മനസ്സിലെ ഭാരങ്ങൾ എങ്ങനെ മാറ്റും?
ജീവിതത്തിൽ പലതരം തിരിച്ചടികൾ നേരിട്ടിട്ടില്ലേ? ‘ആകെ മാനക്കേടായി’ എന്നു തോന്നിയ അവസരങ്ങളും ഉണ്ടായിട്ടുണ്ടാവുമല്ലോ? ഉണ്ടാവും. എല്ലാവർക്കും അത്തരം കഥകൾ കാണും. എന്റെ രണ്ടു കഥകൾ പറയാം. ഒന്നു നാട്ടിൽ വച്ചുണ്ടായതും മറ്റൊന്ന് വിദേശത്തുണ്ടായതും.
അന്ന് അഞ്ചാംക്ലാസ്സിൽ പഠിക്കുകയാണ്; കറുകച്ചാൽ എൻ. എസ്സ്. എസ്സ്. സ്‌കൂളിൽ. ആ ദിവസം ഞങ്ങൾ കുട്ടികളെല്ലാം ആവേശത്തിലാണ്. കാരണം മാജിക്ക് കാണിക്കാൻ ഒരാൾ വരും. മാജിക്ക് മാത്രമല്ല, അദ്ദേഹം സൈക്കിൾയജ്ഞവും നടത്തുന്ന ആളാണ്.
ഉച്ചസമയം ആകാനായി എല്ലാവരും കാത്തിരിക്കുകയാണ്. രാവിലെ തന്നെ കുട്ടികൾ 25 പൈസ വീതം ആനന്ദവല്ലിടീച്ചറുടെ കൈയിൽ കൊടുത്തു.
‘സമയം പോകുന്നില്ലല്ലോ?’ ഞാൻ അടുത്തിരുന്ന സുഹൃത്തിനോടു പരാതിപ്പെട്ടു.
‘ഒരു പീരിയഡ് കൂടി കഴിഞ്ഞാൽ ഉച്ചയാവും.’ സുഹൃത്ത് ആശ്വസിപ്പിച്ചു.
‘നമുക്ക് ചോറുണ്ടിട്ട് മുൻനിരയിൽ ഇരിക്കാം.’ ഞാൻ പറഞ്ഞു.
ഇതേ മാജിക്കുകാരൻ എൽ. പി. സ്‌കൂളിൽ വച്ച് വന്നിട്ടുണ്ട്. അന്നേ എനിക്കു ചില സംശയങ്ങൾ ഒക്കെ തോന്നിയിരുന്നു.
‘എല്ലാം കൺകെട്ടുവിദ്യകളാണ്. പെട്ടെന്നു ചെയ്യുന്നതുകൊണ്ടാണ് മാജിക്കുകാരന് നമ്മളെ പറ്റിക്കാൻ പറ്റുന്നത്,’ ഞാൻ മാജിക്കിലുള്ള എന്റെ അറിവ് കൂട്ടുകാരനോടു പറഞ്ഞു. ‘നീ നോക്കിക്കോ, ഇന്ന് ഞാൻ അയാളുടെ മാജിക്ക് പൊളിക്കും.’
ചോറുണ്ടെന്നു വരുത്തി നേരെ പോയി ഗ്രൗണ്ടിൽ ഇരുന്നു. അന്ന് കറുകച്ചാൽ സ്‌കൂളിൽ രണ്ടു ഗ്രൗണ്ടുകൾ ഉണ്ട്. വാകമരത്തിനു അടുത്തുള്ള വലിയ ഗ്രൗണ്ടും, യു. പി. സ്‌കൂളിലിനും ഹൈസ്‌കൂളിനും ഇടയിലായുള്ള ചെറിയ ഒരു ഗ്രൗണ്ടും. അവിടെ ഒരു സ്റ്റേജ് ഉണ്ട്. പരിപാടികൾ ഒന്നുമില്ലാത്ത സമയത്ത് ഗോപാലൻനായരുചേട്ടൻ ടീച്ചർമാർക്കായി അവിടെയാണ് ചായ ഉണ്ടാക്കുന്നത്. മാജിക് കാരണം ഇന്ന് ചായക്കട ഇല്ല.
