രണ്ടുമൂന്നാഴ്ചത്തെ വായനയില്ലാക്കാലത്തിനു ശേഷം ഒരു ശനിയാഴ്ച രാത്രിയാണ് പുലർവെട്ടം എന്ന പുസ്തകം വായിക്കാനെടുത്തത്. പാതിരാത്രി കഴിഞ്ഞിട്ടും ഉറങ്ങാതെ ഉണർന്നിരുന്നു വായിച്ചുകൊണ്ടിരുന്നു. തീർന്നപ്പോൾ തോന്നി, പ്രിയ വായനകളുടെ ചന്ദനസ്പർശമില്ലാത്ത ദിവസങ്ങളിലൂടെ കടന്നുപോന്നതുകൊണ്ടാവുമോ വാരാന്ത്യത്തിൽ ഇങ്ങനെ ക്ഷീണിച്ചു പോയത് എന്ന്.
പാതിയോളം മുന്നേ തന്നെ കുറേശ്ശെ കറേശ്ശെ വായിച്ചു തീർന്നിട്ടുണ്ടായിരുന്നു. പലപ്പോഴും, ഈ പുസ്തകത്താളുകളിൽ നിന്നു വന്ന് ബോബി ജോസ് കട്ടികാട് എന്റെ ദൈനംദിന സന്തോഷക്കുറവുകളോട് സംസാരിച്ചിട്ടുണ്ട്. അതിലൊന്ന്, ഇടയ്ക്കിടയ്ക്ക് പിന്നെയും പിന്നെയും ഓർത്തെടുക്കാനായി ഞാൻ ഓർമയിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുള്ള ഒന്ന്, Delayed does not mean denied എന്നതാണ്.
മറ്റൊരു ദിവസം..
ഒരു കടപ്പുറത്തിരുന്ന് അയാൾ തന്റെ കേൾവിക്കാരോട് വിളിച്ചു പറയുകയാണ്, “ഓരോ ദിനത്തിനും ആ ദിനത്തിന്റെ ആകുലത മതി…” ചെറിയൊരു നിശ്ശബ്ദതയ്ക്ക് ശേഷം സമാശ്വാസ വചനങ്ങൾ കാതോർത്തിരുന്ന അവരോട് അവൻ പുഞ്ചിരിയോടെ ഇങ്ങനെ തുടരുന്നു, “നാളേക്കു വേണ്ടി വേറെ ക്ലേശങ്ങൾ വച്ചിട്ടുണ്ടല്ലോ.” അവന്റെ പുഞ്ചിരി അവരുടെ പൊട്ടിച്ചിരിയായി; എന്റെയും. സന്തോഷക്കുറവുകൾക്കിടയിലും എനിക്കിപ്പോൾ ചിരിക്കാനാവുന്നുണ്ടെന്ന് ഞാൻ അത്ഭുതപ്പെട്ടു.
“തകർക്കപ്പെട്ട കൂടിന്റെ ഓർമ്മയിൽ
പറന്നു കൊണ്ടേയിരിക്കുന്ന പക്ഷിക്ക്
ഒരു ചില്ലയും അഭയമാകുന്നില്ല.”
എന്നെഴുതിയ നോർമ ജീന്റെ കവിതയോട് ‘കൂടല്ല ആകാശമാണ് അഭയം’ എന്ന് ബോബി അച്ചൻ.
ഒടുവിലത്തെ കുറിപ്പിൽ, തന്റെ പാവയെ നഷ്ടപ്പെട്ടു പോയ കുട്ടിയുടെ പോസ്റ്റുമാനായ കാഫ്ക പറയുന്നു, “You may loose everything that you love, but love returns to you in a different form”. ആ അവസാനത്തെ കുറിപ്പ് എത്ര തവണയാണ് വായിച്ചത്! എന്നിട്ടും ഇഷ്ടം സഹിക്കാഞ്ഞ് ഞങ്ങളുടെ ധർമപദ ഓൺലൈൻ ക്ലാസ്സിൽ പോയി വായിച്ചുകേൾപ്പിക്കുകയും ചെയ്തു.
കാഫ്കയുടെ കഥ മാത്രമല്ല, അച്ചന്റെ കൂട്ട് എന്ന പുസ്തകത്തിലെന്ന പോലെ, എനിക്കറിയാവുന്നതും അറിഞ്ഞുകൂടാത്തതുമായ എത്ര എഴുത്തുകാരെക്കുറിച്ചാണ്, ഞാൻ വായിച്ചിട്ടുള്ളതും ഇല്ലാത്തതുമായ എത്രയെത്ര പുസ്തകങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്താളുകൾ പറയുന്നത്! എഴുത്തിനിടയിൽ എത്രയോ സന്ദർഭങ്ങളിൽ വായനയോർമകളിലേയ്ക്ക് മടങ്ങിപ്പോവുന്ന ഒരെഴുത്തുകാരൻ!
ഒരു പുതിയ പുസ്തകം വായിച്ച് വലിയ ആവേശത്തോടെ സംസാരിക്കാൻ ചെല്ലുമ്പോൾ ചിലപ്പോൾ സുഹൃത്തുക്കൾ പ്രതികരിക്കുക ഇങ്ങനെയാവും: “ആ പുസ്തകമല്ലേ, അതു ഞാൻ പണ്ടേ വായിച്ചിട്ടുണ്ട്. എനിക്കതന്നേ ഇഷ്ടപ്പെട്ടു”. അതു കേൾക്കുന്ന ക്ഷണം ഉള്ളിലൊരു പരാതിക്കാരി മുഖം വീർപ്പിക്കും, ‘എന്നിട്ട് ഞാനിപ്പോൾ നിന്നോട് പറയാൻ ഓടി വന്നതു പോലെ എന്നോടന്ന് പറയാൻ നിനക്ക് തോന്നിയില്ലല്ലോ’ എന്ന്.
പുസ്തകങ്ങളെക്കുറിച്ച് എത്ര കേട്ടാലും കൊതി തീരാത്ത ആ പരാതിക്കാരിയാണ് ഈ പുസ്തകവായനാവർത്തമാനങ്ങൾ അത്യാഹ്ലാദത്തോടെ വായിക്കുന്നത്. മടുപ്പിന്റെ ഒരു കടൽ വിഴുങ്ങാനൊരുങ്ങുമ്പോൾ, വന്നു കൊത്തിയെടുത്ത് വേറൊരു ലോകത്തേക്കു പറക്കുന്നത് അന്നും ഇന്നും എന്നും വാക്കു തന്നെ.
പുലർവെട്ടം
പ്രഭാതവായനയ്ക്ക് പ്രകാശത്തിന്റെ വാക്കുകൾ
ബോബി ജോസ് കട്ടികാട്
ഇന്ദുലേഖ പുസ്തകം