ജനക്കൂട്ടത്തിന്റെ അങ്ങേ മുനമ്പിൽ, മാധവേട്ടന്റെ നേരെ മുമ്പിലായി, സോഡിയം വേപ്പർ വെളിച്ചത്തിൽ കനൽ പോലെ തിളങ്ങിയ ഒരു മുഖം കണ്ട് സുഗതൻ നിശ്ചേഷ്ടനായി.
അതു ശകുന്തളയല്ലേ!
ആണോ?
വിയർപ്പുഗ്രന്ഥികളിൽ നിന്ന് ആശങ്കകളും ആകുലതകളും ഒഴുകിയിറങ്ങി.
ദൈവമേ, അവളെന്തിനു വന്നു ഇവിടെ! ഇന്നു നടക്കാൻ പോകുന്നതെല്ലാം നന്നായി അറിയാവുന്നതാണ് ശകുന്തളയ്ക്ക്. ബോംബ് വീണു ചിതറുന്ന സ്ഥലം പോലും കൃത്യമായി അറിയാം. എന്നിട്ടാണ്… അവൾക്ക് ഭ്രാന്താണോ!
വലംകൈ ആ നേരത്ത്, ഒരാചാരം അനുഷ്ഠിക്കുന്ന സമാധാനത്തോടെ ഇടംകൈയിലെ സഞ്ചിയോളമൊന്നു പോയി അതിന്റെ മുഴപ്പിലൊന്നു പരതിയ ശേഷം മടങ്ങി. ഉവ്വ്, സാധനം ഭദ്രമായി സഞ്ചിയിൽത്തന്നെയുണ്ട്. അതെവിടേക്കും പോകില്ലെന്നറിയാമെങ്കിലും വലംകൈ ഇടയ്ക്കിടെ ഒരു അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും ആശ്വാസം തേടുന്നു.
എന്നാൽ, ഇത്തവണ അതവിടെത്തന്നെയുണ്ടെന്ന അറിവ് ആശ്വാസമല്ല, അങ്കലാപ്പാണുണ്ടാക്കിയത്. കാരണം, അതിന്റെ ലക്ഷ്യത്തിലാണ് അവളിരിക്കുന്നത്; ശകുന്തള!
സുഗതൻ ശകുന്തളയെ ചുംബിച്ചിട്ടുണ്ട്; സ്വപ്നത്തിൽ! ഒരിക്കലേയുള്ളൂ, ഒരിക്കൽ മാത്രം. പിന്നെയും ചുംബിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. സ്വപ്നത്തിൽ ശകുന്തളയുടെ തുടുത്ത കവിളുകൾ കാണുമ്പോഴെല്ലാം ചുണ്ടുകൾ തരിക്കും. പക്ഷേ, ചുംബിക്കാനുള്ള ധൈര്യം ചുണ്ടിലേക്കിറങ്ങാതെ തൊണ്ടയിൽ തടഞ്ഞു നില്ക്കും. ചുംബനം കിട്ടാതെ കവിളുകൾ കണ്ണീരണിഞ്ഞു മറഞ്ഞുപോവുകയും ചെയ്യും.
ആ കവിളുകളാണോ ആൾക്കൂട്ടത്തിന്റെ അങ്ങേത്തലയ്ക്കൽ എരിഞ്ഞു നില്ക്കുന്നത്?
മാധവേട്ടൻ മൈക്രോഫോണിനടുത്തേക്കു നീങ്ങിനിന്ന് ശബ്ദം താഴ്ത്തി ഒരു പ്രത്യേക താളക്രമത്തിൽ പറഞ്ഞു:
”സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും… നീചവൃത്തികളെ സിദ്ധാന്തങ്ങളുടെ ന്യായമുടുപ്പിക്കുന്നവരോട് ഇതാണു നമുക്കു പറയാനുള്ളത്. അവസാനശ്വാസവും കഴിഞ്ഞു പ്രാണൻ പിരിഞ്ഞുപോകുംവരെ ഇതു നമ്മൾ പറയുകയും ചെയ്യും; അതിനു കൊടുക്കേണ്ടിവരുന്ന വില എന്തുതന്നെയായാലും.”
ഒരു വിതുമ്പലോടെ ഉച്ചഭാഷിണി പുറത്തുവിട്ട ഗാംഭീര്യമാർന്ന വാക്കുകൾ തൊട്ടുഴിഞ്ഞു കടന്നുപോയപ്പോൾ രോമകൂപങ്ങളിൽ ഇടിവാൾ മിന്നി.
സുഗതൻ നെഞ്ചുവിരിച്ചു നിവർന്നിരുന്നു.
