രമ്യ എസ് ആനന്ദിന്റെ ‘വഴികളിൽ തെളിയുന്ന മുഖങ്ങൾ’ എന്ന പുസ്തകത്തെ യാത്രാവിവരണം എന്ന വിഭാഗത്തിൽ പെടുത്താനാവില്ല. പ്രസാധകർ അങ്ങനെ പെടുത്തിയിട്ടുമില്ല. Travelogue എന്നല്ല, Travel Memories എന്നാണ് ക്രെഡിറ്റ് പേജിൽ കാണുന്നത്. പുസ്തകം മുഴുവനും വായിച്ചപ്പോൾ അതിന് Travel Stories എന്നാണ് കൂടുതൽ ചേരുകയെന്നു തോന്നി. കാരണം, ഇതിലൊട്ടാകെ നിറഞ്ഞുപരക്കുന്നത് കഥയുടെ ഭാവമാണ്. ഹൃദയഹാരിയായ കുറച്ചു ചെറുകഥകൾ; പ്രത്യേകിച്ചും അതിലെ ‘നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ’ എന്ന ലേഖനം മലയാളത്തിലെ മികച്ച ചെറുകഥകളിൽ ഒന്നാണെന്ന് ഞാൻ പറയും. പ്രസാദാത്മകമാണ് രമ്യയുടെ ഭാഷ. ചെറുകഥയുടെ കെട്ടുറപ്പ്, കവിതയുടെ ഭാവാത്മകത; ഒപ്പം തന്നെ കുസൃതിത്തവും. ഉള്ളിലേക്കു നോക്കി ചിരിച്ചുകൊണ്ട് എഴുതിയ ഈ പുസ്തകത്തിൽ പക്ഷേ ഉടനീളം കണ്ണീരിന്റെ ഒരു നേരിയ നനവുമുണ്ട്.
ഇത്രയും പറഞ്ഞതുകൊണ്ട് ഒരു വസ്തുത നിങ്ങൾക്കു പിടികിട്ടിയിട്ടുണ്ടാവും: ഇത് വെറുമൊരു യാത്രാവിവരണപുസ്തകമല്ല. കണ്ട സ്ഥലങ്ങളും അവിടങ്ങളിലെ ചരിത്രവും ആചാരവേഷഭൂഷാദികളും ഭക്ഷണവുമൊക്കെ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും യാത്രയ്ക്കിടയിൽ പരിചയപ്പെട്ട മനുഷ്യരാണ് ‘വഴികളിൽ തെളിയുന്ന മുഖങ്ങൾ’ നിറയെ. മുഖങ്ങൾ എന്നു വെറുതെ പറഞ്ഞാൽപ്പോരാ, അവരുടെ ജീവിതം കൂടിയാണ് രമ്യ പകർത്തുന്നത്. പലപ്പോഴും അതിന് ഒരു ദുഃഖച്ഛായയാണ്. കണ്ണീരിന്റെ നനവ് എന്നു പറഞ്ഞത് അതുകൊണ്ടാണ്.
