ഗോമൂത്രം സർവരോഗസംഹാരിയല്ല; മൂത്രം മാത്രമാണ്
ഗോമൂത്രം സർവരോഗസംഹാരി എന്ന രീതിയിൽ ഇപ്പോൾ വൻതോതിൽ പ്രചാരണം നടക്കുന്നുണ്ട്. സത്യത്തിൽ മൂത്രം, മനുഷ്യന്റെ ആയാലും ആനയുടെയോ കഴുതയുടെയോ പോത്തിന്റെയോ പുലിയുടെയോ പശുവിന്റെയോ ആയാലും മൂത്രം മാത്രമാണ്.
ആദ്യമേ ഒരു കാര്യം പറയട്ടെ; ഇതൊരു രാഷ്ട്രീയലേഖനമല്ല. മറിച്ച്, അംഗീകൃത ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ചില പ്രബന്ധങ്ങളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിലുള്ള ഒരു അവലോകനമാണ്. പൂർണ്ണമാണെന്ന് അവകാശപ്പെടുന്നുമില്ല. സാധാരണ ജനങ്ങളുടെ സംശയങ്ങളും ആശങ്കയും അകറ്റാനുമുള്ള ശ്രമം മാത്രമായി കണ്ടാൽ മതി.
2017 ഡിസംബർ 22-ന് ‘The Hindu’ പത്രത്തിൽ വന്ന Centre may examine the medicinal properties of cow urine’ എന്ന വാർത്ത ശ്രദ്ധയിൽ പെടുത്തിയത് എന്റെ ചേച്ചി ലതയുടെ മകനായ ഡോ. അരുൺ മുരളിയാണ്. ആ വാർത്തയാണ് മൂത്രത്തേക്കുറിച്ച് എഴുതാൻ പ്രേരിപ്പിച്ചത്. രാജസ്ഥാനിലെ ഗവണ്മെന്റ് ആശുപത്രികളിൽ ശുചീകരണത്തിനു ഗോമൂത്രം ഉപയോഗിക്കുന്നു എന്ന വാർത്തയും കണ്ടു.
എന്താണ് മൂത്രം?
വളരെ ലളിതമായി പറഞ്ഞാൽ ജീവികളുടെ ശരീരത്തിൽ നിന്നുള്ള ദ്രാവകരൂപത്തിലുള്ള മാലിന്യമാണ് മൂത്രം. ആഹാരത്തിന്റെ ദഹനപ്രക്രിയയ്ക്ക് ശേഷം വൃക്കയുടെ അരിക്കൽ നടന്നുകഴിഞ്ഞു വരുന്നതാണ് ഇത്. വെള്ളത്തിൽ ലയിക്കുന്ന പലതരം അനാവശ്യ രാസവസ്തുക്കളെ ശരീരം പുറന്തള്ളുന്നത് മൂത്രത്തിൽ കൂടിയാണ്. മൂത്രത്തിൽ 90-96% വരെ വെള്ളമാണ്. ബാക്കി പല തരത്തിലുള്ള രാസപദാർത്ഥങ്ങളും. നൈട്രജൻ അടങ്ങിയ മാലിന്യങ്ങളായ യൂറിയ, യൂറിക് ആസിഡ്, ക്രിയാടിനിൻ തുടങ്ങിയവയാണ് മിക്കവാറും എല്ലാ സസ്തനികളുടെയും മൂത്രത്തിൽ അടങ്ങിയിരിക്കുന്നത്. ഇതുകൂടാതെ, ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന പല തരത്തിലുള്ള ഹോർമോണുകൾ, മാംസ്യം (പ്രോട്ടീൻ), പല തരത്തിലുള്ള ഓർഗാനിക്/ഇനോർഗാനിക് സംയുക്തങ്ങൾ തുടങ്ങിയവയും വളരെ ചെറിയ അളവിൽ മൂത്രത്തിൽ ഉണ്ടാവും. കഴിച്ച ആഹാരത്തിനനുസരിച്ച് ഇവയുടെ അളവുകൾ മാറ്റം വരാം. ഒരു ലിറ്റർ മനുഷ്യമൂത്രത്തിലെ മൂലകങ്ങളുടെ അളവ് കാർബൺ 6.8 ഗ്രാം, നൈട്രജൻ 8.12 ഗ്രാം, ഓക്‌സിജൻ 8.2 ഗ്രാം, ഹൈഡ്രജൻ 1.5 ഗ്രാം എന്നിങ്ങനെയാണ്.
