മാതൃഭൂമിയിൽ ചേരാൻ ചെന്നപ്പോഴാണ് ഞാൻ എം.ടി.യെ അടുത്തു പരിചയപ്പെടുന്നത്. അതിനു മുമ്പും കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. മാതൃഭൂമി ആപ്പീസിൽ എം.ടി.യും കൃഷ്ണവാരിയരും ഇരിക്കുന്ന മുറിയോട് ചേർന്നുള്ള ചെറിയൊരു സ്ഥലത്താണ് ആർട്ടിസ്റ്റുകൾക്കുള്ള ഇരിപ്പിടം. കൃഷ്ണവാരിയരുടേയും എം.ടി.യുടെയും മുന്നിൽ വലിയ മേശകൾ. അവയെപ്പോഴും പുസ്തകങ്ങളും കൈയെഴുത്ത് പ്രതികളും കൊണ്ട് നിറഞ്ഞിരിക്കും. രണ്ടു പേരെയും കാണാൻ പലരും വന്നുകൊണ്ടിരിക്കും. പല തരത്തിലുള്ളവർ.
കവിതയും ലേഖനങ്ങളുമൊക്കെ എൻ.വി.യാണ് നോക്കിയിരുന്നത്. വാസുദേവൻ നായർ കഥകളും നോവലുകളും നോക്കും. എന്തു തരുമ്പോഴും വര ഇന്നവിധം വേണമെന്ന് കൃഷ്ണവാരിയരും പറയാറില്ല, വാസുദേവൻ നായരും പറയാറില്ല. പൂർണ സ്വാതന്ത്ര്യമെടുത്താണ് വരച്ചിരുന്നത്. കൃഷ്ണവാരിയർക്ക് നല്ല ഫലിതമുണ്ട്. അദ്ദേഹത്തെ ഓർക്കുമ്പോൾ വളരെ നിഷ്‌കളങ്കമായ ആ ചിരിയാണ് ആദ്യം മനസ്സിൽ വരിക. എം.ടി. അന്നും ഇങ്ങനെയൊക്കെ തന്നെയായിരുന്നു; തമാശയൊന്നുമില്ല. മുഖത്തെപ്പോഴും എന്തോ ഒരു ചിന്താഭാവം. കാണാൻ വരുന്നവരോട് വർത്തമാനം പറയുകയൊക്കെ ചെയ്യും.
വാസുദേവൻ നായരും വി.കെ.എന്നുമൊക്കെ ദൃശ്യ പ്രധാനമായി എഴുതുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെ വരുമ്പോൾ വര എളുപ്പമാണ്. രണ്ടാമൂഴത്തിന്റെ വര എന്റെ ജീവിതത്തിലെ ഒരു പ്രധാനം ഘട്ടം തന്നെയായിരുന്നു. അതിൽ ഞാൻ ഒരു ഭാരതീയ സങ്കൽപ്പമാണ് മനസ്സിൽ കണ്ടത്. റിയലിസ്റ്റിക്കായ ഒരു വര അതിൽ സാദ്ധ്യമല്ലല്ലോ. രണ്ടാമൂഴത്തിന്റെ കൈയെഴുത്തുപ്രതി എന്നെയേൽപ്പിക്കുമ്പോൾ ജയചന്ദ്രൻ നായർ ഒരു കാര്യം പറഞ്ഞിരുന്നു, ‘വര തുടങ്ങും മുമ്പ് എം.ടി.യെ ഒന്ന് കാണണം’. എം.ടി. തന്നെയാണ് അതാവശ്യപ്പെട്ടത്. അങ്ങനെ ഞാൻ എം.ടി.യെ ചെന്ന് കണ്ടു. മനുഷ്യന്റെ ദുഃഖമായാണ് അദ്ദേഹം ഭീമന്റെ ദുഃഖത്തെ നോക്കിക്കണ്ടത് എന്ന് എനിക്ക് വിശദീകരിച്ചു തന്നു. നമുക്കൊക്കെ സംഭവിക്കുന്നതു പോലെ, കാര്യങ്ങളെല്ലാം ചെയ്യേണ്ടി വരിക, ഒടുക്കം അതിന്റെയൊക്കെ അംഗീകാരം മറ്റു പലരും കൊണ്ടു പോവുന്നത് കണ്ടുനിൽക്കേണ്ടി വരിക… അതെന്റെ മനസ്സിൽ പതിഞ്ഞു.
കഥാപാത്രങ്ങൾക്ക് ഒരു പൗരാണികത്വം വേണമെന്ന് ഞാൻ നിശ്ചയിച്ചു. ഭീമനെ ഭീമൻ നായരായിട്ട് വരച്ചാൽ ശരിയാവില്ല. മഹാബലിപുരത്തെയും മറ്റു ക്ഷേത്രങ്ങളിലെയുമെല്ലാം ശിൽപ്പങ്ങളും ചിത്രങ്ങളും ഒക്കെ മനസ്സിലൂടെ കടന്നുപോയി. അങ്ങനെ ഒരു പുതിയ രീതി രണ്ടാമൂഴത്തിനായി മനസ്സിൽ ഉണ്ടാക്കിയെടുത്തു. വാസുദേവൻ നായരുടെ കൈപ്പടയിൽ ഓരോ അധ്യായം വായിക്കുമ്പോഴും ചിത്രം മനസ്സിലങ്ങനെ തെളിഞ്ഞു വന്നു. ജയചന്ദ്രൻ നായർക്കു ശേഷം ആ കൈയെഴുത്തു പ്രതി വായിക്കുന്ന ആൾ ഞാനാണല്ലോ. അതുതന്നെ ഭാഗ്യമായി തോന്നി. എം.ടി.യുടെ അക്ഷരങ്ങൾ നമ്മളോടു സംസാരിക്കുന്നതുപോലെ ഒരു തോന്നൽ. അങ്ങനെ ചിന്തിച്ച് ഭീമന്റെ രൂപം ശരിപ്പെടുത്തി. പിന്നെയെല്ലാം മനസ്സിൽ വന്നുകൊണ്ടിരുന്നു.