കേൾവിക്കാരിൽ ആരൊക്കെയോ കണ്ണു തുടയ്ക്കുന്നുണ്ട്. കഴിഞ്ഞ കറുത്ത ദിനങ്ങളിലൊന്നിൽ, ആരെയോ നഷ്ടപ്പെട്ടവരാകാം അവർ. ഒരു കത്തിമുന, ഒരു വാൾത്തല, ഒരു പൊട്ടിത്തെറി… അങ്ങനെ എന്തെങ്കിലുമൊന്ന് അവരുടെ പ്രാണനിൽ പാതി അടർത്തിയെടുത്തിട്ടുണ്ടാകാം, കണ്ണീരുറവകൾ തുറന്നുവിട്ടിട്ടുണ്ടാകാം.
ആ കണ്ണുകളുടെ മുൻനിരയിലാണ് ബോംബ് വീണുപൊട്ടേണ്ടത്. കൃത്യമായി പറഞ്ഞാൽ, പ്രസംഗവേദിക്കും സദസ്സിനും മധ്യേയുള്ള ആ ചെറിയ ഇടത്തിൽ. മാധവേട്ടനും മൈക്രോഫോണിനും നേരെ മുമ്പിൽ. അവിടെത്തന്നെയാണ് ശകുന്തളയുടെ മുഖം തെളിഞ്ഞതും.
സുഗതന്റെ വിടർന്നുനിന്ന നെഞ്ച് അറിയാതെ ചുരുങ്ങി. കണ്ണുകൾ ശകുന്തളയെ തിരഞ്ഞു കലങ്ങി, തല താഴ്ന്നു. ഇടംകൈ തേടിപ്പോയ വലംകൈ ഗതിമാറിത്തിരിഞ്ഞുചെന്നു നനവൂറിയ കണ്ണുകൾ തുടച്ചു. അതെ, സുഗതനും കണ്ണുകൾ തുടയ്ക്കുകയാണ്.
”വേദിയിലേക്കെറിഞ്ഞത് കൈ പിഴച്ചു കേഴ്വിക്കാർക്കിടയിൽ വീണുവെന്നേ തോന്നാവൂ. കൃത്യമായിരിക്കണം ലക്ഷ്യം. കൈ പിഴയ്ക്കരുത്, യാതൊരു കാരണവശാലും. ഉന്നം കൃത്യമായിരിക്കണം, കൈയുടെ ആയം കൃത്യമായിരിക്കണം, സാധനം വീഴുന്ന സമയം കൃത്യമായിരിക്കണം…” ഇതുതന്നെ തിരിച്ചും മറിച്ചും എത്ര തവണ പറഞ്ഞു മാധവേട്ടൻ!
പന്തയം വച്ച്, പറയുന്ന മാങ്ങ എറിഞ്ഞു വീഴ്ത്തുമായിരുന്നു സുഗതൻ; പറഞ്ഞതു മാത്രം; വെറും മൂന്നാംക്ലാസ്സിൽ പഠിക്കുമ്പോൾ! ആ സുഗതനെയാണ് ഉന്നം പഠിപ്പിക്കുന്നത്. അതും പട്ടിയെ എറിയാൻ പോലും അറിയാത്തയാൾ. സുഗതൻ ഉള്ളിലേ ചിരിച്ചുള്ളൂ. അതു പുറത്തുവരാൻ പാടില്ല.
ഒരു കണക്കിന്, മാധവേട്ടനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മൂപ്പര് പ്രസംഗിച്ചുകൊണ്ടു നില്ക്കുമ്പോഴാണ് ബോംബ് വീണു ചിതറേണ്ടത്. കൈയൊന്നു പാളി വീഴ്ച വേദിയിലായാൽ ചിതറുന്നത് എന്തായിരിക്കും! മാധവേട്ടനല്ല, ആരായാലും പേടി തോന്നും. തോന്നാത്തവൻ മനുഷ്യനല്ല; മൃഗം പോലുമല്ല.
എന്നിട്ടും മാധവേട്ടൻ എന്തിനാണിങ്ങനെയൊക്കെ ചെയ്യുന്നത്? ആദ്യം തന്നെ ഈ പരിപാടി എതിർത്തതാണ് ശകുന്തള. അവസാനം വരെയും എതിർത്തു. ഇതാ ഇപ്പോഴും ചെയ്യുന്നത് അതുതന്നെ.
ശേഷമെല്ലാവരും അനുകൂലിച്ചു, മാധവേട്ടന്റെ ബുദ്ധിയെയും ധൈര്യത്തെയും പ്രശംസിച്ചു. ശകുന്തള മാത്രം പറഞ്ഞു, വക്രബുദ്ധിയാണെന്ന്. ധൈര്യമല്ല, ഭീരുത്വമാണെന്നും ചതിയാണെന്നും പറഞ്ഞു.
