തെക്കൻ ആസ്‌ട്രേലിയയിൽ അഡിലൈഡ് നഗരത്തിൽ നിന്നും എൺപത്തിഅഞ്ച് കിലോമീറ്റർ അകലെ ‘കപൂണ്ട’ എന്ന ഒരു ചെറിയ പട്ടണമുണ്ട്. വളരെ ചെറിയ ഒരു സ്ഥലമാണ് കപൂണ്ട. ജനസംഖ്യ മൂവായിരത്തിൽ താഴെ മാത്രം. കപൂണ്ട ഒരു പട്ടണം എന്നു പറയുന്നതിനേക്കാൾ ഒരു ഗ്രാമം എന്നു പറയുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ആയിരത്തിഎണ്ണൂറുകളുടെ മദ്ധ്യത്തിൽ കോപ്പർ ഖനനം തുടങ്ങുന്നതോടെയാണ് കപൂണ്ട എന്ന ഗ്രാമം സ്ഥാപിതമാകുന്നത്. ഇന്ന് കപൂണ്ടയുടെ പ്രസിദ്ധി കോപ്പർ ഖനനമല്ല, ആസ്ട്രേലിയയിലെ ഏറ്റവും വലിയ പ്രേതബാധയുള്ള സ്ഥലം എന്ന പേരിലാണ് കപൂണ്ട പ്രസിദ്ധിയാർജിച്ചിരിക്കുന്നത്. വിനോദത്തിന്റെ ഭാഗമായി ‘ഗോസ്റ്റ് ഹണ്ടിങ് ടൂർ’ വരെ ഇന്ന് കപൂണ്ടയിൽ ആഘോഷത്തോടെ നടന്നുവരുന്നു. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇതുപോലെ പ്രേതബാധയ്ക്ക് പ്രസിദ്ധിയാർജിച്ച നിരവധി സ്ഥലങ്ങൾ ഉണ്ട്; ഭാരതത്തിൽ ഉൾപ്പെടെ. പൂനയിലെ ‘ശനിവാർവാഡാ ഫോർട്ട്’ അത്തരത്തിൽ പ്രസിദ്ധിയുള്ള ഒരു സ്ഥലമായി അറിയപ്പെടുന്നു.
ഒരു നൂറ്റാണ്ടിലധികമായി പ്രേതബാധയുണ്ടെന്ന് പ്രസിദ്ധിയാർജിച്ച ‘നോർത്ത് കപൂണ്ട ഹോട്ടൽ’ എന്ന പേരുള്ള ഒരു പഴയ വിക്ടോറിയൻ കെട്ടിടം ഉണ്ട് കപൂണ്ടയിൽ. ശാസ്ത്രീയമായി ‘ഗോസ്റ്റ് ഹണ്ടിങ്’ നടത്തുന്ന സംഘങ്ങൾ അവിടെ പ്രേതസാന്നിദ്ധ്യം അനുഭവപ്പെട്ടിട്ടുള്ളതായി അംഗീകരിച്ചിട്ടുണ്ട്. മറ്റു വിധത്തിൽ വിശദീകരിക്കുവാൻ കഴിയാത്ത ഇലക്ട്രോ മാഗ്‌നെറ്റിക് ഫീൽഡുകളുടെ സാന്നിദ്ധ്യവും, അന്തരീക്ഷത്തിൽ ചില സ്ഥലങ്ങളിൽ മാത്രമുള്ള താപമാനത്തിലെ വ്യതിയാനങ്ങളും ഒക്കെ, ശാസ്ത്രീയമായി അളക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് അളന്ന് രേഖപ്പെടുത്തിക്കൊണ്ട്, ഗോസ്റ്റ് ഗവേഷകർ ‘നോർത്ത് കപൂണ്ട ഹോട്ടൽ’ അസാധാരണമായ പ്രതിഭാസങ്ങൾ നടക്കുന്ന ഒരു സ്ഥലമായി സ്ഥിരീകരിച്ചിട്ടുണ്ട്! നിരവധി അകാലമൃത്യുകൾക്കും കൊലപാതകങ്ങൾക്കുമൊക്കെ ഒരു നൂറ്റാണ്ടിലേറെയായി സാക്ഷ്യം വഹിച്ച ഒരു കെട്ടിടമാണ് ‘നോർത്ത് കപൂണ്ട ഹോട്ടൽ’ എന്ന് പറയപ്പെടുന്നു. സാധാരണയിലധികം സൂക്ഷ്മസംവേദനക്ഷമതയുള്ള പലരും ‘പ്രേത’സാന്നിദ്ധ്യം അവിടെ ഉള്ളതായി പറഞ്ഞിട്ടുണ്ട്.
‘പ്രേതങ്ങളിൽ വിശ്വാസമുണ്ടോ’ എന്ന ചോദ്യം സാധാരണയായി എല്ലാവരും ഒരിക്കലെങ്കിലും ആരോടെങ്കിലും ചോദിച്ചിട്ടുള്ള ഒന്നായിരിക്കും. ‘സത്യത്തിൽ നമുക്കറിയില്ല’ എന്ന ഒരു ഉത്തരമായിരിക്കും ആ ചോദ്യത്തിന് ഏറ്റവും അധികം ലഭിക്കുക. ആ ചോദ്യത്തിനുള്ള ഉത്തരം ഫലപ്രദമായി ചർച്ച ചെയ്യണമെങ്കിൽ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് ജീവിതത്തേക്കുറിച്ച് സാധാരണയിൽ കവിഞ്ഞ ചില ഉൾക്കാഴ്ചകൾ ഉണ്ടായിരിക്കണം എന്നാണു യോഗശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്. ‘ജീവിതം’ എന്താണെന്ന് അതിന്റെ മുഴുവൻ വ്യാപ്തിയും ഉൾക്കൊണ്ടു കൊണ്ട് കൃത്യമായി അറിഞ്ഞിരുന്നാൽ മാത്രമേ, ‘മരണം’ എന്താണെന്ന് അറിയുവാൻ കഴിയൂ. മരണം എന്താണെന്ന് അറിഞ്ഞാൽ മാത്രമേ അതിനപ്പുറമുള്ള ‘ഗോസ്റ്റ്’ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുകയുള്ളു.
യോഗശാസ്ത്രത്തിന്റെ വീക്ഷണത്തിൽ പറഞ്ഞാൽ, മരണം ജീവിതത്തിന്റെ അവസാനമല്ല; ശരീരത്തിന്റെ മാത്രം ഒരു താത്കാലികവിരാമമാണ് മരണം. അതിനർത്ഥം മരണത്തിന് ശേഷം ചില ‘അവശേഷിപ്പുകൾ’ ഉണ്ടെന്നു തന്നെയാണ്. ഇത്തരത്തിലുള്ള ചില വിശേഷാൽ അറിവുകളുടെ സമഭൂമിയിൽ നിന്നുകൊണ്ട് മാത്രമേ ഒരു ‘ഗോസ്റ്റ്’ചർച്ച സാദ്ധ്യമാകൂ. അല്ലെങ്കിൽ വെറുതേ തെറ്റിദ്ധാരണകളും ഭയവും വളർത്തുവാൻ മാത്രമേ അത്തരം ചർച്ചകൾ ഉപകരിക്കുകയുള്ളു.
പ്രേതങ്ങൾ ഉണ്ട്: ജീവിതവും മരണവും യോഗശാസ്ത്രദൃഷ്ടിയിൽ
നന്ദൻ കണ്ടനാട്ട്
താമര
2023