“ഇത് ഒരു വെറും വെള്ളക്കടലാസ്. എന്നാൽ അതിലൊന്ന് കോറി വരച്ചാൽ അതിനൊരു മാറ്റമുണ്ടാവുന്നു. അതു പിന്നെ വെറും കടലാസല്ലാതാവുന്നു. അവിടെ മറ്റെന്തോ ഉണ്ടാകുന്നു. ശൂന്യതയിൽ നിന്ന് ഒരാനന്ദമുണ്ടാവുന്നു. എന്നാൽ കാഴ്ചക്കാരന് രസികത്തം വേണം. അരസികനിൽ ഇതൊന്നും ഒരു ചലനവും ഉണ്ടാക്കുകയില്ല.”
വരയെക്കുറിച്ച് നമ്പൂതിരി പറയുകയാണ്; വായനയുടെ അനുഭൂതി വരയിൽ പകർത്തിയ നമ്പൂതിരി. ചിത്രകലയെ സംബന്ധിച്ചും ജീവിതത്തെ സംബന്ധിച്ചുമുള്ള കാഴ്ചപ്പാടുകൾ ലളിതമായി വാക്കുകൾ കൊണ്ടു വരച്ചിടുന്നു അദ്ദേഹം എൻ ഇ സുധീറിനൊപ്പം രചിച്ച ‘ഇന്നലെ’യിൽ. ഒറ്റയിരുപ്പിലെ വായന എനിക്കിഷ്ടമല്ല. എന്നിട്ടും വാക്കുകളിൽ, അക്ഷരങ്ങളിൽ വരച്ചിട്ട ‘നമ്പൂതിരി’ജീവിതം വായിച്ചിരുന്നു പോയി. ഇന്നു രാവിലെ കിട്ടിയ പുസ്തകം ഇതാ ഞാൻ വായിച്ചെഴുന്നേൽക്കുന്നു!

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കണ്ടു പരിചയപ്പെട്ട സൗന്ദര്യമുള്ള സ്ത്രീകളെയൊക്കെ വീണ്ടുമോർത്തു. മലയാളിയുടെ സൗന്ദര്യസങ്കൽപ്പങ്ങൾ എങ്ങനെയാണ് ഈ മെലിഞ്ഞ വരകൾ കൊണ്ട് നമ്മൾ നിർവചിച്ചത്! എത്ര സ്ത്രീകളെ നോക്കി ഞാനും ‘നമ്പൂതിരിച്ചിത്രത്തിന്റെ സൗന്ദര്യം’ എന്ന ഒറ്റ വാചകത്തിൽ വർണിച്ചിട്ടുണ്ട്! അദ്ദേഹം പറയുന്നു: “പൊതുവിൽ നോക്കുമ്പോൾ സ്ത്രീകൾക്കെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സൗന്ദര്യം ഉണ്ട്. അതിലെ വ്യത്യസ്തതയാണ് ശ്രദ്ധിക്കേണ്ടത്.”

