മലയാളകലാലോകത്ത് കാലം മായ്ക്കാത്ത വരകളുടെ അതികായനാണ് കെ എം വാസുദേവൻ എന്ന നമ്പൂതിരി. നേർത്ത വരകളാൽ കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും ജീവൻ നൽകി എഴുത്തിനെ ചലനാത്മകമാക്കി ആസ്വാദനത്തിന്റെ വേറിട്ടൊരു തലം സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. വി കെ എൻ ‘അനന്തരം’ എന്ന നോവൽ എഴുതിയതു പോലും നമ്പൂതിരിക്കു വേണ്ടിയാണ്; ആ വരയുടെ ചന്തം കാണാനായിട്ട്. വരയുടെ പരമശിവൻ എന്നാണ് അദ്ദേഹം നമ്പൂതിരിയെ വിശേഷിപ്പിച്ചത്.

‘ഇന്നലെ’ എന്ന പുസ്തകത്തിൽ എൻ ഇ സുധീറിനൊപ്പം അടയാളപ്പെടുത്തുകയാണ് നമ്പൂതിരി തന്റെ വരയുടെ ജീവിതത്തെ വളരെ നിർമലമായി. എന്നെ സംബന്ധിച്ചെടത്തോളം ഈ പുസ്തകം വായിക്കുകയെന്നാൽ ഒരു കാലഘട്ടത്തെ അറിയുക എന്നു കൂടിയാണ്. എന്റെ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത നമ്പൂതിരിയുടെ വരയുടെ ജീവിതകാലം. എസ് ജയചന്ദ്രൻനായരുടെ ‘തിരുമേനി’ എന്ന ആമുഖത്തോടെ തുടങ്ങുന്ന പുസ്തകം, നമ്പൂതിരിയുടെ ജീവിതം വരികളിലൂടെയും വരകളിലൂടെയും തുറന്നിടുകയാണ് വായനക്കാർക്ക് മുന്നിൽ. എൻ ഇ സുധീറും നമ്പൂതിരിയും തമ്മിലുള്ള വർത്തമാനം പോലെയാണ് ഈ പുസ്തകത്തിന്റെ സംവിധാനം; ഇടതു വശത്ത് നമ്പൂതിരിയുടെ വരകളും വലതു വശത്ത് ചോദ്യങ്ങളും മറുപടിയും. ഇതിലെ സംഭാഷണഭാഗങ്ങളെ വിഷയങ്ങളനുസരിച്ച് അധ്യായങ്ങളായി തിരിച്ചിട്ടുണ്ട്. ‘വരയിൽ ഒരു ജീവിതം’ മുതൽ ‘ജീവിതം മതം ദൈവം’ വരെയുള്ള അധ്യായങ്ങൾ.

ആമുഖത്തിൽ എസ് ജയചന്ദ്രൻനായർ നമ്പൂതിരിയുമായുള്ള അഭേദ്യമായ സുഹൃദ്ബന്ധത്തിന്റെ കെട്ടഴിച്ചു വിടുകയാണ്. കലാകൗമുദിയിൽ നിന്നും ആരംഭിച്ച മുപ്പത്തഞ്ചോളം വർഷങ്ങൾ പിന്നിട്ട ആത്മബന്ധം അവസാനം വരെ ശാന്തമായി തുടർന്നുകൊണ്ടിരുന്നു. അദ്ദേഹം പറയുന്നത്, ‘തിരുമേനിക്ക് ചിത്രകല ഒരു ഉപജീവനമാർഗമായിരുന്നില്ല, കണ്ണും മൂക്കും ചെവിയും കൈയും പോലുള്ള അവയവങ്ങളിൽ ഒന്നോ അതെല്ലാം ചേർന്നതോ ആയിരുന്നു അദ്ദേഹത്തിന്റെ ചിത്രകലാജീവിതം’ എന്നാണ്. അത് അക്ഷരംപ്രതി ശരിയാണെന്ന് ഈ പുസ്തകത്തിന്റെ അവസാനതാളും വായിച്ചാൽ ഓരോ വായനക്കാരനും ബോധ്യമാവും.