നിങ്ങൾക്കിതിൽ നിന്ന് വിയന്നയിനെ ഷോൺബ്രൂൺ കൊട്ടാരത്തിനു മുന്നിൽ പദ്മരാജന്റെ ചുപ്പനെപ്പോലെ (പ്രതിമയും രാജകുമാരിയും) നിൽക്കുന്ന ചാൾസിനെ കാണാം, ഗോവയെ ഗുജറാത്തിലെത്തിച്ച മേരി ആന്റിയെ കാണാം, മ്യാൻമറിൽ ചായയിട്ട് ഇന്ത്യയിലിരുന്നു കുടിക്കുന്ന ടോന്യേ പോവാങ് എന്ന രാജാവിനെ കാണാം, മറ്റു യഹൂദന്മാരെല്ലാം ഇന്ത്യ വിട്ടു പോയപ്പോൾ മട്ടാഞ്ചേരിയിൽത്തന്നെ തുടർന്ന സാറാ മുത്തശ്ശിയെ കാണാം, പ്രാഗുകാരൻ മൈക്ക് എന്ന ഡ്രൈവറെ കാണാം, ഭരത് എന്ന അതിസാഹസികനായ പഹാഡിപ്പയ്യനെ കാണാം, ബ്രസീലാണ് ജന്മദേശമെങ്കിലും ലോകമാകെ ഒരു നാടോടിയെപ്പോലെ ചുറ്റിക്കറങ്ങുന്ന ജിസൽ അമേയ്ഡ് എന്ന നർത്തകിയെ കാണാം, സൂറിക്കിൽ ഇന്ത്യൻ കരകൗശലങ്ങൾ വിൽക്കുന്ന മേലാകെ ‘ഓം’ എന്നു പച്ച കുത്തിയ ലൂക്കാ സായിപ്പിനെ കാണാം, കൽക്കത്തയിലെ കുമാർതുളിയിൽ വിശ്വനാഥ് പാൽ എന്ന കളിമൺദൈവങ്ങളുടെ ശിൽപിയെ കാണാം, നാഗാലാൻഡിലെ ലോങ് വാ ഗ്രാമത്തിലെ തലവെട്ടിയോദ്ധാക്കളിലൊരാളായ, നാലു തലയരിഞ്ഞ അഛക് അപ്പൂപ്പനെ കാണാം, വിയന്നയിലെ ടർക്കിഷ് ഡോണർ കബാബിന്റെ ഉടമ അഹമ്മദ് എന്ന ഷാരൂഖ് ഖാന്റെ ആരാധകനെ കാണാം, കുഞ്ചിപ്പാറയിലെ പാട്ടനായ ഉലകപ്പൻ പാണ്ട്യനെ കാണാം, ജയ്സാൽമീറിലെ ടൂർ ഓപ്പറേറ്റർ ദിൽബർ എന്ന ഉത്ക്കർഷേച്ഛുവിനെ കാണാം; പിന്നെ മലയാളികളുടെ പ്രിയനടന്റെ അമ്മയായ ഉമ്മച്ചിയെയും കാണാം. മമ്മൂട്ടിയുടെ അമ്മയെപ്പറ്റി മറ്റാരും ഇങ്ങനെ എഴുതിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഇവർ മാത്രമല്ല. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടുന്ന പഴയ നാടകനടിയോ പാട്ടുകാരിയോ ഒക്കെയായ പൂച്ചെടിവിൽപ്പനക്കാരി, സിയാച്ചിനിലെ കൊടുംതണുപ്പിൽ രാജ്യത്തിനു കാവൽ നിൽക്കുന്ന പട്ടാളക്കാർ, മരക്കാനത്തെ ഉപ്പളങ്ങളിലെ കൊടുംചൂടിൽ കാലു വിണ്ടുകീറി ഉപ്പുപരലുകൾ നിറച്ച കൊട്ടകളുമായി നീങ്ങുന്ന സ്ത്രീത്തൊഴിലാളികൾ, രണ്ടു മലകളും ഒരു ഗർത്തവും താണ്ടി കുടുംബശ്രീയുടെ മീറ്റിങ്ങിന് എത്താറുള്ള ഉറക്കംതൂങ്ങിച്ചേച്ചി.
