അറിഞ്ഞോ അറിയാതെയോ അകാലത്തിൽ ജീവിതത്തോട് വിട പറഞ്ഞവരുടെ ശരീരങ്ങളെടുക്കുകയും അവർക്ക് മാന്യമായ അന്ത്യയാത്രയൊരുക്കുകയും ചെയ്യുന്ന വിനു പി എന്ന മഹാനായ മനുഷ്യൻ സ്വന്തം ജീവിതം പറയുന്ന നിയാസ് കരീമിന്റെ ‘മരണക്കൂട്ട്’ വായിച്ചുതീർത്തത് ഇന്ന് ഒറ്റ ദിവസം കൊണ്ടാണ്. ഒടുവിൽ, പുസ്തകം അടച്ചുവച്ചിട്ട് കുറച്ചുനേരം അങ്ങനെ ഇരുന്നു. ജീവിതം പെട്ടെന്ന് ശാന്തവും സൗമ്യവുമായ എന്തോ ഒന്നായി മാറിയതുപോലെ തോന്നി; ആരോടും മത്സരിക്കേണ്ടതില്ലാത്ത, ഒന്നും നേടേണ്ടതില്ലാത്ത വളരെ വളരെ ശാന്തമായ ഒരു സംഗതിയാണതെന്നും. നാളെ ഈ തോന്നലുണ്ടാവുമോ എന്നറിയില്ല; പക്ഷേ, ഇന്നതുണ്ട്.

ജീവിതത്തിന്റെ അർത്ഥം നന്നായി പഠിച്ചെടുത്ത ഒരു ഗുരുവിനെ ഞാൻ കണ്ടു. ആരെന്നറിയാത്ത അയാളുടെ ഗുരുക്കന്മാരെ – ആശാന്മാരെ – അകലെ നിന്ന് അറിഞ്ഞു. അവരുടെ ദർശനം നമ്മളെ ഭയപ്പെടുത്തുന്നത്ര ലളിതമാണ്; അവരുടെ ദൈവം സർവഭയങ്ങളിൽ നിന്നും നമ്മളെ മുക്തരാക്കുന്ന ഒരു മഹാസത്യവും. സ്വന്തം ജീവിതത്തിൽ നിന്നു ഭയം എന്നേന്നേക്കുമായി ഒഴിഞ്ഞുപോയതിനേക്കുറിച്ച് വിനു പറയുന്നിടത്താണ് നിയാസ് എഴുത്തു നിർത്തുന്നത്. എനിക്കു തോന്നുന്നത് ആ ഇടത്തിൽ നിന്ന് നമ്മൾ പുതിയൊരു ജീവിതം ജീവിക്കാൻ തുടങ്ങുമെന്നാണ്. കാരണം, നമ്മുടെ ഭയങ്ങളൊക്കെ വില കുറഞ്ഞ തമാശകളാണെന്നു നമുക്ക് പിടി കിട്ടാൻ തുടങ്ങും.

വിനുവിനെയും ബിൻസിയേയും കണ്ടിട്ടുണ്ട്, ഈ പുസ്തകത്തിന്റെ പ്രകാശത്തിന് അവർ കൊച്ചിയിൽ വന്നപ്പോൾ. അവരെ വീണ്ടും കാണണം എന്നു തോന്നുന്നു ഇപ്പോൾ. പിന്നെ കാണണമെന്ന് ആഗ്രഹമുള്ളത് ആലുവ സീനത്ത് തിയറ്ററിന്റെ അടുത്ത് ഹോട്ടൽ നടത്തുന്ന ആ ഇക്കയെയാണ്. കണ്ടുപിടിക്കാൻ എളുപ്പമല്ലെങ്കിലും, സമുദായനേതാവായിരുന്ന ആ ഉപ്പയുടെ മകനെ കാണണമെന്നുണ്ട്; വിനുവിനെ ചൂണ്ടി ‘കാഫറുകള് മയ്യത്തിൽ തൊടണ്ട’ എന്നു പറഞ്ഞ മതഭ്രാന്തരോട്, ‘ഇവൻ തൊട്ടട്ട് മതി വാപ്പാനെ വേറാരും തൊടാൻ’ എന്നലറിയ മകനെ. പിന്നെ, കാനഡയിലുള്ള അനന്തലക്ഷി എന്ന ആ അമ്മയെയും കാണണം; വിനുവും കാണാൻ ആഗ്രഹിക്കുന്ന അമ്മ. പ്രത്യേകിച്ചൊന്നിനുമല്ല, വെറുതെ ഒന്നു തൊടാനാണ്. മനുഷ്യർ മനുഷ്യരെ തൊടുന്നതിലും വലുതായി മറ്റൊന്നുമില്ലെന്ന ബോധം പകർന്നവരെ തൊട്ടറിയാനാണ്.

നിയാസ് കരീം – ചങ്ങാതി, പഴയ സഹപ്രവർത്തകൻ – ഒരൊറ്റയൊരാളുടെ നിശ്ചയദാർഢ്യമാണ് ഈ പുസ്തകം. വിനു എന്ന വെളിച്ചത്തെ പറയുടെ കീഴിൽ നിന്ന് പുറത്തേക്കെടുത്തതിന്, ഒരു ലക്ഷണമൊത്ത മനുഷ്യനെ ഇരുട്ടിൽ നിന്ന് പകലിലേക്ക് നീക്കി വച്ചതിന് മലയാളത്തിലെ വായനക്കാർ ഈ പത്രപ്രവർത്തകനോട് എന്നും കടപ്പെട്ടിരിക്കും.

Order Nowമരണക്കൂട്ട്
ആത്മകഥ
വിനു പി., നിയാസ് കരീം
മാതൃഭൂമി ബുക്സ്