പൊതുവെ രണ്ടുപേർ തമ്മിലുള്ള അഭിമുഖങ്ങളിലും സംഭാഷണങ്ങളിലുമൊക്കെ കണ്ടുവരുന്നത് ആവശ്യമില്ലാത്ത ചോദ്യങ്ങളുടെ മേളമായിരിക്കും; അതുപോലെ പരസ്പരമുള്ള പൊള്ളയായ ഭംഗിവാക്കുകളും. എന്നാൽ, അതിൽ നിന്നൊക്കെ വ്യത്യസ്തമായാണ് സുധീർ ഈ സംഭാഷണത്തെ കൊണ്ടുപോകുന്നത്; ‘ഇനിയും ചോദിക്കൂ’ എന്ന് നമുക്ക് പറയാൻ തോന്നുന്ന രീതിയിൽ. അതുകൊണ്ടുതന്നെ ചോദ്യങ്ങൾക്കും നമ്പൂതിരി നൽകുന്ന മറുപടികൾക്കും തെളിച്ചം കൂടുതലാണെന്ന് പറയാം. സുധീറിന്റെ ഓരോ ചോദ്യവും വായനക്കാരന്റെ പക്ഷത്തു നിന്നുകൊണ്ടാണ്. അടുത്ത ഒരാൾ നമ്മളോട് സംസാരിക്കുന്ന പ്രതീതിയാണ് വായിക്കുമ്പോൾ അനുഭവപ്പെടുന്നത്; നമ്പൂതിരി വായനക്കാരോട് സംവദിക്കുന്നതുപോലെ. അതിനാൽ ഓരോ വായനക്കാരനും ഇവിടെ കേൾവിക്കാരനും കൂടി ആവുകയാണ് വായനയിലുടനീളം.

എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയത് നമ്പൂതിരിയുടെ ഓർമശക്തിയാണ്. ആദ്യം ചോദിച്ച ചോദ്യത്തിലെ മറുപടി പോലും അദ്ദേഹം അവസാനഭാഗങ്ങളിൽ കൂട്ടിച്ചേർക്കുന്നു, ‘ഞാൻ മുന്നേ പറഞ്ഞുവല്ലോ’ എന്നു പറഞ്ഞുകൊണ്ട്. മാത്രമല്ല ചെറുപ്പം മുതലേ ഉള്ള എല്ലാ വ്യക്തികളുടെ പേരുകളും വിവരങ്ങളുമൊക്കെ വളരെ വ്യക്തത്തോടെയാണ് പറയുന്നത്. വിദ്യാലയത്തിൽ പോയിട്ടുള്ള അറിവല്ല അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ അറിവുകളൊക്കെ ജീവിതത്തിലൂടെ, ജീവിതാനുഭവങ്ങളിലൂടെ, ചുറ്റുമുള്ളവരിലൂടെ കണ്ടും കേട്ടും തൊട്ടറിഞ്ഞുള്ളതാണ്. അതുകൊണ്ടുതന്നെ നമ്പൂതിരിയുടെ വരകളിലെന്ന പോലെ വാക്കുകളിലും കൃത്രിമത്വമില്ല.

