കഥ പറയാൻ വേണ്ടി ജീവിക്കുന്നു എന്നാണ് മാർകേസിന്റെ ആത്മകഥയുടെ പേര്. സുവിശേഷത്തിന്റെ ടാഗ് ലൈനായി ആ ശീർഷകം ഉപയോഗിക്കാനാവുമോ? കഥകളില്ലാതെ അവനൊന്നും പറഞ്ഞിട്ടില്ലെന്നാണ് വേദപുസ്തകം അടയാളപ്പെടുത്തുന്നത്. കേൾവിക്കാരെ അപകടത്തിലാക്കുന്ന കഥകളായിരുന്നു അതിലേറെയും. നാഥാന്റെ കഥ പറഞ്ഞു തീർക്കുന്നതുപോലെ ഉള്ളിലിരുന്നൊരാൾ മന്ത്രിക്കും, ആ മനുഷ്യൻ നീ തന്നെ. അപരനു വേണ്ടിയുള്ള ഗുണപാഠങ്ങളല്ല, അവനവനു വേണ്ടിയുള്ള മുന്നറിയിപ്പുകളാണ് അവ.

പൊതുജീവിതത്തിന്റെ ആദ്യ കാലങ്ങളിൽ യേശു അത്രയും കഥകൾ പറഞ്ഞിട്ടില്ല. ചില രൂപകങ്ങളും സദൃശ്യവാക്യങ്ങളും ഉപയോഗിക്കാതിരുന്നിട്ടുമില്ല. ഉപ്പും പ്രകാശവും ആകാശ പറവകളും വയലിലെ ലില്ലികളും ചന്തയിൽ നൃത്തം ചവിട്ടുന്ന കുട്ടികളും പഴയ തോൽക്കുടങ്ങളുമൊക്കെയായി കഥയുടെ വിത്തുകൾ അതിലുണ്ടായിരുന്നു എന്നത് ശരിയാണ്. സിനഗോഗുകളിൽ നിന്ന് പൂർണമായും പുറംതള്ളപ്പെട്ടതിനു ശേഷമാണ് യേശു കഥകളിലേക്ക് തിരിഞ്ഞതെന്ന നിരീക്ഷണമുണ്ട്. സാധാരണക്കാരിലേക്ക്, അവന്റെ പൊതു ഇടങ്ങളിലേക്ക് പൂർണമായി ആമഗ്നനാകുമ്പോഴാണ് കഥകൾ ജൈവികവും സ്വാഭാവികവുമാകുന്നത്.

സ്വയം സത്യത്തെ കണ്ടെത്താനുള്ള പ്രേരണയാണ് യേശുവിന്റെ കഥകളിലൂടെ തെളിഞ്ഞുവരുന്നത്. സത്യം ഒരു റെഡി ടു കുക്ക് മിശ്രിതമല്ലെന്ന് ഓരോ കഥയും ലോകത്തോട് സൗമ്യമായി മന്ത്രിക്കുന്നു. അവനവന്റെ സത്യാന്വേഷണപരീക്ഷണങ്ങൾക്ക് പൊതിച്ചോറ് കെട്ടിക്കൊടുക്കുകയാണ് ഓരോ കഥയുടെയും ധർമം. കണ്ണടച്ച് കേൾക്കേണ്ട കഥകളേ യേശു പറഞ്ഞിട്ടുള്ളു.

ചെറുപ്പത്തിൽ കേട്ട ആ ബൈബിൾ കഥകളെ അടുക്കിലും ചിട്ടയിലും ഒന്നു കൂടി വായിച്ചെടുക്കാനുള്ള ഊഴമാണ് ഈ പുസ്തകം വായനക്കാരന് ഉറപ്പു വരുത്തുന്നത്. കാലം അതിലുണ്ടാക്കുന്ന ബോധത്തിന്റെ വാർഷിക വലയങ്ങളെ എണ്ണി എണ്ണി വിസ്മയിക്കാതെ ഇനി തരമില്ല. ഹൃദയത്തിൽ നിന്ന് നേരെ വരുന്ന ഈർപ്പമുള്ള ഒരു ഭാഷയാണ് എഴുത്തുകാരിയുടെ വരപ്രസാദം.

ഇമോഷണൽ ഹൈജീൻ എന്നൊരു പദം വർത്തമാന ബുദ്ധിസത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. അവനവന്റെ വൈകാരികതയെ വെടിപ്പാക്കാനുള്ള ക്ഷണമാണത്. അത്തരം ഒരു സാദ്ധ്യതയെ അഗാധമാക്കാൻ ഈ കഥകളിലെ ജ്‌ഞാനസ്നാനം എതൊരാളെയും സഹായിക്കും. എഴുത്ത് മാത്രമല്ല, വായനയും ഒരു കുലീനധർമമാണ്.

കഥകളെക്കുറിച്ചുള ഒരു കഥയുണ്ട്. നിറയെ കഥകളുള്ള ഹെബ്രായ പ്രപഞ്ചത്തിൽ ജനിച്ച ഏലി വിസൽ തപ്പിയെടുത്ത ഒരു പഴങ്കഥയാണത്. മഹാനായ ഒരു റാബി തന്റെ ദേശത്ത് ദുരന്തങ്ങളുണ്ടായപ്പോളൊക്കെ ചെയ്തത് ഇതായിരുന്നു. വനത്തിനുള്ളിൽ പോയി കഠിന തപസ്സിലേർപ്പെട്ടു. അയാളെ തുടർന്ന് വന്നയാൾക്ക് പ്രാർത്ഥനകൾ ഒന്നും തന്നെ അറിയില്ലായിരുന്നു. തന്റെ മുൻഗാമി ഇരുന്ന ഇടത്തിൽ വെറുതെ ഇരുന്നാലും മതിയാവുമെന്ന് അയാൾ കരുതി. എന്നിട്ടും അത്ഭുതങ്ങൾ ഉണ്ടായി. പിന്നീട് വന്നയാൾ റിസിയാൻ എന്ന മടിയനായിരുന്നു. അയാൾ ദൈവത്തോട് ഇങ്ങനെ പറയും, ‘എനിക്ക് വിളക്ക് കൊളുത്താനറിയില്ല, വനത്തിലെ രഹസ്യ ഇടമറിയില്ല, പ്രാർത്ഥന അറിയില്ല; അറിയാവുന്നത് അവർ ചെയ്ത കാര്യങ്ങളുടെ കഥകൾ പറയുകയെന്നതാണ്.’ അതു മതിയായിരുന്നു!

കഥകൾ ഇഷ്ടമായതുകൊണ്ട് ദൈവം മനുഷ്യനെ സൃഷ്ടിച്ചു. വിമലീകരിക്കുകയും വിമോചിപ്പിക്കുകയും ചെയ്യുന്ന, ഒരേ നേരം പുരാതനവും നൂതനവുമായ കഥകളുടെ ധ്യാനപ്രപഞ്ചത്തിലേക്ക് സ്വാഗതം.

Order Nowയേശു പറഞ്ഞ കഥകൾ
കഥകൾ
ജോളി അടിമത്ര
മാതൃഭൂമി ബുക്സ്