എന്നിട്ടെന്താ? ഒന്നുമുണ്ടായില്ല. ജയം പതിവുപോലെ ഭൂരിപക്ഷത്തിന്. മാധവേട്ടൻ പറയുന്നതിനൊപ്പം നില്ക്കാനാണ് എല്ലാവർക്കുമിഷ്ടം. ശകുന്തളയ്ക്കുപോലും. പക്ഷേ, ഇത്തവണ ശകുന്തള ഒറ്റയ്ക്കൊരു മറുപക്ഷമായി.
എങ്കിലും, എന്തിനാണങ്ങനെ അവൾ ചെയ്തത്?
ആർക്കറിയാം!
ശകുന്തളയ്ക്കൊപ്പം നില്ക്കണമെന്നു തോന്നിയതാണ്; സത്യമായിട്ടും തോന്നിയതാണ്. അവൾ പറയുന്നതു ശരിയല്ലേ? ന്യായമല്ലേ?
ചിലതൊക്കെ വിളിച്ചുപറയാൻ നാവിൻതുമ്പിൽ വരെ വന്നതുമാണ്. ഒന്നും പറഞ്ഞില്ല. പറയാൻ പറ്റില്ല. സുഗതന് അവകാശം എറിയാൻ മാത്രമാണ്; പറയാനവകാശമില്ല.
കണ്ണുകൾ വീണ്ടും ആ മുഖം തേടിപ്പോവുകയാണ്. ജനക്കൂട്ടത്തിന്റെ അങ്ങേ മുനമ്പിൽ, മാധവേട്ടന്റെ നേരെ മുമ്പിലായി കനലാളിയ അതേ മുഖം.
ഇപ്പോൾ അതവിടെ കാണുന്നില്ല!
ങേ?
അതെ, ശകുന്തള ഇപ്പോൾ അവിടെയില്ല. അല്ലെങ്കിൽ, അതു ശകുന്തളയായിരുന്നില്ല.
സന്തോഷം ഒതുക്കാനാവാതെ ഒന്നുറക്കെ കൂവാൻ തോന്നി, സുഗതന്… പൂഹോയ്! ശബ്ദം പുറത്തേക്കു വരാതിരിക്കാൻ ഇത്തിരി പണിപ്പെടേണ്ടിവന്നു. ഒരുപക്ഷേ, അതു ശകുന്തളയല്ലായിരുന്നിരിക്കും.
അതു ശകുന്തളയായിരുന്നെങ്കിലോ? പതഞ്ഞുയർന്ന ആഹ്ലാദം പതിയെ താഴ്ന്നു. അതു ശകുന്തളയായിരുന്നെങ്കിലോ… ഒരു ശ്വാസംമുട്ടൽ; നെഞ്ചു തടവിയപ്പോൾ ഇത്തിരി ആശ്വാസം തോന്നി.
വലംകൈ ആ ജോലിയിൽ മുഴുകിയപ്പോൾ സുഗതനു പെട്ടെന്നൊരു വിചാരമുണ്ടായി: ഇന്നുകൊണ്ട് ഈ പണിയങ്ങു നിർത്തിയാലോ? ഇന്നത്തേതു കഴിഞ്ഞാൽ പിന്നൊന്നിനുമില്ല. പതുക്കെപ്പതുക്കെ സുഗതൻ ഒരു തീരുമാനത്തിലേക്കു ചായാൻ തുടങ്ങി. നാളെ മുതൽ വഴിമാറി നടക്കുകയാണ്; ബോംബും മാധവേട്ടനുമില്ലാത്ത പുതിയ വഴി.
ആലോചന അത്രയുമായപ്പോൾ ഇത്തിരി സമാധാനം കിട്ടി സുഗതന്. വലംകൈ സഞ്ചിയോളം പോയി മടങ്ങിയെത്തി.
ഇനിയൊരു ആറ്-ഏഴ് മിനിറ്റു കൂടി കഴിയുമ്പോൾ ലൈറ്റുകളെല്ലാം അണയും, പിന്നെ തെളിയും. ഒരിക്കലല്ല, രണ്ടു വട്ടം. അതു ചെല്ലപ്പന്റെ ജോലിയാണ്. രണ്ടു മിനിറ്റ് ഇടവിട്ട് രണ്ടു വട്ടം.
രണ്ടാമതു വെളിച്ചം മറയുന്ന നേരത്തു മാധവേട്ടൻ പ്രസംഗവേദിയുടെ പുറകിലേക്കു തെന്നിമാറുമെന്നാണു തീരുമാനം.
