ഒക്കെ ശരിയാണ്. പള്ളിക്കൂടത്തിലേക്ക് പോണ പിള്ളേർ ഓടി വന്ന് ഇറവെള്ളം തട്ടി പടക്കം പൊട്ടിച്ച് കളിക്കണ പോലെ ചടുലതയും കുസൃതിയും പ്രസാദവുമുള്ള കൊറേ കവിതകൾ ഉണ്ടായിട്ടും സീനയുടെ കവിത വായിച്ച് കണ്ണടച്ചിരിക്കുമ്പോൾ നിനവിലെത്തുന്നത് വാൻഗോഗിന്റെ അന്ത്യമൊഴിയാണ്: La tristesse durera toujours, ദുഃഖം നിലനില്ക്കുന്നു.

തുടക്കത്തിലൊക്കെ അമീറിന്റെ പെങ്ങമ്മാരെപ്പോലെ സ്‌മൈലിയിട്ടാർത്തു ചിരിച്ചോളൂ, കടശ്ശിയിൽ മിക്കവാറും ക്രാഷ് ലാൻഡിങ് ആയിരിക്കും. മുറ്റത്തെ ഇത്തിരിപ്പോന്ന കുഴിയിലെ ഇച്ചിരി വെള്ളത്തിലൊക്കെ പടത്തലവന്മാർ മുങ്ങി മരിച്ചേക്കും. രക്തം പമ്പ് ചെയ്യലല്ലാതെ ഒരു പണിയും ഹൃദയത്തെ ഏൽപ്പിക്കരുതെന്ന സ്റ്റാറ്റ്യൂട്ടറി വാണിങ്ങൊക്കെ മാർജിനിൽ ഒട്ടിച്ചിട്ടുണ്ട്. പ്രേമം പോലും കാഞ്ഞിരച്ചോട്ടീ നിന്നങ്ങ് കയ്ച്ച് പോവാണ്. പണ്ടാരമടങ്ങാൻ! ദുഃഖവെള്ളിയിൽ നസ്രാണികൾ കണ്ണടച്ചു കുടിക്കണ കയ്പുനീരിനെക്കാൾ വലിയ കയ്പിലാണ് വ്യസനങ്ങളുടെ ഈ ലുത്തീനിയ തീരണത്.

ഒഫീലിയ ഉൾപ്പെടെയുള്ള ആണും പെണ്ണും മഴയിൽ നിലച്ചുപോയ തീവണ്ടി പോലെ. അതെ, നെരൂദയുടെ വരികളാണ്:
Is there anything in the world sadder
than a train standing in the rain?
മഴ പണ്ടു തൊട്ടെ ഒരു ഡിപ്രസിങ് രൂപകമാണ്, കൂട്ടിന് ചലനമറ്റ തീവണ്ടിയും. മാരകമായ ചേരുവയാണ്. അതിലെന്തായിത്ര കുഴപ്പം? കുഴപ്പമില്ലെന്ന് മാത്രമല്ല, മെച്ചമുണ്ടു താനും. പൊടി പുരണ്ട ജാലകത്തിൽ ചാഞ്ഞു പെയ്യണ മഴ കണക്കാണ്. ഇലകൾ എത്ര പച്ചയാണ്. ആകാശം എത്ര നീലയാണ്. മഞ്ഞ കോളാമ്പി കവിളിൽ ഉമ്മം കൊടുക്കുന്ന വേലിക്കലെ ചെമ്പരത്തിക്കെന്നാ ചുവപ്പാണ്. ഗുൽമോഹർ പൂക്കൾ നിന്നു കത്തുകയാണ്. ഒക്കെ തെളിഞ്ഞു വരും. സോപ്പുകാരുടെ പരസ്യത്തിലെ കറ പോലെ ദുഃഖവും നല്ലതായിരിക്കാം.

പാമ്പിന് പൊത്തും കിളിക്ക് കൂടുമുള്ള ഭൂമിയിൽ, എയർ ബെഡ് ആൻഡ് ബ്രേക്ഫസ്റ്റ് മാത്രം തന്റെ അവകാശമായി പിടുത്തം കിട്ടിയ ഒരുവളുടെ നിർമമതയുടെ വേദമാണിത്. വീടൊക്കെ ഒരു തോന്നലാണ്, The Three Burials of Melquiades എന്ന ചിത്രത്തിലെപ്പോലെ. മരിച്ചാൽ തന്റെ ജൻമദേശത്ത് അടക്കണമെന്ന് തീവ്രമായി ആഗ്രഹിച്ച, മൈഗ്രന്റായ ഉറ്റചങ്ങാതിയുടെ മൃതശരീരവുമായി ഒരാൾ നടത്തുന്ന ക്ലേശകരമായ യാത്രയുടെ കഥയാണത്. അതിനു വേണ്ടി അയാളെ ആദ്യം അടക്കിയ ഇടങ്ങളിൽ നിന്ന് കണ്ടെത്തിയെടുക്കുകയായിരുന്നു. ഒടുവിലെത്തുമ്പോൾ അങ്ങനെ ഒരാളെക്കുറിച്ച് ആ ദേശക്കാർ കേട്ടിട്ടേയില്ല. അയാൾ ഭാര്യയായി പറഞ്ഞ സ്ത്രീ, ചില കരടുകൾ ഉള്ളിൽ നിലനിർത്തി, പാടെയത് നിഷേധിക്കുന്നു. ഒരിക്കലും പറഞ്ഞു മതി വരാത്ത, സദാ ഹർഷം ചിതറുന്ന, ജീവിച്ചു കൊതി തീരാത്ത ഒരിടമായി അയാൾ പറഞ്ഞുകൊണ്ടിരുന്ന വീട് ഒടുവിൽ തപ്പി എടുക്കുമ്പോൾ അത് അടിമുടി ഉടഞ്ഞ ഒരിടമാണ്! മേൽക്കൂര മാറ്റിയും ഭിത്തി പുതുക്കിയും അവർ വീടിനെ മെച്ചപ്പെടുത്തി, മെൽക്വിയേഡ്‌സ് എസ്ട്രാഡയെ അവിടെത്തന്നെ സംസ്‌കരിക്കുന്നു.

കഠിനമാണ് ജീവിതം. ഒരു സറിയലസ്റ്റിക്ക് ചിത്രം പോലെ സങ്കീർണം. ഓരോ നിമിഷവും കപ്പം കൊടുത്ത്, ഇതുപോലെ. എന്നിട്ടും ആകെ മൊത്തം നല്ലതാണെന്ന് തോന്നുന്നു. ഭ്രമിപ്പിക്കുന്ന അപകടം പിടിച്ച അഴക്. സീന ഇരുട്ട് പിഴിയുമ്പോൾ വെളിച്ചമുണ്ടാകുന്നു.

Order Nowപതിനെട്ടാം സ്ഥലം
കവിത
സീന ജോസഫ്
താമര