മാജിക്കുകാരൻ ഉച്ചയ്‌ക്കെത്തി സ്റ്റേജിൽ എന്തൊക്കെയോ തയാറെടുപ്പുകൾ നടത്തുകയാണ്. രണ്ടു മണിക്കാണ് മാജിക് ഷോ. ഒന്നേമുക്കാൽ ആയപ്പോളേ കുട്ടികൾ എല്ലാവരും എത്തി. ആദ്യം സൈക്കിൾയജ്ഞം ആയതുകൊണ്ട് കുട്ടികൾ ഗ്രൗണ്ടിനു വട്ടം ചുറ്റിയാണ് നിൽക്കുന്നത്. യു. പി. സ്‌കൂളിലെയും ഹൈസ്‌കൂളിലെയും കുട്ടികൾ ഉള്ളതിനാൽ നല്ല തിരക്കുണ്ട്. ഞാൻ ആ വട്ടത്തിനു പുറത്തായി സ്റ്റേജിനോട് കൂടുതൽ അടുത്തു നിന്നു. കാരണം, സൈക്കിൾ യജ്ഞത്തിനു പുറകിലായാലും മാജിക്കിനു മുൻപിൽ നിൽക്കണം.
സൈക്കിൾയജ്ഞം ഗ്രൗണ്ടിൽ തകർത്തുനടക്കുന്നു. അദ്ദേഹം രണ്ടു കാലും ഹാന്റിലിൽ വച്ച് സൈക്കിൾ ഓടിക്കുന്നു. മുൻപിലത്തെ ടയറുകൾ പൊക്കി, ഒറ്റ ടയറിൽ പോകുന്നു. കൈകൾ രണ്ടും പൊക്കി പതിയെ സീറ്റിൽ എണീറ്റു നിൽക്കുന്നു. കുട്ടികൾ എല്ലാവരും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹവും ആവേശത്തിൽ എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ട്. ഞാൻ ഒന്നും കേൾക്കുന്നില്ല, മാജിക്ക് തുടങ്ങാനായി അക്ഷമനായി നിൽക്കുകയാണ്.
അപ്പോളാണ് അദ്ദേഹം പറയുന്നത് ‘അടുത്ത ഒരു പ്രകടനത്തോടെ സൈക്കിൾയജ്ഞം അവസാനിക്കുകയാണ്. നിങ്ങൾ കൈയിലുള്ള നാണയങ്ങൾ ഇട്ടാൽ, ഞാൻ വീഴാതെ സൈക്കിളിൽ വന്നെടുക്കുന്നതായിരിക്കും.’ പൈസ ഇട്ടതൊക്കെ അദ്ദേഹം വന്ന് എടുത്തു. നീണ്ട കരഘോഷങ്ങൾ മുഴങ്ങി. ആ കരഘോഷങ്ങളുടെ ഇടയിൽകൂടി ഞുഴഞ്ഞുകയറി ഞാൻ സ്റ്റേജിന്റെ ഏറ്റവും മുൻപിൽ തന്നെ നിന്നു.
മാജിക്കുകാരൻ, സൈക്കിൾ ഗ്രൗണ്ടിൽ വച്ചിട്ട് സ്റ്റേജിൽ വന്നു. എല്ലാവരും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ചീട്ടുകൊണ്ടുള്ള പലതരം മാജിക്കുകൾ കാണിച്ചു. എന്നിട്ട് പേപ്പർ വിഴുങ്ങി ഒരു കപ്പു നിറയെ ആണികൾ തുപ്പി. ഞാൻ സംശയദൃഷ്ടിയോടെ നിൽക്കുകയാണ്. ഉദ്ദേശിച്ച പോലെയല്ല, അതിഭയങ്കരങ്ങളായ മാജിക്കുകളാണ് നടക്കുന്നത്.
