന്നതു കാണാം. മതിലിലെ ചപ്പാത്തികൾ കഴിക്കാൻ പശുക്കൾ മാത്രമല്ല, തൊട്ടപ്പുറത്തുള്ള മൈതാനത്തു തമ്പടിച്ചിരിക്കുന്ന നാടോടിക്കുട്ടികളും ഓടി വരും. തണ്ടും തടിയുമുള്ള പശുക്കളെ തള്ളിമാറ്റി അവരും ചപ്പാത്തി തിന്നും. ഒരിക്കൽ ഒരു കുഞ്ഞൻ ഭൂമികുലുക്കം വന്നപ്പോൾ രാത്രി മുഴുവൻ ഞങ്ങളും ആ മൈതാനത്ത് കിടന്നു. മതിലിൽ ചപ്പാത്തി വയ്ക്കുന്ന ‘വലിയവരും’ അതെടുക്കാൻ നാൽക്കാലികളോട് മല്ലിടുന്നവരും ഒരേ നിരപ്പിൽ! പണക്കാരനും പാവപ്പെട്ടവനുമെല്ലാം പ്രകൃതിദുരന്തങ്ങളിൽ വെറും കാഴ്ചക്കാരും ഇരകളുമാണെ് ആ രാത്രിയിൽ എനിക്ക് നല്ലതു പോലെ മനസ്സിലായി; അവർക്കും മനസ്സിലായിക്കാണും.”
(വഴികളിൽ തെളിയുന്ന മുഖങ്ങൾ / രമ്യ എസ്. ആനന്ദ് / ഇന്ദുലേഖ പുസ്തകം)

ഈ പുസ്തകം യാത്രകളിൽ (ജീവിതയാത്രകളിലും) കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുള്ളതാണ്. ഒരിടത്ത് താമസിക്കുമ്പോൾ കണ്ടുമുട്ടിയവരും യാത്രകൾക്കിടയിൽ ജീവിതത്തിലേക്ക് കടന്നു വന്നവരുമായ നിരവധി മനുഷ്യരുടെ ഓർമകൾ ഈ താളുകളിൽ പങ്കുവെക്കപ്പെടുന്നു. മനുഷ്യരുടെ ചൂരും ചൂടുമുള്ള രചനയെന്ന് സംശയലേശമന്യേ ഈ കൃതിയെ വിശേഷിപ്പിക്കാം. അഹമ്മദാബാദിൽ ജീവിക്കുന്ന കാലത്ത് ഗ്രന്ഥകാരിക്കുണ്ടായ അനുഭവമാണ് മുകളിൽ കുറിച്ചത്. മിക്കയിടങ്ങളിലും സസ്യാഹാരം മാത്രം കിട്ടിയിരുന്ന അഹമ്മദാബാദിലേക്ക് മാംസാഹാരവുമായി കടന്നു ചെന്ന ഗോവക്കാരി മേരി ലോബോയെക്കുറിച്ചുള്ള അധ്യായത്തിലാണ് ചപ്പാത്തി മതിലിന്റേയും കുഞ്ഞൻ ഭൂചലനത്തിന്റേയും ഓർമ്മകൾ കടന്നു വരുന്നത്. മേരി ലോബോയുടെ നോൺ വെജ് ഹോട്ടൽ ‘ലാബെല്ല’ തേടിയുള്ള യാത്ര, അവരുമായുണ്ടായ സൗഹൃദം എന്നിവയെല്ലാം ഈ അധ്യായത്തിലുണ്ട്.

