എച്മുകുട്ടിയുടെ ഓർമകുറിപ്പുകളാണ് ‘ജീവിതമാണ്.’ എന്ന ഇന്ദുലേഖ പുസ്തകം. അവനവൻ അനുഭവിക്കാത്തതെന്തും കെട്ടുകഥയാണെന്നു ചിന്തിക്കുകയും സമർത്ഥിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്ന ഈ കാലത്ത് വേദനിപ്പിക്കുന്ന അപരാനുഭവങ്ങളെ സ്വന്തം അനുഭവങ്ങളോട് ചേർത്തു വായിക്കാൻ പ്രേരിപ്പിക്കുകയാണ് എച്മുക്കുട്ടിയുടെ എഴുത്ത്.
ഒറ്റയ്ക്കായ സ്ത്രീയെ നമ്മുടെ സമൂഹത്തിന് ഇനിയും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. സംശയത്തോടെ അവരെ സമൂഹം എപ്പോഴും നോക്കുന്നുണ്ട്. പുരുഷന്റെ നിഷ്കരുണമായ ഇടപെടലിൽ നിസ്സഹായതയുടെ കയങ്ങളിലേക്ക് വലിച്ചിടപ്പെട്ടിട്ടും സർവശക്തിയുമെടുത്ത് ഒറ്റയ്ക്ക് തുഴഞ്ഞുനോക്കുന്ന സ്ത്രീകളെയാണ് ഞാൻ ഈ പുസ്തകത്തിൽ പരിചയപ്പെട്ടത്. നഷ്ടപ്പെടാൻ ഒന്നും ബാക്കിയില്ലാത്തപ്പോൾ മാത്രമുണ്ടാകുന്ന ധൈര്യത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവർ. ദാരിദ്ര്യം, ജാതി, നിരക്ഷരത ഇങ്ങനെ അവരുടെ ജീവിതം ദുഷ്കരവും, സാമാന്യലോകത്തിനു ദുർഗ്രഹവുമാക്കുന്ന നിരവധി ഘടകങ്ങളെ ഓരോ കുറിപ്പിലും വായിച്ചെടുക്കാം. അവർക്കൊപ്പം നിലത്തിരുന്ന്, ഒരു തലോടൽ കൊണ്ടും ഒരു പാത്രത്തിൽ നീട്ടിയ ഭക്ഷണം കൊണ്ടുമൊക്കെ അവരെ ചേർത്തുപിടിക്കുന്ന എച്മുക്കുട്ടിയെയും നമുക്കു വായിക്കാം.
പെട്ടെന്നൊരാൾ വെള്ളത്തിനടിയിലേക്ക് തല മുക്കി പിടിച്ചതുപോലെ ശ്വാസം മുട്ടിക്കുന്ന, തീക്ഷ്‍ണമായ അനുഭവങ്ങളുടെ ചൂട് ഓരോ കുറിപ്പിലും വായിക്കാം. ഭോലയും നൂതനും ഔസേപ്പു മാപ്പിളയും കരിങ്കണ്ണി ദേവുവമ്മയും ഉമാപ്പയും മാതുവുമെല്ലാം കണ്ണു നിറയ്ക്കുമെങ്കിലും നാം വീണുപോകുന്ന പൊട്ടക്കിണറുകളിൽ നിന്ന് കൈപിടിച്ചു കയറ്റുന്ന സ്നേഹക്കീറുകളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നുമുണ്ട് അവർ. ‘അതേ, മനസ്സുകളുടെ ബന്ധമാണ് പ്രധാനം; രക്തബന്ധമല്ല’ എന്നുറക്കെ വിളിച്ചുപറയുന്നു ഈ കുറിപ്പുകളിൽ പരിചയപ്പെടുന്ന ഓരോരുത്തരും.
ജീവിതം എന്താണ് എന്നു ഗൗരവമായി ചിന്തിക്കുന്നവരെല്ലാം ഈ കുറിപ്പുകൾ വായിക്കണം എന്നാഗ്രഹിച്ചുപോകുന്നു.
ജീവിതമാണ്.
എച്‍മുക്കുട്ടി
ഇന്ദുലേഖ പുസ്തകം
2019