ഇക്കാര്യം മാധവേട്ടൻ പറഞ്ഞത് ഇന്നു രാവിലെയാണ്. ഉന്നം പിശകിയാലോ എന്ന ഭയം മൂപ്പർക്ക് കലശലായുണ്ടെന്ന് അപ്പോൾ ശരിക്കും ബോധ്യമായി.
മാധവേട്ടൻ വേദിക്കു പിന്നിലെത്തിയാൽ അവിടെ നിന്ന് ആകാശത്തേക്ക് ഒരു ടോർച്ചു തെളിയും. മാധവേട്ടൻ തന്നെയായിരിക്കും അതു ചെയ്യുന്നത്. വേറെയാരെയും അത്ര വിശ്വാസം പോരാ. ശകുന്തളയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, ആ ജോലി അവളെ വിശ്വസിച്ച് ഏല്പിച്ചേനെയെന്നു സുഗതനു തോന്നി.
പിന്നെ, ഒന്ന്… രണ്ട്… മൂന്ന്…
ബോംബ് മൂളിപ്പറന്നു ചെന്നു വേദിക്കു താഴെ മാധവേട്ടന്റെ മൈക്കിനു നേരെ മുന്നിൽ ശകുന്തള ഇരുന്ന – അല്ല, അതവളല്ല – അതേ സ്ഥലത്തു വീഴും.
…നാല്
സാധനം പൊട്ടും.
ശകുന്തളയാണവിടെ ഇരിക്കുന്നതെങ്കിൽ… ഹൊ! സുഗതന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞുചെന്നു തലച്ചോറിലിടിച്ചു. ഇടംകൈയിൽ തൂങ്ങിക്കിടന്ന സഞ്ചിയൊന്നു വിറച്ചു; അതു തേടിപ്പോയ വലംകൈയും.
കണ്ണൻ മുകളിലിരുന്ന് ഉറങ്ങുകയാണോയെന്ന് സുഗതൻ ഒരു ഞെട്ടലോടെ നോക്കി. അല്ല, ശ്രദ്ധിച്ചിരിപ്പാണ്. ചെറുപ്പമാണെങ്കിലും നല്ല പ്രാപ്തിയുണ്ട്. ഇപ്പോഴത്തെ ഒരുമാതിരി കൂഴപ്പിള്ളാരെപ്പോലെയല്ല.
മാധവേട്ടന്റെ ടോർച്ച് മിന്നുമ്പോൾ അതു നോക്കിയിരുന്നു വിവരം തരുന്ന ജോലിയാണ് കണ്ണന്. അതിനേക്കാളേറെ സുഗതന് ഒരു തുണയായിരിക്കുക എന്നതും. സമൃദ്ധമായ ഇലപ്പടർപ്പുള്ള ഈ ആലിനു മുകളിൽ ഈച്ച പോലുമറിയാതെ ഒളിച്ചിരിക്കാമെന്നും മാധവേട്ടൻ ടോർച്ച് മിന്നിക്കുന്നത് കാണാനെളുപ്പമാണെന്നും ഉന്നം നോക്കി എറിഞ്ഞു കൊള്ളിക്കാൻ സൗകര്യമുണ്ടെന്നും കണ്ടുപിടിച്ചതു കണ്ണൻ തന്നെയാണ്.
ബോംബ് വീണു കൃത്യം ഒരു മിനിറ്റ് കഴിയുമ്പോൾ വീണ്ടും മൈതാനം വെളിച്ചത്തിന്റെ പിടിയിലാകും. അതിനു മുൻപ് ഇരുവരും ആലിൽ നിന്നിറങ്ങി വടക്കുഭാഗത്തെ മതിലുചാടി, ‘അയ്യോ, ബോംബ്’ എന്നു വിളിച്ചുകൂവിക്കൊണ്ട് ഓടിക്കൊള്ളണം. അതാണു മാധവേട്ടന്റെ ഉത്തരവ്.
ഇനിയൊരു നാലു മിനിറ്റു കൂടിയുണ്ടാവും. ആൾക്കൂട്ടത്തിന്റെ അങ്ങേത്തലയ്ക്കലേക്കു സുഗതന്റെ നോട്ടം തെറിച്ചുവീണു. കഠിനമായ ഇന്നലെകളുടെ നീക്കിയിരിപ്പായ കുറേ ജീവിതങ്ങൾ, ആകുലതകൾ അകത്തൊളിപ്പിച്ച് സ്വസ്ഥതയുടെ ആവരണമണിഞ്ഞവർ. നാലേ നാലു മിനിറ്റു കഴിയുമ്പോൾ അവരുടെ അകത്തുള്ള അസ്വസ്ഥത പുറമേയ്ക്കു തൂവി വീഴുമല്ലോ. സുഗതനു വേദനിച്ചു.