പരിമിതമായ ജീവിതസാഹചര്യങ്ങളിൽ പൊന്നാനിയിലായിരുന്നു ജനനം. മുറ്റത്തും അമ്പലത്തിന്റെ ചുവരിലും ചിത്രം വരച്ച ബാല്യം. പ്രത്യേകിച്ചൊരു മേന്മയും ആ വരകൾക്ക് അവകാശപ്പെടാനില്ലാതിരിക്കുമ്പോൾ പോലും ചിത്രകലയിൽ സ്വയം അർപ്പിച്ചു ജീവിതം. സംസ്‌കൃതവും വൈദ്യവും ശാന്തിയുമൊക്കെ പരിശീലിച്ച ശേഷമാണ് മദ്രാസിൽ അപ്ലൈഡ് ആർട്ട്‌ പഠിക്കാനെത്തുന്നത്. കെ സി എസ് പണിക്കരുടെയും റോയ് ചൗധുരിയുടെയും ശിക്ഷണം. അതാണ് വരയിലെ തിരുമേനിയെ രൂപപ്പെടുത്തിയത്. പാക്കനാർജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് വായനയിൽ തിരിച്ചറിയുമ്പോൾ കൈ കൂപ്പാതെ തരമില്ല. പിന്നീടു വന്ന പ്രശസ്തിയും പണവുമൊന്നും ആ ലാളിത്യത്തിനു മങ്ങലേൽപ്പിക്കുന്നേയില്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വരയുടെ തുടക്കം എം ടിയുമായുള്ള ബന്ധത്തിന്റെയും തുടക്കമാണ്. ‘രണ്ടാമൂഴ’ത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ വര വായനക്കാരന്റെ മനസ്സിൽ പതിയാതെ തരമില്ല. അന്നത്തെ എഴുത്തുകാരും നമ്പൂതിരിയും തമ്മിലുള്ള ഹൃദ്യമായ ബന്ധവും പുസ്തകം ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നുണ്ട്. “ഞാൻ കഥയ്ക്ക് വരയ്ക്കുകയല്ല, കഥയ്ക്ക് ഒരു വിഷ്വൽ ഭാഷ്യം ഉണ്ടാക്കുകയാണ്. ചിത്രകാരന്റെ ആസ്വാദനം എന്നും പറയാം.” ആ ആസ്വാദനഭാഷയാണ് മലയാളത്തെയാകെ സ്വാധീനിച്ചത്. വായനയ്ക്കൊപ്പം നമ്മൾ കണ്ട നമ്പൂതിരിവരകൾ നമ്മുടെ സാഹിത്യാസ്വാദനത്തെ പുതിയ തലത്തിൽ എത്തിച്ചു.

എൻ ഇ സുധീറുമായി നടത്തിയ ദീർഘസംഭാഷണങ്ങളിലൂടെ നമ്പൂതിരി അദ്ദേഹത്തിന്റെ ജീവിതവും കലാസങ്കല്പവുമെല്ലാം പുസ്തകത്തിന്റെ ഒരു പുറത്തു വരച്ചുവയ്ക്കുന്നു. (സുധീറിന്റെ വീഡിയോ അഭിമുഖങ്ങൾ കാണുന്നവർക്ക് അതേ പ്രസാദാത്മകത ഇവിടെയും അനുഭവിക്കാം.) മറുവശത്ത് ഉറൂബ്, തിക്കോടിയൻ, മുണ്ടശ്ശേരി, മാധവിക്കുട്ടി, സാറ ജോസഫ് എന്നിങ്ങനെ മലയാളത്തിലെ അതികായരായ എഴുത്തുകാരുടെ രചനകൾക്ക് അദ്ദേഹം ചമച്ച ചിത്രഭാഷ്യങ്ങൾ നിരക്കുന്നു; ‘എണിപ്പടികൾ’ മുതൽ ‘ആനന്ദവേദം’ വരെ അദ്ദേഹം വരച്ച ചിത്രങ്ങൾ. നമ്പൂതിരി എന്നോർക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന രൂപം നരച്ച താടിയും മുടിയുമുള്ളതാണെങ്കിലും അദ്ദേഹത്തിന്റെ ചെറുപ്പത്തിലെ ചിത്രങ്ങളും കൗതുകത്തോടെ നോക്കിയിയിരുന്നു. അക്ഷരങ്ങളുടെ പരിമിതികൾ കടന്ന് നമ്പൂതിരിയുടെ വാക്കുകൾക്കും വരകൾക്കുമൊപ്പം അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ മുഴുകി എടപ്പാളിലെ വീടിന്റെ ഉമ്മറത്തിരിക്കുന്ന അനുഭവമാണ് ഈ വായന.

വരയുടെ തമ്പുരാനേ, കൂപ്പുകൈ!

Order Nowഇന്നലെ
നമ്പൂതിരി / എൻ ഇ സുധീർ
ആത്മരേഖ
ഇന്ദുലേഖ പുസ്തകം