വീട് ചെമ്പിൽ, മകൻ സിനിമയിലുണ്ട്
തണൽമരങ്ങൾ നിറഞ്ഞ, കൊച്ചിയുടെ ആ അരിസ്റ്റോക്രാറ്റിക് തെരുവിലൂടെ കാർ അടഞ്ഞുകിടക്കുന്ന കൂറ്റൻ കവാടത്തിലെത്തി. ഗേറ്റിലെ ചെറിയ കിളിവാതിലിൽ തട്ടിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരന്റെ സൗഹൃദം ഒട്ടും പുരണ്ടിട്ടില്ലാത്ത മറുനാടൻമുഖം പുറത്തേക്ക് നീണ്ടു; ഒരുപാട് സന്ദർശകരെ കണ്ടുകണ്ട് ചെടിച്ചുപോയ ഒരു മരമുഖം.
പഴയ പേർഷ്യയിലെ പാവപ്പെട്ട വിറകുവെട്ടുകാരൻ ആലിബാബ ഗുഹാമുഖത്തു നിന്ന് ‘ഓപ്പൺ സിസൈം’ എന്നു പറഞ്ഞതുപോലെ അയാളുടെ ചെവിയിൽ ഞാനെന്റെ മാന്ത്രികവാക്ക് പറഞ്ഞു, ”ഉമ്മയുടെ രമ്യ വന്നിരിക്കുന്നു എന്ന് പറയൂ.”
അയാൾ ഞങ്ങളെ മൊത്തത്തിൽ ഒന്നു നോക്കിയിട്ട് താല്പര്യരഹിതനായിത്തന്നെ അകത്തേക്കു പോയി.
ദിനുച്ചേട്ടനും മാച്ചുവും എന്നെ ചോദ്യഭാവത്തിൽ നോക്കി. അതിന്റെ അർഥം ‘വല്ലതും നടക്കുമോ’ എന്നാണെന്ന് എനിക്കറിയാം. ഞാനതു കാര്യമാക്കാതെ ഗേറ്റിലേക്കു തന്നെ നോക്കി നിന്നു. സദാ തുറന്നു കിടന്നിരുന്ന ഒരു വാതിലിനേക്കുറിച്ച് ഞാനപ്പോൾ ഓർക്കുകയായിരുന്നു.
O
ജീവിതത്തിലെ ഒരു സംക്രമണകാലമായിരുന്നു അത്. ഏറെ പ്രിയങ്കരമായ അധ്യാപകജോലിയിൽ നിന്നു മാറി ഒട്ടും പ്രിയമല്ലാതിരുന്ന സർക്കാർ ജോലിയിലേക്കും, തടാകത്തിലേക്ക് തുറക്കുന്ന ബാൽക്കണികളുണ്ടായിരുന്ന പ്രിയപ്പെട്ട അപ്പാർട്‌മെന്റ് വിട്ട്, നിർമാണജോലികൾ തുടരുന്നതിന്റെ അസൗകര്യങ്ങളും അഭംഗികളും നിറഞ്ഞ പുതിയൊരു ഫ്‌ളാറ്റ് സമുച്ചയത്തിലേക്കും ചേക്കേറാൻ മനസ്സില്ലാമനസ്സോടെ തീരുമാനിച്ച കാലം.
പുതിയ ഫ്‌ളാറ്റിന്റെ ഇന്റീരിയർ പണികൾ പുരോഗമിക്കുന്നുണ്ട്. രാവിലെ പോയി വൈകുന്നേരം വരെ പണികൾ ചെയ്യിച്ചു ഞാൻ തിരികെ വരും. താമസക്കാരൊക്കെ വന്നു തുടങ്ങുന്നതേയുള്ളു. പുതുസു ഫ്‌ളാറ്റിന്റെ തൊട്ടപ്പുറമുള്ള വാതിൽ എപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നതു കണ്ടുകണ്ട് അതെന്റെ കണ്ണിൽ പോലും പെടാതായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവിടെ നിന്നും ഒരാൾ തല നീട്ടി, നല്ല ചുന്ദരി ഒരു ഉമ്മ!
ഉമ്മയെ കണ്ടപ്പോഴേ എനിക്ക് ബോധിച്ചു. എന്റെ അച്ഛമ്മയുടെ ഒരു വിദൂരഛായ. എന്നാൽ അച്ഛമ്മയുടെ മുഖത്തുള്ള തന്റേടമോ താൻപോരിമയോ ഒട്ടില്ല താനും. മിണ്ടിയും പറഞ്ഞും ഞങ്ങൾ പെട്ടെന്ന് കൂട്ടായി.
രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മച്ചി ആ ബോംബ് പൊട്ടിച്ചത്. ‘എവിടെയാ വീട്?’ എന്നു ചോദിച്ചപ്പോൾ, മറുപടി വന്നതു ‘ചെമ്പ്’ എന്നായിരുന്നു. ഞാനതു പ്രത്യേകം ശ്രദ്ധിച്ചു; ‘ചെമ്പ്’ എന്നോ ‘വൈക്കം’ എന്നോ കേട്ടാൽ ഏതു മലയാളിയും ഒന്നു കാത് കൂർപ്പിക്കുമല്ലോ.
ഉമ്മ ഉദാസീനമായി തുടർന്നു, ”മകൻ സിനിമയിലുണ്ട്.”
