എം ലീലാവതി എന്ന അത്ഭുതത്തെ അളക്കാനുള്ള അളവുകോൽ മലയാളിക്ക് നഷ്ടമായ ഒരു കാലത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്. ടീച്ചർ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ആ സ്നേഹലാളനകൾ ഏറെ അനുഭവിക്കാൻ സാധിച്ചു എന്നതിൽ അഭിമാനിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. ആ ജീവിതത്തെ അടുത്തറിയാൻ, അതിന്റെ ആഴവും പരപ്പും കാണാൻ കുറെയൊക്കെ സഹായിക്കുന്ന ടീച്ചറുടെ ആത്മകഥയാണ് ഈയിടെ പ്രസിദ്ധീകരിച്ച ’ധ്വനിപ്രയാണം’.

1929-ൽ ജനിച്ച ഒരു മലയാളി സ്ത്രീയുടെ ബൗദ്ധിക ജീവിതത്തിന്റെ ഏറെക്കുറെ സമഗ്രമായ ഒരു വിവരണമാണ് അതിലുള്ളത്. ആ യാത്ര നടന്ന കാലത്തിന്റെ കഥ കൂടിയാണത്. നല്ല ആത്മകഥകൾ അങ്ങനെയാണ്. അവ വ്യക്തിയുടെ ജീവിതത്തോടൊപ്പം വ്യക്തിയെ നിർമിച്ചെടുത്ത ജീവിതകാലത്തെയും ജീവിത പരിസരത്തെയും കൂടി അടയാളപ്പെടുത്തും. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളീയ ജീവിതത്തിന്റെ വലിയൊരു ചിത്രം ഈ ആത്മകഥയിലുണ്ട്. മരുമക്കത്തായ സമ്പ്രദായത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു മലയാളി ദമ്പതിമാരുടെ ജീവിതം എത്രമാത്രം സംഘർഷഭരിതമായിരുന്നു എന്ന് ഈ കൃതി കാണിച്ചു തരുന്നു. അതുവഴി ആത്മകഥകളിലൂടെ കാലത്തിന്റെ സാംസ്കാരിക ചരിത്രം കൂടി വായിച്ചെടുക്കാൻ സാധിക്കും എന്നതിന്റെ മികച്ച മാതൃകയാവുകയാണ് ലീലാവതി ടീച്ചറുടെ ‘ധ്വനിപ്രയാണം.’

ടീച്ചർ എഴുതുന്നു: “ഒരു ശനിയാഴ്ച ഞാൻ വീട്ടിലുണ്ടായിരുന്ന സമയത്തുണ്ടായ സംഭവം ‘ആസ്ഥ – അനാസ്ഥ’കളുടെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു. എന്തോ ആവശ്യത്തിന് – റേഷൻ വാങ്ങാനാണെന്ന് തോന്നുന്നു – അമ്മ അച്ഛനോട് പത്തുറുപ്പിക ചോദിച്ചു. കൈയിലില്ലെന്ന് അച്ഛൻ കൈയൊഴിഞ്ഞു. അമ്മ വായ്പ ചോദിക്കാൻ കിഴക്കേ മണ്ടനാട്ടേക്ക് പോയി. ആ നേരത്ത് മരുമകൻ അച്ഛനെ കാണാനെത്തി; പത്താം ക്ലാസിന്റെ കടമ്പ കടക്കാനാവാതെ ഉഴന്നു നടക്കുകയായിരുന്ന രണ്ടാം മരുമകൻ. “ഉടനെ 200 രൂപ കിട്ടണം. ഇല്ലെങ്കിൽ റെയ്ലിൽ തല വെക്കും.” കുട്ടിയായിരുന്ന ശ്രീധരൻ അത് കേട്ടു നിന്നിരുന്നു. അച്ഛൻ പണമില്ലെന്നു തന്നെയാണ് മറുപടി കൊടുത്തതെങ്കിലും അകത്തു പോയി പെട്ടി തുറക്കുന്നതും പണമെടുക്കുന്നതും അവൻ കണ്ടിരുന്നു. അച്ഛൻ പടിക്കലേക്കുള്ള നീണ്ട വഴി നടന്ന് മരുമകനൊപ്പം പോയി. ശ്രീധരൻ പിന്നാലെ പോയത് അവർ ശ്രദ്ധിച്ചില്ലായിരിക്കാം. അടുക്കളയിലായിരുന്നതിനാൽ ഞാൻ ഒന്നുമറിഞ്ഞില്ല. പടിക്കൽ വെച്ച് അച്ഛൻ മരുമകന് ഒരു പൊതി കൊടുക്കുന്നത് ശ്രീധരൻ കണ്ടു. അമ്മ തിരിച്ചു വന്നപ്പോൾ ശ്രീധരൻ ഇക്കാര്യം പറഞ്ഞു. അമ്മയ്ക്കു കലി കയറി. അമ്മ അവിടെ കണ്ട ‘ആയുധം’ ഒരു ചെറിയ ആവണപ്പലകയായിരുന്നു. അതു കൊണ്ട് സ്വന്തം തലയ്ക്കടിക്കാനാഞ്ഞപ്പോഴേക്ക് ഞാനൊരു തട്ടു കൊടുത്തതിനാൽ പലക കട്ടിളപ്പടിയിലടിച്ച് നിലത്തു വീണു. അത് പൊളിഞ്ഞു. ഇരുമ്പുവാറു കൊണ്ട് കൂട്ടിക്കെട്ടിയ ആ പലക കറുത്ത മുഖവുമായി, അച്ഛനമ്മമാരുടെ മാനസിക ബന്ധത്തിന്റെ പ്രതീകമായി എന്റെ സൂക്ഷിപ്പിലിരിപ്പുണ്ട്.” (പേജ് 284)