അടുത്ത മാജിക്കിനായി അദ്ദേഹം ഒരു കോഴിമുട്ട എടുത്തു. ആദ്യം മുൻപിൽ നിന്ന ഒരു കുട്ടിയെ വിളിച്ചു മുട്ട പരിശോധിപ്പിച്ചു. എന്നിട്ട് മുട്ട അദ്ദേഹത്തിന്റെ കൈയിലെ കറുത്തനിറമുള്ള സഞ്ചിയിൽ ഇടാൻ പറഞ്ഞു. എന്നിട്ട് ആ സഞ്ചി വേറെ ഒരു കറുത്ത തുണി കൊണ്ടു മൂടി. ഞാൻ എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇടയ്ക്ക് മാജിക്കുകാരന്റെ ഒരു കൈ അദ്ദേഹത്തിന്റെ പാന്റിന്റെ പോക്കറ്റിൽ പോയോ എന്നൊരു സംശയം തോന്നി. എന്നാലും അന്നേരം ഒന്നും പറഞ്ഞില്ല.
കറുത്ത തുണി മാറ്റിയിട്ട് സഞ്ചി തലകീഴായി പിടിച്ചിട്ട് മാജിക്കുകാരൻ ചോദിച്ചു, ‘മുട്ട എവിടെ?’ എല്ലാവരും മുട്ട അപ്രത്യക്ഷമായതുകണ്ട് നടുങ്ങിനിൽക്കുകയാണ്. എല്ലായിടത്തും നിശബ്ദത. അദ്ദേഹം ഒന്നുകൂടി ഉറച്ചു ചോദിച്ചു, ‘മുട്ട എവിടെ?’
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു, ‘മുട്ട നിങ്ങളുടെ പോക്കറ്റിൽ ഉണ്ട്.’
എല്ലാവരുടെയും നോട്ടം എന്റെ നേരെ ആയി.
മാജിക്കുകാരൻ പറഞ്ഞു ‘ആഹാ, എന്റെ പോക്കറ്റിലോ? എന്നാൽ നമുക്കു നോക്കണമല്ലോ.’
‘എന്താ നിന്റെ പേര്?’
‘സുരേഷ്’
‘നീയിങ്ങു സ്റ്റേജിലോട്ടു കേറിവാ’
ഞാൻ ചെന്നു. അദ്ദേഹത്തിന്റെ പാന്റിന്റെ പോക്കറ്റ് ഒക്കെ പരിശോധിച്ചു. ഇല്ല, മുട്ട കാണാനില്ല.
അദ്ദേഹം കാണികളോടായി പറഞ്ഞു, ‘സുഹൃത്തുക്കളേ, മുട്ട ഈ പഹയൻ വിഴുങ്ങിയതാണ്.’
ഈ സമയം നോക്കി ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങാൻ നോക്കി.
മാജിക്കുകാരൻ പറഞ്ഞു, ‘എന്റെ മുട്ട തന്നിട്ടു പൊയ്‌ക്കോ.’
‘ഞാനെടുത്തില്ലല്ലോ. പിന്നെങ്ങനെയാ മുട്ട തരുന്നത്?’
‘നിങ്ങളെ സാക്ഷിയാക്കി ഞാനിതാ, സുരേഷ് വിഴുങ്ങിയ മുട്ട പുറത്തെടുക്കാൻ പോകുന്നു.’
എന്നിട്ട് ഒരു മേശയിട്ട് എന്നെ അതിനു മുകളിൽ കയറ്റിനിർത്തി.
‘നീയിതിനു മുൻപ് മുട്ട ഇട്ടിട്ടുണ്ടോ?’