ഇത്തവണ ഞാൻ ചെറുതായി ഞെട്ടുക തന്നെ ചെയ്തു. അമ്പരപ്പിന്റെ തുമ്പത്തു നിന്നുകൊണ്ട് ഞാൻ പോലുമറിയാതെ ഞാൻ ചോദിച്ചു, ”ഉമ്മാ, ഉമ്മയാണോ മമ്മൂക്കയുടെ ഉമ്മ?”
”മകനാണ്!” മുഖത്തൊരു പുഞ്ചിരി വരുന്നുണ്ട്.
ഇനി ഞെട്ടാനൊന്നും ബാക്കിയില്ലാതെ നിൽക്കുന്ന എന്റെ കണ്ണുകളിലെ വിസ്മയം കണ്ടപ്പോൾ ഉമ്മയുടെ പുഞ്ചിരി മാറി, മുഖത്ത് നാണം വിടർന്നു. ഞാനാകട്ടെ, മീശമാധവനിലെ പിള്ളേച്ചനേപ്പോലെ ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്നു പറയേണ്ട അവസ്ഥയിലും.
ഉമ്മയും മൂത്ത മകൾ ആമിനത്തായുമാണ് ആ ഫ്‌ളാറ്റിലെ താമസക്കാരായിരുന്നത്. അടുത്ത് വേറെ ആരും ഇല്ലാതിരുന്നതുകൊണ്ട് ഉമ്മയ്ക്ക് ഞാൻ വന്നത് ആനന്ദമായി. ഉമ്മ തൊട്ടടുത്തുള്ളത് എനിക്കും ആശ്വാസമായിരുന്നു. എന്നുമുള്ള പണിക്കാർക്ക് പൈസ കൊടുക്കാനും താഴെ എത്തുന്ന പുതിയ ഫർണിച്ചറും മറ്റും വാങ്ങി വയ്ക്കാനുമൊക്കെ ഉമ്മ എന്നെ സഹായിച്ചു തുടങ്ങി.
പാലുകാച്ചലും ചടങ്ങുകളും ഒക്കെക്കഴിഞ്ഞു ഫ്‌ളാറ്റിൽ താമസം തുടങ്ങിയതോടെ ഉമ്മ എന്റെ ജീവന്റെ ഭാഗമായി. ഒരു പ്രത്യേക താളത്തിൽ ‘മകളേ’ എന്നാണ് ഉമ്മ വിളിക്കുന്നത്. അങ്ങനെ ആരുമെന്നെ അതിനു മുൻപോ ശേഷമോ വിളിച്ചിട്ടില്ല. ‘ഉമ്മാ’ എന്നും സ്‌നേഹം കൂടുമ്പോൾ ‘ഉമ്മച്ചീ’ എന്നും ഞാൻ മാറി മാറി വിളിച്ചു. കഫം കുറുകിയ ശബ്ദത്തിൽ മിണ്ടുന്നതുകൊണ്ട് ഞാൻ ‘കഭീ കഭീ’ എന്നു വിളിക്കുമായിരുന്നു. അതു കേട്ട് ഉമ്മ കുലുങ്ങി ചിരിക്കും.
ഉമ്മ ഒരു നല്ല പാക്കേജ് ആയിരുന്നു. നല്ല നർമബോധം, ഉഗ്രൻ ഫാഷൻ സെൻസ്, കറ തീർന്ന മനുഷ്യസ്‌നേഹവും. എന്റെ ബാൽക്കണിയിലെ ചെടിക്കാട്ടിലിരുന്ന് ഇളവെയിലു കൊള്ളുന്ന, കുഞ്ഞുചട്ടിയിൽ ഒതുക്കിക്കളഞ്ഞതിന്റെ പ്രതിഷേധത്തിൽ വളരുന്ന കറിവേപ്പിലത്തണ്ടുകളിൽ കീടബാധയുണ്ടോയെന്ന് ഇടയ്ക്കിടെ നോക്കി പരിചരിക്കുന്ന, മൊട്ടിടുന്ന തുളസിച്ചെടിയെ പൂവിടാൻ സമ്മതിക്കാതെ കുറ്റിയാക്കി വളർത്തുന്ന, സ്‌കൂളിൽ നിന്നും നേരത്തേയെത്തുന്ന എന്റെ മകൾ മര്യാദയ്ക്ക് ആഹാരം കഴിക്കുന്നോയെന്നു കർശനമായി നോക്കുന്ന പുന്നാര ഉമ്മച്ചി.
എന്റെ അപ്പാർട്‌മെന്റിന്റെ പ്രധാന വാതിൽ എല്ലായ്‌പ്പോഴും ഉമ്മയ്ക്കായി തുറന്നു കിടന്നു. അത് അടഞ്ഞുകിടക്കുന്നതു കാണുന്നതു തന്നെ ഉമ്മയെ വിഷമിപ്പിച്ചു. ‘കെട്ടിയോൻ ഇവിടെയുണ്ടോ?’ എന്നാണ് വാതിലിനപ്പുറം നിന്നുള്ള ആദ്യത്തെ ചോദ്യം. ‘ഇവിടെയുണ്ട്’ എന്നു പറഞ്ഞാൽ ഉടൻ തലയിൽ തട്ടം വലിച്ചിട്ട് ഉമ്മ അപ്രത്യക്ഷയാവും. ഇല്ലെങ്കിൽ ഞങ്ങളുടെ ഉച്ചകോടി ആരംഭിക്കുകയായി. സദാ ഔദ്യോഗികയാത്രകൾ ചെയ്യുന്ന എന്റെ ഭർത്താവിനെ ഉമ്മയ്ക്കു വളരെ കാര്യമാണ്. ‘അവനു വല്ലോം വെച്ചൊക്കെ കൊടുക്കുന്നുണ്ടോ?’ എന്ന് സ്ഥിരം അന്വേഷിക്കും.