കണ്ടുമുട്ടുന്നവരുമായി പെട്ടെന്ന് അടുക്കാനും അവരുടെ കഥകൾ കേൾക്കാനും മനസ്സുള്ള ഒരാൾക്കേ ഇത്തരം അനുഭവങ്ങളുണ്ടാവൂ. ഇങ്ങനെ ഒരു പുസ്തകം എഴുതാനും കഴിയൂ. അതാണ് രമ്യ എസ് ആനന്ദിന്റെ പ്രത്യേകത. വായന തീർന്ന് പുസ്തകം അടച്ചുവെച്ചാലും നമുക്ക് മോചനമില്ല. ഓരോരുത്തരായി ഇവരൊക്കെ നമ്മുടെ കൂടെ വന്ന് സ്ഥിരതാമസമാക്കും. വിദേശത്തു നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചു വിദേശത്തേക്കും വീണ്ടും തിരിച്ചും പറന്നെത്തി വായനക്കാരനെ സ്ഥലകാലഭ്രമങ്ങളിൽ കുരുക്കിയിടുന്നുണ്ട് രമ്യ ഈ പുസ്തകത്തിൽ.
പുസ്തകം വായിച്ചുതീർന്നപ്പോൾ ഞാൻ ഒരു കണ്ടുപിടിത്തം നടത്തി: രമ്യ എസ് ആനന്ദ് അടിസ്ഥാനപരമായി ഒരു കഥാകൃത്താണ്. കഥാകാരി നടത്തുന്ന യാത്രകളാണ് ഈ പുസ്തകം. യാത്രാവിവരണമല്ല, ചെറുകഥാസമാഹാരവുമല്ല. അതേസമയം ഇതു രണ്ടുമാണ് ഈ വിശിഷ്ടപുസ്തകം. ഈ പുസ്തകം ഇതുവരെ കാര്യമായി വായിക്കപ്പെട്ടിട്ടുണ്ടോ? സംശയമാണ്. പുസ്തകച്ചന്തയിൽ ആർത്തുവിളിച്ച് ആളെക്കൂട്ടാൻ തയാറല്ല രമ്യ എന്നു തോന്നുന്നു. ഇന്നത്തെ കാലത്ത് ഇത് എത്രകണ്ട് പ്രായോഗികമാവും എന്നറിയില്ല.
ഈ പുസ്തകത്തെപ്പറ്റി ഇത്രയൊന്നും എഴുതിയാൽപ്പോരാ. പക്ഷേ, ഇപ്പോൾത്തന്നെ സാമാന്യത്തിലധികം നീണ്ടുപോയി. പുസ്തകത്തിൽ നിന്ന് ഒരു ഖണ്ഡിക ചേർത്ത് ഇത് അവസാനിപ്പിക്കട്ടെ.
“ഭൂഖണ്ഡാനന്തരയാത്രകളിൽ കണ്ടുമുട്ടിയവരെയൊക്കെ ഓർത്ത് ചിലപ്പോൾ രാത്രി ഉറങ്ങാതെ കിടക്കാറുണ്ട്. അവരിപ്പോൾ എന്തു ചെയ്യുകയാവും, അവർക്കൊക്കെ സുഖമാണോ, അവരെ വീണ്ടും എവിടെവെച്ചെങ്കിലും കണ്ടുമുട്ടുമോ, എന്നൊക്കെ ഓർക്കും… ചില മുഖങ്ങൾ, ചില നിമിഷങ്ങൾ, ചില സ്ഥലങ്ങൾ ഇതൊക്കെ ഓർമ്മയിലേക്ക് ഇരമ്പിക്കയറി വരും അപ്പോൾ. യാത്രയിലായിരിക്കുമ്പോഴും അങ്ങനെത്തന്നെ. ഇടയ്ക്ക് വെറുതെ നോക്കും. മുൻപു കണ്ട ഒരു രൂപം, മറക്കാതിരിക്കുന്ന ഒരു മുഖം പെട്ടെന്നു മുന്നിൽ വന്നു പെടുന്നുണ്ടോ? യാത്രകൾ ഓർമകളാണ്, യാത്രകൾ മുഖങ്ങളുമാണ്.”
വഴികളിൽ തെളിയുന്ന മുഖങ്ങൾ
യാത്ര
രമ്യ എസ് ആനന്ദ്
ഇന്ദുലേഖ പുസ്തകം