ഇതല്ലാതെ വേറെ മാർഗങ്ങളില്ലേ മാധവേട്ടന്? ഉണ്ടെന്നാണല്ലോ ശകുന്തള പറയുന്നത്. ഇല്ലെന്നു മാധവേട്ടൻ പറഞ്ഞതുമില്ല.
ഏതാണു ശരി? എന്താണു തെറ്റ്? എന്തിനാണിതെല്ലാം? വിശ്വാസങ്ങൾക്കു വേരു പിടിക്കാൻ കുരുതി തന്നെ വേണമെന്നുണ്ടോ? ആർക്കും ആരെയും കുരുതി കൊടുത്ത് വിശ്വാസം നട്ടുവളർത്താമോ?
ഓർത്തിട്ടും ഓർത്തിട്ടും സുഗതന് എത്തും പിടിയും കിട്ടിയില്ല. ചോദ്യങ്ങളുടെ പെരുക്കത്തിൽ തല പെരുക്കാൻ തുടങ്ങിയപ്പോൾ സുഗതൻ ആലോചന നിർത്തി സമാധാനിച്ചു: മാധവേട്ടന് ഒരു പ്രത്യുപകാരം. അത്രയും കരുതിയാൽ മതി.
ഇതിനിടെ വലംകൈ വീണ്ടും സഞ്ചിയോളം പോയി ഒന്നാശ്വസിച്ചു. കണ്ണും കാതും മനസ്സും ലക്ഷ്യത്തിലുറയ്ക്കാനൊരുങ്ങി, ആൾക്കൂട്ടത്തിന്റെ മുന്നറ്റത്ത് മാധവേട്ടന്റെ നേരേ മുന്നിലായി വേദിക്കു തൊട്ടുതാഴെ. ഇപ്പോൾ ഒരു സ്ത്രീയാണവിടെ ഇരിക്കുന്നത്; തൊട്ടുപിന്നിൽ രണ്ടുമൂന്നു കുട്ടികളും പിന്നെയും കുറെ സ്ത്രീകളും. മുന്നിലിരിക്കുന്ന സ്ത്രീ അടുത്തിരിക്കുന്നവരോട് എന്തൊക്കെയോ പറയുന്നുണ്ട്.
പിന്നെ, അവർ പിന്നോട്ടു തിരിഞ്ഞ് കുട്ടികളോടെന്തോ പറയാൻ തുടങ്ങി. ഇത്തവണ സുഗതൻ ആ മുഖം കണ്ടു. കനൽപോലെ തിളങ്ങുന്ന ഒരു മുഖം.
അയ്യോ… അതു ശകുന്തളയല്ലേ?
ഇച്ഛാഭംഗത്തിന്റെ അങ്ങേയറ്റത്തെത്തുമ്പോൾ വായിൽ തള്ളിക്കയറിവരാറുള്ള ഒരു തെറിവാക്ക് നാവിൻതുമ്പിൽനിന്നു തെറിച്ചു.
മുകളിൽ ഇലയനക്കം.
”എന്തുപറ്റി ആശാനേ?” കണ്ണൻ അടക്കിപ്പിടിച്ചു ചോദിച്ചു.
”നോക്കെടാ അങ്ങോട്ട്!” സുഗതൻ വിരലുകൾ കൊണ്ടു പറഞ്ഞു.
പ്രാണൻ പിരിയുന്നതുപോലുള്ള ഒരു നിശ്വാസം കേട്ടു മുകളിൽനിന്ന്. പിന്നെ ചെറിയൊരു ചില്ല ഞെരിഞ്ഞൊടിയുന്ന ശബ്ദവും.
കുറെ നേരത്തേക്കു സർവം നിശ്ചലം, നിശ്ശബ്ദം!
”വിഷമിക്കേണ്ട ആശാനേ, മാധവേട്ടൻ പരിപാടി ഉപേക്ഷിക്കും.”
കണ്ണന്റെ ശബ്ദം ദൈവത്തിന്റെ വാക്കുകൾ പോലെ മുകളിൽ മുഴങ്ങിനിന്നു.
അപ്പോൾ സുഗതനും തോന്നി, അതങ്ങനെയായേക്കുമെന്ന്. പരിപാടി അവസാനനിമിഷം ഉപേക്ഷിക്കണമെന്നു തോന്നിയാൽ മാധവേട്ടൻ പ്രസംഗത്തിനിടയിൽ വലംകൈ ഉയർത്തി മുകളിലേക്കു വിരൽ ചൂണ്ടും; രണ്ടുവട്ടം.
