ഗ്രിഗർ സാംസയുടെ കവിതകൾ

ഒരിക്കൽ ഡി. സന്തോഷ് എനിക്കെഴുതി:
“ആദ്യ കവിത പ്രസിദ്ധീകരിച്ചിട്ട് പത്തു വർഷമാകുന്നു. പത്തു വർഷത്തിനിടയിൽ ഇരുപതു കവിതകൾ മാത്രം. കവി എന്ന നിലയിൽ ലക്ഷണമൊത്ത പരാജയം! ഓരോ കവിത വെളിച്ചം കാണുമ്പോഴും എന്റെ മുന്നിലുള്ള വഴികൾ അടഞ്ഞടഞ്ഞു വരികയായിരുന്നു. തിരസ്കാരങ്ങൾ തുടർച്ചയായപ്പോൾ വേദനയോടെ എഴുത്തു നിർത്തി. ജോലി, വീട്, ഭാര്യ, മകൻ എന്നിവയിൽ ലയിച്ചു. എങ്കിലും ചില സന്ധ്യകളിൽ ഒരു പരാജയബോധം എന്നെ വല്ലാതെ വേട്ടയാടി!
എന്നെങ്കിലുമൊരിക്കൽ എന്റെ കവിതകളുടെ സമാഹാരം പുറത്തിറങ്ങുമോ? എങ്കിലതിനെ ആദ്യ സമാഹാരം എന്നല്ല അന്ത്യ സമാഹാരം എന്നാകും വിളിക്കേണ്ടി വരിക.”

കവികളുടെ ചില സ്വകാര്യതകൾ ചിലപ്പോൾ മറ്റുള്ളവർ അറിയേണ്ട അളവോളം കാവ്യാത്മകമാകാറുണ്ടല്ലൊ. എന്നാൽ ഈ വരികൾ ഇവിടെ എടുത്തു ചേർത്തതിന്റെ ഉദ്ദേശ്യം അതു മാത്രമല്ല. എഴുത്തിന്റെ നരകവേദനയിൽ നിന്ന് കുടുംബത്തിന്റെ സ്വാസ്ഥ്യത്തിലേക്ക് പിൻവാങ്ങിപ്പോയ നൂറുകണക്കിന് കവികളുടേയും കലാകാരന്മാരുടേയും ഒരു കാരണം കാണിക്കൽ നോട്ടീസ് ഈ വരികളിൽ ഒളിഞ്ഞു കിടക്കുന്നതു ശ്രദ്ധിച്ചാൽ കാണാം. ഒരുപക്ഷേ, എന്റെ തന്നെ ആത്മകഥയുടെ ഒരധ്യായവും ഈ വരികളുടെ വിപുലീകരണമാവും എന്ന് സന്തോഷിന് ഉത്തമബോധ്യമുണ്ടാകുമോ? ആദ്യ കവിതാസമാഹാരത്തിന് ആമുഖമെഴുതാൻ അവൻ എന്നെ തിരഞ്ഞെടുത്തതും അതുകൊണ്ടായിരിക്കാം.

ഒരേ മുത്തശ്ശിയുടെ പേരക്കുട്ടികളാണ് ഞങ്ങളുടെ അമ്മമാർ എന്നതുകൊണ്ട് വംശവൃക്ഷത്തിൽ ഞങ്ങൾ രണ്ടു ചില്ലകൾ ഭ്രാതൃത്വം പേറുന്നുണ്ട്. നാട്ടുകാരും കൂട്ടുകാരും ഞങ്ങൾ ഇരുവർക്കും ഒരേ ആളുകൾ തന്നെയായിരുന്നു. ആലുവാപ്പുഴയിലും മലയാള സാഹിത്യത്തിലും ഞങ്ങൾ ഒരേപോലെ നീന്താൻ പഠിച്ചു. ഒരേപോലെ നില തെറ്റി വെള്ളം കുടിച്ചു. കാമത്തേയും പ്രണയത്തേയും മരണത്തേയും കുറിച്ചുള്ള അറിവുകേടുകൾ പങ്കുവച്ചു. കൗമാരത്തിൽ കവിതകളിലൂടെ അവനും കഥകളിലൂടെ ഞാനും പരസ്പരം മതിപ്പും സ്നേഹവും വളർത്താൻ മത്സരിച്ചു. എന്നാൽ ഈ സമാനതകൾക്കിടയിൽ സ്വകാര്യമായ ഒരസൂയ ഞാൻ അവനെതിരെ വച്ചുപുലർത്തിയിരുന്നു. കാരണം, അവൻ കവിയാണ്!

