പുതിയകാല യാത്രാവിവരണഗ്രന്ഥങ്ങളില്‍ പൊതുവില്‍ മനുഷ്യരെ കാണാറില്ല. സ്ഥലങ്ങളും കെട്ടിടങ്ങളും ആഘോഷങ്ങളും കൊണ്ട് നിറഞ്ഞ അവയില്‍ മനുഷ്യര്‍ക്ക് ഇടമില്ലാത്തതാവാം. അതിലുപരി, ചെന്നെത്തുന്ന ഇടങ്ങളിലെ മനുഷ്യരുമായി യാത്രികര്‍ ഇടപഴകുന്നത് കുറഞ്ഞുവരുന്നു എന്ന യാഥാര്‍ഥ്യവും ഉണ്ട്.
ഈ പൊതുരീതിക്ക് വിരുദ്ധമായ ഒരു യാത്രാവിവരണഗ്രന്ഥമാണ് രമ്യ എസ്. ആനന്ദ് രചിച്ച ‘വഴികളില്‍ തെളിയുന്ന മുഖങ്ങള്‍’ (ഇന്ദുലേഖ പുസ്തകം). രമ്യ ആനന്ദ് യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയ മനുഷ്യരോട് സഹൃദം പുലര്‍ത്തുകയും പിന്നിടവരെ ഓര്‍ത്തെടുത്ത് ഭംഗിയായി വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയുമാണ്. രമ്യ പറയുന്നതുപോലെ, കണ്ടുമുട്ടി പിരിഞ്ഞാലും ചില മനുഷ്യര്‍ നമ്മളെ വിട്ടുപോകില്ല. അവര്‍ നമ്മള്‍ പോലുമറിയാതെ നമ്മുടെ ഓര്‍മകളില്‍ ജീവിക്കും.
അങ്ങനെ ചില ഓര്‍ക്കലുകളാണ് ഈ 19 കുറിപ്പുകളിലുള്ളത്. അപൂര്‍വരായ ചിലരെയൊക്കെ ഇതിന്റെ വായനയ്ക്കിടയില്‍ കണ്ടുമുട്ടാനിടയായി. ടോന്യേ പോവാങ് എന്നയാള്‍ ലോങ്ങ് വാ ദേശത്തിന്റെ രാജാവാണ്. ഇന്ത്യയിലും മ്യാന്‍മറിലുമായി കിടക്കുന്ന ഒരു പ്രദേശത്തിന്റെ അധിപതി. അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ നടുവിലൂടെയാണ് ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തി കടന്നുപോകുന്നത്. രാജാവും ആദ്യഭാര്യയും മക്കളും മ്യാന്‍മറില്‍ കിടന്നുറങ്ങുമ്പോള്‍ രണ്ടാമത്തെ ഭാര്യ കുഞ്ഞുങ്ങളുമായി ഇന്ത്യയില്‍ കിടക്കുന്നു എന്നാണ് രമ്യ എഴുതിയിരിക്കുന്നത്. ഇന്ത്യയിലും മ്യാൻമറിലും ഇദ്ദേഹത്തിന് വോട്ടവകാശമുണ്ട്. അദ്ദേഹം ഇന്നുവരെ ഇന്ത്യയിലാണ് വോട്ടുചെയ്തിട്ടുള്ളത്.
വിശ്വനാഥ് പാല്‍ മണ്ണു കൊണ്ട് ദൈവങ്ങളുടെ പ്രതിമയുണ്ടാക്കുന്നയാളാണ്. അയാളുടെ ജീവിതം പറയുന്ന ഇതിലെ കുറിപ്പും ശ്രദ്ധേയമാണ്. മണ്ണില്‍ നിന്ന് ദൈവത്തെ മെനയുന്ന ആ മനുഷ്യനെ അറിയുമ്പോള്‍ ഗ്രന്ഥകാരി ഭൂമിയിലെ മനുഷ്യാവസ്ഥയുടെ നിസ്സഹായതയെപ്പറ്റി ഓർമിക്കുന്നു. വായനക്കാരെ ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ് ഈ അധ്യായം. അതിന്റെ അടിക്കുറിപ്പായി ചേര്‍ത്ത വാചകം ഇതാണ്: “ദൈവങ്ങളെ സൃഷ്ടിക്കുന്ന ഈ മനുഷ്യരെ ദാരിദ്യം ഒരു തീരാരോഗം പോലെ പിന്തുടരുന്നത് എന്തുകൊണ്ടാണ്? ദൈവങ്ങളെ സൃഷ്ടിക്കുന്ന ഈ മനുഷ്യരെ ദൈവങ്ങള്‍ക്കു പരിചയമില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്?”
വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു യാത്രാവിവരണഗ്രന്ഥമാണ് രമ്യയുടേത്. കാരണം ഇതില്‍ പച്ചയായ മനുഷ്യജീവിതമുണ്ട്.
(എഴുത്ത് മാസിക, 2024 ഏപ്രിൽ)
വഴികളിൽ തെളിയുന്ന മുഖങ്ങൾ
രമ്യ എസ് ആനന്ദ്
ഇന്ദുലേഖ പുസ്തകം
2024