ശരിയാണ്, മാധവേട്ടൻ മനസ്സു മാറ്റിയേക്കാം. ലക്ഷ്യസ്ഥാനത്ത് ശകുന്തള ചമ്രം പടിഞ്ഞിരിക്കുകയല്ലേ!
മാധവേട്ടന്റെ കൈ ഉയർന്നില്ലെങ്കിൽ, ചൂണ്ടുവിരൽ ആകാശത്തേക്കു നിവർന്നില്ലെങ്കിൽ എന്തു ചെയ്യും? തലയപ്പോഴും പുകയുക തന്നെയാണ്.
ലക്ഷ്യം മാറ്റിയെറിഞ്ഞാലോ?
അതു വേണ്ട! ഉന്നം പിഴയ്ക്കുന്നതും ഊർധ്വൻ വലിക്കുന്നതും സുഗതന് ഒരുപോലെയാണ്.
പക്ഷേ, ശകുന്തളയ്ക്കു ചെറിയൊരു പൊള്ളലെങ്കിലും ഏല്ക്കുന്നതിനെക്കാൾ നല്ലത് സുഗതൻ വെന്തുരുകിപ്പോകുന്നതാണ്.
ഒന്നും വേണ്ടിവരില്ല. മാധവേട്ടൻ പരിപാടി ഉപേക്ഷിക്കും. ശകുന്തളയെ മാധവേട്ടന് ഒഴിവാക്കാനാവില്ല എന്നൊരു തോന്നൽ. പഴയ ചിലതൊക്കെ ആലോചിക്കുമ്പോൾ അങ്ങനെ തോന്നുന്നതിൽ കുറച്ചു കാര്യമുണ്ടെന്നും തോന്നും. മാധവേട്ടനു ചുറ്റും എല്ലാവരെയും ആകർഷിച്ചുനിർത്തുന്ന ഗുരുത്വബലമാണവൾ.
മിടുക്കിയാണ്. ഒന്നാന്തരം മിടുക്കി. ഒടുവിൽ, അവൾ വിചാരിച്ചിടത്തേക്കാണല്ലോ കാര്യങ്ങൾ നീങ്ങുന്നത്. മാധവേട്ടൻ വഴിവിട്ടുതുടങ്ങിയോ എന്നു സുഗതന് ഈയിടെയായി തോന്നായ്കയല്ല. വേറെ ചിലർക്കു കൂടി ഈ വിചാരമുണ്ടെന്നും സംശയിച്ചിട്ടുണ്ട് ചിലപ്പോൾ. എങ്കിലും ആരുമൊന്നും പറഞ്ഞില്ല, പറയില്ല. എന്തൊക്കെയായാലും മിടുക്കിതന്നെ അവൾ, ശകുന്തള. പറ്റില്ലെന്നു തറപ്പിച്ചു പറഞ്ഞില്ലേ, ചരിത്രത്തിൽ ആദ്യമായി.
‘മാധവേട്ടൻ ശകുന്തളയെ ചുംബിച്ചിട്ടുണ്ടാവുമോ; സ്വപ്നത്തിൽ? ഒരിക്കലെങ്കിലും?’ സുഗതൻ അങ്ങനെയൊന്ന് ആലോചിച്ചുപോയി.
പെട്ടെന്ന്, മൈതാനത്തെ വൈദ്യുതവിളക്കുകൾ ഒന്നണഞ്ഞു. ഉടനെ തെളിയുകയും ചെയ്തു. ചെറുകുടൽ പൊടിഞ്ഞുപോകുന്നതുപോലെ തോന്നി സുഗതന്. അപ്പോൾ പരിപാടി ഉപേക്ഷിച്ചിട്ടില്ലേ?
അതെങ്ങനെ അറിയും? എങ്ങനെ അറിയും?
”കണ്ണാ…”
മറുപടിയില്ല. മുകളിൽനിന്ന് ഒരു പിറുപിറുപ്പ് മാത്രം കേട്ടു.
”കണ്ണാ…”
അനക്കമില്ല!
ഇനിയിപ്പോൾ, ശകുന്തള മാറിക്കാണുമോ?
ഇല്ല, അവിടെത്തന്നെയുണ്ട് ആ കനൽ.
ശകുന്തളയെ മാധവേട്ടൻ കണ്ടില്ലെന്നു വരുമോ?
അതോ മാധവേട്ടൻ വിരലുയർത്തിയതു ചെല്ലപ്പന്റെ കണ്ണിൽപ്പെടാതെ പോയതോ?