അക്കാലത്ത് വീട് എന്നത് ചെല്ലാനിഷ്ടപ്പെടാത്ത ഒരിടമായിരുന്നു എന്നാണ് ടീച്ചർ എഴുതുന്നത്. “ഒഴിവുകാലത്ത് വീട്ടിലെത്തുമ്പോൾ മാത്രമാണ് മാനുഷബന്ധങ്ങളിലെ ഇറക്കാനും തുപ്പാനുമാവാത്ത കയ്പുകൾ നുകരേണ്ടി വന്നത്. അച്ഛനമ്മമാർ തമ്മിലുള്ള സ്പർധകൾക്കു പുറമേ അമ്മയും മുത്തശ്ശിയമ്മയും തമ്മിലുണ്ടായ അകൽച്ച വല്ലാത്ത വീർപ്പുമുട്ടലുണ്ടാക്കി. ഹോസ്റ്റലിലെ കൂട്ടുകാർ ഒഴിവുകാലത്തിനു വേണ്ടി കാത്തു കൊതിച്ചിരിക്കുമ്പോൾ എനിക്കതൊരു പേടിസപ്നം ആയിരുന്നു.” (പേജ് 279)

മക്കളേക്കാൾ മമത മരുമക്കളോടു പുലർത്തുവാൻ നിർബന്ധിതരായ ആണുങ്ങൾ മരുമക്കത്തായത്തിന്റെ പിടിയിലായിരുന്നു. അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും ആ സമ്പ്രദായത്തിന്റെ ഇരകളും. അതോടൊപ്പം ഇതിനെ വെല്ലുവിളിച്ചുകൊണ്ട് ധീരയായി ജീവിച്ച ഒരമ്മയേയും ഇതിൽ കാണാൻ കഴിയുന്നു – ടീച്ചറുടെ അമ്മ. “എനിക്ക് അഞ്ച് ആൺമക്കളാണ്. അവരെ ഞാൻ എങ്ങനെയെങ്കിലും വളർത്തും. നിങ്ങളാരും തോൽപ്പിച്ചാൽ ഞാൻ തോൽക്കില്ല. ദൈവം തോൽപ്പിച്ചാലേ തോൽക്കൂ.” ഇതായിരുന്നു ടീച്ചറുടെ ശക്തയായ അമ്മയുടെ ഉറച്ച നിലപാട്. അവരതിൽ വിജയിക്കുകയും ചെയ്തു. എന്തോ കാരണം കൊണ്ട് ലീലാവതിയേയും ആ അമ്മ ആണാക്കി. ആ മകളിലൂടെ അമ്മയുടെ വേറിട്ട ഒരു ചിത്രം വായനക്കാരിലെത്തുകയാണ്.

“പരിണാമ പ്രക്രിയയിൽ ജീവികളിലെ കനിഷ്ഠനായ ഹോമോസാപ്പിയൻസ് എന്ന് പൊതുപ്പേരുള്ള മനുഷ്യനു മാത്രമാണോ സർഗശക്തി നിയതി കനിഞ്ഞരുളിയിട്ടുള്ളത്?” ഇങ്ങനെയൊരു ചോദ്യത്തോടെയാണ് ‘ധ്വനിപ്രയാണം’ തുടങ്ങുന്നത്. (പേജ് 9) എട്ടുകാലി വല നെയ്യുന്നതു പോലുള്ള ഇതരജീവി പ്രവർത്തനങ്ങൾ നിരത്തി മറ്റു ജീവജാലങ്ങളും ചില സർഗപ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നാണ് തുടർന്ന് വിശദീകരിക്കുന്നത്. എന്നാൽ ഇവയെല്ലാം സഹജപ്രേരണ മാത്രമാണ് എന്നും തുടർന്ന് ടീച്ചർ വിലയിരുത്തുന്നുണ്ട്. അതേ സമയം മനുഷ്യന്റെ സർജനക്രിയകളിലാകട്ടെ ബൗദ്ധിക പ്രവർത്തനം കൂടിയുണ്ട്. അതുവഴി അവന് പുതുമകൾ ആവിഷ്ക്കരിക്കാൻ കഴിയുന്നു.