ഞങ്ങളിരുവരും ഒരുമിച്ചിരുന്നു ടി വി കാണുമ്പോഴാണ് ഉമ്മയുടെ ഉരുളയ്ക്ക് ഉപ്പേരി തമാശകൾ ഓരോന്നായി വരുന്നത്. ശരീരം മറയ്ക്കുന്ന തരം ഉടുപ്പുകളോടാണ് എന്നും പ്രിയം. സീരിയലിലെ പെൺതാരങ്ങളുടെ ആധുനികവേഷങ്ങൾ ഉമ്മയുടെ നർമത്തിൽ പൊതിഞ്ഞതെങ്കിലും മൂർച്ചയുള്ള വിമർശനത്തിന് ഇരയാകും. ചേരാത്ത വേഷങ്ങളിട്ട ചിലരെ സ്‌ക്രീനിൽ കാണുമ്പോൾ ഞങ്ങൾ രണ്ടും കണ്ണിറുക്കി ചിരിക്കും. പുതുതായി ഞാൻ തയ്പ്പിക്കുന്ന ഉടുപ്പുകളുടെ ചെറുകുറവുകൾ പോലും കൃത്യമായി ഉമ്മ പറഞ്ഞു തരും.
ആ പ്രായത്തിലുള്ള അമ്മമ്മമാരുടെ സ്ഥിരം കുനുഷ്ടുകൾ തീരെയില്ല ഉമ്മയ്ക്ക്. എന്റെ അച്ഛമ്മയൊക്കെ ഞങ്ങൾ കൊച്ചു കുട്ടികളേക്കൊണ്ടു വരെ പണിയെടുപ്പിക്കുമായിരുന്നു. ഇവിടെ നേരെ തിരിച്ചാണ്; എന്തും ചെയ്തുകൊടുക്കാൻ തയാറായി ഒരു ഉമ്മ. ആമിനത്താ സദാ ഒപ്പമുണ്ടെങ്കിലും, ഇടയ്ക്ക് അടുക്കളയിൽ കയറാനും വിരുന്നെത്തുന്ന മക്കൾക്കും കൊച്ചുമക്കൾക്കുമൊക്കെ വച്ചുണ്ടാക്കി കൊടുക്കാനും വലിയ ഇഷ്ടമായിരുന്നു. ബിരിയാണി വരെ വയ്ക്കുമായിരുന്നു. അപ്പുറത്തെ അടുപ്പിൽ മോരു കാച്ചുമ്പോൾ ആദ്യ ആവി വരുന്നതിനു മുൻപേ മടമ്പുള്ള ചെരിപ്പ് അടിച്ച് എന്റെ ബാൽക്കണിയിലെ കറിവേപ്പിലത്തണ്ടൊടിക്കാൻ എത്തും ഉമ്മച്ചി. എന്റെയെല്ലാ പാചകപരീക്ഷണങ്ങളും ഉമ്മ ധൈര്യമായി പ്രോത്സാഹിപ്പിച്ചു. ഞാൻ വയ്ക്കുന്നതിൽ മഷ്‌റൂമായിരുന്നു ഇഷ്ടവിഭവം. കുമിൾ എന്നാണ് ഉമ്മ കൂണിനു പറഞ്ഞിരുന്നത്.
ഇതൊക്കെയാണെങ്കിലും, ഉമ്മയുടെ ജീവൻ കൃഷിയാണ്. പൂച്ചെടികളോട് വലിയ പ്രിയമില്ല; പച്ചക്കറികളിലാണ് ഫോക്കസ്. വിത്ത് സൂക്ഷിക്കുന്നതെങ്ങനെ, വളപ്രയോഗം നടത്തുന്നതെപ്പോൾ എന്നിങ്ങനെ കൃഷിയിൽ ഏതു സംശയത്തിനും മറുപടിയുണ്ട്. ഈ വക കാര്യങ്ങളിൽ മറ്റുള്ളവരെ ഉപദേശിക്കാൻ തക്ക അറിവു വരെ ഞാൻ ഉമ്മയിൽ നിന്നു സമ്പാദിച്ചു. ഞങ്ങളിരുവരും ചേർന്ന് ഫ്‌ളാറ്റിന്റെ ഇടനാഴിയിൽ അല്ലറ ചില്ലറ കൃഷികളൊക്കെ തുടങ്ങി. പാവലായിരുന്നു പ്രധാനം. കോമൺ ഏരിയയിൽ മൊത്തം ഞങ്ങൾ പാവൽ പടർത്തി, പിന്നെ പാഷൻ ഫ്രൂട്ടും ചീരയും. അപ്പാർട്‌മെന്റ് അസോസിയേഷൻ മഞ്ഞ കാർഡ് കാണിക്കും വരെ ഞങ്ങളുടെ കൂട്ടുകൃഷി വിജയകരമായി തുടർന്നു.