കാഫ്കയുടെ മുഖച്ഛായയുള്ള സന്തോഷിന് ഗ്രിഗർ സാംസയുടെ സ്വഭാവമുണ്ടായിരുന്നതായി ഞാൻ അന്നൊക്കെ അധ്യാരോപം ചെയ്തിരുന്നു. കടുങ്ങല്ലൂരിൽ സന്തോഷിന്റെ വീടിന്റെ മുന്നിലുള്ള മൺവഴിയിൽ ഞങ്ങൾ കൗമാരക്കാർ കലശലായി ക്രിക്കറ്റ് കളിച്ചു വിയർത്തൊഴുകുമ്പോൾ മുറ്റത്തെ ആർപ്പും വിളിയും തീണ്ടാതെ അവൻ മുറിക്കുള്ളിൽ സ്വന്തം ഭാവനയുടെ ചിലന്തിവലമേൽ പുതിയ കാവ്യവിഷയങ്ങൾ പാറിവരുന്നതും കാത്ത് അസ്വസ്ഥനായി ധ്യാനിച്ചിരിക്കുകയായിരുന്നു. എന്റെ നിർബന്ധം കൊണ്ട് പലപ്പോഴും കളിക്കാനിറങ്ങുമ്പോഴാകട്ടെ സദാ വിയർക്കുന്ന അവന്റെ കൈത്തലത്തിൽ നിന്ന് ലൈനും ലെങ്തുമില്ലാത്ത പന്തുകൾ ഉഴപ്പിത്തെറിച്ചു. പിന്നെ അവൻ ഞങ്ങളുടെ ക്ലബ്ബിന്റെ സ്ഥിരം വിക്കറ്റ് കീപ്പറായി. സ്റ്റമ്പുകളുടെ മൂന്നഴികൾ മാത്രമുള്ള ലോക്കപ്പിൽ അവൻ കുത്തിയിരുന്നു. പാഡ് കെട്ടാത്ത മെലിഞ്ഞ കാലിൽ കല്ലൻ പന്ത് വന്നുകൊള്ളുമ്പോൾ ക്രിക്കറ്റിലെ ആംഗലേയ പദങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാത്ത തികച്ചും കവിസഹജമായ ”ഔ” വിളി പുറപ്പെടുവിച്ചു.

ആലുവാ മണൽപ്പുറം ആർക്കും വേണ്ടാതെ കിടക്കുന്ന കാലത്ത് ഞങ്ങൾ മൂന്നോ നാലോ സുഹൃത്തുക്കൾ ദിവസവും വൈകുന്നേരം അവിടെ ഒത്തുകൂടുമായിരുന്നു. ക്രിക്കറ്റും പെണ്ണും സിനിമയും നിറഞ്ഞ ഞങ്ങളുടെ സംസാരങ്ങൾക്കിടയിൽ നിശ്ശബ്ദനായി സന്തോഷ് കുത്തിയിരിക്കുന്നത് എന്നെ അലോസരപ്പെടുത്തി. കാരണം, അവൻ അന്നു രാത്രി എഴുതാൻ പോകുന്ന കവിതയെക്കുറിച്ച് ആലോചിക്കുകയായിരിക്കുമെന്ന പേടി. ഉള്ളിലുള്ള ചില കാര്യങ്ങളെ പ്രകാശിപ്പിക്കാൻ ഉചിതമായ സാഹിത്യരൂപം ഏതെന്നു തീരുമാനിക്കാൻ കഴിയാതെ ഉഴറിയിരുന്ന എന്റെ മുന്നിൽ അവൻ സഹജമായ കവിജന്മം ആഘോഷിച്ചു കൊണ്ട് പ്രജാപതിയെപ്പോലെ നിന്നു.