2004-ലാണ് ഗ്രന്ഥകാരി മേരി ലോബോയെ കാണുന്നത്. ഇക്കാലത്ത് ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റുകൾക്കടുത്താണ് അവരും കുടുംബവും കഴിഞ്ഞിരുന്നത്. വാടകയ്ക്ക് കൊടുക്കുമ്പോൾ ഫ്‌ളാറ്റുടമ വെച്ച പ്രധാന കണ്ടീഷൻ അടുക്കളയിൽ ഇറച്ചിയും മീനും പാചകം പാടില്ല എതാണ്. അങ്ങനെയാണ് ഗ്രന്ഥകാരി മേരി ലോബോയുടെ ഹോട്ടലന്വേഷിച്ചു പോകുന്നത്. ഹോട്ടലിൽ വരുന്നവരെ മേരി തന്റെ മക്കളെപ്പോലെ ഊട്ടുന്നു. തന്റെ ഗോവൻ ഹോട്ടലിനെ ചെലവു കുറഞ്ഞ ഭക്ഷണ കേന്ദ്രമാക്കുന്നു. അവിടെ വരുന്നവരിൽ നല്ലൊരു പങ്ക് വിദ്യാർഥികളാണ്. മേരി ലോബോയുടെ ഹോട്ടലിൽ മെനു കാർഡില്ല, സഹായിയായ അണ്ണന് ഓർഡർ പാഡുമില്ല. വെജ്-നോൺ വെജ് സംഘർഷം, ചപ്പാത്തി മതിലിനെക്കുറിച്ചുള്ള പരാമർശത്തിലെ മനുഷ്യാവസ്ഥ- ഇത്തരം കാര്യങ്ങൾ ഈ അധ്യായത്തിന്റെ നട്ടെല്ലാണ്. മേരി ലോബോയുടെ ജീവിതകഥ പറയുമ്പോൾ ഇത്തരം സംഭവങ്ങൾ കടന്നു വരുന്നത് എന്തുകൊണ്ടാണ്? എഴുത്തിന്റെ ധ്വനിയാൽ മനുഷ്യജീവിത സന്ദർഭങ്ങളെ ഏറ്റവും സുതാര്യമായി അവതരിപ്പിക്കാനാകുമെന്ന തിരിച്ചറിവ് തന്നെയായിരിക്കണം കാര്യങ്ങൾ ഇത്തരത്തിൽ അവതരിപ്പിക്കുന്നതിലേക്ക് എഴുത്തുകാരിയെ നയിച്ചിരിക്കുക. ചപ്പാത്തി മതിലും ഗോമാതാവും നോൺ വെജ് ഹോട്ടലും – ഗുജറാത്തിനെ അവതരിപ്പിക്കാൻ ഇതിൽപ്പരം ശക്തമായ രൂപകങ്ങൾ വേറെയുണ്ടോ എന്ന ചോദ്യം വായനക്കാരിൽ അവശേഷിക്കും.

വിയന്നയിൽ ഷോൺബ്രൺ പാലസിനു മുന്നിൽ വിഖ്യാത സംഗീതജ്ഞൻ മൊസാർട്ടായി അഭിനയിക്കുന്ന ചാൾസിനെ കാണുകയും സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്യുന്നതിന്റെ അനുഭവം തെരുവ് കലാകാരൻമാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. മൊസാർട്ട് എന്നെഴുതിയ പീഠത്തിൽ അനങ്ങാതെ നിൽക്കുകയായിരുന്നു ചാൾസ്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് അയാളുടെ കൺപോളകൾ ചലിക്കുന്നത് രമ്യ കാണുന്നത്. അപ്പോൾ മാത്രമാണ്, അതൊരു പ്രതിമയല്ല മനുഷ്യനാണ് എന്നവർ മനസ്സിലാക്കുന്നത്. തുടർന്ന് ചാൾസിനോട് സംസാരിക്കുന്നു. അയാൾക്കൊപ്പം ഫോട്ടോ എടുക്കുന്നു. ഫോട്ടോയെടുപ്പ് സമയത്ത് സഞ്ചാരികൾ കൊടുക്കുന്ന പണമാണ് അയാളുടെ ജീവിതമാർഗം. 2018-ലാണ് ഗ്രന്ഥകാരി ചാൾസിനെ ആദ്യം കാണുത്. അഞ്ചു വർഷങ്ങൾക്കു ശേഷം മറ്റൊരു യാത്രയിൽ അവർ ചാൾസിനെ അതേ തെരുവിൽ വീണ്ടും കാണുന്നു. ചാൾസ് രമ്യയെ ഓർക്കുന്നേയില്ല. ആയിരക്കണക്കിന് സഞ്ചാരികളെ കാണുകയും അവർക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്യുന്ന ഒരാൾ ഒരിക്കലും അഞ്ചു വർഷത്തിനു ശേഷം തനിക്കൊപ്പം ഫോട്ടോയെടുത്ത ഒരാളെ തിരിച്ചറിയില്ല. എന്നാൽ അങ്ങനെ ഫോട്ടോ എടുത്ത ഒരാൾക്ക് അയാളെ മറക്കാനും കഴിയില്ല.