പാട്ടോ പ്രാർത്ഥനയോ എന്നു കൃത്യമായി തിരിച്ചറിയാനാവാത്ത ഒരു മൂളലുമായി ഉമ്മച്ചി ബാൽക്കണിയിലെ ആകാശക്കിളിവാതിലൂടെ താഴേക്കു നോക്കി നിൽക്കുന്നത് ഒരു പതിവുകാഴ്ചയായിരുന്നു. പച്ചക്കാടുകൾക്കിടയിലെ കോൺക്രീറ്റ് കെട്ടിടങ്ങളും ഒറ്റമരക്കൊമ്പിലെ കിളിക്കൂടുകളും താഴെയെവിടെയോ വീട്ടിൽ കൂവുന്ന പൂവൻകോഴിയുടെ ഒച്ചയുമെല്ലാം കേട്ടും കണ്ടും നെടുവീർപ്പോടെ നിൽക്കും. പലപ്പോഴും കെട്ടിപ്പിടിച്ച്, ‘ഉമ്മയ്ക്ക് ചെമ്പ് മിസ് ചെയ്യുന്നുണ്ടോ?’ എന്ന് ഞാൻ ചെവിയിൽ ചോദിക്കാറുണ്ട്. ഇടറിയ ശബ്ദത്തിൽ നനഞ്ഞ മറുപടി വരും, ”ഇല്ല മകളേ. മക്കളെയൊക്കെ കണ്ട്, കൊച്ചുമക്കളെ കണ്ട് ഇവിടെ ഇങ്ങനെ ജീവിക്കാനാണ് ഇഷ്ടം.”
ഇതിനിടെ എനിക്ക് പി എസ് സിയുടെ അപ്പോയ്ന്റ്‌മെന്റ് ഓർഡർ കിട്ടി; പത്തനംതിട്ട കളക്‌ട്രേറ്റിലാണു ജോലി. പോകുന്നത് ജന്മനാട്ടിലേക്കാണെങ്കിലും എന്തുകൊണ്ടോ ഒരു സങ്കടം എന്നെ മൂടിയിരുന്നു. ഉമ്മ വിഷാദത്തോടെ എന്നെ യാത്രയാക്കി. ‘മകളേ, നിനക്കു വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട്’ എന്ന ഉമ്മയുടെ വാക്കുകളാണ് തറവാട്ടിലെ ആ ഒറ്റപ്പെട്ട ജീവിതത്തിൽ എനിക്ക് ഏറ്റവും ശക്തിയായത്. ഓഫീസിലെ ഉച്ചനേരങ്ങളിൽ ഫോണിൽ എന്നെ തേടിയെത്തുന്ന ഇടറിയ ശബ്ദം കേൾക്കാൻ ഞാൻ കാതോർത്ത് ഇരിക്കുമായിരുന്നു. ആഴ്ചയിൽ രണ്ടുമൂന്നു ദിവസമെങ്കിലും ആ വിളി വന്നിരിക്കും.
പ്രിയപ്പെട്ട കൂട്ടുകാരുടെ നിരന്തരശ്രമവും ഉമ്മയുടെ നിർത്താത്ത പ്രാർത്ഥനയും കൊണ്ടാവാം മൂന്നു മാസം കൊണ്ട് ഞാൻ തിരിച്ച് എറണാകുളത്തെത്തി. ഞങ്ങൾ വീണ്ടും ആറാംനിലയിൽ സ്‌നേഹത്തിന്റെ പൂക്കളങ്ങൾ തീർത്തു. ഓണത്തിന് അപാരരുചിയുള്ള ഒരു ഇഞ്ചിക്കറിയുണ്ടാക്കിത്തന്ന് ഉമ്മയെന്നെ വിസ്മയിപ്പിച്ചു. വൈകുന്നേരം ഓഫീസിൽ നിന്നും ഞാൻ വരുന്നതു കാത്ത് കോറിഡോറിലെ പച്ചക്കസേരയിൽ ഉമ്മ താഴേക്കു നോക്കിയിരിക്കും.
സ്വന്തം ഇഷ്ടത്തിനു തന്നെയായിരുന്നു ഉമ്മ ഫ്‌ളാറ്റിൽ താമസിച്ചിരു ന്നത്. ഫ്‌ളാറ്റിന്റെ താക്കോൽക്കൂട്ടം കിലുക്കി, കൊച്ചുമക്കളെയൊക്കെ സ്‌നേഹിച്ചു ഭരിച്ച് ഒരു രാജകീയജീവിതം. ഇടയ്ക്ക് മമ്മൂക്കയുടെ പനമ്പള്ളി നഗറിലെ വീട്ടിലേക്ക് പോകും. ആ ദിവസം ആറാംനിലയിലെ ഞങ്ങളുടെ സാമ്രാജ്യം നിശ്ശബ്ദമാകും. വെളുത്ത തട്ടത്തിന്റെ വെളിച്ചമില്ലാത്ത ഇടനാഴി പ്രസരിപ്പില്ലാതെ കിടക്കും. ഉമ്മ തിരികെയെത്തുമ്പോൾ വീണ്ടും ദീപാവലി.
ഉമ്മയുടെ അചഞ്ചലമായ ദൈവവിശ്വാസം നമ്മെ അമ്പരപ്പിക്കും. നോമ്പുകാലത്ത് എത്ര കടുത്ത അനുഷ്ഠാനങ്ങളിലൂടെയും ഉമ്മ കടന്നു പോകും. എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കും. മക്കളിൽ ആർക്കെങ്കിലും ഒരു മോശം കാലം ഉണ്ടെന്നറിഞ്ഞാൽ ഉമ്മയുടെ പിന്നീടുള്ള പ്രാർത്ഥനകൾ അവർക്കു വേണ്ടിയാണ്. ആർക്കെങ്കിലും പനിയോ മറ്റോ വന്നു കഴിഞ്ഞാൽ ജപമാലയ്ക്ക് പിന്നെ വിശ്രമം ഉണ്ടാകില്ല. മൂത്ത മകന്റെ കഷ്ടപ്പാട് ഓർത്ത് എന്നും വിഷമിക്കും. ‘എന്ത് കഷ്ടപ്പാട് ഉമ്മ! സൂപ്പർ സ്റ്റാറായി സിനിമയിൽ അഭിനയിക്കുന്നത് നല്ല ജോലിയല്ലേ?’ എന്ന എന്റെ ചോദ്യത്തിനു മറുപടിയായി, ‘സമയത്തിന് ആഹാരം കഴിക്കാൻ പറ്റുന്നുണ്ടോ? വെയിൽ കൊള്ളേണ്ടി വരില്ലേ?’ തുടങ്ങിയ ആവലാതികൾ നിരത്തും.
