നേരം വെളുത്തുവരുന്നതേയുള്ളു. അന്തിക്കാട്ടെ എന്റെ വീടിന്റെ വരാന്തയിൽ രാവിലത്തെ പത്രങ്ങളും ചായയുമായി ഇരിക്കുമ്പോൾ അകത്തെ മുറിയിൽ നിന്നു വന്ന് അമ്മയെന്നെ കുറേ നേരം നോക്കി. എന്നിട്ട്‌ ചെറിയൊരു സംശയത്തോടെ ചോദിച്ചു:

“നീ സത്യന്‍ തന്നെ അല്ലേ?”
ആരോഗ്യത്തിനു വലിയ തകരാറില്ലെങ്കിലും ഓർമ ഇടയ്ക്കിടയ്ക്ക് അമ്മയോട് പിണങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. പ്രായം എണ്‍പതിനടുത്തായതുകൊണ്ട് അതു സ്വാഭാവികമാണെന്നു ഡോക്ടര്‍മാർ. (എണ്‍പതല്ല തൊണ്ണൂറായാലും ഓര്‍മയും ബുദ്ധിയും കൂടുതല്‍ കരുത്താര്‍ജിക്കുന്നവരെ രാഷ്ട്രീയരംഗത്ത്‌ ധാരാളം കാണാറുണ്ട്‍. അമ്മ പക്ഷേ പാവം ഒരു നാട്ടിന്‍പുറത്തുകാരിയായിരുന്നു.)
ഞാന്‍ സത്യൻ തന്നെയാണെന്നു പറഞ്ഞപ്പോള്‍ അമ്മ ചോദിച്ചു: “നമുക്കിനി നമ്മുടെ വീട്ടിലേക്ക്‌ പൊയ്ക്കൂടേ?”
അതെന്നെ അല്പം അതിശയിപ്പിച്ചു. “ഇതല്ലേ നമ്മുടെ വീട്‌?”

അമ്മ സമ്മതിക്കുന്നില്ല. ശരിക്കുള്ള വീട് അമ്മയ്ക്ക്‌ അറിയാമെന്നും വേണമെങ്കില്‍ കാണിച്ചുതരാമെന്നും പറഞ്ഞപ്പോള്‍ ഒരു കൗതുകത്തിന്‌ ഞാന്‍ അമ്മയോടൊപ്പം കൂടി.

കാറിന്റെ താക്കോലെടുത്ത്‌ ഭാര്യയോട്‌ വിളിച്ചുപറഞ്ഞു: “ഞാനും അമ്മയും കൂടി നമ്മുടെ വീട്ടിലേക്കൊന്നു പോവുകയാ.”

നിമ്മി അല്പം അതിശയവും ചെറിയൊരു ചിരിയുമായി നിന്നു.

അമ്മ എല്ലാവരോടും യാത്ര പറഞ്ഞ്‌ എന്റെയൊപ്പം കാറില്‍ കയറി. “ആ അയ്യപ്പെണ്ണിനെക്കൂടി വിളിക്കാമായിരുന്നു. കുറച്ചു ദിവസമായി വീട്‌ അടച്ചിട്ടിരിക്കുന്നതുകൊണ്ട്‌ മുറികളൊക്കെ പൊടി പിടിച്ച്‌ കിടക്കുകയാവും.”

വീട്ടുജോലികളില്‍ വല്ലപ്പോഴും നിമ്മിയെ സഹായിക്കാന്‍ വരുന്ന സ്ത്രീയാണ്‌ അയ്യപ്പെണ്ണ്‌. ‘ആദ്യം വീട്‌ കണ്ടെത്തട്ടെ. പിന്നീടാവാം അടിക്കലും തുടയ്ക്കലും’ എന്നു പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചു. ഒരു കുട്ടിയുടെ കൗതുകത്തോടെ അമ്മ മുന്‍സീറ്റിലിരുന്നു. അന്തിക്കാട്ടെ ഓരോ ഇടവഴികളിലൂടെയും ഞാന്‍ കാറോടിച്ചു. ഇടയ്ക്ക്‌ ചോദിക്കും, “വീടെവിടെ അമ്മേ?”

“നീ നേരെ നോക്കി വണ്ടിയോടിക്ക്‌.”

ആ യാത്രയില്‍ അമ്മ പഴയ കുറേ കാഴ്ചകള്‍ കണ്ടു. അന്തിക്കാട്ടെ ദേവീക്ഷേത്രം, അമ്പലക്കുളം, പള്ളി, പോലീസ്‌ സ്റ്റേഷൻ‍, ചില ബന്ധുക്കളുടെ വീടുകൾ. അടുത്ത കാലത്തൊന്നും ആ വഴികളിലൂടെ അമ്മ വന്നിട്ടില്ല. ഓരോ സ്ഥലത്തെത്തുമ്പോഴും ആ സ്ഥലത്തെപ്പറ്റിയുള്ള പരാമര്‍ശമുണ്ടാവും.

രജിസ്ട്രാര്‍ ഓഫീസ്‌ കണ്ടപ്പോള്‍ പറഞ്ഞു: “അതിനു പുറകിലുള്ള വീട്ടിലാണ്‌ നീ ജനിക്കുന്നതിനു മുമ്പ്‌ നമ്മള്‍ താമസിച്ചിരുന്നത്‌.”

അതു ശരിയാണെന്ന്‌ എനിക്കും അറിയാമായിരുന്നു.

