അന്ന മഗ്ദലേന ബാഹ് ഭർത്താവിനോടും കുട്ടികളോടുമൊപ്പം സുഖമായി ജീവിക്കുകയാണ്. അമ്മയുടെ മരണത്തിനു ശേഷം എല്ലാ ഓഗസ്റ്റിലും അമ്മയെ അടക്കം ചെയ്ത ഒരു കരീബിയൻ ദ്വീപിലേക്ക് അവൾ ഒറ്റയ്ക്ക് യാത്ര പോകാറുണ്ട്. ഈ യാത്രകളിലൊന്നും അവൾ പതിവുകൾ തെറ്റിക്കാറില്ല. എല്ലാ വർഷവും ഓഗസ്റ്റ് 16ന് അവിടെയെത്തി, ഒരേ ടാക്സിയിൽ യാത്ര ചെയ്ത്, ഒരേ പൂക്കാരനിൽ നിന്ന് ഒരേ തരം പൂക്കൾ വാങ്ങി അമ്മയെ അടക്കം ചെയ്ത ശ്മശാനത്തിലെത്തി കല്ലറയിൽ ചെന്ന് അമ്മയുടെ ഓർമയിൽ നിന്നുകൊണ്ട് കഴിഞ്ഞുപോയ വർഷത്തെ കുടുംബസംഭവങ്ങളെപ്പറ്റി അമ്മയോടു ചുരുക്കിപ്പറഞ്ഞ്, ആ രാത്രി അവിടെ തങ്ങി അടുത്ത രാവിലെയുള്ള ബോട്ടിൽ വീട്ടിലേക്ക് മടങ്ങും. അതിനിടയിൽ പ്രിയപ്പെട്ട സംഗീതം ആസ്വദിക്കും. ഇഷ്ടപുസ്തകങ്ങൾ കൈയിലുണ്ടാവും, അവ കുറച്ചൊക്കെ വായിക്കും.
27 കൊല്ലത്തെ ദാമ്പത്യത്തിനിടയിൽ ഒരിക്കൽപ്പോലും അവൾ വിശ്വാസവഞ്ചന നടത്തിയിട്ടില്ല. എന്നാൽ, ആ തവണ ദ്വീപിലെ രാത്രിയിലെ ഡിന്നറിനു ശേഷം അവൾ അപരിചിതനായ ഒരു പുരുഷനെ ആകർഷിച്ച് മുറിയിലേക്കെത്തിക്കുന്നു, രതിക്രീഡയിലേർപ്പെടുന്നു. വളരെ ഉത്സാഹത്തോടെയാണ് അവളതിനു നേതൃത്വം കൊടുക്കുന്നത്. തന്റേതല്ലാത്ത ഒരു പുരുഷനോടൊപ്പമാണ് രാത്രി ചെലവഴിച്ചതെന്ന ചിന്ത അവൾക്കുണ്ടാവുന്നുണ്ട്. അയാളാരെന്നു പോലും അവൾക്കറിയുമായിരുന്നില്ല. ഊരും പേരുമറിയില്ല. ആ മാദകരാത്രിയുടേതായി ബാക്കിയുണ്ടായിരുന്നത് അയാളുടെ ശരീരത്തിന്റെ ഗന്ധം മാത്രമായിരുന്നു.
രാത്രിയിൽ ഉറങ്ങും മുമ്പ് അയാൾ ചോദിച്ചിരുന്നു, “എന്തുകൊണ്ട് ഞാൻ?”
“പെട്ടന്നുണ്ടായ ഓരാവേശം,” അവൾ മറുപടി പറഞ്ഞു.
“നിങ്ങളെപ്പോലൊരു സ്ത്രീയിൽ നിന്നും ലഭിക്കുന്ന ഒരംഗീകാരമാണിത്,” അയാൾ പറഞ്ഞു.
“ഓ അപ്പോൾ – അതൊരാനന്ദമായിരുന്നില്ല അല്ലേ?”
അവളുടെ ആ ചോദ്യത്തിന് അയാൾ ഉത്തരം പറഞ്ഞില്ല.