നോമ്പ് പിടിച്ചില്ലെങ്കിലും ഞങ്ങൾ മൂവരും ഉമ്മ കാരണം കൃത്യമായി നോമ്പ് തുറക്കാറുണ്ടായിരുന്നു. നോമ്പുകാലത്ത് പനമ്പിള്ളി നഗറിലെ വീട്ടിൽ നിന്നു വരുന്ന എല്ലാ വിഭവങ്ങളുടെയും ഒരു പങ്ക് ഈ അടുക്കളയിലും എത്തും. പെരുന്നാളിനെത്തുന്ന ദുൽക്കറിനൊപ്പം ഫ്‌ളാറ്റിലെ കുട്ടിക്കൂട്ടം മത്സരിച്ചു സ്‌നാപ്പെടുത്തു; അമ്മക്കിളികളും. ഇടനാഴിയിലെങ്ങും അപൂർവമായ ഒരു പരിമളം പരക്കുമ്പോൾ എനിക്കറിയാം സുലു മാം എത്തിയതാണെന്ന്. മൂന്നാറിലെ ഫാമിൽ നിന്നുള്ള പച്ചക്കറികളും പഴങ്ങളുമൊക്ക നിറഞ്ഞ കൂടകളുമായി സൗന്ദര്യത്തിന്റെയും മിടുക്കിന്റെയും ആൾരൂപം പോലെ ഒരു സുന്ദരി. ഉമ്മയുടെ എല്ലാ ബന്ധുക്കളും എനിക്കും സ്വന്തമായി. അന്നുമിന്നും അങ്ങനെ തന്നെ.
ചില വൈകുന്നേരങ്ങളിൽ, വൈക്കം കായലിലൂടെ ഉപ്പയുമൊത്തു വഞ്ചി തുഴഞ്ഞു പോയ പഴയ കഥകൾ ഉമ്മയുടെ ഇടറിയ ശബ്ദത്തിൽ കേട്ടിരിക്കുന്ന രസം പറയുക വയ്യ. ചെമ്മീൻകെട്ട് നിറഞ്ഞ കായലോരം. അവിടുത്തെ അസ്തമയകാഴ്ചകൾ… ഉമ്മ ഒരു നല്ല കഥപറച്ചിൽക്കാരി കൂടിയാണ്. ചന്തിരൂരാണ് ഉമ്മയുടെ നാട്. അവിടുത്തെ കുട്ടിക്കാലം ഉമ്മയുടെ കഥകളിൽ കടന്നുവരും. വിവാഹം കഴിഞ്ഞ് കുട്ടികളാകാഞ്ഞതിനാൽ നീറി നീറിയുള്ള ആദ്യത്തെ വർഷങ്ങൾ. അഞ്ചു വർഷം കഴിഞ്ഞാണ് മമ്മൂക്കയുടെ വരവ്. ഉമ്മ വിളിക്കുന്നതു മമ്മൂഞ്ഞെന്നാണ്. ഗർഭകാലത്ത് ഉമ്മ നെയ് കഴിച്ചതുകൊണ്ട് നെയ്യുണ്ട പോലെ കൊഴുത്തു മിനുത്താണ് മമ്മൂഞ്ഞ് വന്നതെന്ന് ഉമ്മ പറയും; ചിങ്ങമാസത്തിലെ വിശാഖം നാളിൽ. വല്യുപ്പയുടെ പേരായിരുന്നു മമ്മൂക്കയ്ക്ക് ഇട്ടത്- മുഹമ്മദ് കുട്ടി. മമ്മുക്കയ്ക്കു പിന്നാലെ ചറപറ പിറന്ന കുഞ്ഞുങ്ങൾ. ഉമ്മയുടെ പക്കൽ കഥകൾക്ക് ഒരിക്കലും ക്ഷാമമില്ല.
മമ്മൂക്കയുടെ കുട്ടിക്കാലം, ലോ കോളജ് ജീവിതം, അവിടുത്തെ കൂട്ടുകാർ, വീട്ടിൽ വന്നുള്ള സിനിമ അഭിനയം… എല്ലാം എനിക്ക് കാണാപ്പാഠമായി. ”മമ്മൂഞ്ഞിന്റെ മനസ്സില് പണ്ടു തൊട്ടേ സിനിമയായിരുന്നു. ബാപ്പയാണ് സിനിമയ്ക്കു കൊണ്ടുപോയിരുന്നത്. ചെമ്പിൽ കൊട്ടകയുണ്ട്. മുതിർന്നപ്പോൾ അനിയന്മാർക്കൊപ്പം പോകാൻ തുടങ്ങി. ഒറ്റ സിനിമ വിടില്ല. രാത്രിയിൽ എല്ലാവരും കൂടി ടെറസിൽ ഉറങ്ങാൻ കിടക്കും. അവിടുന്ന് അവർ എഴുന്നേറ്റ് സിനിമയ്ക്കു പോകുന്നത് ആരുമറിയില്ല.” ചിരിയോടെ ഉമ്മ പറഞ്ഞത് ഓർമയുണ്ട്. സിനിമയെ ശ്വാസം പോലെ, ജീവിതം പോലെ കൊണ്ടുനടക്കുന്ന മമ്മൂക്കയെ ആ വാക്കുകളിൽ നിന്നു വരച്ചെടുക്കാമായിരുന്നു.