കുറേ കാര്യങ്ങൾ ഭൂതകാലത്തിൽ പ്രയോഗിച്ചതിൽ എന്നോടു ക്ഷമിക്കുക. കുട്ടിക്കാലത്തേ സ്വയം മുതിർന്നവരെന്നു പ്രഖ്യാപിച്ചു നടന്ന ഞങ്ങൾ ഇപ്പോൾ രണ്ടു കുട്ടിപ്രസിദ്ധീകരണങ്ങളിൽ പണിയെടുക്കുകയാണെന്ന കാലത്തിന്റെ കഠിനമായ ഒരു തമാശയെപ്പറ്റി ആലോചിച്ചു പോകുകയായിരുന്നു ഞാൻ. മുമ്പൊരു കത്തിൽ സന്തോഷ് എഴുതിയിരുന്നതുപോലെ ആലുവാ മണപ്പുറത്തു നിന്ന് പിരിഞ്ഞതിനു ശേഷം എനിക്കു മാനാഞ്ചിറ, അവനു തിരുനക്കര! മുതിർന്ന കുട്ടികളുടെ കേളീവിഹാരങ്ങൾ!

സന്തോഷിന്റെ കവിതകൾ അന്നും ഇന്നും മനുഷ്യാത്മാവിന്റെ ഏകാന്തതയെക്കുറിച്ചുള്ള തീവ്രവേദനകൾ ഉൾക്കൊള്ളുന്നവയാണ്. മരണം അതിൽ അങ്ങനെ ഒരു മുഖ്യവിഷയമായി വരുന്നില്ല. എന്നാൽ മരണത്തേക്കാൾ ഭയാനകമായ തിരസ്കാരത്തിന്റെ വേദന അതിൽ നിറഞ്ഞു നിൽക്കുന്നു. ചുറ്റുപാടുകളിൽ നിന്ന് ഒറ്റപ്പെടാൻ തീവ്രമായി കൊതിക്കുകയും എന്നാൽ ഏകാന്തതയിൽ തന്നെത്തന്നെ കുറ്റവിചാരണ ചെയ്യപ്പെടുകയുമാണ് സന്തോഷിന്റെ കവിതകളുടെ പൊതുസ്വഭാവം. അത് അത്രയേറെ പൊതുജനപ്രീതി നേടിയെടുത്തില്ലായിരിക്കാം.

കഴിയുന്നതും തന്റെ വ്യക്തിത്വത്തോട് ഗാഢബന്ധമുള്ള വാക്കുകൾ മാത്രം എഴുതുക. നാട്ടുചൊല്ലുകളോടും വാമൊഴിവഴക്കത്തോടും അടുത്തു നിൽക്കുന്ന അനാർഭാടമായ ശൈലി ഉടനീളം ദീക്ഷിക്കുക. ഉള്ളിൽ ഉറയുന്നതു മാത്രം ഉടലെടുപ്പിക്കുക. ഇതാണ് ഈ കവിതകളുടെ നേർക്കാഴ്ച.