ഇനിയൊരിക്കൽക്കൂടി മൈതാനം ഇരുട്ടിലേക്കെത്തിനോക്കിയാൽ വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും ലാവാപ്രവാഹം തീർത്തുകൊണ്ട് കേൾവിക്കാരുടെ മുൻനിരയിലേക്ക് ഒരു ബോംബ് ഉതിർന്നുവീഴും. അതു വീഴ്ത്തേണ്ട കൈകൾ ഇതാ ഇവിടെയീ ആൽമരമുകളിൽ…
ഓർത്തോർത്തു വന്നപ്പോൾ സുഗതൻ കിടുങ്ങിപ്പോയി. വിരലിലെണ്ണാവുന്ന മാത്രകളേയുള്ളു ശകുന്തളയ്ക്കും ചിതറുന്ന ബോംബിനുമിടയിൽ. ഒരു സ്വപ്നത്തിൽ പാഞ്ഞുചെന്ന് ശകുന്തളയെ തൂക്കിയെടുത്ത് ഈ ആൽമരത്തിന്റെ സുരക്ഷിതത്വത്തിലേക്കു കൊണ്ടുവരാൻ കഴിയുന്നില്ലല്ലോ എന്നോർത്തപ്പോൾ സുഗതൻ വിങ്ങാൻ തുടങ്ങി.
അപ്പോൾ വിളക്കുകൾ രണ്ടാമതും അണഞ്ഞു. മൈതാനം വീണ്ടും ഇരുട്ടിലേക്കു മറഞ്ഞുപോയി.
മാധവേട്ടനോ ശകുന്തളയോ?
ഇതാ ഇപ്പോൾ തൊട്ടുമുന്നിലെ ഇരുട്ടിൽ പകൽ പോലെ തെളിയുന്നു, ഒരിക്കൽപോലും ഓർക്കാതെ കണ്ണടച്ചിരുട്ടാക്കി വച്ചിരുന്ന ആ ചോദ്യം; മാത്രകൾക്കുള്ളിൽ കണിശമായ ഉത്തരം ആവശ്യപ്പെടുന്ന ക്രൂരമായ ഒന്ന്.
ഇരുട്ടിന്റെ ഏകാന്തനിശ്ശബ്ദതയിൽ ഇടംപിടിക്കാനൊരുങ്ങുന്ന ആപത്തുകളുടെ ആക്രോശങ്ങൾ സുഗതനെ തളർത്തി. കണ്ണും കാതും ശൂന്യമായി. ഇടംകൈയോളം പോകാനൊരുങ്ങിയ വലംകൈ പെട്ടെന്നു നിശ്ചലമായി.
വലംകൈ നിശ്ചലമായി!
വലംകൈ?
അതവിടെയുണ്ടെന്നുപോലും തോന്നുന്നില്ല!
ഈ കൈകളിൽനിന്ന് ഇന്നു തീഗോളം പറക്കുമെന്നു കരുതുന്നത് വെറുതെയാണെന്നു സുഗതൻ അറിഞ്ഞു.
സത്യത്തിൽ സന്തോഷമാണ് അപ്പോഴുണ്ടായത്. കുറേ നേരമായി പുകഞ്ഞുനിന്നിരുന്ന ശ്വാസം ഒന്ന് വലിച്ചുവിട്ടു. അകത്ത് ഇത്തിരി പുതിയ തണുപ്പ്. ആ ചോര കൈകളിൽ പുരളാതെ കഴിക്കാമല്ലോ.
എങ്കിലും ഭീതിയുടെ അണുക്കൾ ആലോചനകളെ പൊതിഞ്ഞുനില്പ്പുണ്ടായിരുന്നു.
”എടാ, കണ്ണാ…”
”ആശാൻ സമാധാനമായിരിക്ക്!”
ദൈവത്തിന്റെ ശബ്ദം മുകളിൽ മുഴങ്ങി.
”ശകുന്തള…” അത്രയുമേ നാവിൽനിന്നു വീണുള്ളൂ. പിന്നെ അലറിയതൊന്നും പുറത്തുവന്നില്ല. എങ്കിലും കണ്ണനു കാര്യം മനസ്സിലായിട്ടുണ്ടാവുമെന്നുതന്നെ സുഗതൻ വിശ്വസിച്ചു.
സുഗതന്റെ കൈ വിറച്ചാൽ അല്ലെങ്കിൽ പിഴച്ചാൽ, പകരക്കാരനാകാൻ പറഞ്ഞിട്ടുണ്ട് മാധവേട്ടൻ കണ്ണനോട്. അവനുമുണ്ട് ഒരു സഞ്ചി ഇടംകൈയിൽ. അതിലുമുണ്ട് ഒരു തീഗോളം!