എന്റെ വരയുടെ ജീവിതത്തിലും അതൊരു രണ്ടാമൂഴം തന്നെയായി. രണ്ടാമൂഴം ഏറെ സ്വീകരിക്കപ്പെട്ടു. എനിക്കദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട രചന ‘വാരാണസി’ എന്ന നോവലാണ്. ഉള്ളിൽ തട്ടുന്ന അത്ഭുതരചന. അതൊരു വിസ്മയിപ്പിക്കുന്ന രചനയാണ്. അതിനു ഞാൻ വരച്ചിട്ടുണ്ട്. അതു കേരളത്തിൽ നടക്കുന്ന കഥയല്ലല്ലോ, കാശിയിലെ കഥയല്ലേ. ഞാൻ കാശിയിൽ പോയിട്ടുമില്ല. ചില ചിത്രങ്ങളിലൂടെ പരിചയമുണ്ടായിരുന്നു. സത്യത്തിൽ വാസുദേവൻ നായരുടെ മാസ്മരികമായ എഴുത്താണ് എന്റെ വരയെ സഹായിച്ചത്. അതിന്റെ വരയും ആസ്വദിക്കപ്പെട്ടു, സ്വീകരിക്കപ്പെട്ടു. വാനപ്രസ്ഥം എന്ന കഥയ്ക്കും വരച്ചു. ആത്മീയ ഔന്നത്യമുള്ള ഒരു കഥയാണത്. ഗദ്യത്തിൽ രചിച്ച മനോഹരകാവ്യം തന്നെ. നാലുകെട്ടിന്റെ പുതിയ പതിപ്പിനു വരച്ചിരുന്നു. അമ്പതാം വാർഷിക പ്രത്യേക പതിപ്പിനായിരുന്നൂന്ന് തോന്നുന്നു. വാസുദേവൻ നായരുടെ ചലച്ചിത്രാനുഭവങ്ങൾക്കും ആത്മകഥാപരമായ പുസ്തകത്തിനും വരയ്ക്കാൻ എനിക്കു കഴിഞ്ഞു. ഒക്കെ ആസ്വദിച്ചു വരച്ചവയാണ്.
ഒരിക്കൽ ഞാൻ എം.ടി.യുടെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിനൊരു ഫോൺ വന്നു. വിളിച്ചയാൾ അവശനായി കിടക്കുകയായിരുന്നു. അയാൾക്ക് മരിക്കും മുമ്പ് എം.ടി.യോടൊന്നു സംസാരിക്കണം. അതയാളുടെ ഒരാഗ്രഹമാണ്. അയാൾ എം.ടി.യുടെ രചനകളെല്ലാം വായിച്ചിട്ടുണ്ട്. അദ്ദേഹത്തോട് സംസാരിച്ചതിനു ശേഷം എം.ടി. തന്നെയാണ് എന്നോടിത് പറഞ്ഞത്. വായനക്കാർ ഇത്രയും ഇഷ്ടപ്പെട്ട മറ്റൊരു എഴുത്തുകാരനുണ്ടോ?
അദ്ദേഹം വലിയ മനുഷ്യനാണ്. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധ യോടെ കൈകാര്യം ചെയ്യുന്നൊരാൾ. ആവശ്യമില്ലാതെ ഒന്നിലും ഇടപെടില്ല. അനാവശ്യവിവാദങ്ങളിൽ പെടാറില്ല. എഡിറ്റർ എന്ന നിലയിൽ എനിക്ക് വലിയ ബഹുമാനം. ഇപ്പോഴും നല്ല അടുപ്പമാണ്. ഞങ്ങളുടെ ബന്ധത്തെപ്പറ്റി എം.ടി. തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഒരേ പേരുകാരാണ്, രണ്ടു വാസുദേവന്മാർ. ഒരേ ഓഫീസിൽ ഒരുപാട് കാലം അടുത്തടുത്തിരുന്ന് ജോലി ചെയ്തിരുന്നവരാണ്. ഞങ്ങൾ പൊന്നാനിക്കാരാണ്. അങ്ങനെ ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്.
എം.ടി.യോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. ആദ്യകാലത്ത് അദ്ദേഹത്തിന്റെ കഥകൾക്ക് വരയ്ക്കാൻ സാധിച്ചില്ല എന്നൊരു ദുഃഖമെനിക്കുണ്ട്. അദ്ദേഹം മാതൃഭൂമിയിൽ ജോലി ചെയ്യുന്ന കാലത്ത് അവിടെ എഴുതുന്ന പതിവില്ലല്ലോ. എം.ടി. വലിയ എഴുത്തുകാരനാണ്; എഴുത്തുകാരനാണ് എന്ന് ഒരിക്കലും അവകാശപ്പെടാത്ത വലിയ എഴുത്തുകാരൻ. എഴുത്തുകാരന്റെ അന്തസ്സ് കൈവിടാത്ത ഒരാൾ.
ഇന്നലെ
നമ്പൂതിരി / എൻ ഇ സുധീർ
ഇന്ദുലേഖ പുസ്തകം
2022