അപ്പാർട്‌മെന്റിന്റെ ആനിവേഴ്‌സറി ഡേയ്ക്ക് പ്രധാന അതിഥിയായി ഉമ്മയെ വിളിച്ചത് ജീവിതത്തിലെ ഏറ്റവും നിറമുള്ള ഓർമകളിൽ ഒന്നാണ്. ആദ്യം അതു കേട്ട് ഉമ്മ പ്രതിഷേധിച്ചു. ‘എല്ലാവരും കാത്തിരിക്കുകയാണ് ഉമ്മച്ചിയെ പരിചയപ്പെടാൻ, അവരെ നിരാശപ്പെടുത്തരുത്’ എന്ന എന്റെ വാദത്തിൽ ഉമ്മ ഒടുവിൽ സമ്മതം മൂളി.
പക്ഷേ, പറഞ്ഞ ദിവസമെത്തിയപ്പോൾ വീണ്ടും അങ്കലാപ്പിലായി. താഴത്തെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി ഞാൻ ഉമ്മയെ കൂട്ടാൻ മുകളിൽ ഫ്‌ളാറ്റിലേക്ക് വന്നപ്പോൾ അവിടെ ആള് നാണിച്ചു കുഴഞ്ഞിരിക്കുകയാണ്. എന്നും ഉടുക്കാറുള്ള സാരികളെക്കാളും നല്ല തിളക്കമുള്ള ഒരു സാരിയാണ് കൈയിലിരിക്കുന്നത്. ‘ഈ സാരി ഉടുക്കണമോ… താഴേക്ക് വരണമോ… ഒരുപാട് ആളില്ലേ…’ തുടങ്ങിയ ആയിരം ആവലാതികൾ.
എല്ലാത്തിനും സമാധാനം പറഞ്ഞ്, ഒടുവിൽ ലാവൻഡർ നിറമുള്ള ആ സാരി ഞാൻ ഉമ്മയെ ഉടുപ്പിച്ചു. കൈനീളമുള്ള ബ്ലൗസിന്റെ തോളിൽ സാരി ഉറപ്പിച്ചു. സാരിയുടെ പല്ലവ് തലയിൽ കൂടി ഇട്ടുകഴിഞ്ഞപ്പോൾ ഉമ്മ അതീവസുന്ദരിയായ ഒരു ഉമ്മച്ചിയായി. കണ്ണാടിയിൽ നോക്കിയപ്പോൾ മുഖത്തൊരു ചിരിയൊക്കെ വരുന്നുണ്ട്. ദുൽക്കറിന്റെ നല്ല ഛായയുണ്ട് അപ്പോൾ. അതു ഞാൻ ചെവിയിൽ പറഞ്ഞതോടു കൂടി പുഞ്ചിരി പൊട്ടിച്ചിരിയായി. ആ മൂഡ് നോക്കിത്തന്നെ താഴേക്ക് കൂട്ടിക്കൊണ്ട് പോയി.
ഉമ്മ നിലവിളക്ക് കൊളുത്തി ഫ്‌ളാറ്റിലെ മറ്റു നാല് അമ്മമാരോടൊപ്പം ആനിവേഴ്‌സറി ഡേ ഉദ്ഘാടനം ചെയ്തു. ‘ഞാൻ പ്രസംഗിക്കില്ല’ എന്നു നേരത്തെ എന്നോട് ചട്ടം കിട്ടിയിരുന്നു. ഉമ്മയ്ക്കു വേണ്ടി ഞാൻ മിണ്ടി. ഒരിത്തിരി നാണവും അങ്കലാപ്പും പുഞ്ചിരിയും സന്തോഷവും എല്ലാം ഉള്ള ആ മുഖം പല തവണ ഞാൻ എന്റെ ക്യാമറയ്ക്കുള്ളിൽ ആക്കി. ഒരുപക്ഷേ, ഉമ്മ ജീവിതത്തിൽ ആദ്യമായും അവസാനമായും പങ്കെടുത്ത ഒരു പൊതുചടങ്ങ് അതായിരിക്കണം എന്നു മനസ്സ് മന്ത്രിച്ചു. ആ ചടങ്ങിൽ ഉമ്മ എനിക്കു വേണ്ടി മാത്രം വന്നതാണെന്ന് എനിക്കറിയാമായിരുന്നു; എന്നോട് ‘നോ’ പറയാനുള്ള മടി കൊണ്ടു മാത്രം. പക്ഷേ, ആ ചടങ്ങ് മുഴുവനും ഉമ്മച്ചി സന്തോഷപൂർവം പങ്കെടുത്തു. ഉമ്മച്ചിക്ക് ധാരാളം പരിചയക്കാരുണ്ടായി. അവരുടെയെല്ലാം കുശലങ്ങൾ പിന്നീട് എന്നോട് അന്വേഷിക്കാനും തുടങ്ങി.