‘ഇല്ല.’
അദ്ദേഹം തുടർന്നു, ‘സുഹൃത്തുക്കളെ, നിങ്ങളുടെ പ്രോത്സാഹനം വേണം. എല്ലാവരും കൈയടിച്ചേ… സുരേഷ് മുട്ട ഇടാൻ പോകുന്നു!’
സ്‌കൂൾ മുഴുവൻ കൂവലും ചിരിയുമായി. ഞാൻ ആകെ ഇഞ്ചി കടിച്ച മട്ടിൽ നിൽക്കുകയാണ്.
‘കുത്തി ഇരിയെടാ, എന്നാലല്ലേ മുട്ട വരൂ.’
കുത്തി ഇരുന്നു. ഞാൻ കരച്ചിലിന്റെ വക്കത്തിലാണ്. അന്ന് യു. പി.യും ഹൈസ്‌കൂളും ചേർന്നുള്ള സ്‌കൂൾ പാർലമെന്റിന്റെ ഡെപ്യൂട്ടി സ്പീക്കറാണ് ഞാൻ. അതുകൊണ്ട് എല്ലാവർക്കും എന്നെ അറിയാം. അതും നാണക്കേട് ഇരട്ടിപ്പിച്ചു. കൂവലുകൾ കൂടികൂടി വരുന്നു.
‘നല്ല പോലെ മുക്കണം… മുക്കൽ പോരാ… ആഞ്ഞു മുക്കിക്കെ…’ ഇങ്ങനെ പറഞ്ഞ് എന്റെ പുറകിൽ മൈക്ക് പിടിച്ച് മാജിക്കുകാരൻ മുക്കുകയാണ്.
‘ഉം.. ഉം… ങും…..’
മുൻപിൽ നിന്നു കണ്ടാൽ ഞാൻ മുക്കുകയാണെന്നെ തോന്നൂ. മേശയുടെ മുകളിൽ കുത്തി ഇരുന്ന എന്റെ ആത്മാഭിമാനം മുഴുവൻ ഉരുകി പോകുന്നപോലെ തോന്നി.
അദ്ദേഹം എന്റെ പുറകിൽ കറുത്ത ഒരു സഞ്ചി പിടിച്ചിട്ടുണ്ട്. അത് ഇടയ്ക്കിടയ്ക്ക് ഇളക്കും. എന്നിട്ടു പറയും, ‘സുഹൃത്തുക്കളെ ഇതാ മുട്ട വന്നുകൊണ്ടിരിക്കുന്നു.’
കൂവലിന് ഒരു ശമനവും ഇല്ല.
അവസാനം മാജിക്കുകാരന്റെ അറിയിപ്പ്: ‘ഇതാ നല്ല ചൂടുള്ള മുട്ട സുരേഷ് ഇട്ടിരിക്കുകയാണ്.’
അങ്ങിനെ പാന്റിൽ മുട്ട ഒളിപ്പിച്ചു എന്നു പറഞ്ഞതിന് മാജിക്കുകാരൻ പ്രതികാരം ചെയ്തു. ഞാൻ സ്റ്റേജിൽ നിന്നിറങ്ങിയിട്ടും അയാൾ പറഞ്ഞു കൊണ്ടിരുന്നു, ‘ഇനി ഉച്ചയ്ക്ക് ആർക്കെങ്കിലും കറി ഇല്ലെങ്കിൽ വിഷമിക്കണ്ട, സുരേഷിനെ വിളിച്ച് മുട്ട ഇടീച്ച് ഓംലെറ്റ് ഉണ്ടാക്കാം സുഹൃത്തുക്കളെ.’