ഗോമൂത്രത്തിന്റെ ഗുണങ്ങൾ എന്തൊക്കെ?
ഗോമൂത്രത്തിനു ചില നല്ല ഗുണങ്ങൾ ഇല്ലാതില്ല. ഉദാഹരണത്തിന്, അതിന്റെ ആന്റിബാക്റ്റീരിയൽ പ്രവർത്തനം. ഗോമൂത്രത്തിന്റെ ബാക്റ്റീരിയയെ കൊല്ലാനുള്ള കഴിവിനേക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. 2012-ൽ നടന്ന ഒരു ഗവേഷണ പഠനപ്രകാരം സ്റ്റെഫലോകോക്കസ് ഓറീയസ്, ഇ. കോളി, സ്യൂഡമോണാസ് ഫ്രാഗി, ബാസിലസ് സബ്റ്റിലിസ് തുടങ്ങിയ ബാക്റ്റീരിയകളെ നശിപ്പിക്കാൻ ഗോമൂത്രത്തിനു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. (Antimicrobial Activities of Cow Urine Against Various Bacterial Strains Anami et al. Int J Recent Adv Pharm Res, 2012;2(2):84-87 ISSN: 2230-9306;)) പക്ഷേ, അതിലൊരു കുഴപ്പമുണ്ട്. പല പശുക്കളുടെ മൂത്രം പല തരത്തിലുള്ള പ്രവർത്തനശേഷിയാണ് കാണിച്ചത്. ഗോമൂത്രത്തിലുള്ള രാസവസ്തുക്കളുടെ വ്യതിയാനമാണ് ഇതിനു കാരണമായി പറഞ്ഞത്. രണ്ട് അമേരിക്കൻ പേറ്റന്റുകളും (പേറ്റന്റ് നമ്പറുകൾ 6896907, 6410059) ഈ ഗവേഷണത്തിനു ലഭിച്ചിട്ടുണ്ട്.
എന്നാൽ, മൂത്രത്തെ മരുന്നായി കാണാൻ ഈ ഗുണം സഹായിക്കുന്നില്ല.
ഗോമൂത്രം കുടിക്കാമോ?
ഒരിക്കലും അരുത് എന്നാണ് പഠനങ്ങൾ പറയുന്നത്. കുടിക്കുക മാത്രമല്ല മറ്റു വസ്തുക്കളിൽ കലർത്തി കഴിക്കുകയും ചെയ്യരുത്. കാരണം, ഗോമൂത്രം വഴി പല മാരകരോഗങ്ങളും പകരാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. അല്ലെങ്കിൽത്തന്നെ, ഒരു ജീവിയുടെ വൃക്ക അരിച്ചു തിരസ്‌കരിച്ച മാലിന്യങ്ങൾ വേറൊരു ജീവിക്ക് കുടിക്കാൻ കൊടുക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലല്ലോ. ഗോമൂത്രത്തിന്റെ ഗുണഗണങ്ങളെ പറ്റിയുള്ള പല റിപ്പോർട്ടുകളും വേണ്ട രീതിയിലുള്ള ക്ലിനിക്കൽ ട്രയലുകൾ നടത്താതെയുള്ളതും അപകടകരമാംവിധം വഴി തെറ്റിക്കുന്നതുമാണ്. ആയതിനാൽ തത്ക്കാലം ഗോമൂത്രം അടുക്കളത്തോട്ടത്തിലെ ചെടികൾക്ക് വളമായി മാത്രം ഉപയോഗിക്കുക; അതും നിയന്ത്രിതമായ തോതിൽ.
ഗോമൂത്രത്തിന് കാൻസർ പ്രതിരോധിക്കാനുള്ള കഴിവുണ്ടോ?
അമേരിക്കയിലെ കാൻസർ ഗവേഷണത്തിന് പ്രശസ്തമായ മയോ ക്ലിനിക്കിലെ ഡോ. ഡൊണാൾഡ് ഹെൻസർഡ് പറയുന്നത് ഗോമൂത്രം എന്നല്ല, ഒരു തരം മൂത്രവും ഇതുവരെ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമായി കണ്ടിട്ടില്ല എന്നാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: ‘I think I’m perfectly comfortable in saying that I’m aware of no data that cow’s urine – or any other species urine – holds any promise… in treating or preventing cancer.’
പാഠം ഒന്ന്
ഡോ. സുരേഷ് സി പിള്ള
താമര
2018