അദ്ദേഹം തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: “പതിവു വിദ്യാഭ്യാസമോ, പറ്റിയ സുഹൃത്തുക്കളോ ഒന്നും തന്നെ എനിക്ക് കിട്ടിയില്ല. തറവാട്ടിലുള്ളവരൊക്കെ കടുത്ത യാഥാസ്ഥിതികരായിരുന്നു. സമപ്രായക്കാർ പോലും എന്നോടൊപ്പം നിന്നില്ല. അതൊക്കെ എന്നെ ഏറെ ചിന്തിപ്പിച്ചു. പത്രം വായിക്കുമായിരുന്നു. മാഗസിനുകളിലൊക്കെ വന്നിരുന്ന ലേഖനങ്ങളും ശ്രദ്ധിച്ചു വായിച്ചിരുന്നു. അങ്ങനെയൊക്കെ, ഞാൻ ജീവിക്കുന്ന സമൂഹം നേർവഴിക്കല്ല എന്നൊരു തിരിച്ചറിവ് ആദ്യം മുതലേ എനിക്കുണ്ടായിരുന്നു. അതൊക്കെ കൊണ്ടാണ് നമ്മളിപ്പോൾ വർത്താനം പറയുന്ന അവസ്ഥയിലായത്. മറ്റേ കൂട്ടത്തിൽ കൂടിയിരുന്നെങ്കിൽ ഈ ഞാനുണ്ടാവില്ല.” എന്തൊരു തെളിച്ചവും ആഴവുമാണ് അദ്ദേഹത്തിന്റെ മറുപടിക്ക്. എന്റെ അഭിപ്രായത്തിൽ യഥാർത്ഥ വിദ്യാഭ്യാസമെന്നാൽ വിദ്യ അഭ്യസിക്കുക മാത്രമല്ല, സ്വന്തം ചുറ്റുപാടിനെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചുമുള്ള തിരിച്ചറിവ് കൂടിയാവണം. ആ തിരിച്ചറിവിന്റെ ബാക്കിപത്രമാണ് നമ്പൂതിരി.

ഈ പുസ്തകത്തിൽ നമ്പൂതിരി എന്ന ചിത്രകാരനെയോ അല്ലെങ്കിൽ ശില്പിയെയോ മാത്രമല്ല നമുക്കു കാണാൻ കഴിയുന്നത്; നമ്പൂതിരി എന്ന മികച്ച വായനക്കാരനെ കൂടിയാണ്. കുട്ടിക്കാലം മുതലേ കവിതകളോട് അമിത ഇഷ്ടമുള്ള, സാഹിത്യനിരൂപണങ്ങളോട് താല്പര്യമുള്ള മാരാരേയും മുണ്ടശ്ശേരിയേയും ആഴത്തിൽ വായിക്കുന്ന നമ്പൂതിരി. വരയിൽ മാത്രമല്ല, സാഹിത്യത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. പലതും ഇപ്പോഴും ആസ്വദിച്ചു വീണ്ടും വീണ്ടും വായിക്കാറുണ്ടദ്ദേഹം.

മറ്റുള്ളവരെ താരതമ്യം ചെയ്യുക അല്ലെങ്കിൽ ഞാൻ അങ്ങനെ ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കുക എന്നത് എക്കാലത്തെയും മനുഷ്യന്റെ ഉള്ളിലെ ചിന്തയാണ്. പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ അനുകരണശീലം വളരെ കൂടുതലാണെന്നുള്ളത് നമുക്കറിയുന്നൊരു കാര്യമാണ്. എന്നാൽ, ‘ആരെയെങ്കിലും അനുകരിക്കണം എന്ന് തോന്നിയിട്ടുണ്ടോ?’ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: “ഒരിക്കലും വേറൊരാളാവണമെന്ന് തോന്നീട്ടില്ല, നമ്മൾ നമ്മളാവണം എന്നാണ് എപ്പോഴും തോന്നീട്ടുള്ളത്.” എത്ര വ്യക്തവും കൃത്യമാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ഈ പുസ്തകത്തിൽ എന്നെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തത് അദ്ദേഹം ദൈവം എന്ന സങ്കൽപ്പത്തെ പറ്റിയും അതുപോലെ മരണത്തെ പറ്റിയും പറഞ്ഞ വാക്കുകളാണ്. “നമ്മളോരോരുത്തരും ഓരോരോ തലത്തിൽ വ്യത്യസ്തരാണ്. എന്നാൽ നമ്മളെയെല്ലാം കൂട്ടി യോജിപ്പിക്കുന്ന എന്തോ ചിലതുണ്ട്. വിട്ടുപോവാനാവാത്ത വിധം അവ നമ്മളെയെല്ലാം ചേർത്തു വയ്ക്കുന്നു. അതൊരു പ്രപഞ്ചനിയതിയാണ്. പ്രപഞ്ചത്തിന്റെ കാരണത്തെ ഞാൻ ഈശ്വരൻ എന്ന് വിളിക്കും. ആ ചൈതന്യമാണ് എന്റെ ദൈവം”, അദ്ദേഹം പറയുന്നു. “മരണത്തെ ഭയപ്പെട്ടിട്ടു വല്ല കാര്യവുമുണ്ടോ? ഇതിനൊരവസാനമുണ്ടെന്ന് അറിഞ്ഞുകൊണ്ടാണല്ലോ ജീവിക്കുന്നത്. തടുക്കാനാവാത്ത ഒന്നാണ് മരണം. എപ്പഴാന്ന് മാത്രമല്ലേ നിശ്ചയമില്ലാതുള്ളൂ. ജീവിതത്തെ നിലനിർത്താനും മരണത്തെ തടയാനും ഞാൻ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല എന്നതാണ് വാസ്തവം” എന്നു മരണത്തേക്കുറിച്ചും പറയുന്നു.