ഞാൻ താഴെ വന്നപ്പോളേക്കും കൂവൽ കൂടി. പിന്നെ കുറേ ദിവസങ്ങളിലേക്ക് ആകെ നാണക്കേടായിരുന്നു. മൂത്രപ്പുരയിൽ ഒക്കെ പോകുമ്പോൾ ‘എടാ, മുട്ട ഉണ്ടെങ്കിൽ ഒരെണ്ണം താ’, ‘മുട്ടയ്ക്കിപ്പം എന്നാ വില’ തുടങ്ങിയ കമന്റുകൾ കേൾക്കാമായിരുന്നു.
പക്ഷേ, പതുക്കെ പതുക്കെ എല്ലാവരും മറന്നു. അന്ന് അവിടെ കൂടിയിരുന്നവരിൽ ചിലർക്കൊക്കെ ഇപ്പോളും ഓർമ്മ കാണും. പലരും മറന്നുകാണും. എനിക്ക് അന്നത് തൊലി ഉരിയുന്നത്ര നാണക്കേടുണ്ടാക്കിയെങ്കിലും മറ്റുള്ളവർ അത്രത്തോളം വലുതായി ആയിരിക്കില്ല ഈ സംഭവത്തെ കണ്ടത്. ഒരു നേരംപോക്ക്; അത്രതന്നെ. എല്ലാവരും എല്ലാം പതുക്കെ മറക്കും. വലുതാണെന്നു വിചാരിക്കുന്ന എല്ലാ മാനക്കേടുകളും നമ്മളും മറക്കും. അത്രേയുള്ളു.
രണ്ടാമത്തെ കഥ വർഷങ്ങൾക്കു മുൻപ് കൂടെ ജോലി ചെയ്ത ഒരു ഫ്രഞ്ച് സുഹൃത്തിന്റെയാണ്. ആളെ കരോലിന എന്നുവിളിക്കാം. കരോലിന അന്ന് ജോലിചെയ്തിരുന്ന പ്രൊജക്ടിൽ നിന്നും വേറെ ഒരു പ്രോജക്ടിലേക്കു മാറി. പക്ഷേ, അക്കൗണ്ട് ഡിപ്പാർട്ട്‌മെന്റിന് പറ്റിയ എന്തോ തെറ്റുമൂലം രണ്ടു പ്രൊജക്ടിൽ നിന്നും ശമ്പളം വരുന്നുണ്ടായിരുന്നു. രണ്ടുമാസത്തോളം അത് തുടർന്നു. അന്നൊന്നും ഓൺലൈൻ ബാങ്കിങ് ഉള്ള സമയമല്ല. അക്കൗണ്ട് ഡീറ്റെയിൽസ് അറിയണമെങ്കിൽ ബാങ്കിൽ പോകണം.
ഒടുവിൽ അക്കൗണ്ട് ഡിപ്പാർട്ട്‌മെന്റ്‌തെറ്റ് കണ്ടുപിടിച്ചു. ‘പൈസ ഉടനെ തിരിച്ചടയ്ക്കണം. നിങ്ങൾ എന്താണ് ഈ വിവരം ഞങ്ങളെ അറിയിക്കാതിരുന്നത്?’ എന്നായി അവർ. കരോലിന ആകെ വിഷമത്തിലായി. കരോലി നയെ അറിയുന്നവർക്കറിയാം അവർ കള്ളത്തരം കാണിക്കില്ല എന്ന്. എങ്കിലും അവർ ഇതും പറഞ്ഞു ദിവസങ്ങളോളം കരഞ്ഞു. ഒരിക്കൽ ചായ കുടിക്കാൻ പോയപ്പോൾ കരഞ്ഞുകൊണ്ടിരുന്ന കരോലിനയോട് ഒരു സുഹൃത്തു പറഞ്ഞു, ‘ഞങ്ങളെല്ലാം ഇതു മറന്നു. നീ കരയുമ്പോൾ മാത്രമാണ് ഞങ്ങൾ ഈ സംഭവം ഓർക്കുന്നത്.’