സ്വന്തം ഉത്സാഹത്തിൽ നടന്ന രതിയുടെ ആഹ്ലാദത്തിൽ അവളുറങ്ങിപ്പോയി. രാവിലെ ഉണർന്നപ്പോൾ അയാൾ മുറിയിലുണ്ടായിരുന്നില്ല. എന്നാൽ, അവൾ വായിച്ചു കൊണ്ടിരുന്ന ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ എന്ന പുസ്തകത്തിന്റെ താളുകളുടെ ഇടയിൽ അയാൾ വെച്ച ഇരുപതു ഡോളറിന്റെ ഒരു നോട്ടുണ്ടായിരുന്നു. അതവളെ വല്ലാതെ അസ്വസ്ഥയാക്കി. താൻ അപമാനിതയായല്ലോ എന്നവൾ ചിന്തിക്കുന്നു. അയാൾ തന്നെ ഒരു വേശ്യയായി കണ്ടതിലുള്ള അസ്വസ്ഥതയോടെയാണ് അവൾ മടങ്ങിയത്.
ലോകം ഒരിക്കൽക്കൂടി മാർകേസിയൻ ഭാവനയുടെ ലഹരി നുകരുകയാണ്. അദ്ദേഹം മരിച്ചിട്ട് പത്തുവർഷം പിന്നിടുമ്പോൾ അവിചാരിതമായി ലഭിച്ച ഈ ആനന്ദത്തിന് നമ്മൾ മാർകേസിന്റെ മക്കളോട് നന്ദി പറയണം. ഓർമകൾ കടഞ്ഞെടുത്തുകൊണ്ട് വിസ്മയിപ്പിക്കുന്ന ഭാവനാലോകം സൃഷ്ടിച്ച ആ മാന്ത്രികൻ ജീവിതാസ്തമയകാലത്ത്, തന്നിൽ നിന്നും ഓർമകൾ പടിയിറങ്ങി പോയിക്കൊണ്ടിരുന്ന ഒരു കാലത്ത് വലിയൊരു സർഗാത്മക പോരാട്ടത്തിലൂടെ സൃഷ്ടിച്ചെടുത്ത അപൂർണമെന്നു പറയാവുന്ന രചനയാണ് ഇപ്പോൾ പുറത്തിറങ്ങിയ ‘Until August’ എന്ന ഈ ലഘുനോവൽ.
സ്വന്തം തൃപ്തിക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങൾക്കോ, മിനുക്കുപണികൾക്കോ സാധിച്ചിരുന്നില്ല എന്നതിനാൽ നശിപ്പിച്ചേക്കാമെന്ന് അദ്ദേഹത്തിനു തന്നെ തോന്നിയ ഒരു രചനയാണിത്. എന്നാൽ, മക്കളത് സൂക്ഷിച്ചു വച്ചു. അച്ഛനു തൃപ്തി തോന്നാത്ത ആ രചന മക്കളുടെ പുനർചിന്തയിലൂടെ പത്തു വർഷങ്ങൾക്കു ശേഷം വായനക്കാരിലെത്തി. അവരുടെ ഈ തീരുമാനത്തിനു പിന്നിലെ ശരിതെറ്റുകളെപ്പറ്റി സാഹിത്യലോകം ചർച്ച ചെയ്യുന്നുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിലെല്ലാം ഈ വിഷയത്തിൽ ലേഖനങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചുവന്നു. സാഹിത്യ ലോകം രണ്ടു തട്ടിലാണ്. അത്തരമൊരു കൃതി പുറത്തു വരുന്നത് അദ്ദേഹത്തിനോടു ചെയ്യുന്ന ഒരു ക്രൂരതയാണെന്ന് ഒരു പക്ഷം. മാർക്കേസിന്റെ ഒരു രചന എത്ര തന്നെ അപൂർണമാണെങ്കിലും വായനക്കാർക്ക് ലഭ്യമാക്കേണ്ടതാണെന്ന് മറ്റൊരു കൂട്ടർ.
സാഹിത്യ ചരിത്രത്തിൽ ഇതൊരു പുതിയ കാര്യമല്ല. സമാനസന്ദർഭങ്ങൾ പല എഴുത്തുകാരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. നബക്കോവ്, ഹെമിങ്‍വേ, കാഫ്ക എന്നിവരുടെ അപൂർണമായ അവസാനരചനകൾ മരണാനന്തരം വർഷങ്ങൾക്കു ശേഷം പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. കാഫ്കയുടെ കാര്യത്തിൽ അവയെല്ലാം മികച്ചവയുമായിരുന്നു. അപൂർണമായ അവസാനരചനയെ മാത്രമെടുത്ത് ആ എഴുത്തുകാരെ വിലയിരുത്തുമ്പോൾ പ്രതിസന്ധിയുണ്ടാകുമെന്നേയുള്ളു; അങ്ങനെയാരും ചെയ്യാറില്ലല്ലോ.
