“ഇരട്ടമുഖമുള്ള മനുഷ്യരാണ് ചുറ്റും. ചിന്തിക്കുന്നതൊന്ന്, പറയുന്നത് മറ്റൊന്ന്. പറയുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. തെക്കോട്ടേക്ക് പോകുന്നെന്നു പറഞ്ഞ് വടക്കോട്ടേക്ക് പോകും. ചിരിച്ച മുഖത്തിനു പുറകിൽ പകയുടെയും ചതിയുടെയും കനലുകൾ സമർത്ഥമായി ഒളിപ്പിക്കുന്ന ചെകുത്താന്റെ സന്തതികൾ. ലോകത്ത് മനുഷ്യനല്ലാതെ മറ്റൊരു മൃഗത്തിനും ഇങ്ങനെയുള്ള സ്വഭാവം ഇല്ലല്ലോ എന്നു സുബേദാർ മേജർ കുട്ടിക്കൃഷ്ണമേനോൻ നെടുവീർപ്പോടെ ആശ്ചര്യപ്പെട്ടു.”

പ്രദീപ് ഭാസ്കർ എഴുതിയ ‘വേട്ട’ എന്ന കഥയുടെ തുടക്കഭാഗമാണിത്. മനുഷ്യാവസ്ഥയിലെ വ്യക്തിമനഃശാസ്ത്രം കണ്ടെത്താൻ ശ്രമിക്കുന്ന കഥാകൃത്താണ് പ്രദീപ് ഭാസ്കർ. ‘വേട്ട’ എന്ന കഥയിലൂടെയും അതുതന്നെയാണ് കഥാകൃത്ത് അന്വേഷിക്കുന്നത്. മറ്റൊരു കാലത്താണ് കഥ നടക്കുന്നത്. കുഞ്ഞനന്തൻ നമ്പ്യാർ എന്ന കഥാപാത്രം ചാലിയാർമുക്ക് എന്ന സ്ഥലം കൈക്കലാക്കാൻ നടത്തുന്ന വേറിട്ട വഴികളാണ് കഥയുടെ പ്രമേയം. വേട്ടക്കാരൻ കൂടിയായ അദ്ദേഹം വേട്ടയെ ഉപയോഗിച്ചുകൊണ്ട് ആഗ്രഹം സാധിച്ചെടുക്കുന്നു. ഒരു നുണക്കഥയിലൂടെ കൃത്രിമവേട്ട തയാറാക്കി സ്ഥലംഅധികാരിയെ പറ്റിക്കുകയാണ്. ഒടുക്കം അതിനു കൂട്ടുനിന്നയാളെ ഭാവിയിൽ വിനയാവുമോ എന്ന ഭീതിയാൽ നിഷ്കരുണം വെടിവെച്ചു കൊല്ലുന്നു. സ്വന്തം ലാഭത്തിനായി പറ്റിക്കലും ചതിയും മടികൂടാതെ ചെയ്യുന്ന ഒരു കഥാപാത്രത്തെ ഈ കഥയിൽ കാണാം.

ആഖ്യാനത്തിലെ ചടുലതയാണ് ഈ കഥയുടെ സവിശേഷതയായി തോന്നിയത്. ഒരു സത്യാനന്തര സംഭവചിത്രീകരണമായും ഈ കഥയെ വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. മനുഷ്യൻ എന്ന സവിശേഷജീവിയുടെ വിചിത്രവും വിരസവും വികലവുമായ പല മുഖങ്ങളും കാണിച്ചു തരിക എന്നത് എഴുത്തുകാരന്റെ ദൗത്യമാണ്.

ഇങ്ങനെ, മനുഷ്യപ്രകൃതത്തെ സവിശേഷമായി അടയാളപ്പെടുത്തുന്ന പ്രദീപിന്റെ പത്തു കഥകളുടെ സമാഹാരമായ ‘മറിയമേ ഞാൻ നിന്നോട് കുമ്പസാരിക്കുന്നു’ എന്ന പുസ്തകത്തിലെ ആദ്യ കഥയാണ് ‘വേട്ട’. സർപ്പപുരാണം, വായനയുടെ ചരിത്രം, മരിച്ചവരെക്കുറിച്ച് പറയുമ്പോൾ അയാൾ എന്നീ കഥകൾ മലയാള ചെറുകഥയുടെ വേറിട്ട മുഖം അടയാളപ്പെടുത്തുന്നവയാണ്.

ഭാഷയിലൂടെ ദൃശ്യാവിഷ്ക്കരണം നടത്തുന്ന കഥകളാണിവ. ആഖ്യാനത്തിലെ ആന്തരികശക്തി എടുത്തു പറയേണ്ടതുണ്ട്. അസാധാരണമായ യുക്തിയോടെയാണ് ഓരോ കഥയിലെയും പ്രമേയത്തെ കഥാകൃത്ത് സമീപിച്ചിരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള സാധാരണ ജീവിതങ്ങൾക്കകത്തെ ഭീഷണമായ യാഥാർത്ഥ്യത്തെ ഈ കഥകളിലേക്ക് പ്രദീപ് അനായാസേന സന്നിവേശിപ്പിച്ചിരിക്കുന്നു. ദേശവും കാലവുമൊക്കെ അതിൽ ഇഴചേർന്നു കടപ്പുണ്ടെങ്കിലും അവയുടെ അതിർവരമ്പുകളെ മറികടക്കാൻ ആഖ്യാനത്തിലൂടെ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്.

കാമാഖ്യ എന്ന ആദ്യ നോവലിലൂടെ തന്റെ സർഗാത്മക സിദ്ധി തെളിയിച്ച എഴുത്തുകാരനാണ് പ്രദീപ് ഭാസ്കർ. സ്വന്തം ചുറ്റുപാടുകളോടുള്ള പ്രതിഷേധാത്മകമായ പ്രതികരണമാണ് പ്രദീപ് ഭാസ്കറിന് എഴുത്ത്. ഈ പുസ്തകവും അങ്ങനെതന്നെ.

Order Nowമറിയമേ ഞാൻ നിന്നോട് കുമ്പസാരിക്കുന്നു
കഥകൾ
പ്രദീപ് ഭാസ്കർ
മാതൃഭൂമി ബുക്സ്