അമ്പലത്തിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവിടെയിരുന്നുകൊണ്ടുതന്നെ അമ്മ ദേവിയെ തൊഴുതു. പള്ളി പുതുക്കിപ്പണിഞ്ഞതെപ്പോള്‍ എന്ന്‌ ചോദിച്ചു. പോലിസ് സ്റ്റേഷന്‌ ഒരു മാറ്റവുമില്ലല്ലോ എന്നു പറഞ്ഞു. അങ്ങനെ പോയിപ്പോയി എന്റെ ചേച്ചിയുടെ വീടെത്തി. ചേച്ചി കാറിനടുത്തേക്ക്‌ ഓടി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: “ഇറങ്ങുന്നില്ല. അമ്മ എനിക്ക്‌ നമ്മുടെ വീട്‌ കാണിച്ചുതരാമെന്നു പറഞ്ഞ്‌ പുറപ്പെട്ടതാണ്‌.”

നീണ്ട ഒരു ചുറ്റിയടിക്കലിനു ശേഷം പുറപ്പെട്ട അതേ സ്ഥലത്തേക്ക്‌ തിരിച്ചെത്തിയപ്പോള്‍ അത്ഭുതം പോലെ അമ്മ പറഞ്ഞു: “ഇതല്ലേ നമ്മുടെ വീട്!”

ഒരു തമാശയ്ക്കാണ്‌ അമ്മയേയും കൊണ്ട്‌ കറങ്ങിയതെങ്കിലും അത്‌ അമ്മയിലുണ്ടാക്കിയ സന്തോഷം എന്നെ അതിശയിപ്പിച്ചു. എത്ര വിശിഷ്ടമായ ആഹാരം – എത്ര മനോഹരമായ പട്ടുപുടവ – കൊണ്ടുകൊടുത്താലും കിട്ടാത്ത ആനന്ദം അമ്മയുടെ മുഖത്ത്‌ ഞാന്‍ കണ്ടു. ഇനി ഇടയ്ക്കൊക്കെ അമ്മയെ ഇത്തരം കൊച്ചുകൊച്ചു സന്തോഷങ്ങളിലേക്ക്‌ കൊണ്ടുപോകണമെന്ന്‌ അന്ന്‌ ഉറപ്പിച്ചു.
പക്ഷേ, അതിനു കാത്തുനില്‍ക്കാതെ ഒരാഴ്ചയ്ക്കുള്ളില്‍ പെട്ടെന്നൊരു ഉച്ചയ്ക്ക്‌ അമ്മ ഞങ്ങളെ വിട്ടുപോയി.

ഒരു അമ്മയുടെ കാഴ്ചപ്പാടിലൂടെ, നമ്മുടെ കുടുംബങ്ങളിലുണ്ടാവുന്ന സ്നേഹത്തകര്‍ച്ചയെപ്പറ്റി ഒരു കഥ ആലോചിച്ചാലോ എന്ന്‌ തിരക്കഥാകൃത്ത്‌ രഞ്ജന്‍ പ്രമോദ്‌ ചോദിച്ചപ്പോള്‍ പെട്ടെന്ന്‌ എനിക്കൊരു ആകര്‍ഷണം തോന്നാന്‍ ഈ അനുഭവം കാരണമായിട്ടുണ്ടാവാം. നമ്മളെല്ലാം അച്ഛനമ്മമാരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരാണ്‌. വേണ്ടതൊക്കെ അവർ ആവശ്യപ്പെടാതെതന്നെ നല്‍കുന്നവരാണ്‌. പക്ഷേ, അവര്‍ ആഗ്രഹിക്കുന്നതെന്തെന്ന്‌ നമ്മള്‍ അന്വേഷിക്കാറുണ്ടോ? ആ അന്വേഷണമാണ്‌ ‘മനസ്സിനക്കരെ’ എന്ന സിനിമയിലേക്ക്‌ നയിച്ചത്‌.

അമ്മയുടെ മനസ്സ്‌ സ്നേഹത്തിന്റെ കടലാണ്‌. സമ്പത്തും സാകര്യങ്ങളുമൊക്കെ ഇക്കരെയുണ്ടാവാം. അവര്‍ ആഗ്രഹിക്കുന്ന സന്തോഷത്തിന്റെ പൊൻവെളിച്ചം അക്കരെയാണെങ്കിൽ സമ്പത്തിനും സൗകര്യങ്ങൾക്കും എന്തു പ്രസക്തി?

(ടോം ജെ മങ്ങാട്ട് എഡിറ്റ് ചെയ്ത അമ്മയെന്റെ രാജ്യമാണ് എന്ന ഓർമകളുടെ സമാഹാരത്തിൽ സത്യൻ അന്തിക്കാട് എഴുതിയത്. ഇ വി കൃഷ്ണപിള്ള, എം ലീലാവതി, ദേവകി നിലയങ്ങോട്, ജെറി അമൽദേവ്, ശ്രീകുമാരൻ തമ്പി, സേതു, കെ അജിത, ജോർജ് ജോസഫ് കെ, സുധക്കുട്ടി, എസ് ശാരദക്കുട്ടി, ജോയ് മാത്യു, രവി മേനോൻ, എൻ ഇ സുധീർ, ബോബി ജോസ് കട്ടികാട്, പ്രിയ എ എസ്, എസ് കണ്ണൻ, സജ്‌ന ഷാജഹാൻ, പ്രിയ ജോസഫ്, സുനീത ടി വി, സീന ജോസഫ്, സോണിയ ചെറിയാൻ, സുരേഷ് സി പിള്ള, കെ രേഖ, ഇന്ദു മേനോൻ എന്നിവരാണ് മറ്റ് എഴുത്തുകാർ.)

Order Nowഅമ്മയെന്റെ രാജ്യമാണ്
എഡിറ്റർ: ടോം ജെ മങ്ങാട്ട്
ഇന്ദുലേഖ പുസ്തകം
2022