രണ്ടാം തവണ ചാൾസിനെ കണ്ടതിനെക്കുറിച്ച് ഗ്രന്ഥകാരി എഴുതുന്നു: “ചാൾസ് എന്നെ ഓർക്കുന്നതു പോലുമില്ല. ആയിരങ്ങളെ എന്നും കാണുന്ന ഒരു തെരുവുകലാകാരന് ഒരാളെ അങ്ങനെ ഓർക്കാനാവില്ലെങ്കിലും, ഇന്നലെ കണ്ടു പിരിഞ്ഞതു പോലെയായിരുന്നു സ്വീകരണം. ഇത്തവണ ആള് കുറവായിരുന്നു, ചാൾസ് നിരാശനും. കോവിഡിന്റെ കാലം വളരെ കഠിനമായിരുന്നുവെന്ന് പറഞ്ഞു. പനി ബാധിച്ച് അവശനായെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു. വരകൾ വീണു തുടങ്ങിയ കൺതടങ്ങളിൽ മടുപ്പിന്റെ ചാലുകൾ കണ്ടു. മേക്കപ്പിനും മറയ്ക്കാനാകാത്ത ശോകഛായ നിറഞ്ഞ കവിളുകൾ. പാലസിലെ ആൾക്കൂട്ടം ചാൾസിനു മടുത്തു തുടങ്ങിയിരുന്നു. ‘നിന്നു മടുത്തു, ഈ ജോലി നിർത്താൻ പോവുകയാണ്’ ചാൾസ് പറഞ്ഞു. പൈസയോട് തീരെ ആർത്തിയില്ല എന്നതു തന്നെയാണ് അന്നും ഇന്നും ചാൾസിൽ കണ്ട പ്രത്യേകത. തനിക്കുള്ളത് തനിക്കു തന്നെ വന്നുചേരുമെന്ന പക്ഷക്കാരൻ.”അഞ്ചു വർഷത്തിനിടെ (കോവിഡിന്റെ കഠിനപരീക്ഷണകാലമുൾപ്പെടെ) ചാൾസ് എന്ന തെരുവു കലാകാരന്റെ ജീവിതം എങ്ങനെ മാറി എന്ന് ഹൃദയത്തിൽ തട്ടും വിധം കുറിച്ചിടുകയാണ് ഗ്രന്ഥകാരി.

തിരുവല്ലയിൽ നിന്നും ട്രെയിനിൽ കയറുന്ന, പാട്ടു പാടുന്ന, പൂച്ചെടികൾ വിൽക്കുന്ന, അൽപ്പം മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെക്കുറിച്ചുള്ള ‘നീലവാനച്ചോലയിൽ നീന്തിടു ചന്ദ്രികേ’ എന്ന അധ്യായം ഹൃദയ ദ്രവീകരണ ശക്തിയോടെ വായനക്കാരിൽ പ്രവർത്തിക്കും. രമ്യയോട് ആ സ്ത്രീ ചോദിച്ചു, ‘മാഡം നിങ്ങൾ ഏതെങ്കിലും റേഡിയോ പ്രോഗ്രാമിലുണ്ടായിരുന്നോ?’ യാത്രയെപ്പറ്റിയുള്ള വിശേഷങ്ങൾ എഫ് എം റേഡിയോയിൽ പങ്കുവെച്ചതിനെക്കുറിച്ച് എഴുത്തുകാരി അവരോട് പറഞ്ഞു. നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ ശബ്ദം കൊണ്ട് തന്നെ തിരിച്ചറിയുന്ന അനുഭവമാണ് ഈ അധ്യായം പങ്കു വെക്കുന്നത്. അവരെ ചിലപ്പോൾ കാണും, ഇടയ്ക്ക് കാണാതാകും. കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം രാത്രി, വെളിച്ചമില്ലാത്ത ഒരു കംപാർട്ട്മെന്റിൽ അവരെ കണ്ടപ്പോഴുണ്ടായ സുരക്ഷിതത്വബോധത്തെക്കുറിച്ച് ഗ്രന്ഥകാരി എഴുതുുണ്ട്. അവർ സമ്മാനിച്ച പനിനീർച്ചെടിയിൽ പൂക്കൾ വിരിയുന്നതിനെക്കുറിച്ചു പറഞ്ഞാണ് ആ അധ്യായം അവസാനിക്കുന്നത്. ആ പനിനീർപ്പൂവിന്റെ മണം വായനക്കാരെ പിന്തുടരും, തീർച്ച.