മനോഹരമായ രണ്ടു വർഷങ്ങൾ അറിയാതെ കടന്നുപോയി. അങ്ങനെയിരിക്കെ വളരെ പെട്ടെന്നെടുത്ത ഒരു തീരുമാനം പോലെ പനമ്പിള്ളി നഗറിലെ വീട്ടിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. ആരോഗ്യപരമായ കാരണങ്ങളാണ്. ഉമ്മ ഫ്‌ളാറ്റ് വെക്കേറ്റ് ചെയ്തു പോകുന്നതിന്റെ തലേന്ന് എനിക്കും മാച്ചുവിനും സങ്കടം കൊണ്ട് ഹൃദയം നിലയ്ക്കുമെന്നു തോന്നി. രാത്രി വൈകുവോളം ഞങ്ങളിരുവരും ഉമ്മയുടെ കൈ പിടിച്ചിരുന്നു തേങ്ങി.
പിറ്റേന്ന് ഉമ്മ വീണ്ടും പഴയ ലാവണത്തിലേക്കു യാത്രയായി. പ്രിയപ്പെട്ട പ്രാർത്ഥനാപ്പുസ്തകം എന്റെ കൈയിൽ ചേർത്തു വച്ചു സമ്മ നിച്ചു. പ്രാർത്ഥന പോലെയുള്ള ഒരു ജീവിതത്തിന്റെ നിത്യസ്മാരകമായി അതിപ്പോഴും ഇവിടെയിരിക്കുന്നു. തട്ടത്തിന്റെ വെളിച്ചമില്ലാത്ത ഇടനാഴി എനിക്ക് മുന്നിൽ മരിച്ചു കിടന്നു. ഇനി ആരോടും അടുക്കില്ലെന്ന് പതിവു പോലെ ഞാനുള്ളിൽ പതം പറഞ്ഞു. സ്ഥിരം ഡ്രൈവർ ബക്കർ ചേട്ടന്റെ കാറിൽ ഉമ്മ യാത്രയായപ്പോൾ ഉണ്ടായ ശൂന്യതയുടെ കടലാഴം ഇന്നു മെന്റെയുള്ളിലുണ്ട്.
O
മിനിറ്റുകൾക്കുള്ളിൽ മുന്നിലെ ഭീമാകാരമായ ഗേറ്റ് തുറക്കപ്പെട്ടു. അകത്തേക്ക് പോയി തിരിച്ചു വന്ന മുഖം സൗഹൃദത്തിന്റേതായിരുന്നു. ഒരു ചിരി കാണാം. ആ മാന്ത്രികവാക്കിന്റെ ശക്തിയാണ്. ഞാൻ കൂടെയുള്ള സംശയാലുക്കളെ നോക്കി പുഞ്ചിരിച്ചു.
എന്നെ കാത്തു പൂമുഖപ്പടിയിൽ വെള്ളിവെളിച്ചം പോലെ ഉമ്മച്ചി. ഒരു ഹൃദയം നിറഞ്ഞ ആലിംഗനത്തിൽ ഞാനൊതുങ്ങി. ആ മുഖത്തു നേരിയ ടെൻഷൻ ഉണ്ട്. അതിന്റെ അർഥം ഏതോ സൂപ്പർ സ്റ്റാർ ഉള്ളിലുണ്ടെന്നാണ്. വല്യേട്ടൻ ഇല്ലെന്ന് ഞാൻ ഉറപ്പു വരുത്തിയിരുന്നു. ദുൽക്കറാണ് ഉള്ളിലുള്ളത്. അവരുടെ തിരക്കു പിടിച്ച ജീവിതത്തിൽ ഒരു തടസമായി നിൽക്കരുതെന്ന് ഉമ്മയ്ക്ക് വളരെ നിർബന്ധമുണ്ടായിരുന്നു. അത്ര കരുതലായിരുന്നു ഉമ്മയ്ക്ക് എപ്പോഴും. സദാ വെളിച്ചത്തിൽ നിൽക്കേണ്ടി വരുന്ന അവർക്ക് വീട്ടിൽ സ്വസ്ഥത ഉണ്ടാകേണ്ടതുണ്ടല്ലോ. ഉമ്മ അവരുടെ സ്വകാര്യതയെ മാനിക്കുന്നത് എപ്പോഴും കണ്ടറിഞ്ഞിട്ടുള്ളതിനാൽ അകത്തേക്ക് വരുന്നില്ല എന്നു ഞാൻ തീർത്തു പറഞ്ഞു. ഈ വരവ് ഉമ്മയ്ക്കു വേണ്ടി മാത്രമുള്ളതാണ്. ‘നമുക്ക് ഇവിടിരുന്നു മിണ്ടി മറിക്കാം’ എന്നു പറഞ്ഞപ്പോൾ ഉമ്മച്ചി ചിരിച്ചുമറിഞ്ഞു. ഉമ്മറത്തേക്ക് മാതള ജ്യൂസ് എത്തി.
ഉമ്മച്ചിയുടെ ഉമ്മിഗ്ലാമറിനെ അല്പമൊന്നു കെടുത്തി മുന്നിൽ നിന്നും ഒരു പല്ല് അടർന്നുപോയിരിക്കുന്നു. ”മകനെപ്പോഴും പറയുന്നു, അതു മാറ്റി വെക്കാമെന്ന്. ഇനിയെന്തിനാണ് മകളേ അതെല്ലാം? ആർക്കു കാണാൻ?” ശമം കൈവരിച്ച വാക്കുകൾ. (മകന്റെ സൗന്ദര്യബോധം ലോകപ്രശസ്തമല്ലേ.)