ശരിയല്ലേ? മറന്നു കഴിഞ്ഞ കാര്യങ്ങൾ അല്ലെങ്കിൽ പൊറുത്തു കഴിഞ്ഞ കാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കാതെ ഇരിക്കുക. ആദ്യത്തെ കഥയിൽ പറഞ്ഞതുപോലെ, നമ്മൾ വലിയ നാണക്കേടാണെന്നു മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർ അത്ര ഗൗരവമായി എടുത്തിട്ടുണ്ടാവില്ല. നമ്മൾ ആവശ്യമില്ലാത്ത പ്രാധാന്യം കൊടുത്ത് അത് വലുതാക്കാതി രുന്നാൽ മതി.
ഒരു ബുദ്ധസന്യാസിയുടെ കഥ പറഞ്ഞു നിർത്താം. വളരെ പ്രചാരമുള്ള സെൻ ബുദ്ധകഥയാണ്. ഇതിനു പല വ്യാഖ്യാനങ്ങൾ ഉണ്ട്. അതിലൊന്നാണ് താഴെ പറയുന്നത്. ഒരിക്കൽ രണ്ടു ബുദ്ധസന്യാസിമാർ ഒഴുക്കുള്ള ഒരു പുഴ കടക്കാൻ ഒരുങ്ങുമ്പോൾ, അവിടെ സുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നു. അവർ പറഞ്ഞു, ‘പ്രഭോ, പുഴ കടക്കുവാൻ യാതൊരു മാർഗ്ഗവുമില്ല, നിങ്ങൾ സഹായിക്കുമോ?’
ചെറിയ സന്യാസി പറഞ്ഞു, ‘ഞങ്ങൾ ബുദ്ധസന്യാസിമാരാണ്. അതു കൊണ്ട് സ്ത്രീകളെ തൊടാൻ പാടില്ല.’
എന്നാൽ, വലിയ സന്യാസി അവരെ തന്റെ കൈകളിൽ കോരിയെടുത്ത് പുഴയുടെ അപ്പുറത്തെത്തിച്ചു. എന്നിട്ടു രണ്ടു സന്യാസിമാരും യാത്ര തുടർന്നു.
കുറെദൂരം നടന്നപ്പോൾ ചെറിയ സന്യാസി പറഞ്ഞു, ‘അങ്ങു ചെയ്തതു നന്നായില്ല. ഒരു സന്യാസി സ്ത്രീയെ എടുക്കുകയോ? നമ്മളുടെ ധർമങ്ങൾക്ക് എതിരല്ലേ അത്?’
മുതിർന്ന സന്യാസി പറഞ്ഞു ‘ബഹുമാന്യയായ ആ സ്ത്രീയെ കരയിൽ ഇറക്കിവിട്ടു ഞാൻ യാത്ര തുടരുകയാണ്. അവരും നന്ദി പറഞ്ഞ് മാന്യമായി അവരുടെ വഴിക്കുപോയി. അങ്ങാണ് ഇപ്പോളും അഴുക്കു ചിന്തകളോടെ അവരെ മനസ്സിൽ ചുമന്നുകൊണ്ടു നടക്കുന്നത്.’
ജീവിതവും അതുപോലെയാണ്, ഭാരങ്ങൾ -നാണക്കേടുകളും മാനക്കേടുകളും- മനസ്സിൽ നിന്ന് കഴിവതും വേഗം ഇറക്കി വയ്ക്കണം. പിന്നീട് അതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ലോകം മുഴുവൻ നമുക്കു ചുറ്റു മാണ് കറങ്ങുന്നതെന്ന ധാരണയും വേണ്ട. എല്ലാവർക്കും അവരുടേതായ കാര്യങ്ങൾ ഉണ്ട്. അതുകൊണ്ടു വേണ്ടാത്തതെല്ലാം മറന്നുകൊണ്ട് മുൻപോട്ടു നടക്കുക.
തന്മാത്രം
ഡോ. സുരേഷ് സി പിള്ള
താമര
2017