കണ്ണനും കൈ വിറച്ചാൽ…?
ചിലപ്പോൾ ചെല്ലപ്പന്റെ കൈയിലുണ്ടാവും ഒന്ന്. ഇടംകൈയിൽ സഞ്ചി, അതിനുള്ളിൽ തീഗോളം!
”കണ്ണാ…”
ഒരിക്കൽക്കൂടി വിളിച്ചു. പുറത്തേക്കു വരാതെപോയ ശബ്ദം കണ്ണീരിൽ നനഞ്ഞൊട്ടിയിരുന്നു. സുഗതൻ കരയാൻ തുടങ്ങി.
അപ്പോൾ പ്രകാശത്തിന്റെ ഒരു നേർവര വേദിക്കു പിന്നിലെ കൂരിരുട്ടിൽ തെളിഞ്ഞു; മാധവേട്ടന്റെ അടയാളം.
അതണയുംമുമ്പേ മുകളിലെ ചില്ലയൊന്നു കുലുങ്ങിത്താഴ്ന്ന് സുഗതന്റെ നിറുകയിൽ തൊട്ടു. ഒപ്പം ഒരു മൂളലിന്റെ മുഴക്കവും കേട്ടു!
ഒന്ന്… രണ്ട്… മൂന്ന്…
അടുത്തതിനടുത്ത നിമിഷത്തിൽ പ്രസംഗവേദിക്കു പിന്നിൽ വെളിച്ചത്തിന്റെ വേലിയേറ്റം. ശബ്ദത്തിന്റെ അഗ്നിപ്രവാഹം.
അയ്യോ, അതു വേദിക്കു പിന്നിലാണല്ലോ!
മാധവേട്ടൻ ആകാശത്തേക്കു തൊടുത്ത പ്രകാശരേഖ ആ വെളിച്ചപ്രളയത്തിൽ മുങ്ങിമരിച്ചു; ഒരു ഞരക്കം പോലും കേൾപ്പിക്കാതെ. അറുതിയില്ലെന്നു തോന്നിച്ച വിലാപങ്ങൾ അപ്പോഴേക്കും മൈതാനത്തെ കീഴ്പ്പെടുത്തിക്കളഞ്ഞിരുന്നു.
സുഗതന്റെ കണ്ണുകളിൽ അവിശ്വാസം തുറിച്ചുവന്നു. കണ്ണൻ മുകളിലിരുന്നു വിറയ്ക്കുന്നതു കാണാം.
”കണ്ണാ…” ചോദിക്കാനൊരുങ്ങിയത് വേണ്ടെന്നുവച്ചു. ഇനി ചോദിച്ചിട്ടെന്ത്? അറിഞ്ഞിട്ടെന്ത്? ഒന്നും പറയാനില്ല, ഒന്നുംതന്നെ അറിയാനുമില്ല.
വലംകൈയിലെ മരവിപ്പ് ശരീരത്തെ കീഴ്പ്പെടുത്തുന്നതു മാത്രം സുഗതൻ അറിഞ്ഞു. നന്നായി. ഇനിയൊരിക്കലും ഓർത്തെടുക്കാനാവാത്ത മട്ടിൽ ചലനത്തിന്റെ രഹസ്യം ശരീരം മറന്നുപോകട്ടെ. കേൾവിയുടെ മന്ത്രം കാതുകളിൽ വീഴാതിരിക്കട്ടെ. കണ്ണുകൾക്കു കാഴ്ച കനവിലാകട്ടെ. ആൽമരത്തിൽ അമർന്നിരുന്ന കൈകാലുകൾ കുഴഞ്ഞു. കണ്ണനു കൈയെത്തിപ്പിടിക്കാനാവുംമുമ്പ് സുഗതൻ മണ്ണിലേക്കുള്ള ദിശയിൽ യാത്ര തിരിച്ചു.
ഒരു വേദന അപ്പോൾ സുഗതനെ ചൂഴ്ന്നു വളരുന്നുണ്ടായിരുന്നു. ശകുന്തള ഇനിയാരുടെ സ്വപ്നങ്ങളിൽ തുടുത്ത കവിളുമായി കയറിച്ചെല്ലും? ആരവൾക്ക് ചുംബനങ്ങൾ നല്കും?
(ഒൻപതു കഥകളുടെ സമാഹാരമായ ഒറ്റയ്ക്കൊരു ശകുന്തളയിലെ ആദ്യകഥ)
ഒറ്റയ്ക്കൊരു ശകുന്തള
ടോം ജെ മങ്ങാട്ട്
താമര
2020