മാർകേസിന്റെ ഈ രചന അപക്വമായ ഒന്നാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാലതിൽ ആ പ്രതിഭാശാലിയുടെ കൈമുദ്രങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. അദ്ദേഹം സൃഷ്ടിക്കാറുള്ള മധുരമായ ഒരു സൗന്ദര്യതലം ഈ ചെറിയ രചനയിലും കാണാൻ കഴിയും. ജിവിതത്തിന്റെ വേറിട്ട ഒരു സൗന്ദര്യം പ്രകാശിതമാക്കാനാണ് മാർകേസ് ഈ കൃതിയിലൂടെയും ശ്രമിക്കുന്നത് എന്നു വേണം മനസ്സിലാക്കാൻ. മധ്യവയസ്കയായ ഒരു സ്ത്രീയുടെ നാലഞ്ചു വർഷത്തെ ജീവിതമാണ് നോവലിലെ പ്രമേയം. അവൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തെയും സന്തോഷത്തെയും കാണിച്ചു തരാനാണ് മാർകേസ് ശ്രമിച്ചിരിക്കുന്നത്.
സാമാന്യം നല്ലൊരു വായനാനുഭവമായി നിൽക്കുമ്പോഴും ഒരു നോവലിന്റെ പൂർണത ഇതിനില്ല എന്നത് യാഥാർഥ്യമാണ്. അപൂർവം ചില സന്ദർഭങ്ങൾ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അന്ന ബാഹ് ഒഴികെ മറ്റൊരു കഥാപാത്രസൃഷ്ടിയും മികവാർന്നതായി തോന്നിയില്ല. ആഖ്യാനത്തിൽ പലേടത്തും കല്ലുകടി അനുഭവപ്പെടുന്നുമുണ്ട്. സന്ദർഭങ്ങൾ പലതും മാർകേസിന് ഉദ്ദേശിച്ചതു പോലെ മികവുറ്റതാക്കാൻ സാധിച്ചില്ല. രോഗത്തിന്റെ പിടിയിലും, താനെഴുതിയത് മികച്ചതായില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ശരിക്കും അദ്ദേഹമപ്പോൾ രണ്ടു മനസ്സിലായിരുന്നിരിക്കും. എഴുതിയതിൽ തൃപ്തി തോന്നുന്നുമില്ല; നശിപ്പിക്കാൻ മനസ്സു വരുന്നുമില്ല. ഈ പുസ്തകത്തിന്റെ എഡിറ്റർ ക്രിസ്റ്റോബൽ പെരാ എഴുതിയ കുറിപ്പിൽ ഇങ്ങനെ വായിക്കാം: “His memory did not allow him to fit together all pieces and corrections of his last version, but the revision of the text was for a time the best way to occupy his days in his study, doing what he most enjoyed: suggesting an adjective to change here, or a detail there.”
എത്ര തന്നെ കുറവുണ്ടെങ്കിലും ഇതു നശിപ്പിക്കാത്തതു നന്നായി എന്നാണ് എന്നിലെ വായനക്കാരനും വിചാരിക്കുന്നത്. വലിയ എഴുത്തുകാരുടെ ഡയറിക്കുറിപ്പുകളും നോട്ടുബുക്കുകളും കത്തുകളുമൊക്കെ കണ്ടെത്തി പുസ്തമാക്കുന്നത് പതിവാണ്. അവരുടെ പ്രതിഭയെ തൊട്ടറിയാൻ സഹായിക്കുന്ന എന്തെങ്കിലും ചിലത് അവിടെയും ഉണ്ടാകും എന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അതങ്ങനെയാണ് വേണ്ടതും.
ആഗസ്തിൽ കാണാം (Until August)
ഗബ്രിയേൽ ഗാർസിയ മാർകേസ്
നോവൽ
ഡി സി ബുക്സ്