വിയന്നയിൽ കണ്ടുമുട്ടിയ റസ്‌റ്ററന്റ് നടത്തിപ്പുകാരനായ തുർക്കി സ്വദേശി അഹമ്മദും അയാളുടെ ഷാരൂഖ് ഖാൻ ആരാധനയും മ്യാൻമറിൽ ചായയിട്ട് ഇന്ത്യയിലിരുന്നു കുടിക്കുന്ന നാഗാലാൻഡ് രാജാവും ( രാജാവിന്റെ വീടിന്റെ അടുക്കള മ്യാൻമറിലും വരാന്ത ഇന്ത്യയിലുമാണ്. ഈ വീടിനു നടുവിലൂടെയാണ് ഇന്ത്യ-മ്യാൻമർ അതിർത്തി കടന്നു പോകുന്നത്), മട്ടാഞ്ചേരിയിലെ ജൂത മുത്തശ്ശി സാറയും (അവരിപ്പോഴില്ല), മ്യൂനിക്ക് യാത്രയിലെ ബസ് ഡ്രൈവർ മൈക്കും മനുഷ്യജീവിതത്തിന്റെ വ്യത്യസ്മായ കഥകൾ പറയുന്നു.

ഹിമാലയൻ യാത്രയിൽ ഗ്രന്ഥകാരിക്ക് സാരഥിയായി കിട്ടിയ ഭരത് എന്ന പഹാഡി യുവാവിന്റെ ജീവിതകഥ വായനക്കാർക്കു വേണ്ടി പുനരാഖ്യാനം നടത്തുമ്പോൾ മനുഷ്യരുടെ ജീവിതദർശനങ്ങൾ എന്താണെന്നവർ വ്യക്തമാക്കുന്നുണ്ട്. ഭരത് കോയമ്പത്തൂരിൽ ട്രക്ക് ഡ്രൈവറായിരുന്നു. നല്ല ശമ്പളവുമുണ്ടായിരുന്നു. പക്ഷേ, അയാളതു വിട്ട് ഹിമാലയൻ മലനിരകളിലെ സ്വന്തം ഗ്രാമത്തിൽത്തന്നെ തിരിച്ചെത്തി. അതിനയാൾ പറയുന്ന കാരണം ഇതാണ്: ‘മാംജി, ഞാനൊരു പഹാഡിയാണ്. ഞങ്ങൾക്ക് പർവതങ്ങളുടെ വിളി കേൾക്കാതിരിക്കാനാവില്ല. ഇവിടെ ഞങ്ങളുടെ ജലം ശുദ്ധമാണ്. വായു നിർമലമാണ്. ഞങ്ങളുടെ വയലുകളിലെ ആഹാരം കഴിച്ച്, കുഞ്ഞുങ്ങളെ സ്‌നേഹിക്കാൻ പഠിപ്പിച്ച്, കൃഷി ചെയ്ത് അങ്ങനെയൊക്കെ ഞങ്ങൾ ജീവിക്കും. ഞങ്ങളുടെ ഉത്സവങ്ങൾ, മസാല ചായ, ദാലും വയൽ മണക്കുന്ന ബസുമതി അരിയും ഒന്നും അവിടെ കിട്ടില്ല. അവിടം തിരക്കിന്റെ സ്ഥലമാണ്.’ മികച്ച ശമ്പളം മാത്രം എല്ലാ മനുഷ്യരേയും ആകർഷിച്ചുകൊള്ളണമെില്ല. സ്വന്തം പ്രകൃതിയിലേക്ക് മടങ്ങുക എന്നതായിരിക്കും ചിലർക്കെങ്കിലും പ്രധാനപ്പെട്ടത്. അതു കൂടി തെളിയിച്ചാണ് ഭരത് ജീവിക്കുന്നത്.