കാണണമെന്ന് ഫോണിൽ വിളിച്ചാൽ ഞാൻ വൈകിക്കാറില്ല. അതു ഞങ്ങളുടെ ഇടയിലെ അലിഖിതകരാറാണ്. ഒത്തിരി വിശേഷങ്ങൾ ഇത്തിരി നേരം കൊണ്ടു പറഞ്ഞു തിരികെ പോരുമ്പോൾ പിന്നിലടയുന്ന കവാടങ്ങൾ. പിറകിൽ ഗേറ്റിന്റെ ഇത്തിരി വിടവിലൂടെ നോക്കി നിൽക്കുന്ന കഞ്ഞിപ്പശയില്ലാത്ത മൃദുവായ ഇളം മഞ്ഞ കോട്ടൺ സാരി, തലയിലെ ഒരിക്കലും ഇടാൻ മറക്കാത്ത വെളുത്ത തട്ടം, നീല ഞരമ്പ് തെളിയുന്ന അർധതാര്യമെന്നു തോന്നിപ്പിക്കുന്ന കൈത്തലങ്ങൾ… ഉള്ളിലൊരു വിതുമ്പലുമായി ആലിബാബ നിധി കണ്ടെത്തി മടങ്ങുന്നുവെന്നാണ് എനിക്കപ്പോൾ സ്വയം തോന്നാറുള്ളത്. എന്റെയുള്ളിൽ ഒരു കുട്ടി ഉറക്കെയുറക്കെ കരയുന്നു.
ഓരോ വൈകുന്നേരങ്ങളിലും എന്നെ കാത്തിരിക്കുന്ന ശൂന്യമായ ഇടനാഴികൾ മടുപ്പിക്കുമ്പോൾ ആ ഇടറിയ ശബ്ദം കേൾക്കാനായി ഫോണിൽ ഞാൻ വിളിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക്, രണ്ടു സൂപ്പർ സ്റ്റാറുകളും വീട്ടിൽ ഇല്ലെന്നുറപ്പു വരുത്തി ഒറ്റ ഡ്രൈവിന് പനമ്പള്ളി നഗറിലെ വീട്ടിലെത്തി ഒരു ഗാഢാശ്ലേഷത്തിലമരുകയും ചെയ്തിരുന്നു.
കോവിഡ് കാലം മുഴുവനും വീഡിയോ കോളിൽ കൂടിയാണു മിണ്ടിയിരുന്നത്. സ്‌ക്രീനിൽ മുഖം തെളിയുമ്പോഴേ ഞങ്ങൾ ഫ്‌ളയിങ് കിസ് അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു കളിച്ചു. പക്ഷേ, പോയി കാണാൻ ധൈര്യമുണ്ടായില്ല. ഉമ്മയുടെ കഫത്തിന്റെ പ്രകൃതം നന്നായി അറിയാമായിരുന്നു; അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും. സർജിക്കൽ മാസ്‌കിനും തടുക്കാനാവാത്ത വിധികളിൽ പണ്ടേ വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ ഒരു കൂടിക്കാഴ്ച തികച്ചും സാഹസികമായിരുന്നു. ഉമ്മച്ചി ക്ഷണിച്ചിട്ടും, അതൊഴിവാക്കുന്നതാണ് നല്ലതെന്നു മനസ്സു പറഞ്ഞു.
O
ഒടുവിൽ ഒരു പെരുന്നാൾദിനം ഉമ്മച്ചി ഈ ലോകം വിട്ടുപോയി. മമ്മൂക്കയുടെ പുതിയ വീട്ടിലാണ്. ‘വലിയ വീടാണ്, മരങ്ങളും ചെടികളും ഒത്തിരിയുണ്ട്, നടക്കാൻ ഒത്തിരി സ്ഥലമുണ്ട്, മകൾ ഇങ്ങോട്ട് വാ’ എന്ന് എന്നെ സദാ ക്ഷണിച്ച സ്ഥലം. മഞ്ചത്തിൽ വെളുത്ത കച്ച പുതച്ച് ഉമ്മച്ചി ശാന്തമായുറങ്ങുന്നത് കണ്ണീരിലൂടെ നോക്കി നിന്നു. ഒരു വാശിയും ഒരിക്കലും കാണിച്ചിട്ടില്ലാത്ത മുഖം.
മമ്മൂക്കയുടെ ഉമ്മയെ ഒരു നോക്ക് കാണാൻ ഇരമ്പുന്ന ആൾക്കൂട്ടം ചുറ്റും. കുടുംബാംഗങ്ങൾ ആരൊക്കെയോ വന്നു മിണ്ടി. കണ്ണുനീർ കൊണ്ടു കാഴ്ച മറഞ്ഞ് അന്ധത ബാധിച്ചവളേപ്പോലെയാണു പടിയിറങ്ങിയത്. കൂറ്റൻ ഗേറ്റ് എനിക്കു പിന്നിലടഞ്ഞു.
ഇനിയൊരിക്കലും എനിക്ക് ആ മാന്ത്രികവാക്ക് പറയേണ്ടി വരില്ല; തിരിച്ചുവരവില്ലാത്ത യാത്രയിലാണ് ഞങ്ങളിരുവരും.
O
ഉമ്മയുടെ ആ പച്ചക്കസേര ഇപ്പോഴും ആറാംനിലയിലെ ഇടനാഴിയിൽ കിടപ്പുണ്ട്. അതെടുത്തു മാറ്റാൻ ഇതുവരെ എനിക്കു കഴിഞ്ഞിട്ടില്ല. സത്യം, ഞാൻ വില കുറഞ്ഞ ഒരു വികാരജീവിയാണ്!
വഴികളിൽ തെളിയുന്ന മുഖങ്ങൾ
രമ്യ എസ് ആനന്ദ്
ഇന്ദുലേഖ പുസ്തകം
2024