ഈ വാക്കുകൾക്ക് വായനക്കാരന്റെ മനസിനെ ആഴത്തിൽ സ്പർശിക്കാനുള്ള എന്തോ ഒരു തരം ശക്തിയുണ്ട്. കാരണം, അത്രത്തോളം ആഴവും കൂർമതയുമുണ്ട് അതിലെ ചിന്തയ്ക്ക്. പ്രായം വെറുമൊരു സംഖ്യ മാത്രമാണ് (Age is just a number) എന്ന വാക്യത്തിന് ഉത്തമ ഉദാഹരണമാണ് 99 വയസ്സു വരെ സദാ വരച്ചുകൊണ്ടിരുന്ന, സദാ വായിച്ചിരുന്ന നമ്പൂതിരി. എനിക്ക് തോന്നുന്നു ജനിച്ച അവസ്ഥയുടെ എന്ന ഇത്തിരിവട്ടത്തു നിന്ന് ബോധപൂർവം മാറി ചിന്തിച്ച്, പൊതുസമൂഹത്തിന്റെ സഞ്ചാരപാതയുടെ ഗതി മനസ്സിലാക്കി അതിനോട് ചേർന്നതുകൊണ്ടാവാം മറ്റുള്ളവരിൽ നിന്നും വേറിട്ടൊരു വ്യക്തിയായി നമ്പൂതിരി മാറിയത്.

വളരെ ആകാംക്ഷയോടെ രസിച്ചു വായിച്ച പുസ്തകമാണിത്; 160 പേജുകൾ മറിയുമ്പോൾ പെട്ടെന്നു തീർന്നുപോയല്ലോയെന്ന് മനസ്സിൽ ആവർത്തിച്ചു പറഞ്ഞ പുസ്തകം. എം ടി വാസുദേവൻ നായരുടെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ ‘ഒരു കാലഘട്ടത്തിന്റെ സിദ്ധി’യായ നമ്പൂതിരിയുടെ വരയുടെ ജീവിതത്തിന്റെ അക്ഷരങ്ങളിലൂടെയുള്ള അടയാളപ്പെടുത്തൽ – അതാണ് നമ്പൂതിരിയുടെ ‘ഇന്നലെ’ എന്ന പുസ്തകം. മലയാള സാഹിത്യത്തിൽ ഈ പുസ്തകം ഒരു മുതൽക്കൂട്ട് തന്നെയാണെന്ന് ഞാൻ നിസ്സംശയം പറയുന്നു.

Order Nowഇന്നലെ
ഓർമ
നമ്പൂതിരി / എൻ ഇ സുധീർ
ഇന്ദുലേഖ പുസ്തകം