കുടുംബശ്രീയിൽ അംഗമായിരുന്ന ഒരു ചേച്ചിയെക്കുറിച്ച് ‘യാത്രകൾ ഇങ്ങിനെയുമുണ്ട്’ എന്നൊരു ചെറിയ അധ്യായം പുസ്തകത്തിലുണ്ട്. ജോലിയുടെ ഭാഗമായാണ് ഗ്രന്ഥകാരി അവരുമായി പരിചയത്തിലാകുത്. എറണാകുളത്ത് നടക്കുന്ന എല്ലാ കുടുംബശ്രീ യോഗങ്ങളിലും ആ ചേച്ചി വൈകി മാത്രമാണ് എത്തുക. അവർ ക്യാൻസർ വന്ന് മരിക്കുന്നു. അവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നടത്തുന്ന യാത്രയാണ് ഈ ചെറിയ അധ്യായത്തിന്റെ പ്രമേയം. ആ വീട്ടിലേക്കുള്ള വഴിയിൽ വണ്ടി ചെല്ലാവുന്നയിടം അവസാനിച്ചു. പിന്നീട് രമ്യ എഴുതുന്നു: “ഞങ്ങൾ ഇറങ്ങി നടക്കാൻ തുടങ്ങി. കരിയിലകൾ മുട്ടൊപ്പം വീണുകിടക്കുന്ന, റബർ തോട്ടങ്ങൾ നിറഞ്ഞ മലകളാണ് ചുറ്റും. അവയുടെ ചെരുവുകളിൽക്കൂടി ഒരു നടപ്പാത പേരിനു വേണ്ടി പോകുന്നു. മടമ്പ് പൊങ്ങിയ ചെരിപ്പിട്ടവരെല്ലാം ഇടയ്ക്കിടെ തെറ്റി വീഴുന്നുണ്ട്. ഒരു കുന്നിന് ഒരു കുഴി എന്ന പഴമൊഴി അതേപോലെ പകർത്തിവെച്ച ഇടം. കരിയില വീണു മൂടിക്കിടക്കുന്നതു കൊണ്ട് കുഴികൾ തിരിച്ചറിയുക അസാധ്യം. വഴിയിലെ ഉരുളങ്കല്ലുകളും കൂടിയായപ്പോൾ യാത്ര കൂടുതൽ കഠിനമായി. ഒരു മല കയറിയിറങ്ങി. പിന്നെ ആയാസപ്പെട്ട് രണ്ടാമത്തെ മലയും കയറിയിറങ്ങിക്കഴിഞ്ഞപ്പോൾ കൂടെ വന്നവരെല്ലാം അവശരും നിശ്ശബ്ദരുമായി. ഇനിയൊരു ഗർത്തമാണ്. അതിനെ ചുറ്റി കടന്നുപോകുന്ന നടവഴിയിലൂടെ പോയാൽ ചേച്ചിയുടെ വീടായി.” ആ ചേച്ചി എല്ലാ യോഗങ്ങൾക്കും വൈകി മാത്രം എത്തിയതിന് ഇതിൽപ്പരം വിശദീകരണമാവശ്യമില്ല. പക്ഷേ, ആ സത്യമറിയാൻ അവരുടെ മരണം വേണ്ടി വന്നു.

