ഡി സന്തോഷിന്റെ ‘നല്ലവരുടെ നടപ്പാത’ എന്ന കവിതപ്പുസ്തകം വായിക്കുകയായിരുന്നു. പുസ്തകം നോവൽ പോലെ തുടരൻസ്വഭാവം ഉള്ളതല്ലെങ്കിൽ ഇഷ്ടമുള്ളത് അവിടെയും ഇവിടെയും നിന്ന് തേടിപ്പിടിച്ച് വായിക്കുന്ന ശീലമുണ്ട് എനിക്ക്. ജനാധിപത്യത്തിനു വേണ്ടിയുള്ള ‘മഹത്തായ ചോരചിന്തൽ’ കേട്ടുണർന്ന ഒരു പുലർച്ചെയിൽ തികച്ചും ആകസ്മികമായായി കൈയിലെത്തിയത് ഈ പുസ്തകത്തിലെ ‘ആത്മഹത്യക്കു തൊട്ടു മുൻപ് വായിക്കാൻ’ എന്ന കവിതയാണ്.
“ശവം തിന്നാൻ വിധിക്കപ്പെട്ട ജീവികളായ് പിറന്നവർ
ശവപ്പറമ്പാകാനല്ലേ കൊതിപ്പൂ ഭൂമി
ജീവനുള്ളതെല്ലാം തമ്മിൽ കൊന്നും ചത്തും വീണാലല്ലേ
പാഴ്‍ജന്മങ്ങൾക്കീ ലോകത്ത് ജീവിക്കാനൊക്കൂ…”
നേരുള്ള ചോരകൾ കൈ കോർത്ത കാലത്തിൻ ഓർമകളിരമ്പുന്ന ‘കൊടിമരം: ഒരു കടങ്കഥ’ എന്ന കവിതയും രാഷ്ട്രീയരംഗത്തെ മൂല്യച്യുതിയെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്.
“പുഴ മരിച്ചാലെനിക്കെന്തു സങ്കടം? എങ്ങോ
മലയിടിഞ്ഞാലെനിക്കെന്തു സങ്കടം”
എന്നു പാടുന്ന കവി ലോകത്തിന്റെ ദുരിതങ്ങൾക്ക് നേർക്കു പുറംതിരിഞ്ഞു നിൽക്കുന്ന, അവനവനിസം ശീലമാക്കിയ ‘പുത്തൻ ബുദ്ധന്മാ’രെ നിശിതമായ് വിമർശിക്കുന്നു. സ്വയം വിഗ്രഹമായ് ചമയുന്നവർക്ക് നേർക്കുള്ള ഇടംചുണ്ടിൻ ചിരിയാണ് ‘പേര് പറയാനാകാത്ത വിഗ്രഹങ്ങൾ’. “പിന്തുടരാൻ പൂജ്യങ്ങളുണ്ടെങ്കിൽ ഏതൊന്നിനാണ് മൂല്യമേറാത്തത്?” എന്ന ചോദ്യം ഒരുപാട് മുഖങ്ങൾ ഉള്ളിലേക്ക് കൊണ്ടുവന്നു.
‘നല്ലവരുടെ നടപ്പാത’ എന്ന നീണ്ട കവിതയുടെ ആദ്യ ഭാഗത്ത് നല്ല വേലിയാൽ വേർതിരിയുന്ന പാശ്ചാത്യ അയൽബന്ധസങ്കൽപ്പത്തിന്റെ മറുവശമാണ് കാണുന്നത്. പൂക്കൈത തോടിന്നക്കരെയിക്കരെ സന്തോഷങ്ങളും സന്താപങ്ങളും പകുത്തു ജീവിച്ച രണ്ടു കുടുംബങ്ങൾ ഒടുവിൽ പേയിളകിപ്പാഞ്ഞവരാൽ വേർപിരിക്കപ്പെടുകയാണ്. പിഞ്ഞിപ്പിടയുന്ന നെഞ്ചോടെയല്ലാതെ കവിതാന്ത്യം വായിച്ചു തീർക്കുവാൻ വയ്യ.
എത്ര മാത്രം ശാന്തമായ വ്യക്തിത്വമാണ് സന്തോഷേട്ടന്റേത്. പക്ഷേ, അദ്ദേഹത്തിന്റെ കവിതകളിലെല്ലാം നിറയുന്നത് അരികുജീവിത കലാപങ്ങളാണ്. ഇത്രയേറെ കലാപങ്ങൾ ഉള്ളിൽ പേറുന്നൊരാൾക്ക് എങ്ങനെ ഇത്ര മേൽ ശാന്തനായിരിക്കാൻ കഴിയുന്നു – ആ കവിതകൾ വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഉള്ളിൽ ഉയരുന്ന ചോദ്യമിതാണ്. മൂർച്ചയേറിയ എത്രയേറെ ചോദ്യത്തലപ്പുകളാണ് കവി സമൂഹത്തിനു നേർക്ക് ചുഴറ്റിയെറിയുന്നത്. ഉള്ളിൽ ഇറ്റു ചോര പൊടിയാതെ വായിച്ചു തീർക്കാനാവില്ല ഈ കവിതകൾ.
നല്ലവരുടെ നടപ്പാത വായിച്ചു തീരുമ്പോൾ ഉള്ളിൽ ചില താളുകൾ തുറന്നു തുടങ്ങുകയാണ്. അവനവനോടുള്ള ഒരുപാട് ചോദ്യങ്ങളാണ് അവയിൽ എഴുതപ്പെട്ടിരിക്കുന്നത്. സന്തോഷേട്ടാ, നിങ്ങൾ എന്തിനാണ് എഴുത്തിൽ ഇത്രയേറെ പിശുക്ക് കാട്ടുന്നത്. പുലരാത്ത അമാവാസി രാത്രികൾ മാത്രമുള്ള വ്യഥിതകാലത്ത് അക്ഷരങ്ങൾക്ക് മിന്നാമിന്നിവെട്ടങ്ങളെങ്കിലും ആകാൻ കഴിയുമെന്നുറപ്പ്. ദയവായി ആ പേനയിൽ വീണ്ടും മഷി നിറയ്ക്കൂ.
നല്ലവരുടെ നടപ്പാത
കവിത
ഡി സന്തോഷ്
താമര