നേരെ നിന്നും പുറം തിരിഞ്ഞുമൊക്കെ ചൊല്ലാനും അതിന്റെ പേരിൽ തല്ലാനുമൊക്കെ ബിൽറ്റ്-ഇൻ സൗകര്യങ്ങളുള്ള ഗഡാഗഡിയൻ കുർബാനയ്ക്കും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് നീളമുള്ള പ്രാർത്ഥനാപ്പുസ്തകങ്ങൾക്കുമൊക്കെ മുൻപ്, യേശു എന്ന ഗുരു അയാൾക്കു ചുറ്റും പറ്റിനടന്നിരുന്ന മനുഷ്യരെ പഠിപ്പിച്ച ഒരേയൊരു പ്രാർത്ഥനയാണ് ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നു തുടങ്ങുന്ന ആ കുറച്ചു വരികൾ. ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ അർത്ഥമൊന്നുമാലോചിക്കാതെ അത് തലങ്ങും വിലങ്ങും ചൊല്ലുന്നുമുണ്ട്.

ശരിക്കും അർത്ഥമാലോചിച്ചാൽ, ‘ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണേ’യെന്നൊക്കെ നീട്ടി വിളിച്ച് പ്രാർത്ഥിക്കുമ്പോൾ പ്രാർത്ഥിക്കുന്നവരുടെ മുട്ടിടിക്കും. അങ്ങനെ ആരും തന്നെ ആലോചിക്കുന്നുമില്ല. ആരുടെയും മുട്ട് ഇടിക്കുന്നുമില്ല. അതിന്റെ എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ മലയാളക്കരയിലെ പള്ളികളിൽ നിന്നു തന്നെ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു സമയത്താണ് നമ്മൾ ജീവിക്കുന്നത്.

ഇതിങ്ങനെ വിട്ടാൽ പറ്റില്ലായെന്ന് നമ്മുടെ പ്രിയപ്പെട്ട ബോബി ജോസ് കട്ടികാടിന് തോന്നിയെന്നാണ് എനിക്ക് തോന്നുന്നത്. ബോബിച്ചായന്റെ പുതിയ പുസ്തകം – സ്വർഗവാതിൽ പക്ഷി – യേശു പഠിപ്പിച്ച പ്രാർത്ഥനയെക്കുറിച്ചാണ്. അതിലെ ഓരോ വരിയുടെയും പിന്നിലെ വിചാരങ്ങൾ പത്തു ഭാഗങ്ങളിലെ 70 ചെറുകുറിപ്പുകളിലായി നിവർത്തി വച്ചിരിക്കുന്ന സമാഹാരമാണിത്.

പ്രാർത്ഥനയേക്കുറിച്ചും ദൈവത്തേക്കുറിച്ചും മനുഷ്യരേക്കുറിച്ചുമുള്ള ദീർഘമായ വിചാരങ്ങൾക്കൊടുവിൽ, ‘ആമേൻ’ എന്നു പേരിട്ടിരിക്കുന്ന അവസാനതാളുകളിൽ എത്തുമ്പോൾ ഒരു ചോദ്യം അവിടെ വായനക്കാരെ കാത്തിരിക്കുന്നുണ്ട്. ജീവിതത്തേക്കുറിച്ച് ചോദിക്കാവുന്ന ഇതിലും കനപ്പെട്ട മറ്റൊരു ചോദ്യവും ഞാൻ കേട്ടിട്ടില്ല. സദാ ഉള്ളിലിരുന്ന് തല നീട്ടുന്ന ആ ചോദ്യം ഈ പുസ്തകവും ചോദിക്കുന്നത് എന്നെ കുറച്ചൊന്ന് ആശ്വസിപ്പിക്കുന്നുണ്ട്.

എന്തായാലും, ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന് ആഞ്ഞു വിളിക്കുന്നതിനു മുൻപ് മലയാളം മനസ്സിലാകുന്ന ക്രിസ്ത്യാനികളൊക്കെ ഈ പുസ്തകം ഒന്നു വായിക്കണം. പ്രാർത്ഥനയുടെ പേരിൽ പള്ളിയിലും പുറത്തും കലാപം നടത്താൻ ആ നീളൻ കുപ്പായം മടക്കി കുത്തുന്ന പുരോഹിതന്മാർ തീർച്ചയായും വായിക്കണം. യേശു എന്ന മനുഷ്യന്റെ ഗുട്ടൻസ് പിടി കിട്ടണമെന്ന് ആഗ്രഹമുള്ള നോൺ-ക്രിസ്ത്യാനികൾക്കും ‘സ്വർഗവാതിൽ പക്ഷി’ വായിക്കാവുന്നതാണ്. തിയോ ബുക്സ് ആണ് പ്രസാധനം.

Order Nowസ്വർഗവാതിൽ പക്ഷി
ബോബി ജോസ് കട്ടികാട്
തിയോ ബുക്സ്
2022