നിർത്താതെ കരയുന്ന ഒരു കുട്ടിയായിരുന്നു സന്തോഷ് എന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്; പേരിലെങ്കിലും സന്തോഷമിരിക്കട്ടെ എന്നു കരുതിയാണ് അവന് ആ പേരിട്ടതെന്നും. മുതിർന്നപ്പോൾ ആണുങ്ങൾ കരയുന്നത് മോശം കാഴ്ചയാണെന്ന് തോന്നിത്തുടങ്ങിയപ്പോൾ തന്റെ ആത്മാവിന്റെ ആ സഹജശീലത്തെ സന്തോഷ് കവിതയിലൂടെ സാക്ഷാത്കരിച്ചു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കരയാൻ തക്കവിധം കുട്ടിക്കാലത്തു നമുക്കു കിട്ടുന്ന സ്വാതന്ത്ര്യം മുതിരുമ്പോൾ കാലം നമ്മിൽ നിന്ന് എടുത്തുകളയുന്നു. പറഞ്ഞാൽ പരിഹാസ്യമായേക്കാവുന്ന ഈ അസ്വസ്ഥതയാണ് സന്തോഷിന്റെ ആത്മാവിന്റെ മഷി. അതിൽ ആത്മാർഥതയും നിഷ്കളങ്കതയുമുണ്ട്. ഒരളവോളം മുതിർന്നുപോയതിന്റെ കുണ്ഠിതവും. നിലനിൽക്കുന്ന വ്യവസ്ഥകളോടുള്ള കലഹസന്നദ്ധമായ വിയോജിപ്പുകൾ കൊണ്ട്, മലയാളകവിതയുടെ പൊരുത്തപ്പെടാനാകാത്ത സമകാലികയെപ്പറ്റിയുള്ള പൊതുതാത്പര്യഹർജി എന്ന നിലയിലേക്കും ചിലപ്പോൾ അതു പരിണമിക്കുന്നതു കാണാം.

കവിതയിലെ ഗോഡ്‍ഫാദർമാരെ വകവയ്ക്കാതിരിക്കാൻ മാത്രമല്ല, അത്തരക്കാരെ കവിതയിലൂടെ തന്നെ  എതിർക്കാനും സന്തോഷ് ധൈര്യം കാണിക്കുന്നു. ആചാര്യപദദുർമോഹികളായ ചില മുതിർന്ന കവികളെ കുത്താനായി പണിക്കുറ്റം തീർത്ത് പണിതെടുത്ത ഒരു കുന്തമാണ് ഇതിലെ ‘പേരു പറയാനാകാത്ത വിഗ്രഹങ്ങൾ’ എന്ന കവിത.

“പിന്തുടരാൻ പൂജ്യങ്ങളുണ്ടെങ്കിൽ
ഏതൊന്നിനാണ് മൂല്യമേറാത്തത്?”

എന്ന ലോകനടപ്പിനെപ്പറ്റി. പിന്നീട്,

“എത്ര സങ്കീർണ്ണീ നിസ്സാരജീവിതം,
എത്ര നിസ്സാരമീ സങ്കീർണ്ണജീവിതം.”

എന്ന നെടുവീർപ്പു വരെയുള്ള വിവിധ ഉപാഖ്യാനങ്ങളായി നമുക്ക് ഈ കവിതകളോരോന്നിനേയും വായിക്കാം.

ഒരു കവിത കൊണ്ടും ഒരു കഥ കൊണ്ടുമൊക്കെ നമുക്ക് അനുവദിച്ചുതന്നിരിക്കുന്ന സമയത്തിന്റെ കടം വീട്ടാനാകും എന്നു കരുതുന്ന നമ്മളേയും ആളുകൾ പരിഹസിക്കുന്ന കാലം ഇങ്ങെത്തിയോ? നല്ലതൊക്കെ ആരാലും വക വയ്ക്കപ്പെടാൻ പോലും യോഗ്യതയില്ലാതെ കടലെടുക്കാനാണ് വിധിയെങ്കിൽ ആയിക്കോട്ടെ. ആ കടലിനെ ഒന്നു തറപ്പിച്ചു നോക്കിയിട്ടുതന്നെ നമുക്ക് ഇവിടെ നിന്നു നിഷ്‍ക്രമിക്കുക.

നമ്മുടെ ഉള്ളിലിരുന്ന് ആരോ ഒരാൾ കരയുന്നത് അറിയാൻ, സമാശ്വസിപ്പിക്കാൻ സാധ്യമല്ലാത്ത വിധത്തിലുള്ള അതിന്റെ തീക്ഷ്ണത അറിയാൻ ഈ കവിതകൾ സഹായിക്കുന്നു.
(ആദ്യ പതിപ്പിന് എഴുതിയത്)

Order Nowനല്ലവരുടെ നടപ്പാത (രണ്ടാം പതിപ്പ്)
ഡി സന്തോഷ്
താമര
2020