ബ്രസീലിൽ നിന്നും തേക്കടിയിലെത്തിയ ട്രാവൽ വ്‌ളോഗർ ജിസലിന്റെ ജീവിതദർശനങ്ങൾ, സിയാച്ചിനിൽ കണ്ടുമുട്ടിയ രണ്ട് ഇന്ത്യൻ സൈനികരുടെ കഠിന ജീവിതത്തിന്റെ പ്രകാശനങ്ങൾ, സ്വിറ്റ്‌സർലൻഡിലെ സൂറിക്കിലുള്ള ഫ്‌ളീ മാർക്കറ്റിൽ ഇന്ത്യൻ സാധനങ്ങളുടെ കട നടത്തുന്ന, ഇന്ത്യയിൽ പല തവണ യാത്ര ചെയ്തിട്ടുള്ള ലൂക്കയും ഭാര്യ എമിലിയും അവരുടെ സ്‌നേഹവും അടുപ്പവും എല്ലാം രമ്യയുടെ എഴുത്തിൽ തെളിയുന്നു. പിന്നീട്, നാട്ടിൽ വെച്ച് സന്തോഷ് ജോർജ് കുളങ്ങരയെ കാണുമ്പോൾ അദ്ദേഹം ഗ്രന്ഥകാരിയോട് ചോദിക്കുന്നുണ്ട്, ‘ഫ്‌ളീ മാർക്കറ്റിൽ ഇന്ത്യൻ സാധനങ്ങൾ വിൽക്കുന്ന ഒരപ്പൂപ്പനും അമ്മൂമ്മയുമുണ്ട്, അവരിപ്പോഴും അവിടെയുണ്ടോ?’ അവിടെയെത്തുന്ന ഏതൊരു ഇന്ത്യക്കാരന്റയും മനസ്സിൽ ആ ദമ്പതികൾ മായാതെ കിടക്കുമെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

ഹോളി ദിവസം കളർ വെള്ളം ചാമ്പുന്ന കൊൽക്കത്തയിലെ പെൺകുട്ടികൾ, കളിമണ്ണിൽ നിന്നും വിഗ്രഹങ്ങളുണ്ടാക്കുന്ന വിശ്വനാഥ് പാൽ, തമിഴ്‌നാട്ടിലെ മാരക്കാനത്ത് വിണ്ടുകീറിയ കാലുകളുമായി ഉപ്പുപാടങ്ങളിൽ ജോലി ചെയ്യു സ്ത്രീകൾ, ആദിവാസി ഊരിലെ പാട്ടുകാരൻ ഉലകപ്പൻ പാണ്ട്യൻ (അദ്ദേഹത്തെ ഊരുകാർ പാട്ടൻ എന്നു വിളിക്കുന്നു – ലേഖനം അവസാനിക്കുന്നത് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്), രാജസ്ഥാൻ മരുഭൂമിയിൽ സഞ്ചാരികളുമായി പോകുന്ന ദിൽബർ… ഇങ്ങനെ നിരവധി മനുഷ്യരെ വായനക്കാർ ഈ പുസ്തകത്തിന്റെ താളുകളിൽ കണ്ടുമുട്ടുന്നു.

പുസ്തകത്തിലെ അവസാന അധ്യായം ഒരുമ്മച്ചിയെക്കുറിച്ചാണ്. ഗ്രന്ഥകാരിയുടെ എറണാകുളത്തെ താമസസ്ഥലത്ത് ഒരു അയൽക്കാരി എത്തുന്നു. പരിചയപ്പെട്ടപ്പോൾ ആ ഉമ്മച്ചി പറഞ്ഞു, ‘വീട് ചെമ്പിൽ, മകൻ സിനിമയിലുണ്ട്!’ നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിലായിരുന്നു അത്. ആ അധ്യായം വ്യത്യസ്ത തലമുറയിൽ പെട്ട രണ്ടു സ്ത്രീകളുടെ ആഴത്തിലുള്ള സൗഹൃദത്തെ അടയാളപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഫാത്തിമ മരിച്ചു.

പുസ്തകത്തിൽ രമ്യ ഇങ്ങനെ പറയുന്നു: “യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു, നമ്മൾ പോലുമറിയാതെ.” അങ്ങനെ കൂടെപ്പോന്ന മനുഷ്യർ അനുഭവങ്ങളായി നിറയുകയാണ് ഈ പുസ്തകത്തിൽ. മനുഷ്യൻ എന്ന മഹത്തായ പദത്തിന്റെ ആത്മസത്തിയിലേക്കുള്ള പടവുകളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതി നൽകുന്ന വായനാനുഭവം.

(ഞായർ പ്രഭാതം, 2024 ജൂലൈ 21)

Order Nowവഴികളിൽ തെളിയുന്ന മുഖങ്ങൾ
യാത്ര / ഓർമ
രമ്യ എസ് ആനന്ദ്
ഇന്ദുലേഖ പുസ്തകം