ബൗദ്ധികതലത്തിൽ ലീലാവതി ടീച്ചർ നടത്തിയ അസാധാരണമായ ഇടപെടലുകൾ ഈ പുസ്തകത്തിൽ നിന്നു മനസ്സിലാക്കാൻ കഴിയും. അവർ വിവിധ കാര്യങ്ങളിൽ നിലപാടുകൾ കെക്കൊള്ളുന്നതിന്റെ വിസ്മയിപ്പിക്കുന്ന ചിത്രമാണ് ഈ ആത്മകഥയിലെ മറ്റൊരു ഭാഗം. എന്തിനെക്കുറിച്ചെഴുതുമ്പോഴും സമൂഹത്തെക്കുറിച്ചുള്ള കരുതൽ ടീച്ചറിലുണ്ട്. രാഷ്ട്രീയ പ്രസക്തമായ ആശയങ്ങൾ സന്ദർഭോചിതമായി സമന്വയിപ്പിക്കാൻ ടീച്ചർ കാണിക്കുന്ന വ്യഗ്രത പ്രത്യേകം നോക്കിക്കാണേണ്ടതാണ്. ടീച്ചറെഴുതിയ കവിതാപഠനങ്ങൾക്കിടയിലും ഇവ കാണാം.

ഈ ആത്മകഥയിൽ മുന്നോട്ടു വെക്കുന്ന ഒരാശയം ഇതാണ്: “അന്നും ഇന്നും ഞാൻ പുലർത്തിപ്പോരുന്ന ഒരു ദിവാസ്വപ്നസദൃശമായ ആശയമുണ്ട്. സ്വാമി വിവേകാനന്ദനെയും മാർക്സിനെയും അഥവാ ഗാന്ധിജിയെയും മാർക്സിനെയും സമന്വയിപ്പിക്കുന്ന രീതിയിൽ ഭാരതീയരുടെ ആസ്തിക്യബോധത്തെ മാർക്സിസത്തോട് ഇണക്കിച്ചേർക്കുന്ന ഒരു ഇന്ത്യൻ കമ്യൂണിസം രൂപപ്പെടുത്താൻ ഇവിടെ നേതാക്കളുണ്ടായിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ദയനീയമായ അപചയം പില്ക്കാലത്തു സംഭവിക്കുകയില്ലായിരുന്നു എന്ന്. ഈ ആശയം ആദ്യം രേഖപ്പെടുത്തിയത് നാല്പതു കൊല്ലം മുൻപെഴുതിയ ഒരു ലേഖനത്തിലാണ്.” (പേജ് 112)

സമാനമായ ഒരു ആശയം 2019-ൽ ടീച്ചറെഴുതിയത് ഞാൻ കണ്ടിട്ടുണ്ട്. അദ്ധ്യാത്മരാമായണത്തിന്റെ ഒരു പതിപ്പിനെഴുതിയ പ്രവേശികയിൽ എം ലീലാവതി ഇങ്ങനെ കുറിച്ചു: “ഭക്തിപ്രസ്ഥാനം, വർണശ്രേണിയിലെ ഉന്നതരോട് ‘ഈശ്വരനിൽ നിങ്ങൾക്കെന്ന പോലെ ഞങ്ങൾക്കും അവകാശമുണ്ട്’ എന്നു ഗർജിക്കാൻ ഉയിർത്തെഴുന്നേറ്റ താഴ്ന്നവരുടെ ഒരു കലാപം കൂടിയായിരുന്നു. അതും ഒരു സമത്വ സംസ്ഥാപന ലക്ഷ്യത്തോടെയുള്ള വിപ്ലവമായിരുന്നെന്ന് ആർത്ഥിക സമത്വപ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ ആദ്യകാലത്തു തിരിച്ചറിഞ്ഞില്ല. മതം മയക്കുമരുന്നെന്ന വിശ്വാസത്താൽ ‘വിശ്വാസി’കളെ നിരാകരിച്ചില്ലായിരുന്നെങ്കിൽ, ബഹുഭൂരിപക്ഷം ദരിദ്രരായ എല്ലാ ഭാരതീയ സംസ്ഥാനങ്ങളിലും വിപ്ലവതത്ത്വശാസ്ത്രത്തിന് രൂഢവും വ്യാപകവുമായ വേരോട്ടമുണ്ടാകുമായിരുന്നു.”

പ്രതിഭയുടെ പ്രകാശധാരയാണ് അവർ അക്ഷരങ്ങളിലൂടെ വിന്യസിച്ചു കൊണ്ടിരിക്കുന്നത്. ആ മഹാസഞ്ചരത്തെ അടുത്തറിയാൻ ഈ ഗ്രന്ഥം വഴിയൊരുക്കുന്നു. മാനവരാശിയിലുള്ള വിശ്വാസവും കരുതലും ആ ജീവിതത്തെ മുന്നോട്ടു നയിച്ച പ്രാണശ്വാസം തന്നെയായിരുന്നു. അതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ ആത്മകഥ. എം ലീലാവതിയെ നമ്മൾ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ? എന്നെ എപ്പോഴും അലട്ടുന്ന ഒരു ചോദ്യമാണത്; ഇപ്പോഴും!

Order Nowധ്വനിപ്രയാണം
ആത്മകഥ
എം ലീലാവതി
മാതൃഭൂമി ബുക്സ്